അനശ്വരമായ ആത്മാവിനു വേണ്ടി അദ്ധ്വാനിക്കുക

അനശ്വരമായ ആത്മാവിനു വേണ്ടി അദ്ധ്വാനിക്കുക

ജീവിതത്തെ വിജയകരമായി കൈകാര്യം ചെയ്യാന്‍ കഴിവില്ലെങ്കില്‍ കഴിവുകൊണ്ട് നേടിയ പ്രശസ്തിയും സമ്പത്തും വ്യര്‍ത്ഥമായി പോകും. സ്വന്തം ജീവിതം തകര്‍ത്തു കൊണ്ടുള്ള വിജയത്തിന് എന്ത് മേന്മയാണ് ഉള്ളത്? ഇരിക്കുന്ന കൊമ്പ് മുറിച്ച് സാഹസം കാണിക്കുന്നത് പമ്പര വിഡ്ഢിത്തം അല്ലേ?

അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോട് ഒരിക്കല്‍ ഒരു തത്വചിന്തകന്‍ ചോദിച്ചു. പ്രഭോ റോം കീഴടക്കി കഴിഞ്ഞാല്‍ എന്താണ് അങ്ങയുടെ അടുത്ത ലക്ഷ്യം. സിസിലി രാജ്യം. അത് കഴിഞ്ഞാലോ... അതുകഴിഞ്ഞാല്‍ ആഫ്രിക്ക പിന്നെ ഗ്രീസ്... തത്വചിന്തകന്‍ വീണ്ടും ചോദിച്ചു, ഈ യുദ്ധവിജയങ്ങളുടെയെല്ലാം പ്രയോജനം എന്താണ് പ്രഭോ? എല്ലാ രാജ്യങ്ങളും കീഴടക്കിയ ശേഷം സ്വസ്ഥമായിരുന്ന് ഞാന്‍ ജീവിതം ആസ്വദിക്കും. ചരിത്രം നമുക്കറിയാം, ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്നതിനുമുമ്പേ ചക്രവര്‍ത്തി ഈ ലോകത്തോട് വിട വാങ്ങി. നോക്കൂ. ജീവിതം ആസ്വദിക്കാന്‍ ഒരുപാട് നേട്ടങ്ങളുടെ ഒന്നും ആവശ്യമില്ല. ശാന്തമായ ഹൃദയമാണ് അതിനു വേണ്ടത്. ഈ ശാന്തത നമുക്ക് ലഭിക്കുന്നത് ഈശ്വരവിശ്വാസത്തിലും ആശ്രയബോധത്തിലും മാത്രമാണ്. കണ്ണിനു കൗതുകമായത് ആത്മാവിന് ഉപകാരപ്പെടണമെന്നില്ല. നാവിനു രുചികരമായത് ശരീരത്തിന് ഉപദ്രവമായിരിക്കാം. അര്‍ഹിക്കുന്നതില്‍ അധികം കിട്ടിയാല്‍ അഹങ്കാരവും, അര്‍ഹിക്കുന്നതുപോലും കിട്ടാതിരുന്നാല്‍ നിരാശയും ഒരു പക്ഷേ നമ്മെ പിടികൂടാം. ബലം ഉള്ളപ്പോള്‍ നാമോര്‍ക്കണം, ബലം നഷ്ടപ്പെടുന്ന ഒരു കാലമുണ്ടെന്ന്. കുതിരയെപ്പോലെ കുതിക്കുമ്പോള്‍ ഓര്‍ക്കുക, കഴുതയെപ്പോലെ കിതക്കുന്ന ഒരു കാലം അധികം വിദൂരത്തല്ലെന്ന്. നല്ല ഓര്‍മ്മകള്‍ വാര്‍ദ്ധക്യനാളിലെ സമാധാനമാണ്. ഒരു കാര്യം നാം തിരിച്ചറിയണം, നാം ഒന്നിന്റെയും ഉടമസ്ഥരല്ല, വെറും കാവല്‍ക്കാരും സൂക്ഷിപ്പുകാരും മാത്രമാണെന്ന്. ദൈവമാണ് എല്ലാറ്റിന്റെയും ഉടയവന്‍. ഒത്തിരി അണിയിച്ചൊരുക്കി അനേകരെ മോഹിപ്പിച്ച ഈ ശരീരം പുഴുവിനോ അഗ്‌നിക്കോ ഭക്ഷണമായി തീരും.

അദ്ധ്യാത്മരാമായണത്തില്‍ ശ്രീരാമന്‍ ലക്ഷ്മണനോട് പറഞ്ഞത്, 'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ.' അതിനാല്‍ മനസ്സിനെ ശാന്തമാക്കി ജീവിതം ആസ്വദിക്കുക.

ഇടയ്ക്ക് മരണത്തെ ധ്യാനിക്കുന്നതും മരിച്ചവരെ ഓര്‍ക്കുന്നതും നല്ലതാണ്. കൂടുതല്‍ നന്നായി ജീവിക്കാന്‍ അത് നമ്മെ സഹായിക്കും. കാരണം ജീവിതം ദാനമാണെന്ന സത്യം നമ്മെ പഠിപ്പിക്കുന്നത് മരണമാണ്. ദാനം എന്ന വാക്കിനര്‍ത്ഥം തന്നെ, ഇതൊന്നും നമ്മുടെ സ്വന്തം അല്ല മറ്റാരുടേതോ കരുതലിന്റെയും കരുണയുടെയും മുതലാണ് എന്നല്ലേ. 'മനുഷ്യാ നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ അതുകൊണ്ട് എന്തു ഫലം?' (ലൂക്കാ 9:25) എന്ന ബൈബിള്‍ മൊഴി എത്ര സത്യമാണ്. മണ്ണായിത്തീരുന്ന ഈ ശരീരത്തിനു വേണ്ടി, നാമെത്ര അദ്ധ്വാനിക്കുന്നു, വാങ്ങിക്കൂട്ടുന്നു, ശേഖരിക്കുന്നു. എന്നാല്‍ അനശ്വരമായ ആത്മാവിന്റെ പോഷണത്തിന് നാം എത്രമാത്രം ശ്രദ്ധിക്കാറുണ്ട്? ആത്മാവിന്റെ അനശ്വരതയ്ക്കുവേണ്ടി അദ്ധ്വാനിച്ചാല്‍ അത് നമ്മെ ഐശ്വര്യത്തിലേക്ക് നയിക്കും. ശാരീരിക രോഗത്തെക്കുറിച്ച് അമിതമായി ആകുലപ്പെടുന്ന നാം, ആത്മാവിന്റെ അവസ്ഥയെ കുറിച്ച് അല്പം പോലും അസ്വസ്ഥരല്ലത്രേ. നമ്മുടെ സുഖത്തിനായി നാം വാങ്ങി കൂട്ടുന്നതും, വാരി കൂട്ടുന്നതും സത്യത്തില്‍ നമുക്ക് അര്‍ഹതയുള്ളത് അല്ല. അതര്‍ഹിക്കുന്ന ഒരുപാടുപേര്‍ ലോകത്തിലുണ്ട്. അവരെ കാണാന്‍ ഇനിയും നമ്മള്‍ മിഴി തുറന്നിട്ടില്ല എന്നര്‍ത്ഥം. എത്ര കോടികള്‍ കയ്യില്‍ ഉണ്ടായാലും ഒരു ആശുപത്രി തന്നെ സ്വന്തമായി ഉണ്ടായാലും രോഗിയായാല്‍ മരണം കാത്ത് നാം നിസ്സഹായരായി കിടക്കേണ്ടിവരും. ഒത്തിരി ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകാം, എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ പലപ്പോഴും നാം ഒറ്റപ്പെട്ടു പോകാം. ആരൊക്കെ ഉണ്ടായാലും വേദനയില്‍ നാം എന്നും ഒറ്റയ്ക്കാണ് എന്ന് മറക്കാതിരിക്കുക. എത്ര നല്ല സൗഹൃദങ്ങളും പാതിവഴിയില്‍ പലവിധ കാരണങ്ങളാല്‍ പൊഴിഞ്ഞു പോയെന്നു വരാം. അപ്പോഴൊക്കെ നമുക്ക് ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ നല്ലത്, ഈശ്വരനാണ് എന്റെ ഏക സമ്പത്ത്, ഏക സുഹൃത്ത്. ജോലികഴിഞ്ഞ് വീട്ടില്‍ അണയുന്ന പോലെ, കളി കഴിഞ്ഞ് കുട്ടികള്‍ അമ്മയുടെ മടിയിലേക്ക് വീഴുന്ന പോലെ, കിളികള്‍ കൂടണയുന്ന പോലെ ഈശ്വരനിലേക്ക് മിഴി ഉയര്‍ത്താനും ആ മടിയില്‍ വിശ്രമിക്കാനും നമ്മുടെ മനസ്സിനെ എന്നും പരിശീലിപ്പിക്കുക ശിക്ഷണം നല്‍കുക. നമുക്കെന്നും അത് സന്തോഷവും സമാധാനവും നല്‍കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org