റോസ്‌മേരിയുടെ ആദ്യകുര്‍ബാന

റോസ്‌മേരിയുടെ ആദ്യകുര്‍ബാന
Published on
  • ഫ്രാന്‍സിസ് തറമേല്‍

കുഞ്ഞുനാള്‍ മുതലേ പൂവുകളോടുള്ള റോസ്‌മേരിയുടെ ഇഷ്ടം അറിഞ്ഞ് അവളുടെ അപ്പച്ചന്‍ ജോണ്‍സണ്‍ വീട്ടു മുറ്റത്ത് മകള്‍ക്കായി ഒരു കുഞ്ഞു പൂന്തോട്ടം ഉണ്ടാക്കി കൊടുത്തിരു ന്നു. ദിവസക്കൂലിക്കാരനായ ജോണ്‍സന്റെയും ഭാര്യ റോസിലിയുടെയും ഏക മകളാണ് റോസ്‌മേരി. ദൈവഭയവും അതുവഴി നേടുന്ന ദൈവകൃപയുമാണ് ഇവരുടെ കൈമുതല്‍. മാതാപിതാക്കളോട് സ്‌നേഹവും അനുസരണയും നന്മയും ഉള്ള കുട്ടിയാണ് റോസ്‌മേരി. എങ്കിലും ആദ്യമായി ഈശോയെ സ്വീകരിക്കുവാന്‍ കൊതിയോടെ ഒരുങ്ങുന്ന റോസ്‌മേരിയില്‍ പെട്ടെന്ന് വരുന്ന കോപവും അപ്പോഴുള്ള റോസ്‌മേരിയുടെ നല്ലതല്ലാത്ത പെരുമാറ്റവും അവരെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു. റോസ്‌മേരിയുടെ പൂന്തോട്ടം കാഴ്ചയില്‍ ചെറുതെങ്കിലും പലതരം റോസാ ചെടികളുണ്ട്. അവയിലെല്ലാം ഭംഗിയുള്ള പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. തോട്ടത്തി ലെ ചെടികളെ പരിചരിച്ചുകൊണ്ട് ചേര്‍ന്നു നടക്കുമ്പോള്‍ ഒരു റോസാ ചെടിയുടെ ഇളംമുള്ളു കൊണ്ട് അവളുടെ കൈമുട്ടില്‍ കുഞ്ഞൊരു മുറിവുണ്ടായി. റോസ്‌മേരിക്ക് പെട്ടെന്ന് സങ്കടവും ദേഷ്യവും വന്നു. അവള്‍ റോസാച്ചെടിയോട് വഴക്കുകൂടാന്‍ ഒരുങ്ങുമ്പോള്‍ വീടിന്റെ പടിവാതിക്കല്‍ ഒരു വൃദ്ധനായ യാചകന്‍ വന്നു. അയാള്‍ റോസ് മേരിയെ വിളിച്ചു. ''കുഞ്ഞേ, വല്ലാതെ വിശക്കുന്നു. കഴിക്കാന്‍ എന്തെങ്കിലും തരാമോ?''

അപ്പോള്‍ അവള്‍ കോപത്തോടെ പറഞ്ഞു: ''ഇവിടെ ഒന്നുമില്ല പൊക്കോളൂ.''

അപ്പോള്‍ ആ മനുഷ്യന്‍ അവളോട് പറഞ്ഞു: ''ഇതിനുമുന്‍പ് ഞാന്‍ ഇതുവഴി വന്നതുമില്ല നമ്മള്‍ മുന്നേ. പരിചയക്കാരും അല്ല. പിന്നെ എന്നോടുള്ള കോപത്തിന് കാരണമെന്ത്? ഇല്ലാത്തവന്‍ യാചനയുടെ സ്വരത്തില്‍ ചോദിക്കുമ്പോള്‍ അവനില്‍ ദൈവത്തെ കാണണം. ശാസനയുടെ രീതി ഉപേക്ഷിച്ച് ശാന്തതയോടെ ഇടപെടണം. കൊടുക്കുവാനുള്ള മനസ്സോളം തന്നെ വലുതാണ് നീരസം ഇല്ലാത്ത മറുപടി.''

അത്രയും പറഞ്ഞശേഷം വാത്സല്യ ത്തോടെ അയാള്‍ പറഞ്ഞു: ''നീ കുഞ്ഞല്ലേ ഇപ്പോഴേ പുഞ്ചിരി നിറഞ്ഞ പെരുമാറ്റം കൊണ്ട് സ്‌നേഹം സമ്പാദിക്കാന്‍ നിനക്കു കഴിയണം.''

യാചകന്‍ പറഞ്ഞതൊന്നും റോസ്‌മേരി യുടെ മനസ്സു മാറ്റുവാന്‍ ആയില്ല. റോസാ ചെടിയോട് അവള്‍ ചോദിച്ചു, നന്ദിയില്ലാത്ത റോസാച്ചെടി ഞാന്‍ നിനക്ക് ദിവസവും വെള്ളവും വളവും തന്നു. എന്നിട്ടും നീ എന്നെ മുറിവേല്‍പ്പിച്ചു. വെട്ടി മുറിച്ച് ദൂരെ എറിയണം.

അപ്പോള്‍ റോസാ ചെടിയുടെ ഇലകളില്‍ നിന്നും രണ്ടു തുള്ളി വെള്ളം ഓരോ തുള്ളി വീതമായി റോസ്‌മേരിയുടെ രണ്ടു കാലുകളില്‍വന്നു വീണു. അതിശയത്തോടെ അവള്‍ റോസാച്ചെടിയുടെ ഇലകളില്‍ തടവി. നനവ് ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി. റോസാച്ചെടി കരഞ്ഞതാവുമോ? അങ്ങനെ ഒരു ചിന്ത വന്നത് റോസ്‌മേരിയെ വിഷമിപ്പിച്ചു.

അപ്പോള്‍ റോസാച്ചെടി റോസ്‌മേരിയോട് പറഞ്ഞു: എന്നിലെ പൂവുകള്‍ സന്തോഷം തരുമ്പോള്‍ മുള്ളുകള്‍ വേദനകളെയാണ് തരുന്നത്. രണ്ടും എനിക്ക് പ്രിയങ്കരങ്ങള്‍ അല്ലേ. സങ്കടങ്ങളായ മുള്ളുകളെ എന്നോടു ചേര്‍ത്തു പ്രതീക്ഷയോടെ ഞാന്‍ വളരുമ്പോഴാണ്. എന്നില്‍. സന്തോഷങ്ങളുടെ പൂവുകള്‍ ദൈവം നിറയ്ക്കുന്നത് അത്രയും പറഞ്ഞു റോസാച്ചെടി നിശ്ശബ്ദയായി.

സങ്കടങ്ങളെ ക്ഷമയോടെ കേള്‍ക്കുവാനാവാതെ പോയതും വിശന്നു വന്ന മനുഷ്യനെ വെറുപ്പോടെ പറഞ്ഞയച്ചതും വലിയ പാപം. റോസ്‌മേരിയുടെ കണ്ണുകള്‍ നിറഞ്ഞു. ഈശോയെ സ്വീകരിക്കുവാന്‍ വേണ്ട ഒരു യോഗ്യതയും തന്നിലില്ല. ആ മനുഷ്യനെ കാണുവാനുള്ള കൊതിയോടെ അവള്‍ വേഗം പടിക്കല്‍ ചെന്നു നോക്കി. അപ്പോള്‍ അയാളെ കണ്ടില്ല. റോസ്‌മേരി അവിടെ മറ്റൊരു കാഴ്ച കണ്ടു. പടിവാതിക്കലിലെ ചെറുമതലിനു മുകളിലിരുന്നു രണ്ടു കിളികള്‍ ചേര്‍ന്ന് കുഞ്ഞൊരു വാഴപ്പഴം ഒരുമയോടെ കൊത്തി തിന്നുന്നു. റോസ്‌മേരി അടുത്തുചെന്നതും കിളികള്‍ പറന്നു പോയി. സ്വന്തം വിശപ്പ് വകവയ്ക്കാതെ ആ അപ്പൂപ്പന്‍ വച്ചിട്ടു പോയതാവും ഈ പഴം. കിളികള്‍ പകുതിയോളം ഭക്ഷിച്ചിട്ടും ഇപ്പോള്‍ പറിച്ചെടുത്തതുപോലുള്ള നല്ലപഴം.

റോസ്‌മേരി ആ മനുഷ്യന്റെ സാമീപ്യം വല്ലാതെ കൊതിച്ചു. അപ്പോള്‍ അവളുടെ ഹൃദയം പറഞ്ഞു, നഷ്ടമാക്കിയ സ്‌നേഹം തേടി എടുക്കുക പ്രയാസം. പെട്ടെന്നാണ് റോസ്‌മേരിയുടെ കണ്ണില്‍പ്പെട്ടത് പടിവാതിക്കല്‍ താഴെയായി രണ്ടു തുള്ളി വെള്ളം. അതു റോസ്‌മേരിയെ കൂടുതല്‍ ചിന്തിപ്പിച്ചു. തന്നിലെ മുന്‍കോപവും ദേഷ്യവും പലരുടെയും കണ്ണുകള്‍ നനയിക്കുന്നുണ്ടെന്ന് ദൈവം കാട്ടിത്തന്നത് ആവും. മറ്റുള്ളവരുടെ കണ്ണുനീര്‍ വെള്ളത്തുള്ളികളായി കാണരുതെന്നും പറഞ്ഞു തന്നതാണെന്ന് ഉറപ്പിച്ചു. റോസ്‌മേരി ഹൃദയ വിശുദ്ധി ക്കായി കണ്ണുകള്‍ അടച്ച് കൈകള്‍ കൂപ്പി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന വഴി ലഭിക്കേണ്ട കൃപാവരം എന്നിലെ പ്രവര്‍ത്തിയാല്‍ ഇല്ലാതാക്കരുത്. ഈശോയുടെ കൂട്ടും തണലും കൂടെയുണ്ടെങ്കില്‍ എന്നിലും എല്ലാ നന്മയും സാധ്യമാവും. അപ്പോള്‍ റോസ്‌മേരി ഈശോയുടെ മുഖം കണ്ടു. പൂവുകളുടെ സന്തോഷങ്ങള്‍ അല്ല; സങ്കടങ്ങളുടെ മുള്ളുകള്‍ അണിഞ്ഞതായിരുന്നു ഈശോയുടെ രൂപം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org