സദുക്കായര്‍

സദുക്കായര്‍

സുവിശേഷത്തില്‍ നിരവധി ഇടങ്ങളില്‍ കാണപ്പെടുന്നവരാണ് സദുക്കായര്‍. എന്നാല്‍ പേരുവിവരണം ഇല്ലാതെയാണ് ഇവരെക്കുറിച്ച് ആദ്യം നമ്മള്‍ കാണുക. 'യഹൂദരുടെ രാജാവിനെ' അന്വേഷിച്ചു കിഴക്കുനിന്നും ജ്ഞാനികള്‍ വന്നപ്പോള്‍ ഹെറോദേസ് കാര്യങ്ങള്‍ അന്വേഷിക്കുന്ന പ്രമുഖര്‍ സദുക്കായരാണ്. ഗ്രീക്ക്‌റോമന്‍ ഭരണകാലത്തെ ഇസ്രായേലിലെ ഒരു കൂട്ടം പുരോഹിതരാണ് സദുക്കായര്‍ എന്ന് കരുതപ്പെടുന്നു. സോളമനെ അഭിഷേകം ചെയ്യാന്‍ ദാവീദ് ഭരമേല്പിച്ച പുരോഹിതനാണ് സാദോക്ക്. സാദോക്കിന്റെ മക്കളെയാണ് ജറുസലേം ദേവാലയത്തില്‍ ശുശ്രൂഷകള്‍ക്കായി സോളമന്‍ നിയോഗിച്ചത്. ദാവീദിന്റെ കാലഘട്ടം മുതല്‍ ഒരു പുരോഹിത വിഭാഗം സാദോക്കിന്റെ മക്കള്‍ എന്ന് അറിയപ്പെട്ടിരുന്നു. ഇവരുടെ തുടര്‍ച്ചയാണ് തങ്ങള്‍ എന്നാണ് സദുക്കായരുടെ അവകാശവാദം.

സാദോക്ക് എന്ന ഹീബ്രു വാക്കിനര്‍ത്ഥം നീതിമാന്‍ എന്നാണ്. അതിനാല്‍ നിയമത്തോട് നീതി പുലര്‍ത്തുന്നവരാണ് തങ്ങള്‍ എന്ന് സദുക്കായര്‍ അവകാശപ്പെട്ടു. ചരിത്രകാരനായ ജോസീഫൂസ് പറയുന്നത്, സദുക്കായര്‍ യഹൂദ നിയമഗ്രന്ഥങ്ങളെ മാത്രമേ പിഞ്ചെല്ലൂ എന്നാണ്. ബൈബിളിലെ നിയമം എന്നറിയപ്പെടുന്ന ആദ്യ അഞ്ചുപുസ്തകങ്ങള്‍ക്കു പുറമെയുള്ള പ്രവാചക പുസ്തകങ്ങളോ പ്രബോധന പുസ്തകങ്ങളോ ഒന്നും അവര്‍ അവരുടെ ദൈവശാസ്ത്രത്തിന്റെയോ നീതിശാസ്ത്രത്തിന്റെയോ ഭാഗമാക്കിയില്ല. ഇതുകൊണ്ടാണ് നിരവധി കാര്യങ്ങളില്‍ അവര്‍ ഫരിസേയരോട് വ്യത്യാസപ്പെട്ടിരിക്കുന്നത്. മരിച്ചവരുടെ ഉയിര്‍പ്പിനെപ്പറ്റിയാണ് പുതിയനിയമത്തില്‍ സദുക്കായരും ഫരിസേയരും തമ്മില്‍ കാണുന്ന ഒരു പ്രധാന വ്യത്യാസം.

ബൈബിളിലെ എല്ലാ പുസ്തകങ്ങളെയും അംഗീകരിച്ചിരുന്ന ഫരിസേയരുടെ പ്രബോധനങ്ങളോട് സദുക്കായര്‍ക്ക് പുച്ഛമായിരുന്നു. ഫരിസേയരുടെ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ അവര്‍ അംഗീകരിച്ചില്ല. വിശുദ്ധിയേയും ശുദ്ധതയേയും കുറിച്ച് ഇരു കൂട്ടരും ഭിന്നമായ അഭിപ്രായം ഉള്ളവരായിരുന്നു. രാഷ്ട്രനിയമങ്ങളെക്കുറിച്ചും അവര്‍ തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു. വിദേശ ഭരണത്തെ അംഗീകരിക്കാത്തവരായിരുന്നു ഫരിസേയര്‍. സദുക്കായരാകട്ടെ വൈദേശികളെ അംഗീകരിക്കുന്നവരായിരുന്നു. ഗ്രീക്ക് കാലഘട്ടം മുതല്‍ പ്രധാന പുരോഹിത സ്ഥാനം പണം നല്‍കിയാണ് സദുക്കായര്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്. വിദേശഭരണത്തെ അംഗീകരിച്ചും പിന്തുണച്ചു കൊണ്ടും സദുക്കായര്‍ സമൂഹത്തിലെ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഈശോയുടെ കാലഘട്ടത്തിലും ഇങ്ങനെതന്നെയായിരുന്നു. ഫരിസേയരില്‍നിന്നും വ്യത്യസ്തമായി, റോമാക്കാര്‍ നിയമിച്ച ഹേറോദോസിനെ പിന്തുണച്ചു കൊണ്ട് സദുക്കായര്‍ ജറുസലേമില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് സ്വത്തും സ്ഥാനമാനങ്ങളുമായിരുന്നു വലുത്. അതിനാലാണ് രക്ഷകനായ ക്രിസ്തുവിന്റെ വരവില്‍ സന്തോഷിക്കേണ്ടതിനു പകരം അവരും ഹേറോദോസിനോ ടൊപ്പം അസ്വസ്ഥപ്പെട്ടത്. ക്രിസ്തുവിനെയും അവന്റെ സ്‌നേഹത്തിന്റെ നിയമങ്ങളേയുംകാള്‍ മറ്റെന്തിനേയും സ്‌നേഹിക്കുമ്പോള്‍ നമ്മളും സദുക്കായരെപ്പോലെ ആയിത്തീരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org