
ടെസ്സിമോള്‍ ലിജോ പൈനുങ്കല്‍
പുതുവര്‍ഷപുലരി വിരിഞ്ഞു, പുതുസ്വപ്നങ്ങളുമായ്;
പ്രതീക്ഷകള്‍ക്കുണര്‍വ്വേകി പൊന്‍പ്രഭയോടെ!
ഇന്നലെ കൊഴിഞ്ഞ സ്വപ്നങ്ങളെയിനി ഓര്‍ക്കേണ്ട
ഈ പുതുയുഗത്തില്‍ മൊട്ടിട്ടുവിരിയും പൂക്കളെ നോക്കുവിന്‍!
തകര്‍ന്നടിഞ്ഞു വീണ മോഹങ്ങള്‍ക്കിനി വിടപറയാം
തളിരിടുന്ന മോഹങ്ങളേയിനി സ്വാഗതമേകാം!
കൊറോണ കാര്‍ന്നെടുത്ത ചിലയാഗ്രഹങ്ങളുണ്ടാവാം നമ്മില്‍
കരളുറപ്പോടെ ഏറ്റെടുക്കാമാമാഗ്രഹങ്ങളെയിനിയും നമുക്ക്!
വാര്‍ദ്ധക്യമേറിയ ചിന്താശകലങ്ങളുണ്ട് നമ്മില്‍
വര്‍ഷം മങ്ങലേല്പിക്കാത്ത യുവത്വമായ് സത്യചിന്തയാല്‍ മുന്നേറാം!
പാഴാക്കിക്കളഞ്ഞയേറെയവസരങ്ങളുണ്ടാവാം നമുക്ക്
പ്രണയത്തോടെ നമുക്കവയെ സ്വന്തമാക്കീടാം!
പാടന്‍ മറന്നുപോയ കുയിലിനെപോലെയാണു നാമെങ്കില്‍
പാടിത്തുടങ്ങാമെല്ലാം മറന്നിനിയീ പുതുവര്‍ഷത്തില്‍
പുത്തനുടുപ്പു എടുത്തില്ലേലും മാലോകര്‍ക്കേകിടാം;
പുതുചൈതന്യമിനിയീ പുതുവര്‍ഷമേവം!
സത്യത്തിനെതിരെ കണ്ണുപൊത്തി കളിച്ചൊരു ചങ്ങാതിയാവാം നാം
സര്‍വ്വരുമകന്നാലും സത്യത്തെ നുകര്‍ന്നിടാമിനി നമുക്ക്!
മനസ്സറിയാതെ നോവിച്ചിടുന്നൊരു കാലമുണ്ടായിരിക്കാം
മനസ്സറിഞ്ഞ് സ്‌നേഹിക്കാമിനിയീ പുതുവത്സരമേവം!
നഷ്ടസ്വപ്നങ്ങളെയോര്‍ത്തു നോവുന്ന മനമുണ്ടാവാം നമുക്ക്
നേട്ടങ്ങളാക്കി മാറ്റാമിനി നമുക്കാ സ്വപ്നങ്ങളെയീ വത്സരം!
ജീവിതനൗകയില്‍ നിന്നും തിരികെയോടുന്ന പൈതലാണു നാം
ജീവിക്കാം നമുക്കിനി പുഞ്ചിരിയോടെ.. ചെറുപുഞ്ചിരി നല്കിക്കൊണ്ട്!