
സംഭവം
ഓഗസ്റ്റ് ഒന്നാം തീയതി അതിരാവിലെ കോഴിക്കോടുനിന്നും താമരശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ബേബി പെരുമാലില്‍ വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മയാകുന്നു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറിയും ഇന്‍ഫാം ദേശീയ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനും എല്ലാവരുടെയും പ്രിയങ്കരനുമായിരുന്നു ബേബി ചേട്ടന്‍. അറുപത്തിരണ്ടാം വയസ്സിലും ഊര്‍ജ്ജസ്വലതയോടെ കര്‍ഷകപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ യോഗത്തില്‍ പങ്കെടുത്തു മടങ്ങിവരവെയാണ് റോഡപകടത്തില്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ ഒരു ഡോക്ടറും മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികളും യാത്ര ചെയ്തിരുന്ന കാറാണ് ഇടിച്ചിട്ടത്. ജീവന്‍ രക്ഷിക്കാന്‍ കടപ്പെട്ടിരുന്ന ആ ഡോക്ടറും സംഘവും ജീവനുവേണ്ടി കേണപേക്ഷിക്കുന്ന ആ സാധുമനുഷ്യനെ വഴിയരികില്‍ ഉപേക്ഷിച്ചു പോയി. പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരില്‍ ചിലര്‍ അപകടത്തില്‍പ്പെട്ട് വേദനയാല്‍ പുളയുന്ന ബേബി ചേട്ടനെ രക്ഷിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍, അവിടെ അവരെ ഇറക്കിവിട്ട് ബാഗ് പോലും എടുക്കാന്‍ അനുവദിക്കാതെ ബസ് പോവുകയാണുണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല. ജീവനുവേണ്ടി നിലവിളിക്കുന്ന ഒരു മനുഷ്യനെ ഉപേക്ഷിച്ചു പോകുവാന്‍ മാത്രം സ്വാര്‍ത്ഥത നിറഞ്ഞവരാണോ സംസ്‌കാരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഭിമാനിക്കുന്ന നമ്മള്‍? എത്രയോ ആളുകള്‍ ഇപ്രകാരം നമ്മുടെ നാട്ടില്‍ തന്നെ കൊല്ലപ്പെടുന്നു?
വചനം
കള്ളന്മാരാല്‍ ആക്രമിക്കപ്പെട്ട്, മുറിവേറ്റ്, മൃതപ്രായനായി പാതയോരത്ത് കിടന്നിരുന്ന ഒരു യാത്രക്കാരന്റെ കഥ ഈശോ പറയുന്നുണ്ട്. നിര്‍ഭാഗ്യകരമായ ഈ സംഭവം നടക്കുന്നത് ജറുസലേമില്‍ നിന്നും ജെറിക്കോയിലേക്കുള്ള ഒരുവന്റെ യാത്രയിലാണ്. യാത്രയുടെ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ അനുവദിക്കാതെ, അപ്രതീക്ഷിതമായി കള്ളന്മാര്‍ അയാളെ നിഷ്ഠൂരം ഉപദ്രവിക്കുകയും, നിര്‍ദയമായി വഴിയരികില്‍ തള്ളുകയും ചെയ്യുന്നു. അര്‍ദ്ധ പ്രാണനായി ജീവനുവേണ്ടി കേഴുമ്പോഴാണ് ഒരു പുരോഹിതന്‍ ആ വഴിയേ വരുന്നത്. രക്ഷിക്കണേ എന്ന ദീനരോദനം പുരോഹിതന്‍ കേട്ടതായി ഭാവിച്ചില്ല. വേദനയാല്‍ പുളഞ്ഞു നിലവിളിക്കുമ്പോള്‍ വീണ്ടും ആരോ അതിലെ വരുന്നു. ഒരു ലേവായന്‍! പ്രതീക്ഷ കൈവിടാതെ കണ്ണീരോടെ നില വിളിച്ചെങ്കിലും നിരാശ തന്നെ ഫലം. ഈ അര്‍ദ്ധപ്രാണനെ അ വരാരും കണ്ടതായി ഭാവിച്ചില്ല, ജീവനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലവിളിയെ കേട്ടതായി നടിച്ചുമില്ല... അവരെല്ലാം അവരവരുടേതായ തിരക്കില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് വന്ന ഒരു സമരിയാക്കാരന്‍ നന്മയുടെ പൊന്മുഖം ആകുന്നു. മുറിവേറ്റവനെ കണ്ട് മനസ്സലിഞ്ഞ് അടുത്തുചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി. തന്റെ കഴുതയുടെ പുറത്തു കയറ്റി ഒരു സത്രത്തില്‍ കൊണ്ടുചെന്ന് പരിചരിച്ചു (ലൂക്കാ 10:30-35).
വിചാരം
കവര്‍ച്ചക്കാരുടെ കയ്യിലകപ്പെട്ട നിസ്സഹായനായ ആ മനുഷ്യന്റെ അരികിലൂടെ പലരും കടന്നുപോയി... എന്നാല്‍ അവരാരും അയാളെ സഹായിക്കാന്‍ മുതിര്‍ന്നില്ല.... ജീവനുവേണ്ടി മല്ലടിക്കുന്നവനെ ഉപേക്ഷിച്ച് തങ്ങളുടെ ജീവിതം കെട്ടിപ്പൊക്കാനുള്ള വ്യഗ്രതയില്‍ സ്വാര്‍ത്ഥതയുടെ വശം ചേര്‍ന്ന് അവര്‍ നടന്നു.
എന്നാല്‍ സ്വന്തം സമയം, സൗകര്യങ്ങള്‍, പണം എല്ലാം മുറിവേറ്റവനുവേണ്ടി നല്കി ആ നല്ലവനായ സമരിയാക്കാരന്‍...
ഈശോ എന്നെയും വിളിക്കുന്നു നല്ല സമറായനാകാന്‍, നല്ല അയല്‍ക്കാരനാകാന്‍, നല്ല സ്‌നേഹിതനാകാന്‍...
വിചിന്തനം
മുന്‍കരുതലുകള്‍ ഒന്നും എടുക്കാതെ, മുന്നറിയിപ്പുകളോട് മറുതലിച്ചതുകൊണ്ടാണോ സുവിശേഷകഥയിലെ ഈ മനുഷ്യന് മുറിവേല്‍ക്കേണ്ടി വന്നത്?
മുന്നോട്ടുള്ള വഴിയെ പിന്നോട്ടുനോക്കരുതെന്ന യാഹ്‌വേയുടെ കല്പന അവഗണിച്ച് ഉപ്പ് തൂണായിത്തീര്‍ന്ന ലോത്തിന്റെ ഭാര്യയും 'ദൈവവഴി' വിട്ട് 'സ്വന്തം വഴി' നീങ്ങി തനിക്കും കൂടെയുള്ളവര്‍ക്കും അപകടം വരുത്തിയ യോനായും, എന്റെ ജീവിതവഴി തെരഞ്ഞെടുപ്പുകളില്‍ ഒരു ഓര്‍മ്മപ്പെടുത്തലാണോ?
വേദനിക്കുന്നവരോടും നിരാലംബരോടും അനുകമ്പയോടെയാണോ ഞാന്‍ പെരുമാറുന്നത്?
മറ്റുള്ളവരുടെ വിഷമാവസ്ഥകള്‍ സ്വയം മനസിലാക്കി സഹായിക്കുന്ന പ്രകൃതം എനിക്കുണ്ടോ?
കര്‍മ്മം
കടന്നുവന്ന വഴിത്താരകള്‍ പുണ്യങ്ങളാലും സുകൃതങ്ങളാലും സുഗന്ധപൂരിതമാക്കിയവരാണ് തിരുസഭയിലെ രക്തസാക്ഷികളും വിശുദ്ധരും. കുഷ്ഠരോഗിയെ കണ്ടപ്പോള്‍ ക്രിസ്തു ആണെന്ന് കരുതി കെട്ടിപ്പുണര്‍ന്ന ഫ്രാന്‍സീസ് അസ്സീസിയെപ്പോലെ, അഗതികളില്‍ ഈശോയേ ദര്‍ശിച്ചു കര്‍മ്മനിരതയായ മദര്‍ തെരേസായെപ്പോലെ നമുക്കും ചുറ്റുമുള്ളവരില്‍ ഈശോയേ കാണാം, അവരെ സ്‌നേഹിക്കാം, അവര്‍ക്ക് സേവനമേകാം.
നന്മ ചെയ്യുക എന്നുള്ളത് ഒരു തപസ്യ ആയി മാറട്ടെ! ജീവിതശൈലി ആകട്ടെ! ഒരു നന്മ എങ്കിലും ചെയ്യാതെ അത്താഴം കഴിക്കരുത് എന്നാണ് വിശുദ്ധ ചാവറ പിതാവ് പറഞ്ഞിരുന്നത്. സ്വന്തം കാര്യം മാത്രം നോക്കുകയും, തനിക്കുവേണ്ടി മാത്രം ആളുകള്‍ ജീവിക്കുകയും ചെയ്യുന്ന ഇന്ന് നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും സേവിക്കാനും നമുക്ക് ബദ്ധശ്രദ്ധരാകാം. മുറിവേറ്റവരില്‍, സഹിക്കുന്നവരില്‍, മരിക്കുന്നവരില്‍, ക്രൂശില്‍ മുറിവേറ്റ് കിടക്കുന്ന ഈശോയെ കണ്ടുമുട്ടാം. ഓര്‍മ്മയില്‍ ഈ തിരുവചനം ദീപ്തി പരത്തട്ടെ.
'മനുഷ്യര്‍ നിങ്ങളുടെ സത് പ്രവര്‍ത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്തപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ.'