
ബാബിലോണിയന്‍ വിപ്രവാസത്തിനു ശേഷം രണ്ടാം ദേവാലയ കാലഘട്ടത്തില്‍ ഇസ്രായേലില്‍ രൂപപ്പെട്ട ഒരു സംഘമാണ് ഫരിസേയര്‍. മറ്റു പല യഹൂദ സംഘങ്ങളെപ്പോലെ ഇവരുടെ ഉല്പത്തിയും അത്ര വ്യക്തമല്ല. പുതിയ നിയമത്തില്‍നിന്നും ജോസേഫൂസില്‍നിന്നും യഹൂദ സാഹിത്യങ്ങളില്‍നിന്നുമാണ് ഇവരെക്കുറിച്ച് ചുരുക്കം ചില കാര്യങ്ങള്‍ നമുക്ക് അറിയാനാകുന്നത്. പണ്ഡിതന്മാര്‍ ഫരിസേയരെ യഹൂദമതത്തിലെ ഒരു തത്വശാസ്ത്രജ്ഞന്മാരുടെ വിഭാഗമായി ചിത്രീകരിച്ചിരിക്കുന്നു. ശക്തമായ ഒരു മതനേതൃത്വ സംഘം, ഒരു രാഷ്ട്രീയ നേതൃത്വ സംഘം, പണ്ഡിതന്മാരുടെ സംഘം, പുരോഹിതന്മാരോട് അതായത് സദുക്കായരോട് എതിരിട്ടു നില്‍ക്കുന്നവരുടെ പ്രസ്ഥാനം, മധ്യവര്‍ഗ എഴുത്തുകാരുടെയും കരകൗശല വിദഗ്ധരുടേയും ഒരു സംഘം എന്നിങ്ങനെ പലതരം വര്‍ണ്ണനകളാണ് അവരെപ്പറ്റി നമുക്ക് ലഭിക്കുന്നത്. പുതിയനിയമത്തില്‍ ഈശോയുടെ പരസ്യജീവിതകാലത്തിലെ ഏറ്റവും വലിയ എതിരാളികളായിട്ടാണ് ഫരിസേയര്‍ പ്രക്ത്യക്ഷപ്പെടുന്നത്.
ബാബിലോണിയന്‍ വിപ്രവാസത്തിനുശേഷം ഉണ്ടായ സാമൂഹീക രാഷ്ട്രീയ മതപരമായ കാരണങ്ങളാകാം ഫരിസേയരുടെ ഉല്പത്തിക്ക് കാരണം. ബൈബിളിലെ ആദ്യ അഞ്ചു പുസ്തകങ്ങളായ നിയമ പുസ്തകങ്ങള്‍ക്ക് പുറമെ, പുതിയ ചരിത്ര പുസ്തകങ്ങളുടേയും പ്രവാചക പുസ്തകങ്ങളുടേയും പശ്ചാത്തലത്തില്‍ പുതിയ സാമൂഹിക സാംസ്‌കാരിക നിയമങ്ങളുടെ ആവശ്യം ഉണ്ടായി. നിയമ പുസ്തകങ്ങളെ മാത്രം അംഗീകരിച്ചിരുന്നു സദുക്കായരില്‍ നിന്നും വിഭിന്നമായി ഒരുകൂട്ടം ആളുകള്‍ പുസ്തകങ്ങളുടേയും പ്രവാചക പുസ്തകങ്ങളുടേയും ഉള്‍പ്പെടുത്തി ചിന്തിക്കാനും പഠിപ്പിക്കാനും തുടങ്ങി. അവരുടെ സംഘം ഫരിസേയര്‍ എന്ന് അറിയപ്പെട്ടു. 'വേര്‍തിരിക്കപ്പെട്ടത്' എന്നര്‍ത്ഥം വരുന്ന 'പെറൂഷിം' എന്ന ഹീബ്രുവാക്കില്‍നിന്നാണ് ഫരിസേയര്‍ (പരീഷര്‍) എന്ന വാക്ക് ഉണ്ടായിരിക്കുന്നത് എന്ന് കരുതുന്നു. ആശയപരമായും സാമൂഹികപരമായും മറ്റുള്ളവരില്‍നിന്നും അകലം പാലിച്ചതിനാലും, തങ്ങള്‍ ശുദ്ധരാണെന്നും ശുദ്ധതയോടെ നിയമങ്ങള്‍ പാലിക്കുന്നവരാണെന്നും മറ്റുള്ളവര്‍ അപ്രകാരം അല്ലാത്തതിനാല്‍ അവരില്‍നിന്നും അകലം പാലിക്കുകയും ചെയ്തതിനാലുമാണ് ഫരിസേയര്‍ എന്ന് അവര്‍ അറിയപ്പെട്ടത്. സദുക്കായര്‍ ജറുസലേമില്‍ കേന്ദ്രീകരിച്ചപ്പോള്‍ ഫരിസേയര്‍ ബാക്കിയിടങ്ങളില്‍ ജനങ്ങളെ തങ്ങളുടെ നിയമവ്യാഖ്യാനങ്ങള്‍ പഠിപ്പിച്ചു. അതിനാലാണ് ഈശോയുടെ പരസ്യജീവിതത്തില്‍ കൂടുതലായി ഫരിസേയര്‍ പ്രത്യക്ഷപ്പെടുന്നത്. ഈശോയെ വധിച്ച, സഭയെ പീഡിപ്പിച്ച സദുക്കായരാകട്ടെ ജെറുസലേം ബന്ധപ്പെട്ടു മാത്രമാണ് പ്രത്യക്ഷപ്പെടുന്നത് (Jn 1812-14; Act 4:1-22).
നിയമത്തിന്റെ പ്രയോഗത്തിനും നിയമത്തെ തങ്ങളുടേതായ രീതിയില്‍ വ്യാഖ്യാനിക്കാനുള്ള കഴിവിനും ഫരിസേയര്‍ പ്രസിദ്ധരാണ്. യഹൂദജീവിതം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ച് അവര്‍ക്ക് പ്രത്യേക വീക്ഷണങ്ങളുണ്ടായിരുന്നു. സദുക്കായരെപ്പോലെ ആരാധനക്രമത്തില്‍ അവകാശങ്ങള്‍ ഇല്ലായിരുന്നെങ്കിലും പൊതുജനത്തെ ആശയപരമായി സ്വാധീനിക്കാന്‍ അവര്‍ക്കായി. ഒരു സന്യാസ സമൂഹത്തെപ്പോലെ പതിയെ ഒരു സംഘമായി അവര്‍ വളര്‍ന്നു. അവര്‍ക്കിടയില്‍ പ്രത്യേക നിയമങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു. പിന്നീട് സമൂഹത്തില്‍ നിലയും വിലയുമുള്ള ഒരു സംഘമായി അവര്‍ മാറി. അതിനാല്‍ സമൂഹത്തിലെ താഴേക്കിടയിലുള്ള പലരും സമൂഹത്തില്‍ നിലയും വിലയും കിട്ടാന്‍ ഫരിസേയരുടെ സംഘത്തില്‍ ചേര്‍ന്നു. എങ്കിലും സദുക്കായരേക്കാള്‍ പിന്നിലായിരുന്നു അവരുടെ സ്ഥാനം. ദേവാലയത്തെ നിയന്ത്രിക്കുകയും രാഷ്ട്രീയ പിടിപാടുള്ളവരുമായ സദുക്കായരും, ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവരായ ഫരിസേയരും ആശയപരമായി പരസ്പരം എതിര്‍ത്തുനിന്നു. ഇത് ഇരുകൂട്ടരും തമ്മിലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അധികാരമോഹം ഉള്ളവരുതന്നെയായിരുന്നു ഫരിസേയര്‍. എങ്കിലും ഹസ്‌മോനിന്‍ സമയത്തു മാത്രമേ പൊതുവെ അവര്‍ രാഷ്ട്രീയമായി സ്വാധീനം ഉള്ളവരായിരുന്നുള്ളൂ. വിദേശ ഭരണകാലത്ത് സദുക്കായരെപ്പോലെ അവര്‍ വൈദേശിക ഭരണത്തെ അംഗീകരിച്ചിരുന്നില്ല.
മരണത്തിനും പുനരുത്ഥാനത്തിനും ശേഷമുള്ള ജീവിതത്തെക്കുറിച്ചും ദൈവം നല്‍കുന്ന പ്രതി ഫലത്തെയും ശിക്ഷയെക്കുറിച്ചും ഫരിസേയര്‍ പഠിപ്പിച്ചപ്പോള്‍ സദുക്കായര്‍ അതെല്ലാം നിഷേധിച്ചു. ഫരിസേയര്‍ അവര്‍ ദൈവത്തെയും മനുഷ്യരെയും ഈ ജീവിതത്തിലും അടുത്ത ജീവിതത്തിലും പരസ്പ്പര ബന്ധത്തില്‍ ചിത്രീകരിക്കുന്നു. അതുതന്നെയാണ് ഈശോയും പഠിപ്പിച്ചത് (ഖി 5:1947). ഫരിസേയരുടെ ചില നിലപാടുകള്‍ കാരണം മാത്രമാണ് ഈശോ അവരുടെ ശത്രുവായത്. ഈശോ ഫരിസേയരെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങളുണ്ട്. അല്ലാത്തപക്ഷം ഈശോയുടെ പ്രബോധനങ്ങള്‍ക്ക് ഫരിസേയരില്‍നിന്നും അത്ര വലിയ വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ സഭയുടെ ആദ്യകാല ദൈവശാസ്ത്രഞ്ജന്മാരൊക്കെ ഈശോയുടെ ശിഷ്യന്മാരായിത്തീര്‍ന്ന ഫരിസേയന്‍മാര്‍ ആയിരിക്കണം. ഏറ്റവും നല്ല ഉദാഹരണമാണ് വി. പൗലോസ് ശ്ലീഹ (ജവശഹ 3:5). യേശുവിനെ കാണാന്‍ വന്ന നിക്കൊദേമൂസും ഒരു ശിഷ്യനാണ്. സുവിശേഷങ്ങളില്‍ ഈശോയുടെ പ്രധാന ശത്രുക്കളായി ഫരിസേയര്‍ വിവരിക്കപ്പെട്ടതിനാലും ആദ്യകാല സഭാ മര്‍ദനം ഫരിസേയര്‍മൂലം ഉണ്ടായതിനാലുമാകാം പലരും തങ്ങള്‍ ഫരിസേയരാണെന്ന് പൊതുവേദിയില്‍ പറയാതിരുന്നത് (Act 7:54-8:3).
ദൈവവചനത്തെക്കുറിച്ചുള്ള ചില വികല വ്യാഖ്യാനങ്ങളും, തങ്ങള്‍ ചിന്തിക്കുന്നതിന് എതിരുള്ളവര്‍ പാപികളാണെന്നും, തങ്ങള്‍ നീതിമാന്മാര്‍ ആണെന്നും, എല്ലാം തികഞ്ഞവര്‍ ആണെന്നുമുള്ള കടുംപിടുത്തങ്ങളുമാണ് ഫരിസേയരെ പുതിയനിയമത്തിലെ വില്ലന്‍ കഥാപാത്രങ്ങള്‍ ആക്കിയത്. എങ്കിലും പ്രവാചകന്മാര്‍ ഇല്ലാതിരുന്ന നീണ്ട വൈദേശിക ഭരണകാല ഘട്ടത്തില്‍ ഇസ്രായേല്‍ക്കാരുടെ സാമൂഹിക സദാചാര മൂല്യങ്ങളുടെ സൂക്ഷിപ്പുകാരായിരുന്നു ചരിത്രത്തില്‍ ഫരിസേയര്‍.