പ്രാര്‍ത്ഥന - മിസൈല്‍
പ്രിയ കൂട്ടുകാരെ,
നാമെല്ലാവരും ഇസ്രായേലിലെയും പാലസ്തീനിലെയും യുദ്ധത്തെക്കുറിച്ച് അറിഞ്ഞല്ലോ. എത്രയോ നിഷ്‌ക്കളങ്കരായ കുട്ടികളാണ് ജീവഹാനിക്ക് ഇരയായത്. ഭക്ഷണമോ വസ്ത്രമോ ലഭിക്കാതെ ഇനി എത്രനാള്‍ കഴിഞ്ഞാലാണ് ജീവിതത്തെ പഴയതു പോലെ ആക്കാന്‍ അവര്‍ക്ക് കഴിയുന്നത്. പത്ര വാര്‍ത്തകളും വീഡിയോകളും കാണുമ്പോള്‍ ഒത്തിരി വിഷമം തോന്നുന്നു. ഈശോ വളര്‍ന്ന മണ്ണില്‍ എത്ര നിരപരാധികളാണ് കൊല്ലപ്പെടുന്നത്. എത്രയോ കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നു, നമ്മെപ്പോലെയുള്ള കുട്ടികള്‍ക്ക് സ്‌കൂളിലോ, കളിക്കുവാനോ പ്രാര്‍ത്ഥനയ്‌ക്കോ പോകാനാകാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നു. എന്നാല്‍ നമുക്ക് കിട്ടുന്ന എത്ര സാഹചര്യങ്ങളാണ് ഒരു വിലയുമില്ലാതെ നമ്മള്‍ നഷ്ടപ്പെടുത്തിക്കളയുന്നത് അല്ലേ? നല്ല സ്‌കൂളും അധ്യാപകരും മാതാപിതാക്കളും സുഹൃത്തുക്കളും ഒക്കെ നമുക്കുണ്ട്. നമ്മുടെ കൂടെയുണ്ട്. എന്നിട്ടും പലതും നമ്മള്‍ പ്രയോജനപ്പെടുത്തുന്നില്ല. നമ്മളൊക്കെ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണ്. സന്തോഷത്തോടും സമാധാനത്തോടും കൂടെ പഠിക്കാനും കളിക്കാനും പ്രിയപ്പെട്ടവരോടൊപ്പം ജീവിക്കാനും നമുക്ക് സാധിക്കുന്നില്ലേ? അതുകൊണ്ട് പിതാവായ ദൈവം ഒരു പപ്പയെപ്പോലെ ഒരു അമ്മയെപ്പോലെയൊക്കെ നമ്മളെ സ്‌നേഹിക്കുന്നതിനും പരിപാലിക്കുന്നതിനും നമുക്ക് അവിടത്തോട് നന്ദി പറയണ്ടേ? മാത്രമല്ല നമുക്ക് കിട്ടുന്ന കൊച്ചു കൊച്ചു സമ്മാനങ്ങളും പുതിയ വസ്ത്രങ്ങളും, പണമായി കിട്ടുന്ന ഗിഫ്റ്റുകളും ത്യാഗത്തോടെ നന്മ പ്രവര്‍ത്തികള്‍ക്കായി പ്രയോജനപ്പെടുത്തിയാല്‍ കുട്ടികളായ നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യമായിരിക്കും അത്. കൂടാതെ യുദ്ധഭൂമിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാം. അനുദിനം ദിവ്യബലിയില്‍ പങ്കെടുത്ത്, ജപമാല ഭക്തിപൂര്‍വം ചൊല്ലി പരിശുദ്ധ അമ്മയോട് ലോകസമാധാനത്തിനായി നമുക്ക് മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം.