
പുതിയനിയമത്തിന്റെ തിരശീല എന്നു വിളിക്കപ്പെടാവുന്ന കഥാപാത്രമാണ് സഖറിയാ. സഖറിയായിലൂടെയാണ് പുതിയനിയമ ചരിത്രം ആരംഭിക്കുന്നത്. അബിയായുടെ ഗണത്തില്‍പ്പെട്ട ഒരു പുരോഹിതനാണ് സഖറിയാ. ജറൂസലേമില്‍നിന്ന് പത്ത് കിലോമീറ്റര്‍ പടിഞ്ഞാറായിട്ടുള്ള Ein Kerem എന്ന സ്ഥലത്താണ് ഭാര്യ എലിസബത്തിനോടുകൂടെ അദ്ദേഹം പാര്‍ത്തിരുന്നത്. നീതിനിഷ്ഠനും കര്‍ത്താവിന്റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവനുമായിരുന്നു സഖറിയാ. എങ്കിലും അവനൊരു സങ്കടമുണ്ട്: വാര്‍ദ്ധക്യത്തിലും അവനൊരു കുഞ്ഞുണ്ടായില്ല. എന്നാല്‍ ഇതെല്ലാം ദൈവത്തിന്റെ പദ്ധതിയായിരുന്നു.
പുതിയനിയമത്തിലെ ആദ്യത്തെ പ്രവാചകനാണ് സഖറിയാ. പഴയ നിയമത്തില്‍ പ്രവാചകന്മാരുടെ വാക്കുകളും പ്രവര്‍ത്തികളും ജീവിതവും ജീവിതാനുഭവങ്ങളും ജനങ്ങള്‍ക്കുള്ള പാഠങ്ങളായിരുന്നു. അതു പോലെ പുതിയനിയമത്തിലെ ആദ്യ പ്രവാചകനായ സഖറിയായേയും ജനത്തിന് ഒരു അടയാളമായി കര്‍ത്താവ് നല്‍കുകയാണ്.
സഖറിയാ ഇസ്രായേല്യരുടെ പ്രതീകവും പ്രതിനിധിയുമാണ്. വാര്‍ദ്ധക്യത്തോളം ഒരു കുട്ടിയെ പ്രതീക്ഷിച്ചിരുന്നിട്ടും കിട്ടാത്ത സഖറിയാ, നൂറ്റാണ്ടുകള്‍ രക്ഷകനെ പ്രതീക്ഷിച്ചു കാത്തിരുന്നു നിരാശരായ ഇസ്രായേല്യരെ പ്രതിനിധാനം ചെയ്യുന്നു. നിരാശ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിച്ചേക്കാം. അതുകൊണ്ടാണ് ഗബ്രിയേല്‍ ദൂതന്റെ വാക്കുകള്‍ സഖറിയാ അവിശ്വസിച്ചത്. സമയത്തിനുവേണ്ടി രണ്ടു ഗ്രീക്ക് വാക്കുകളാണ് നാം കാണുന്നത്: Kairos & Kronos സെക്കന്റുകള്‍, മിനിറ്റുകള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍, വര്‍ഷങ്ങള്‍ അങ്ങനെ വിഭജിക്കാവുന്ന സമയത്തെക്കുറിക്കാനാണ് Kronos ഉപയോഗിക്കുക. എന്നാല്‍ Kairos ദൈവത്തിന്റെ സമയമാണ്. അത് മനുഷ്യന് അഗ്രാഹ്യമാണ്. 'യഥാകാലം സംഭവിക്കേണ്ടത് വിശ്വസിച്ചില്ല' എന്ന് സഖറിയായെ ഗബ്രിയേല്‍ ദൂതന്‍ കുറ്റപ്പെടുത്തുന്നിടത് Kairos ആണ് ഉപയോഗിച്ചിരിക്കുന്നത്. അവിശ്വസിച്ചതുകൊണ്ട് അവന്‍ മൂകനായിത്തീര്‍ന്നു. രക്ഷകന്‍ ഭൂമിയില്‍ പിറക്കുന്നത് ദൈവത്തിന്റെ പദ്ധതിപ്രകാരമുള്ള സമയത്താണെന്നും, അവന്‍ വരുമ്പോള്‍ നിങ്ങള്‍ വിശ്വസിച്ചില്ലെങ്കില്‍ നിങ്ങളും ശിക്ഷിക്കപ്പെടും എന്നതാണ് സഖറിയായ്ക്ക് നല്‍കപ്പെട്ട ശിക്ഷയിലൂടെ ദൈവം മനുഷ്യനോട് പറയുന്നത്.
സഖറിയാ ദൈവത്തിന്റെ വാഗ്ദാനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. വൃദ്ധനായ അബ്രഹാമിന് ദൈവം നല്‍കിയ വലിയ വാഗ്ദാനം; അതിന്റെ പൂര്‍ത്തീകരണമാണ് ക്രിസ്തു. ആ ക്രിസ്തു ഭൂമിയില്‍ അവതരിക്കാന്‍ പോകുമ്പോള്‍ അബ്രഹാമിനെ അനുസ്മരിക്കുംവിധം ക്രിസ്തുവിനെക്കുറിച്ചു പ്രവചനം നടത്താനായി വൃദ്ധനായ സഖറിയാ നിയോഗിക്കപ്പെടുന്നു. യേശുവിന്റെ രക്ഷണീയ ദൗത്യത്തിന്റെ എല്ലാക്കാര്യങ്ങളും വിവരിക്കുന്ന സഖറിയായുടെ പ്രവചനമാണ് പുതിയനിയമത്തിലെ ആദ്യത്തെ ഗാനം.
മൂകനായിത്തീര്‍ന്ന സഖറിയാ സംസാരിക്കുന്നതും നമുക്കൊരു അടയാളമാണ്. പരിശുദ്ധാത്മാവാല്‍ നിറഞ്ഞപ്പോളാണ് അവന്‍ സംസാരിക്കാനും പ്രവചിക്കാനും തുടങ്ങിയത്. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നവന്‍ അവന്റെ പാപത്തിന്റെ ബന്ധനങ്ങളില്‍നിന്നും സ്വതന്ത്രനാക്കപ്പെടുമെന്നും ക്രിസ്തുവിന് സാക്ഷ്യംവഹിക്കുമെന്നും സഖറിയായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 'നിരാശ കൂടാതെ വിശ്വസിക്കുക; കര്‍ത്താവ് തന്റെ സമയത്ത് വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊള്ളും; നിങ്ങള്‍ ആത്മാവില്‍ നിറഞ്ഞവരായി ജീവിക്കുക' എന്നതാണ് സഖറിയാ എന്ന കഥാപാത്രം നമുക്കു നല്‍കുന്ന സന്ദേശം.