ക്വിരിനിയോസ്

പ്രോസോപ്പോന്‍ - 15
ക്വിരിനിയോസ്

കാര്യങ്ങളൊക്കെ സൂക്ഷ്മതയോടെ പരിശോധിച്ച് ക്രമമായി എഴുതുന്നവനാണ് താനെന്നാണ് ലൂക്കാ സുവിശേഷകന്‍ സ്വയം പരിചയപ്പെടുത്തുന്നതെങ്കിലും, അദ്ദേഹത്തിന്റെ ഒരു ശ്രദ്ധക്കുറവുകൊണ്ട് സുവിശേഷത്തില്‍ പരാമര്‍ശിക്കപ്പെട്ട കഥാപാത്രമാണ് ക്വിരിനിയോസ്. തന്റെ സുവിശേഷ വിവരണത്തെ ചരിത്രപരമായ സൂചികകളാല്‍ അടയാളപ്പെടുത്താന്‍ ലൂക്കാ ശ്രമിച്ചു. പക്ഷെ അതില്‍ പറ്റിയ ഒരു പാളിച്ചയായിരുന്നു ഹേറോദോസിനേയും ക്വിരിനിയോസിനേയും അധികാരത്തില്‍ സമകാലികരായി വിവരിച്ചത്. ഹേറോദോസ് യൂദാ ഭരിക്കുമ്പോള്‍ ക്വിരിനിയോസ് സിറിയായുടെ ഗവര്‍ണ്ണര്‍ ആയിരുന്നെന്നും, അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരം പാലസ്തീനായില്‍ കാനേഷുമാരി (സെന്‍സസ്) നടത്തിയെന്നും, അതിന്‍പ്രതി ഗലീലിയായിലെ നസറത്തില്‍നിന്നും തന്റെ ഭാര്യയുമൊത്തു ജോസഫ് തന്റെ ഗോത്രനാടായ യൂദായിലെ ബേത്‌ലെഹെമില്‍ എത്തിയെന്നുമാണ് ലൂക്കാ വിവരിക്കുന്നത്. ഹേറോദോസ് മഹാരാജാവ് ബി സി 4-ല്‍ മരിച്ചു; എന്നാല്‍ ക്വിരിനിയോസ് സിറിയായില്‍ ഗവര്‍ണ്ണര്‍ ആകുന്നത് എ ഡി 6-ല്‍ ആണ്. അര്‍ക്കലാവോസിനെ യൂദയായില്‍ നിന്നും റോം സ്ഥാനഭ്രഷ്ടനാക്കിയതിനു ശേഷം ക്വിരിനിയോസിന്റെ നേതൃത്വത്തില്‍ യൂദയായില്‍ ഒരു സെന്‍സസ് നടന്നു എന്നത് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എങ്കിലും ക്വിരിനിയോസിനെ ഹേറോദോസിന്റെ സമകാലികനാക്കിയ ലൂക്കായുടെ വിവരണം ഒട്ടും കുറയാതെ വിമര്‍ശിക്കപ്പെട്ടു.

ചരിത്ര ബോധത്തെക്കാളും ദൈവശാസ്ത്രത്തിന് ഊന്നല്‍ കൊടുത്തതുകൊണ്ടാകാം ലൂക്കാ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. ഒരു ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ലൂക്കായുടെ പരിശ്രമമായിരുന്നു അത്: 'എങ്ങനെയാണ് നസറത്തുകാരനായ ഈശോയ്ക്ക് ക്രിസ്തു ആകാനാവുക?' ഈശോ ദാവീദിന്റെ വംശജനും, ബേത്‌ലെഹെമില്‍ ജനിച്ചവനുമാകയാല്‍ ക്രിസ്തുവാകുന്നു എന്ന് ഉത്തരം നല്‍കാന്‍ ലൂക്കാ, ക്വിരിനിയോസ് നടത്തിയ സെന്‍സെസിനെ ഉപയോഗപ്പെടുത്തി.

പബ്ലിയസ് സുല്‍പിസിയസ് ക്വിരിനിയോസ് എന്നാണ് അദ്ദേഹത്തിന്റെ പൂര്‍ണ്ണനാമം (ബി സി 51 - എ ഡി 21). സൈറേനിയസ് എന്നും ഈ പേര് വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. അഗസ്റ്റസ് സീസറിന്റെ കാലം മുതല്‍ ഒരു സൈനികനെന്ന നിലയിലുള്ള ദീര്‍ഘകാല സേവനത്തിനും തിബേരിയസ് ചക്രവര്‍ത്തിയുമായുള്ള ദീര്‍ഘകാല സൗഹൃദത്തിനും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ക്വിരിനിയോസ്. റോമന്‍ രാഷ്ട്രീയ ജീവിതത്തില്‍, രാഷ്ട്രീയ പാരമ്പര്യമില്ലാത്ത കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ഒരു സൈനികനും ഭരണാധികാരിയും എന്ന നിലയിലുള്ള തന്റെ സ്തുത്യര്‍ഹമായ കഴിവുകളിലൂടെ ഭരണകേന്ദ്രത്തില്‍ വലിയ സ്വാധീനമുള്ള ഒരു വ്യക്തിയായി അദ്ദേഹം വളര്‍ന്നു. അങ്ങനെ ഒരു റോമന്‍ പ്രഭുവായിത്തീര്‍ന്നയാളാണ് അദ്ദേഹം. പ്രശ്‌നപൂരിതമായ ഭാഗങ്ങളില്‍ ഭരണം കയ്യാളാന്‍ ക്വിരിനിയോസിന് പ്രത്യേകമായ പ്രാഗല്‍ഭ്യം ഉണ്ടായിരുന്നു. അതിനാല്‍ പല ആഭ്യന്തര കലഹങ്ങളേയും എതിരാളികളെയും നേരിടാന്‍ റോം അദ്ദേഹത്തെ പലതവണ നിയമിച്ചിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം സിറിയായിലും നിയമിതനായത്. ക്വിരിനിയോസ് സിറിയായുടെ ഗവര്‍ണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലയളവ് കൃത്യമായി അറിയില്ല, എങ്കിലും എ ഡി 12 ന് അദ്ദേഹം റോമിലേക്ക് മടങ്ങിയിരിക്കാം എന്ന് കരുതപ്പെടുന്നു. ബി സി 5/4 ല്‍, ടോറസിന്റെ വടക്കന്‍ ചരിവുകളിലുള്ള ഹോമോനാഡെന്‍സസ് എന്ന ഗോത്രവര്‍ഗത്തിനെതിരെ നിരവധി പോരാട്ടങ്ങള്‍ അദ്ദേഹം നടത്തി. അതിന്‍പ്രതി റോമാ സാമ്രാജ്യത്തിന്റെ ഉയര്‍ന്ന സൈനീക ബഹുമതിയായ 'ട്രയംഫാലിയ' (വിജയാഭരണങ്ങള്‍) അദ്ദേഹത്തിന് നല്‍കപ്പെട്ടു.

തളരാത്ത പരിശ്രമത്തിലൂടെ ഉന്നതിയിലെത്തിയ ക്വിരിനിയോസ് നമുക്ക് പ്രചോദനമാകണം. പൗലോശ്ലീഹാ പറയുന്നതുപോലെ ഭൗതീകമായ നേട്ടങ്ങള്‍ക്കുവേണ്ടി മനുഷ്യര്‍ ഇത്രയധികം പരിശ്രമിക്കുന്നുണ്ടെങ്കില്‍ ആത്മീയമായ നേട്ടങ്ങള്‍ക്കുവേണ്ടി എത്രയധികം നാം പരിശ്രമിക്കണം! (1 കൊറി. 9:21-27) ക്രിസ്തുവിനെ പിന്‍ചെല്ലാന്‍ തളരാതെ പരിശ്രമിക്കാന്‍ നമുക്കാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org