അനുസരണയുള്ള ആട്ടിന്‍കുട്ടി

അനുസരണയുള്ള ആട്ടിന്‍കുട്ടി
  • ജോസ് മാത്യു മൂഴിക്കുളം

മുഖവും ഉരസിജങ്ങളും ഇരുകാലുകള്‍ക്കുള്ളില്‍ മറച്ച് കൈകളാല്‍ കാലുകളെ ആവുന്നത്ര ശരീരത്തോട് ചേര്‍ത്തുപിടിച്ച് അവള്‍ ഇരിക്കുകയാണ് - ഹവ്വ - വെറും മണ്ണില്‍. അഴിഞ്ഞു വീണ ചികുരഭാരത്താല്‍ അവളുടെ ശരീരം ഏതാണ്ട് പൂര്‍ണ്ണമായ് തന്നെ മറഞ്ഞിരിക്കുന്നു. അരികില്‍ ഇരിക്കുന്ന ഭാര്യയെയോ അതോ മുകളിലേക്കോ നോക്കേണ്ടതെന്നറിയാതെ അവളുടെ അടുത്തായി മുട്ടുകുത്തി നില്‍ക്കുന്ന ആദം. വെയിലില്‍ വാടിത്തളര്‍ന്ന് താഴേക്കു പതിക്കുവാന്‍ മത്സരിക്കുന്ന അത്തിയിലകളുടെ അനുസരണമില്ലായ്മയെ തടയാനെന്നോണം ഇടതുകൈ കൊണ്ടൊരു ശ്രമം നടത്തുന്നതിനിടയില്‍ വലതുകൈ മുകളിലേക്ക് ഉയര്‍ത്തി ഏറ്റവും വികൃതമായ ശബ്ദത്തില്‍ ആദം അലറി വിളിച്ചു.

''യാ... ആ... ആ... ബാ... യ്..''

പൂമ്പാറ്റകള്‍ പേടിച്ചു പറന്നു. ഇരുവരേയും ഉറ്റുനോക്കിയിരുന്ന മാന്‍കൂട്ടം ചിതറിയോടി. ഒരണ്ണാന്‍ മാത്രം ഏറെ നേരം ചിലച്ചുകൊണ്ടിരുന്നു. പിന്നീടതും നിലച്ചു.

വലതുകൈ ചുരുട്ടി ഇടതുവക്ഷസ്സില്‍ ആദം അഞ്ചാറിടിച്ചു. അപ്പോഴേക്കും കണ്ണില്‍ നിന്നും രണ്ട് അരുവികള്‍ താഴേക്ക് മത്സരിച്ചൊഴുകിക്കഴിഞ്ഞിരുന്നു.

ആദം മുമ്പോട്ടേക്ക് കമഴ്ന്നുവീണു. കിടന്നുകൊണ്ടുതന്നെ കൈകള്‍ അവന്‍ മുഖത്തോടടുപ്പിച്ചു. കരവലയത്തിനുള്ളില്‍ പെട്ടുപോയ പൂഴിമണ്ണ് ചേര്‍ന്നൊരു കൊച്ചു മണ്‍കൂമ്പാരം അവിടെ രൂപം കൊള്ളുകയായി. ഇടതുകവിള്‍ പൂഴിയില്‍ ചേര്‍ത്തുവച്ച് ആദം കിടന്നു. കണ്ണുനീരിലും വിയര്‍പ്പിലും പൂഴി കുഴയുകയായിരുന്നു. നനഞ്ഞ പഴി കൈകളിലെടുത്ത് അവന്‍ ശക്തമായി അമര്‍ത്തി. കൈവരിലുകള്‍ക്കിടയിലൂടെ പുറത്തേക്കുവന്ന നിയതമായ ആകൃതിയില്ലാത്ത, ജീവനില്ലാത്ത കുറെ വികൃതരൂപങ്ങള്‍ ആദത്തെ നോക്കി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. നിരാശയോടെ ആദം കൈകുടഞ്ഞു.

മണ്ണില്‍ തല ചായ്ച്ച് ആദം കിടന്നു. കണ്ണുകള്‍ അടഞ്ഞു - നെറ്റിയില്‍ ഉമ്മ വച്ചപ്പോഴാണ് അവനുണര്‍ന്നത്. തണുത്ത, സുഖമുള്ള ഒരു സ്പര്‍ശം. ആബായായിരിക്കുമോ? കണ്ണു തുറന്ന ആദം ആകാംക്ഷയോടെ, പ്രതീക്ഷോടെ തലയുയര്‍ത്തി നോക്കി. ഇല്ല ആബാ ഇവിടെ വന്നിട്ടില്ല. ശപിക്കപ്പെട്ട ആ നിമിഷം മുതല്‍ അബായെ കാണുവാന്‍ പറ്റിയിട്ടില്ല. തന്നെയുണര്‍ത്തിയത് ഹവ്വായായിരിക്കണം. അല്ല; ഇവളുമല്ല... ഇവള്‍ ഇപ്പോഴും അതേയിരിപ്പുതന്നെ. എങ്കില്‍ ആര്? തന്നെ ഉമ്മ വച്ചുണര്‍ത്തിയത് ആര്?

ഇതാ വീണ്ടും ആ സുഖസ്പര്‍ശം. ഇത്തവണ പുളകിതമായത് ആദത്തിന്റെ പാദങ്ങളായിരുന്നു.

ഞൊടിയിടയില്‍ ശരീരം വളച്ച് ആദം തന്റെ കാലുകളിലേക്ക് നോക്കി. കുഞ്ഞാട്! ഏദന്‍ തോട്ടത്തിന്റെ അരുമക്കുട്ടി! ആദ്യമായി താന്‍ കണ്ണുതുറന്ന നിമിഷം മുതല്‍ ആ കുഞ്ഞാടിനെ ആദം കാണുന്നുണ്ടായിരുന്നു. അന്നവന്‍ ആബായോട് ചേര്‍ന്നുനിന്ന് തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഏറെ വാത്സല്യത്തോടെ കൈകളില്‍ വാരിയെടുത്ത് ആബാ ആ കുഞ്ഞാടിനെ തലോടുന്നതും ചുംബിക്കുന്നതും ആദം പലവട്ടം കണ്ടിട്ടുണ്ട്. തന്റേയും ഭാര്യയുടേയും അടുത്തേക്ക് ഓടിവരാറുള്ള വത്സല്യക്കുരുന്നാണിവന്‍. ആബായുടെയും ഹവ്വായുടെയും കൈപിടിച്ച് സവാരി ചെയ്യുന്നതിനിടയില്‍ തങ്ങള്‍ക്കു മുമ്പേ ഓടി തങ്ങളെ കാത്തുനില്‍ക്കാറുള്ള കുസൃതിക്കുട്ടന്‍. ഇവനെ കാണുന്നതു തന്നെ എന്തൊരുന്മേഷം.

കുഞ്ഞാടിനെ കണ്ട മാത്രയില്‍ ആദത്തിന്റെ കണ്ണുകളില്‍ വീണ്ടും നനവ് പടര്‍ന്നു.

ആദം എഴുന്നേല്ക്കാന്‍ ശ്രമിച്ചു. ഇതിനിയില്‍ അരയില്‍ നിന്നും അത്തിയിലക്കുപ്പായം പൂര്‍ണ്ണമായും അഴിഞ്ഞു വീണു. നിരാശയോടെ അവന്‍ കാലിന്റെ ഉപ്പൂറ്റിമേല്‍ ഇരുന്നു.

ആദത്തിന്റെ കണ്ണുകള്‍ ആ ആട്ടിന്‍കുട്ടിയെ തിരയുകയായിരുന്നു. എവിടെപ്പോയി? ഇവിടുണ്ടായിരുന്നു അവന്‍. തൊട്ടുമുമ്പ്. ഇപ്പോള്‍ കാണുന്നില്ലല്ലോ.

ഓരോന്നായി എല്ലാം തനിക്കു നഷ്ടപ്പെടുകയാണോ?

ഇനി ഹവ്വയും.

കൈകള്‍ ഭൂമിയിലൂന്നി, മുട്ടിന്മേല്‍ ഇഴഞ്ഞ് അവന്‍ ഹവ്വായോട് ചേര്‍ന്നിരുന്നു. വലതുകൈ കൊണ്ട് അവളെ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു.

പൊടുന്നനെ തങ്ങളിരുവരുടെയും ശരീരത്തില്‍ ഇളംചൂടുള്ള ഒരു പുത്തന്‍കുപ്പായം വന്നു വീഴുന്നതായി ആദം അനുഭവിച്ചറിഞ്ഞു. ഇലക്കുപ്പായം അല്ലിത്. ഇലകള്‍ക്ക് പച്ചനിറം ആണല്ലോ. ഇത് കടുംചെമപ്പു നിറത്തിലുള്ളത്. പോരാത്തതിന് പരിചിതമല്ലാത്തൊരു ഗന്ധവും. ചുവന്ന ചാറ് ഈ കുപ്പായത്തില്‍ നിന്നും താഴേക്ക് വീഴുന്നുണ്ട്; തങ്ങളുടെ ശരീരത്തിലേക്ക് പരക്കുന്നുമുണ്ട്. ഏതു പഴത്തിന്റെ ചാറാണെന്ന് ഒരു പിടിയും കിട്ടുന്നില്ല. പുതിയ കുപ്പായം അരയില്‍ നന്നായി ചേര്‍ന്നു കിടക്കുന്നു. നല്ല ഇണക്കം. അത്തിയിലക്കുപ്പായം പോലല്ലിത്.

കൗതുകത്തോടെ ആദം തന്റെ ഭാര്യയെ നോക്കി. ചുവന്ന കുപ്പായം അണിഞ്ഞ അവള്‍ ഉരുണ്ടുപിരണ്ടെണീക്കുകയാണ്. അസ്തമയ സൂര്യന്‍ അവളുടെ മുഖത്തിനും ഒരു അരുണിമ സമ്മാനിച്ചിരിക്കുന്നു. ലജ്ജയില്ലാതെ തന്നെ നട്ടെല്ലു നിവര്‍ത്തി നിവര്‍ന്നു നില്‍ക്കുവാന്‍ സാധിച്ചുവെങ്കിലും തങ്ങളിപ്പോള്‍ ധരിച്ചിരിക്കുന്ന ഈ ചെമപ്പുകുപ്പായം ഒരല്പം മുമ്പ് തങ്ങളെ ചുംബിച്ച പ്രിയപ്പെട്ട ആ കുഞ്ഞാടിന്റെ തോലായിരുന്നു എന്ന സത്യം ആദമോ അവന്റെ ഭാര്യയോ തിരിച്ചറിഞ്ഞില്ല. പുത്തന്‍കുപ്പായത്തില്‍നിന്ന് ഇറ്റിറ്റുവീണ് തങ്ങളുടെ പാദരേണുക്കളെ കഴുകിക്കളഞ്ഞുകൊണ്ടിരിക്കുന്ന ചുവന്ന ചാറിനെക്കുറിച്ചും അവര്‍ക്കൊന്നും മനസ്സിലായില്ല. അവരുടെ അരയില്‍ നിന്നും നേരത്തേതന്നെ വിട്ടുപോയ അത്തിയിലകളാകട്ടെ മണ്ണില്‍ തളര്‍ന്നു വീണ് ഇതിനകം ഉറക്കംപിടിച്ചു കഴിഞ്ഞിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org