ശിക്ഷണം ശിക്ഷയാവുന്നോ?

ശിക്ഷണം ശിക്ഷയാവുന്നോ?

രാത്രിയില്‍ വളരെ വൈകിയും മക്കളുടെ മുറിയില്‍ വെളിച്ചം കണ്ടപ്പോള്‍ മനസ്സിലൊരാധി. എന്താണാവോ ഉറങ്ങാത്തത്? മുറിയില്‍ ചെന്ന് നോക്കിയപ്പോള്‍ അവര്‍ ഉറങ്ങുകയാണ്. ലൈറ്റണക്കാന്‍ മറന്നുപോയിരിക്കുന്നു. കോവിഡ് കാലത്ത് പഠനത്തിനായിവാങ്ങി നല്കിയ മൊബൈല്‍ ഫോണും, ലോപ്‌ടോപ്പം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആവസാനിച്ചതിനു ശേഷവും ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ ശാസിച്ചു. ഫോണ്‍ തിരികെ വാങ്ങി. യൂട്യൂബ് വീഡിയോസും, വീഡിയോ ഗെയിമുകളും വേണ്ട. മുറ്റത്തുള്ള കളി മതി എന്ന് കര്‍ശനമായ താക്കീതും നല്കി.

കൗമാരപ്രായത്തിലെത്തി നില്‍ക്കുന്ന മക്കളുടെ അമ്മയെന്ന നിലയിലും, സ്വന്തം മക്കളെ പ്പോലെ തന്ന സ്‌നേഹിക്കുന്ന കുറെയേറെ കൗമാരപ്രായക്കാരുടെ അധ്യാപിക എന്ന നിലയിലും കുട്ടികളെ ശാസിക്കുകയും, ഉപദേശിക്കുകയും വേണ്ടി വരുന്നു. പക്ഷെ,അതു കഴിയുമ്പോള്‍ നെഞ്ചിലൊരു പ്രയാസമാണ്. രാത്രിയില്‍ ഭയമാണ്. ഒപ്പം നമ്മുടെ ശാസനകളും, ഉപദേശങ്ങളും അവര്‍ക്ക് നന്മയെ വരുത്താവൂ ദൈവമേ എന്ന പ്രാര്‍ത്ഥനയും. കാരണം വാര്‍ത്താമാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നിസ്സാരകാര്യങ്ങള്‍ക്കുപോലും വീടു വിട്ടിറങ്ങുന്ന, ജീവിതം അവസാനിപ്പിക്കുന്ന കുരുന്നുകള്‍ പരീക്ഷയിലെ തോല്‌വിയോ, അധ്യാപകരുെടയും, മാതാപിതാക്കളുടെയും ശിക്ഷണമോ, സുഹൃത്തുക്കളുടെ കളിയാക്കലുകളോ താങ്ങുവാന്‍ കഴിയാതെ പോകുന്നു നമ്മുടെ കുട്ടികള്‍ക്ക്.

ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് വീട്ടില്‍ നിന്നും സ്‌കൂളില്‍ നിന്നും അടിയോ, വഴക്കോ ലഭിക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു. സ്‌കൂളില്‍ നിന്നും ലഭിക്കുന്ന വഴക്കുകള്‍ക്ക് വീട്ടിലെത്തുന്നതു വരെയുള്ള ആയുസ്സേ ഉള്ളൂ. വീട്ടില്‍നിന്നും കിട്ടുന്ന അടിയുടെ ചൂട് സ്‌കൂളില്‍ കൂട്ടുകാരെ കാണുമ്പോള്‍ കുറയും. അടി നല്കുന്ന മാതാപിതാക്കള്‍ക്കോ, അധ്യാപകര്‍ക്കോ വലിയ കുറ്റബോധം തോന്നിയിരുന്നുമില്ല. കാരണം അവര്‍ക്കറിയാം കുട്ടികള്‍ തിരികെ അവരുടെയടുത്തെത്തുമെന്ന്. പക്ഷെ ഇന്നതല്ല സ്ഥിതി. നാം ഒന്നു കണ്ണുരുട്ടുമ്പോള്‍ അവര്‍ അഭയം തേടുന്നത് സൈബര്‍ ലോകത്തായിരിക്കാം. അവിടെയുള്ള അജ്ഞാത സുഹൃത്തുക്കളുടെ പക്കലാകാം.

പേരന്റിംഗും, ടീച്ചിംഗുമൊക്കെ ഇപ്പോള്‍ സങ്കീര്‍ണ്ണമാകുകയാണ്. പ്രത്യേകിച്ച് കോവിഡ് കാലത്ത് കേരളത്തിലെ കുട്ടികളിലെ ആത്മഹത്യാ നിരക്ക് വലിയ രീതിയില്‍ വര്‍ദ്ധിക്കുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു വിരല്‍ തുമ്പില്‍ ലോകം മുഴുവന്‍ തുറന്നു കിട്ടുമ്പോള്‍ അറിവിന്റെ അനന്തസാധ്യതകള്‍ അവര്‍ക്ക് ലഭിക്കുന്നു എന്ന് രക്ഷകര്‍ത്താക്കള്‍ അഭിമാനിക്കുന്നു. എന്നാല്‍ അതിലെ അപകട വഴികള്‍ തിരിച്ചറിയുവാനുള്ള പക്വത നമ്മുടെ കുട്ടികള്‍ക്കുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കുട്ടികളിലെ മാനസികാരോഗ്യം കുറയുന്നതിന് കാരണങ്ങള്‍

കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിച്ചിരുന്ന കൂട്ടായ്മകള്‍ കുറഞ്ഞു തുടങ്ങി. കുടുംബാംഗങ്ങള്‍ അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും തമാശകളും, ആകുലതകളും പങ്കുവച്ചിരുന്ന സൗഹൃദ സംഭാഷണ വേദികള്‍ മൊബൈല്‍ ഫോണുകളും, ടെലിവിഷന്‍ പരമ്പരകളും കയ്യടക്കിയിരിക്കുന്നു. തിരക്കേറുന്ന ജീവിതശൈലി, അന്യമാകുന്ന കൂട്ടുകുടുംബങ്ങള്‍, ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ ഇവിടെയൊക്കെ. കുട്ടികളെ കൊണ്ടെത്തിക്കുന്നത് സോഷ്യല്‍ മീഡിയകളിലേക്കും, ചാറ്റിങ്ങിലേക്കും, അജ്ഞാത സുഹൃദ്ബന്ധങ്ങളിലേക്കുമായിരിക്കും.

മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു നല്കുന്ന അമിതസ്ഥാനവും, പ്രതീക്ഷയും ആണ് മറ്റൊരു കാരണം. കുട്ടികളുടെ പഠനവും, ട്യൂഷനും, എന്‍ട്രന്‍സുമൊക്കെ ഏറ്റവും പ്രധാനമായി കാണുകയും അതിലെ ഒരു ചെറിയ തോല്‍വിപോലും താങ്ങാന്‍ കഴിയാതെ കടുത്ത മാനസിക സമ്മര്‍ദ്ധത്തിലകപ്പെട്ടുപോകുന്ന കുറെയേറെ കുട്ടികളുണ്ട്. പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവവും, കായികാഭ്യാസവവും, കളികളും ഒക്കെ പഠനംേപാലെ പ്രധാനമാണ് എന്ന് കുട്ടികള്‍ മനസ്സിലാക്കണം. മാതാപിതാക്കളുടെ കഷ്ടപ്പാടുകള്‍, സമ്പത്തിക പ്രയാസങ്ങള്‍ ഒക്കെ കുട്ടികളുമായി പങ്കുവയ്ക്കുകയും വീട്ടുജോലികളിലും, കൃഷിപ്പണികളിലും അവരെ പങ്കാളികളാക്കുകയും വേണം. മക്കളുടെ സുഹൃത്തുക്കളെ അറിയുകയും, നല്ല സൗഹൃദങ്ങള്‍ വളര്‍ത്താന്‍ അവരെ സഹായിക്കുകയും വേണം. ജീവിതത്തില്‍ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും ഉണ്ടാകുമെന്നും ഉയര്‍ച്ചകള്‍ മാത്രമല്ല താഴ്ചയും ഉണ്ടാകുമെന്നും അവരെ പഠിപ്പിക്കുക. കുട്ടികളുമൊത്തു സമയം ചെലവഴിക്കുകയും, ഉല്ലാസയാത്രകള്‍ നടത്തുകയും വേണം. അവരുടെ ബുദ്ധിക്കും, കഴിവിനുമനുസരിച്ചുള്ള പഠനമേഖലകള്‍ തിരഞ്ഞെടുക്കുവാന്‍ സഹായിക്കുകയും കൂടെ നിന്ന് നയിക്കുകയും വേണം.

മക്കള്‍ എത്ര വലുതായാലും അവര്‍ക്ക് ലോകപരിചയവും അനുഭവജ്ഞാനവും മാതാപിതാക്കള്‍ക്കൊപ്പമില്ലെന്ന അറിവ് രണ്ടു കൂട്ടര്‍ക്കും വേണം. ആകാശത്ത് പാറിപ്പറക്കുന്ന പട്ടത്തിന്റെ ചരടുപൊട്ടിയാല്‍ ലക്ഷ്യം തെറ്റി താഴെ വീഴും ചരടില്‍ നില്‍ക്കുമ്പോളോ അത് ഉയര്‍ന്നുപൊങ്ങും. നമ്മുടെ കുട്ടികള്‍ പാറിപ്പറക്കുന്ന സുന്ദരപട്ടങ്ങളാണ്, അതിന്റെ ചരടുകളാകുവാന്‍ മാതാപിതാക്കള്‍ ക്കും അധ്യാപകര്‍ക്കും കഴിഞ്ഞാല്‍ സന്തോഷമുള്ള മാനസികാരോഗ്യമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org