
മനുഷ്യവര്‍ഗ്ഗത്തിനു തീ നല്കിയതായിരുന്നു പ്രൊമിത്തിയൂസ് ദേവന്‍റെ പേരില്‍ ചുമത്തപ്പെട്ട മഹാപരാധം. ലോകജനതയുടെ നന്മയ്ക്കായാണു താനിതു നല്കിയതെന്ന വാദമൊന്നും സിയൂസ് എന്ന ദേവന്മാരുടെ രാജാവിനു സ്വീകാര്യമായിരുന്നില്ല. സിയൂസിന്‍റെ രണ്ടു ഭൃത്യന്മാര്‍ അദ്ദേഹത്തെ ദൂരെ വനത്തില്‍ കൊണ്ടുപോയി ഒരു വലിയ പര്‍വതത്തോടു ചേര്‍ത്തുനിര്‍ത്തി. മൂന്നാമതൊരാള്‍ അദ്ദേഹത്തെ കരിങ്കല്ലിനോടു ചേര്‍ത്തു ചങ്ങലയിടാനായി ഒരുങ്ങി. അയാള്‍ക്കു തന്‍റെ സുഹൃത്തിനെ ചങ്ങലയ്ക്കിടാന്‍ വലിയ ദുഃഖമുണ്ട്. എങ്കിലും സിയൂസ് എന്ന ദേവന്മാരുടെ രാജാവിന്‍റെ ആജ്ഞ പാലിക്കാതെ വന്നാലുള്ള ഭവിഷ്യത്തുകള്‍ അവര്‍ക്കെല്ലാം നന്നായി അറിയാമായിരുന്നു. അതു വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കും എന്നവര്‍ക്കറിയാമായിരുന്നു. മൂന്നാമന്‍ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്നു. പ്രൊമിത്തിയൂസ് പ്രകൃതിയെ വിളിച്ചു കരയുന്നുണ്ട്. തനിക്കു ദിവ്യദൃഷ്ടിയുണ്ടെന്നും, വരാന്‍പോകുന്ന കാലത്തു സിയൂസ് അപകടത്തിലാകുമ്പോള്‍ തന്‍റെ സഹായം ആവശ്യമാകുമെന്നും പ്രതിവചിക്കുന്നു. ഈ വനരോദനം കേട്ട് സമുദ്രദേവതയുടെ പുത്രിമാര്‍ സഹതാപം പ്രകടിപ്പിക്കുന്നുണ്ട്. നന്മകള്‍ക്കുവേണ്ടി നാം നിലകൊണ്ടാലും അതിനെതിരായിനിന്ന് ശിക്ഷ വിധിക്കുകയും അപലപിക്കുകയും ചെയ്യുന്നവര്‍ എക്കാലത്തുമുണ്ടാവും.