ജ്ഞാനികള്‍

ജ്ഞാനികള്‍

യേശുവിനെ ആദ്യമായി അന്വേഷിച്ച മനുഷ്യര്‍ മത്തായി വിവരിക്കുന്ന വിജാതീയരായ ജ്ഞാനികളായിരിക്കും. ഈശോ ജനിക്കുംമുമ്പേ എത്ര നാളുകള്‍ക്കുമുമ്പ് പൗരസ്ത്യ ദേശത്തുനിന്ന് അവര്‍ ഈശോയ്ക്കുവേണ്ടിയുള്ള യാത്ര തുടങ്ങിയിട്ടുണ്ടാകും!

ബൈബിള്‍പണ്ഡിതന്മാര്‍ക്ക് ഒരു കീറാമുട്ടിയാണ് ജ്ഞാനികളെക്കുറിച്ചുള്ള പഠനം. അതിനു കാരണം മത്തായി അവരെ വിളിക്കുന്ന പേരുതന്നെയാണ് മാഗോയി. ഈ ഗ്രീക്ക് വാക്കിനെ മലയാളം ബൈബിളില്‍ ജ്ഞാനികള്‍ എന്നാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത്. പക്ഷേ മാഗോസ് എന്നാല്‍ മജീഷ്യന്‍ എന്നാണ് പൊതുവേയുള്ള അര്‍ഥം. മത്തായിയുടെ വിവരണത്തിലൊഴികെ ബൈബിളിലാകമാനം ഇത് വളരെ നെഗറ്റീവായിട്ടുള്ള ഒരു വാക്കാണ്. ദാനിയേലിന്റെ പുസ്തകത്തിലും, നടപടിപുസ്തകത്തിലും മറ്റ് ബൈബിളേതര പുരാതന പുസ്തകങ്ങളിലും മാഗോസിനെക്കുറിച്ച് വിവരണങ്ങളുണ്ട്. മാഗികള്‍ ഡാനിയേലിന്റെ ശത്രുക്കളായിരുന്നു. ഡാനിയേലിന്റെ വിവരണങ്ങളില്‍ അവരെ സ്വാര്‍ത്ഥരും കഴിവുകെട്ടവരും ക്രൂരരുമായ വിജാതീയരായി ചിത്രീകരിക്കുന്നു (Daniel 2:1-13). നടപടിപ്പുസ്തകത്തിലും അവര്‍ നെഗറ്റീവ് കഥാപാത്രങ്ങളാണ് (Act. 13:6-12). അപ്പോസ്‌തോലിക പിതാക്കന്മാരുടെ കാലത്ത് ഇവര്‍ക്കെതിരെ നിരവധി സഭാ ഉത്തരവുകള്‍ ഉണ്ടായിട്ടുണ്ട്.

കല്‍ദായക്കാര്‍ പുരാതന കാലത്ത് മാന്ത്രികതയ്ക്കും ജ്യോതിഷത്തിനും പ്രശസ്തരായിരുന്നു. മത്തായി വിവരിക്കുന്ന മാഗോസുമാര്‍ ഒരുപക്ഷേ കല്‍ദിയ പ്രദേശത്തുനിന്നുള്ള മാന്ത്രികന്മാരോ ജ്യോതിശാസ്ത്രജ്ഞരോ ആയിരിക്കും. ഒരുപക്ഷേ പുരോഹിതവൃത്തിയിലുള്ളവരായിരിക്കാം. നക്ഷത്ര നിരീക്ഷകരും പണ്ഡിതന്മാരും എന്ന നിലയില്‍, പലപ്പോഴും രാജാക്കന്മാരെ സഹായിക്കാന്‍ അവര്‍ ആകാശത്തിലെ വിചിത്രമായ പ്രതിഭാസങ്ങള്‍ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നവരെ ഉദ്ദേശിച്ചാണ് മാഗോസ് എന്ന വാക്ക് ആദ്യം ഉപയോഗിച്ചിരുന്നത്. ജ്യോതിഷികള്‍, പൗരസ്ത്യ ഋഷിമാര്‍, പൊതുവേ ജ്യോത്സ്യന്മാര്‍ എന്നിവരുള്‍പ്പെടെ ഗൂഢമായ അറിവും കഴിവും ഉള്ളവര്‍ക്കുവേണ്ടി പിന്നീട് ഈ വാക്ക് ഉപയോഗിക്കപ്പെട്ടു. എല്ലാ മന്ത്രവാദികള്‍ക്കും മാന്ത്രികര്‍ക്കും ഇത് ഒരു ലേബലായി മാറി. അങ്ങനെ ചില സംസ്‌കാരങ്ങളില്‍ ഇതിന് ഒരു നെഗറ്റീവ് നിറം വന്നു.

ഭാഷാശാസ്ത്രജ്ഞനായ ജോസഫിന്റെ അഭിപ്രായത്തില്‍ മാഗോസ് എന്നവാക്ക് ഉരുത്തിരിഞ്ഞത് പഴയ പേര്‍ഷ്യന്‍ ഭാഷയിലെ മാഗുവില്‍ നിന്നാണ്. ഇതാകട്ടെ ചരിത്രാതീതമായ ഇന്‍ഡോ യൂറോപ്യന്‍ പദമായ മാഘയില്‍ (മഹാ) നിന്നാണ് വന്നത്. അതിനര്‍ത്ഥം ശക്തി, വലുത് എന്നൊക്കെയാണ്. ഈ പേര്‍ഷ്യന്‍ പദം 'മെജിസ്റ്റേന്‍സ്' എന്നും വിവര്‍ത്തനം ചെയ്യപ്പെടുന്നു, അതില്‍ നിന്നാണ് നമുക്ക് ഇംഗ്ലീഷ് പദമായ മജിസ്‌ട്രേറ്റുകള്‍ ലഭിക്കുന്നത്.

അര്‍ഥം എന്തുതന്നെ ആയാലും മത്തായിയുടെ വിവരണത്തിലെ മാഗോയി ജ്ഞാനികളാണ്. അവര്‍ ക്രിസ്തുവിനെ കണ്ടെത്തിയവരും മാലാഖയുടെ വാക്കുകള്‍ അനുസരിച്ചവരുമാണ്. യൂദയായില്‍ വസിക്കുന്ന യഹൂദര്‍ തിരിച്ചറിയാഞ്ഞപ്പോഴും ക്രിസ്തുവിന്റെ ജനനം തിരിച്ചറിഞ്ഞവരാണവര്‍. ഒരു നക്ഷത്ര വെളിച്ചംപോലും അവര്‍ക്ക് ദൈവത്തെ തിരയാനുള്ള പ്രചോദനമായി. അങ്ങനെ അവര്‍ തികഞ്ഞ ജ്ഞാനികളായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org