കുട്ടികളോട് ഒരു ചോദ്യം

കുട്ടികളോട് ഒരു ചോദ്യം

കുഞ്ഞുങ്ങളേ, നിങ്ങളോട് ഒരു ചോദ്യം ചോദിക്കാന്‍ പോകയാണ്. നിങ്ങളെല്ലാവരും വേദപുസ്തകം വായിക്കുന്നവരാണല്ലോ.

വിശുദ്ധ ഗ്രന്ഥത്തില്‍ പഴന്തുണികളും കീറത്തുണികളും പരമാര്‍ശിക്കപ്പെടുന്ന ഭാഗം എവിടെയാണ്? പഴയ നിയമത്തില്‍ നിന്നാണ് ഉത്തരം പ്രതീക്ഷിക്കുന്നത്. അറിയാവുന്ന മിടുക്കരുടെ മുഖം വിടര്‍ന്നു കഴിഞ്ഞു. നല്ല കാര്യം! അറിയാന്‍ പാടില്ലാത്തവരുണ്ടെങ്കില്‍ ഇതാ കാട്ടിത്തരാം. ജറെമിയാ അദ്ധ്യായം 38 ലേക്ക് വരൂ.

അവിടെ മാന്യനായ ഒരു വൃദ്ധപ്രവാചകനെ കാണാം. നഗരത്തിനു വരാന്‍ പോകുന്ന ദുഃസ്ഥിതിയെപ്പറ്റി ഉച്ചത്തില്‍ വിളിച്ചു പറയുകയാണദ്ദേഹം. അവിടെ തങ്ങുന്നവര്‍ വാളാലും ക്ഷാമത്താലും മഹാമാരിയാലും നശിക്കുമെന്നും കല്‍ദായരുടെ അടുത്തേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കു കീഴടങ്ങുന്നവര്‍ മാത്രം രക്ഷപ്പെടുമെന്നും ആ വയോധികന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് ഓടി നടന്നു. കര്‍ത്താവിന്റെ അരുളപ്പാടിലാണ് അയാളങ്ങനെ ചെയ്യുന്നതെന്നു മനസ്സിലാക്കാന്‍ കൂട്ടാക്കാത്ത പ്രമാണിമാര്‍ രാജാവിനെ സമീപിച്ച് അയാളെ വധിക്കേണ്ടത് ആവശ്യമെന്നു ധരിപ്പിച്ചു. ജനങ്ങളുടെയും സൈന്യങ്ങളുടെയും മനോവീര്യമാണ് അയാള്‍ നശിപ്പിക്കുന്നതത്രെ.

പ്രമാണിമാര്‍ക്കു രാജാവു വഴങ്ങി. മനസ്സില്ലാമനസ്സോടെയാണെങ്കിലും അദ്ദേഹം കല്പന നല്കി. ദീര്‍ഘദര്‍ശിയെ ഒരു പൊട്ടക്കിണറ്റിലേക്ക് കയര്‍ കെട്ടിയിറക്കാന്‍. ചെളി നിറഞ്ഞ ആ കൂപത്തില്‍ പട്ടിണി കിടന്നു മരിക്കാന്‍ പ്രവാചകന്‍ വിധിക്കപ്പെട്ടു.

കുട്ടികളേ, കഥയുടെ മനോഹരമായ രണ്ടാം ഭാഗത്തിലേക്കു നമുക്കു കടക്കാം. ദൈവകരങ്ങളുടെ ഇടപെടലാണ് അവിടെ നാം കാണുന്നത്.

കൊട്ടാരത്തിലെ പാചകഗൃഹത്തില്‍ ഷണ്ഡനായ ഒരു പരിചാരകനുണ്ടായിരുന്നു. എബദ്‌മെലെക് എന്നു പേരുള്ള ഒരു എത്യോപ്യക്കാരന്‍. താണവരില്‍ താണവനായ അവനെ ആരും കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ അയാളില്‍ കൂടി ദൈവം പ്രവര്‍ത്തിച്ചു. ജറെമിയ പ്രവാചകനു വന്നുചേര്‍ന്ന സങ്കടത്തെ കേട്ടറിഞ്ഞ അയാള്‍ ധൈര്യപൂര്‍വ്വം രാജാവിനെ സമീപിച്ചു. ദൈവപ്രചോദിതമായ പ്രത്യേക ആത്മധൈര്യത്തില്‍ അയാളുടെ നാവു ചലിച്ചു.

ഭൃത്യന്റെ യാചനയില്‍ രാജാവിന്റെ ഉള്ളലിഞ്ഞു. മരിക്കുംമുമ്പ് അയാളെ കരകയറ്റുവാന്‍ മൂന്നു പേരെക്കൂടി കൂട്ടി പൊയ്‌ക്കൊള്ളാന്‍ അരചന്‍ അനുവാദം നല്കി.

എബെദ്‌മെലെക് സഹായികളെ കൂട്ടി. ആവശ്യത്തിനുവേണ്ട കയറുകളുമെടുത്തു. അതുമാത്രമല്ല ആ ദയാലു ചെയ്തത്. കലവറയിലെ അലമാരകളില്‍ അനേകനാളായി ആര്‍ക്കും വേണ്ടാതെ കിടന്നിരന്ന കുറെ പഴന്തുണികളും കീറത്തുണികളും കൂടി ശേഖരിച്ചു. എന്തിനെന്നല്ലേ? കിണറിന്റെ വക്കില്‍ നിന്ന് അയാള്‍ വൃദ്ധനോടു വിളിച്ചുപറഞ്ഞു, ''ഈ പഴകിയ കീറത്തുണികള്‍ നിന്റെ കക്ഷങ്ങളില്‍ കയറുകൊള്ളുന്നിടത്തു വയ്ക്കുക.''

ഇത്തരം അവസരോചിതമായ ദയാവായ്പുകള്‍ ചെയ്യാന്‍ നമുക്ക് എത്രയോ അവസരങ്ങള്‍ ഉണ്ടാകുന്നു. കയ്യടി വാങ്ങാനാഗ്രഹിക്കാതെ, ആത്മാര്‍ത്ഥമായും രഹസ്യമായും ചെയ്യുന്ന ഇത്തരം പ്രവൃത്തികളില്‍ നമ്മുടെ കര്‍ത്താവ് എത്രയോ സംപ്രീതനാകുമെന്നറിയാമോ? ജനപ്രീതി നേടിയെടുക്കലാണു നമ്മുടെ ലക്ഷ്യമെങ്കില്‍, ബൈബിളില്‍ പറയുന്നതുപോലെ പ്രതിഫലം അപ്പഴേ കിട്ടിക്കഴിഞ്ഞു - നിലനില്‍പ്പില്ലാത്ത പ്രതിഫലം. പുരപ്പുറത്തും വീഥികളിലുമല്ലാതെ രഹസ്യമായും സത്യമായും നല്ല കാര്യങ്ങള്‍ ചെയ്യുന്നവനില്‍ ദൈവം ഏറെ പ്രസാദിക്കുന്നു.

സ്‌കൂളില്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവനായി ക്ലാസ്സിന്റെ മൂലയില്‍ ചടഞ്ഞു കൂടിയിരിക്കുന്ന സാജനെ കളിക്കാന്‍ വിളിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളറയില്‍ നിന്ന് ഒരു പഴന്തുണിത്തുണ്ടു പുറത്തെടുക്കയാണു ചെയ്യുന്നത്. 'റൗഡി' എന്നു സ്‌കൂളില്‍ പേരെടുത്ത തോമസിനെ ഹെഡ്മാസ്റ്റര്‍ ഓഫീസില്‍ വിളിച്ച് നല്ല ശിക്ഷ കൊടുക്കുന്നത് നിങ്ങള്‍ ജനലില്‍ക്കൂടി കണ്ടതാണ്. അതു മറ്റുള്ളവരോടു പറയുന്നതില്‍ അസത്യമൊട്ടില്ലതാനും. പക്ഷേ, തോമസിന്റെ ആത്മാഭിമാനത്തിന്റെ കടമുറിക്കുന്ന ആ പണിയില്‍ നിന്നു സ്വയം പിന്‍മാറുമ്പോള്‍ മൃദുവായ ഒരു പഴന്തുണിക്കഷണം കൊണ്ട് അവന്റെ വ്യക്തിത്വത്തെ കാത്തുസൂക്ഷിക്കയാണു നിങ്ങള്‍ ചെയ്യുന്നത്.

വീട്ടുജോലികള്‍ ഒതുക്കിയിട്ട് ഉച്ചയ്ക്കുശേഷം ഒന്നു മയങ്ങുന്നത് അമ്മയ്ക്ക് ഇഷ്ടമുള്ള കാര്യമാണ്. കൊച്ചനുജന്‍ അമ്മയുടെ കട്ടില്‍ ചാടിമറിഞ്ഞു കളിക്കാന്‍ കാണുന്ന നേരവും അതുതന്നെ. അവനെയും കൂട്ടി മുറിക്കു പുറത്തുകടന്ന് എന്തെങ്കിലും കാട്ടികളിപ്പിച്ചുകൊണ്ടു നടന്നാല്‍ അമ്മ സമാധാനമായി ഒരു കൊച്ചുറക്കം ആസ്വദിച്ചുകൊള്ളും. നിങ്ങളുടെ മൊബൈല്‍ ഫോണിനും ഒരു വിശ്രമം കൊടുക്കാം.

ഹോസ്റ്റലില്‍ സുഖമില്ലാതെ കിടക്കുന്ന സഹപാഠികളുടെ മുറിക്കു സമീപമെത്തുമ്പോള്‍ ഉപ്പൂറ്റി ഉയര്‍ത്തി ശബ്ദമില്ലാതെ നടക്കുന്നതും വീട്ടില്‍ വലിയപ്പനുപയോഗിക്കുന്ന, ഒരു കാല്‍ ശരിക്കുറയ്ക്കാത്ത ചാരുകസേരയുടെ അടിയില്‍ ഒരു തുണ്ടുകടലാസ് മടക്കിവയ്ക്കുമ്പോഴും ആരുടെയോ അശ്രദ്ധമൂലം തുറന്നു കിടക്കുന്ന ടാപ്പും കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനും നിറുത്തുമ്പോഴും നിങ്ങളുടെ കലവറയില്‍ നിന്ന് വിലയേറിയ കീറത്തുണികള്‍ നിങ്ങള്‍ എടുക്കുകയാണ്.

നമ്മുടെ നാഥന്‍ ആ പഴന്തുണികളെ അഴകുള്ള വിശേഷ വസ്ത്രങ്ങളാക്കി നമ്മുടെ ആത്മാവും നമുക്കു പാഴാക്കാതെയിരിക്കാം. അതിനു ക്യാമറകളും സോഷ്യല്‍ മീഡിയയും ഒന്നും അവശ്യമില്ല. എല്ലാം കാണുന്ന കര്‍ത്താവിന്റെ സാന്നിദ്ധ്യം മാത്രം മതി. അവിടന്നു നമ്മെ അനുഗ്രഹിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org