പുതുശ്ശേരിയുടെ പുതുലോകങ്ങള്‍

പുതുശ്ശേരിയുടെ പുതുലോകങ്ങള്‍
Published on
നവതിയിലേക്ക് നടന്നടുക്കുന്ന പ്രശസ്ത നാടകകൃത്ത് ഏ കെ പുതുശ്ശേരിയുടെ, ഏഴു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന സര്‍ഗസപര്യയിലൂടെ ആദരപൂര്‍വം ഒരു നടത്തം...

'നാടകങ്ങള്‍ ധാര്‍മ്മികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ഉന്നതമായ ജീവിതം നയിക്കുവാന്‍ സമൂഹത്തെ പ്രചോദിപ്പിക്കുകയും വേണമെന്ന ചിന്താഗതിക്കാരനാണ് ഞാന്‍. നേരിട്ടൊരു സാരോപദേശമല്ല; മറിച്ച് വൈകാരികഭാവങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സമൂഹഗാത്രത്തെ ബാധിച്ചിരിക്കുന്ന ദുശ്ശീലങ്ങളെയും ദുഷ്പ്രവണതകളെയും തിരുത്തുവാന്‍ നാടകങ്ങള്‍ സഹായകമാവണം എന്നതാണ് എന്റെ ലക്ഷ്യം.' സുദീര്‍ഘമായ തന്റെ നാടകജീവിതാനുഭവങ്ങള്‍ വിവരിക്കുന്ന 'അരങ്ങൊഴിഞ്ഞ നടന്‍' എന്ന ഗ്രന്ഥത്തില്‍ പ്രശസ്ത നാടകകൃത്ത് ഏ കെ പുതുശ്ശേരി മനസ്സുതുറക്കുകയാണ്.

നാടകകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍, പ്രഭാഷകന്‍, സംഘാടകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ മികവോടെ പ്രവര്‍ത്തിച്ച ഏ കെ പുതുശ്ശേരിയെ അടയാളപ്പെടുത്തേണ്ടത് മലയാള ബൈബിള്‍ നാടകരംഗത്തെ പ്രഥമഗണനീയന്‍ എന്നു തന്നെയാണ്. കാരണം, ബൈബിള്‍ പ്രമേയങ്ങളെ പുരസ്‌കരിച്ച് ഇത്രത്തോളം നാടകശില്പങ്ങള്‍ മെനഞ്ഞെടുത്തവര്‍ വേറെയില്ല.

1979-ല്‍ കാര്‍മ്മല്‍ തീയറ്റേഴ്‌സിനുവേണ്ടി എഴുതിയ 'വാഗ്ദത്തഭൂമി'യാണ് പുതുശ്ശേരിയുടെ പ്രഥമ ബൈബിള്‍ നാടകം. ആ രംഗത്തെ ജൈത്രയാത്രയുടെ സല്‍ഫലങ്ങളെന്നോണം 22 ബൈബിള്‍ നാടകങ്ങളാണ് അദ്ദേഹം എഴുതിയത്. കെ സി ബി സി യുടെ അഖിലകേരള ബൈബിള്‍ (പ്രൊഫഷണല്‍) നാടകാവതരണ മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നുവര്‍ഷം ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡുകള്‍ നേടിയത് പുതുശ്ശേരിയുടെ നാടകങ്ങളാണ്. കാനായിലെ കല്യാണം, വചനം തിരുവചനം, യഹോവയുടെ മുന്തിരിത്തോപ്പ്. 1986-ല്‍ എഴുതിയ 'കാനായിലെ കല്യാണം' ഒറ്റവര്‍ഷം കൊണ്ട് 108 വേദികളില്‍ അവതരിപ്പിക്കപ്പെട്ടുവെന്നത് ചെറിയ കാര്യമല്ല. പുതുശ്ശേരിയുടെ ബൈബിള്‍ നാടകങ്ങളെല്ലാം രചിക്കപ്പെട്ടത് അരങ്ങുകള്‍ക്കുവേണ്ടിയാണ്. ചലച്ചിത്രസംവിധായകനായ ജേസിയാണ് മിക്ക നാടകങ്ങളും സംവിധാനം ചെയ്തത്. പതിമൂന്നു നാടകങ്ങള്‍ കാര്‍മ്മല്‍ തീയറ്റേഴ്‌സും ഒമ്പതു നാടകങ്ങള്‍ കൊച്ചിന്‍ തീയറ്റേഴ്‌സും അരങ്ങിലെത്തിച്ച്, ആയിരക്കണക്കിന് പ്രേക്ഷകരെ സൃഷ്ടിച്ചു. നാടകനിര്‍മ്മിതിയെന്നാല്‍ അതതു കാലഘട്ടത്തിന്റെ സമൂഹനിര്‍മ്മിതിയുടെ കാഹളമാണെന്ന തിരിച്ചറിവോടെ നാടകസപര്യ നയിച്ച പുതുശ്ശേരിയുടെ നാടകങ്ങളെ 'ബൈബിള്‍ സാമൂഹ്യനാടകം' എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം. മഗ്ദലേനയിലെ മേരി, ബാബേല്‍ ഗോപുരം, അക്കല്‍ദാമ, അത്തിപ്പഴത്തിന്റെ നാട്ടില്‍, ഇവനെന്റെ പ്രിയപു തന്‍, മുപ്പതു വെള്ളിക്കാശ് തുടങ്ങിയ നാടകങ്ങള്‍ ഇതു സാക്ഷ്യപ്പെടുത്തും.

ഏ കെ പുതുശ്ശേരിയുടെ കലാജീവിതത്തിന് ഏഴു പതിറ്റാണ്ടുതികയാന്‍ ഇനി ഏറെക്കാലം വേണ്ടാ. 'വിശപ്പ്' എന്ന ആദ്യകഥ 'നവജീവന്‍' പത്രത്തില്‍ പ്രസിദ്ധീകരിച്ചത് 1954-ലാണ്. അക്കൊല്ലം രചിച്ച 'ഭാരമുള്ള കുരിശ്' എന്ന സാമൂഹ്യനാടകമാണ് പ്രഥമകൃതി. എറണാകുളം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ അവതരിപ്പിച്ച നാടകം, പിറ്റേ വര്‍ഷം തുറവൂര്‍ ശ്രീനരസിംഹവിലാസം ബുക്ക് ഡിപ്പോ പ്രസാധനം ചെയ്തു. യാഗം, മോഹം, ഭംഗം, വിഡ്ഢികള്‍ സ്വര്‍ഗത്തില്‍, യുദ്ധഭൂമി, പൊന്നുംകുടത്തിന് പൊട്ടു വേണ്ട, പ്രാന്തന്മാരുടെ പറുദീസ, കള്ളന്‍ നീയോ തുടങ്ങിയ സാമൂഹ്യനാടകങ്ങളിലൂടെ തന്റെ തട്ടകത്തില്‍ നിലയുറപ്പിച്ചു.

പുതുശ്ശേരിയെന്ന എഴുത്തുകാരന്റെ രചനാവൈവിധ്യത്തെ പ്രസ്പഷ്ടമാക്കുന്ന മറ്റൊരു കലാരൂപമാണ് ബാലെ. ഓപ്പറയില്‍നിന്ന് വിഭിന്നമായി സംഭാഷണം ചേര്‍ത്ത സംഗീതനാടകത്തിന്റെ രൂപത്തില്‍ തയ്യാറാക്കിയ ബാലെ, വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചത്. അതു സാധ്യമായത് 1972-ല്‍ പുരാണകഥയെ ആസ്പദമാക്കി അദ്ദേഹമെഴുതിയ 'ഉര്‍വശി' ബാലയിലൂടെയാണ്. ഇടപ്പള്ളി അശോകരാജ് & പാര്‍ട്ടി അവതരിപ്പിച്ച ഉര്‍വശിയുടെ ഉജ്ജ്വലവിജയത്തെത്തുടര്‍ന്ന് അവര്‍ക്കും ചങ്ങമ്പുഴ നൃത്തകലാലയം, ജയ ഭാരത നൃത്തകലാലയം എന്നിവര്‍ക്കുമായി നിരവധി പുരാണബാലെകള്‍ തുടര്‍ച്ചയായെഴുതി. മായാമാധവം, സുകന്യ, സതിമാഹാത്മ്യം, അഗ്‌നിപഞ്ചകം, ഭീഷ്മര്‍, ബ്രഹ്മകാണ്ഡം, ചന്ദ്രകാന്തം, കുരുക്ഷേത്രത്തിലെ കനകദീപം, പരശുരാമന്‍, അഭിമന്യു തുടങ്ങിയവ പ്രശസ്തങ്ങളായ പുരാണ ബാലെകളാണ്.

ബൈബിള്‍ പ്രമേയങ്ങളെയും ബാലെകളാക്കി മാറ്റുന്നതിലും അദ്ദേഹം വിജയിച്ചു. ജോബ്, തോബിയാസ്, സോളമന്റെ നീതി, മുടിയനായ പുത്രന്‍, ജോസഫിന്റെ സ്വപ്‌നം, വെള്ളിക്കാസ എന്നിങ്ങനെ പത്തിലധികം ബാലെകള്‍ പുതുശ്ശേരിക്കു സ്വന്തം. പുരാണകഥകളും ബൈബിള്‍ കഥകളും ചേര്‍ത്ത് മൂന്നു പതിറ്റാണ്ടുകൊണ്ട് ആ തൂലികയില്‍നിന്നു വിരിഞ്ഞത് മുപ്പത്തഞ്ചോളം ബാലെകളാണ്. അവയെല്ലാം അനേകവേദികളില്‍ തകര്‍ത്തു കളിച്ചവയും. ഏതാനും കഥാപ്രസംഗങ്ങളും അദ്ദേഹത്തിന്റേതായി കൈരളിക്കു ലഭിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്ക് കഥകളെഴുതിപ്പോന്ന പുതുശ്ശേരി മാഷ് വിവിധ ആനുകാലികങ്ങളിലൂടെ വായിക്കപ്പെട്ട വ്യക്തിയാണ്. തുടര്‍ന്നുള്ള ഒരു കാലഘട്ടത്തില്‍ നോവലുകള്‍ എഴുതി. ഒരേസമയം സത്യദീപം, സത്യനാദം, ചിത്രകൗമുദി, ഫിലിംനാദം എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കായി ആഴ്ചതോറും നോവലുകള്‍ എഴുതിയ നാളുകള്‍ അദ്ദേഹം ആവേശത്തോടെ ഓര്‍ത്തെടുക്കും. കടലിന്റെ ദാഹം, അഭയം അകലെ, ചിലമ്പൊലി, പുലരിയെ തേടുന്ന സന്ധ്യ, തീരം തേടുന്ന തിര, മുഗ്ധ, അകന്നുപോയ വസന്തം എന്നിങ്ങനെ ഇരുപതിലധികം നോവലുകള്‍ പല കാലങ്ങളില്‍ എഴുതിയവയാണ്.

മലയാള ബാലകരുടെ പ്രിയംകരങ്ങളായ എസ് ടിആര്‍ ചിത്രകഥ, തേനരുവി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്ന ഏ കെ പുതുശ്ശേരി, ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ മികവു പുലര്‍ത്തിയിട്ടുള്ള സൃഷ്ടികളുടെ കര്‍ത്താവുകൂടിയാണ്. സത്യദീപത്തിലൂടെ വെളിച്ചം കണ്ട 'റോയിമോന്‍' എന്ന ഉത്തമബാലനോവലിനു പുറമെ കടുവയും കിടുവയും, പൂമ്പാറ്റകളുടെ സങ്കീര്‍ത്തനം, നീതിയുടെ തുലാസ്, അമ്പിളി അമ്മാവന്‍, അഗ്‌നിച്ചിറകുള്ള പക്ഷി, കൂടില്ലാത്ത കുഞ്ഞാട്, മുത്തശ്ശിക്കഥകള്‍, ആറ് അനശ്വരകഥകള്‍ എന്നിങ്ങനെ നിരവധി ബാലസാഹിത്യകൃതികള്‍ രചിച്ചു. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, ഒഡിയ ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ബൈബിളിലും പുരാണകൃതികളിലും ആഴമേറിയ അവഗാഹമുള്ള ഈ എഴുത്തുകാരന്റെ തൂലികയില്‍നിന്ന് 'ബൈബിളിലില്ലാത്ത ബൈബിള്‍ കഥകള്‍' പോലുള്ള കൃതികള്‍ പുറപ്പെടുന്നതില്‍ അദ്ഭുതമില്ല. സാഹിത്യത്തിന്റെ നാനാശാഖകളില്‍ കരവിരുതു കാട്ടിയ അദ്ദേഹം ഏതാനും കഥാപ്രസംഗങ്ങളും രചിച്ചിട്ടുണ്ട്. 2002-ല്‍ പുറത്തിറങ്ങിയ 'കൃഷ്ണപക്ഷക്കിളികള്‍' എന്ന കുട്ടികള്‍ക്കായുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ഏ കെ പുതുശ്ശേരിയുടേതാണ്. അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡു നേടിയ ചലച്ചിത്രമാണത്. വിവിധ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേഷണം ചെയ്ത ചന്തിരന്‍കുട്ടി വരും, ഓണത്തിന്റെ ഓര്‍മ്മ, ഗുലുമാല്‍, ദൈവത്തിന്റെ സന്തതികള്‍, കൊച്ചുണ്ണിയുടെ സ്വപ്‌നം എന്നീ ടെലിഫിലിമുകളുടെ സ്രഷ്ടാവും കൂടിയാണദ്ദേഹം. ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള പുതുശ്ശേരി മാഷ് ടെലിഫിലിമുകളിലും വേഷമണിഞ്ഞിട്ടുണ്ട്; ഒപ്പം പ്രിയപത്‌നി ഫിലോമിനയും.

ഈ സായംകാലത്തിലും കര്‍മ്മനിരതനായ അദ്ദേഹം ഒടുവിലായി പൂര്‍ത്തിയാക്കിയ കൃതി 'സ്വപ്‌നക്കാരന്‍' എന്ന നോവലാണ്. പഴയനിയമത്തിലെ ജോസഫിനെ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന രചന. ഇതുവരെ തൊണ്ണൂറ്റിരണ്ടു കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പുതുശ്ശേരിയുടെ എണ്‍പതാം പിറന്നാളില്‍ പുറത്തിറക്കിയ 'ഞാന്‍ അറിയുന്ന ഏ കെ പുതുശ്ശേരി' എന്ന ഗ്രന്ഥത്തില്‍ ഇരുന്നൂറുപേരാണ് സ്മരണകള്‍ പങ്കുവച്ചത്. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ എന്നിങ്ങനെ പ്രസിദ്ധീകൃതമായ ഒട്ടേറെ രചനകള്‍ സമാഹരിച്ച് പുസ്തകരൂപത്തിലാക്കാനുണ്ട്.

സാഹിത്യസംഭാവനകളെ പുരസ്‌കരിച്ച് ഏ കെ പുതുശ്ശേരിയെ തേടിയെത്തിയ ബഹുമതികളില്‍ പ്രമുഖം ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ്, കെ സി ബി സി സാഹിത്യഅവാര്‍ഡ്, ഏ കെ സി സി അവാര്‍ഡ്, പറവൂര്‍ ജോര്‍ജ് മെമ്മോറിയല്‍ അവാര്‍ഡ്, ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കുടുംബദീപം അവാര്‍ഡ്, കേരളസാഹിത്യമണ്ഡലം അവാര്‍ഡ് തുടങ്ങിയവയാണ്. കേരളസംഗീത അക്കാദമിയുടെ ഗുരുപൂജ, കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പില്‍നിന്ന് സീനിയര്‍ ഫെലോഷിപ്പ് എന്നിവയും അര്‍ഹമായ അംഗീകാരങ്ങള്‍ തന്നെയാണ്.

മികച്ച സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായി അറിയപ്പെടുന്ന ഏ കെ പുതുശ്ശേരി നിരവധി സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, ആത്മീയ സംഘടനകളില്‍ ഭാരവാഹിത്യം വഹിച്ച്, നിസ്വാര്‍ഥമായ സേവനമര്‍പ്പിച്ചിട്ടുണ്ട്; ഇപ്പോഴും അവയില്‍ പലതും തുടരുന്നു. കത്തോലിക്കാസഭയിലെ പാരി ഷ്ഫാമിലിയൂണിയന്‍ പ്രസ്ഥാനത്തിന് നാന്ദികുറിച്ച് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെ ഫാമിലി യൂണിയന്‍ ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചത് നിഷ്‌കാമകര്‍മ്മത്തിന്റെ ഉത്തമനിദര്‍ശനമാണ്.

പുതുശ്ശേരി തറവാട്ടില്‍ 1935-ല്‍ ജനിച്ച കുഞ്ഞാഗസ്തിയെന്ന ഈ കലാകാരന്‍ പഠനാനന്തരം കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തശേഷം എത്തിച്ചേര്‍ന്നത് എറണാകുളത്തെ പ്രമുഖ പ്രസിദ്ധീകരണശാലയായ എസ് ടി റെഡ്യാര്‍ & സണ്‍സിലാണ്. അവിടെ സുദീര്‍ഘമായ 62 വര്‍ഷമാണ് സേവനമനുഷ്ഠിച്ചത്. തൊഴില്‍പരമായ ഉത്തരവാദിത്വങ്ങള്‍ക്കിടയിലാണ് ഇത്രയേറെ കാര്യങ്ങള്‍ കലാ രംഗത്തും പരസേവനമേഖലയിലും അദ്ദേഹം ചെയ്തുകൂട്ടിയത്. സഹധര്‍മ്മിണിയെന്ന വിശേഷണം തികച്ചും അന്വര്‍ഥമാക്കുന്ന പത്‌നി ഫിലോമിനയും മക്കളായ ഡോ. ജോളി, റോയി, ബൈജു, നവീന്‍ എന്നിവരുമടങ്ങുന്നതാണ് പുതുശ്ശേരിക്കുടുംബം. ഇളയമകനായ നവീനും കുടുംബവുമാണ് ഇപ്പോള്‍ കൂടെയുള്ളത്.

പതിറ്റാണ്ടുകള്‍ക്കുമുമ്പ് 'വചനം തിരുവചനം' എന്ന കാസറ്റിനായി പുതുശ്ശേരി എഴുതി, യേശുദാസ് ആലപിച്ച ഗാനമാണ് 'ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്‌നേഹിക്കാന്‍ ഞാനാരാണെന്‍ ദൈവമേ.'

എല്ലാ കുറവുകളെയും നിറവുകളാക്കി മാറ്റുന്നവന്റെ മുമ്പില്‍ വിനീതനാകുന്ന ഈ യഥാര്‍ഥകലാകാരന്റെ കൈയൊപ്പു പതിഞ്ഞ എക്കാലത്തേക്കുമുള്ള സൃഷ്ടിയാണിത്. ദീര്‍ഘകാലം മതബോധനാധ്യാപകനായിരുന്ന അദ്ദേഹം ഒത്തിരിപ്പേരെ പഠിപ്പിച്ച ഒരു സുകൃതജപമിതാണ്: 'ദൈവം എന്നെ സ്‌നേഹിക്കുന്നു; അതു ഞാന്‍ അറിയുന്നു.' ദൈവത്തിന്റെ സ്‌നേഹം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതെത്ര മനോഹരമാവുമെന്ന് അദ്ദേഹം ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നു. സര്‍ഗാത്മകജീവിതത്തിന്റെ സാഫല്യമാര്‍ന്ന ഏഴു പതിറ്റാണ്ടുകളിലൂടെ പുതുശ്ശേരി സൃഷ്ടിച്ചെടുത്ത പുതുലോകങ്ങള്‍ ഏറെ വൈവിധ്യമുള്ള വയാണ്. തൊണ്ണൂറിലേക്ക് ഏറെ ദൂരമില്ലാത്ത കാലത്ത്, അച്ചടിച്ച കൃതികള്‍ തൊണ്ണൂറിനപ്പുറം കടന്ന ഈ നാളുകളില്‍ നമ്മോടൊപ്പം പുലരുന്ന ഏ കെ പുതുശ്ശേരിക്കുവേണ്ടി ദൈവത്തിനു നന്ദി പറയാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org