കണ്ണാടി

കണ്ണാടി

ആത്മധൈര്യവും ആത്മവിശ്വാസവും മനുഷ്യജീവിതത്തില്‍ പരസ്പര പൂരകങ്ങളായി നിലകൊള്ളുന്നതാണ്. നമ്മിലുള്ള വൈവിധ്യമാര്‍ന്ന കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനും, പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും ധൈര്യപൂര്‍വം നേരിടുന്നതിനും ഇത് നമ്മെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്നു. അതിലൂടെ ജീവിത വിജയത്തിലേക്കും ലക്ഷ്യത്തിലേക്കും കുതിച്ചുയരാന്‍ നമ്മെത്തന്നെ സ്വയം ബലപ്പെടുത്തുന്നു. ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് അവിടുന്നറിയാതെ എനിക്കൊന്നും സംഭവിക്കുന്നില്ല എന്ന ചിന്തയില്‍ നിന്നും വരുന്ന ധൈര്യവും സുരക്ഷിതത്വബോധവുമാണ് ഇതിനടിസ്ഥാന കാരണമെങ്കില്‍ ആത്മവിശ്വാസം എന്നത് വളരെ നല്ലതാണ്. അങ്ങനെ ഉത്ഭവിക്കുന്ന ആത്മവിശ്വാസം തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, അപരന്റെ നന്മയില്‍ അസൂയപ്പെടാതെ, പരാജയത്തെ വിജയത്തിലേക്കുള്ള ഓര്‍മ്മപ്പെടുത്തലുകളാക്കി സൂക്ഷിക്കാന്‍ പ്രാപ്തിയുള്ളവരാക്കും.

എന്നാല്‍ ആത്മവിശ്വാസം അമിതമായാല്‍ അതിനെ വിളിക്കുന്ന മറ്റൊരു പേരാണ് 'അഹങ്കാരം'. ഇതുമായി ബന്ധപ്പെട്ട് ബൈബിളില്‍ അല്പം നര്‍മ്മം കലര്‍ന്ന ചില ചിന്തകളെ ഈശോ അവതരിപ്പിക്കുന്നുണ്ട് കേട്ടോ. അതിലൊന്ന് ഇങ്ങനെയാണ്... 'നിന്റെ കണ്ണില്‍ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാന്‍ നിന്റെ കണ്ണില്‍ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?' (മത്തായി 7:4) സ്വയം തിരിച്ചറിയാനാകാതെ അപരനില്‍ മാത്രം ശ്രദ്ധതിരിക്കുന്ന സ്വഭാവ വൈകല്യത്തെയാണ് ഇത്ര നര്‍മ്മരസത്തോടെ ഈശോ അവതരിപ്പിക്കുന്നത്. ഹൃദയത്തില്‍ കരുണയുടെ അംശം വറ്റിപ്പോകുന്നവരിലാണ് ഇത്തരം വിധി പറച്ചില്‍ അമിതമായി കാണുന്നത്. കാരുണ്യമില്ലാത്ത ഹൃദയത്തില്‍ അഹങ്കാരം കൂടുകൂട്ടുന്നു. അപരന്റെ ജീവിതത്തിലെ ചെറിയ തെറ്റുകള്‍ പോലും പര്‍വതീകരിച്ച്, അവന്റെ സല്‍പേര് നഷ്ടമാക്കുന്നതിലൂടെ ലഭിക്കുന്ന ഒരു നിഗൂഢ സന്തോഷം ഇത്തരക്കാര്‍ അനുഭവിക്കുന്നുണ്ട്. തങ്ങളില്‍ ഒരു തെറ്റും സ്വയം കണ്ടുപിടിക്കാന്‍ ഇവര്‍ക്കാവില്ല. തങ്ങള്‍ എല്ലാ കാര്യത്തിലും OK ആണ് എന്നതായിരിക്കും ഇവരുടെ മതം.

മലയാള സാഹിത്യത്തിലെ ഭക്ത കവിയായ എഴുത്തച്ഛന്‍ തന്റെ മഹാഭാരതം കിളിപ്പാട്ടില്‍ വളരെ മനോഹരമായി ഇതിനെ പരാമര്‍ശിക്കുന്നുണ്ട്.

'കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാര്‍'

സത്യത്തില്‍....

ഈശ്വരബന്ധം നഷ്ടപ്പെട്ടവര്‍ക്ക് ഒരിക്കലും സ്വന്തം വൈകല്യങ്ങളെ തിരിച്ചറിയാന്‍ സാധിക്കുകയില്ല. സ്വന്തം ഹൃദയത്തിന് തനിക്കു നേരെ കണ്ണാടി പിടിച്ച്, താന്‍ ആരെന്നും, എന്തെന്നും കണ്ടെത്താന്‍ ശ്രമിച്ചവരും, അതില്‍ വിജയിക്കുകയും ചെയ്തവരാണ് ലോകത്തിലെ എല്ലാ വലിയ മനുഷ്യരും. അതിന് കഴിയുമ്പോള്‍ മാത്രമേ കാഴ്ചകളെ കാഴ്ചപ്പാടുകളാക്കാനും, അറിവുകളെ തിരിച്ചറിവുകളാക്കാനും നമുക്ക് സാധിക്കുകയുള്ളൂ. ഈശ്വരവെളിച്ചത്തിന് മുന്‍പില്‍ ഇരുളുനിറഞ്ഞ നമ്മുടെ ഹൃദയത്തെ തുറന്നു വയ്ക്കുമ്പോള്‍ മാത്രമേ, കഴിവുകള്‍ക്കൊപ്പം തങ്ങളിലെ കുറവുകളും പോരായ്മകളും കണ്ടെത്താനും അത് തിരുത്തി ശരിയായ വഴികള്‍ തിരഞ്ഞെടുക്കുവാനുമുള്ള ധൈര്യം നമുക്ക് ലഭിക്കുകയുള്ളൂ. ഒരുപക്ഷേ നമ്മുടെ വൈകല്യങ്ങളെ നമുക്ക് സ്വയം കണ്ടെത്താനായെന്നു വരില്ല. അതിന് നമ്മെ സഹായിക്കുന്നത് നല്ല സുഹൃത്തുക്കള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരൊക്കെയായിരിക്കും. അതിനേക്കാള്‍ ഉപരി നമ്മള്‍ ശത്രുക്കള്‍ എന്ന് കരുതുന്ന ചിലരിലൂടെ നമ്മുടെ എല്ലാത്തരം കുറവുകളെയും തക്ക സമയത്ത് നമുക്ക് വെളിപ്പെടുത്തി കിട്ടും. അവര്‍ നല്‍കുന്ന വിമര്‍ശനങ്ങളെ സ്‌നേഹപൂര്‍വം സ്വീകരിച്ച് നമ്മുടെ ചിന്തകളെയും മനോഭാവങ്ങളെയും വിലയിരുത്താന്‍ നമ്മള്‍ സമയം കണ്ടെത്തുമ്പോഴാണ് അവയെ വിജയത്തിലേക്കുള്ള ചവിട്ടുപടികളായി നമുക്ക് പ്രയോജനപ്പെടുത്താനാകുന്നത്. അത്തരം കര്‍ശനമായ തിരുത്തലുകളില്‍ചിലപ്പോള്‍ സത്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരും. വിനയമുള്ളവര്‍ക്ക് മാത്രമേ ഇത്തരം കുറവുകളെ, പ്രത്യേകിച്ച് നമുക്ക് ഇഷ്ടമില്ലാത്തവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ സ്വീകരിക്കാനും, തിരുത്താനുമാകു.

അതുകൊണ്ട് നല്ല വ്യക്തിത്വത്തില്‍ വളരാന്‍ ആഗ്രഹിക്കുന്നവര്‍ ആത്മവിമര്‍ശനത്തിന് തയ്യാറാവുക എന്നതാണ് ഏറ്റവും കരണീയമായിട്ടുള്ളത്. ശരിയായി രൂപപ്പെടുത്തിയ മനസാക്ഷിയുള്ളവര്‍ക്ക് അത് എളുപ്പമാണ് കേട്ടോ. അതുകൊണ്ട് നമ്മിലെ പോരായ്മകളെ തുറന്നു പറയുന്നതിനുള്ള അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മടിക്കാതിരിക്കാം. നമ്മുടെ ജീവിതത്തിനു നേരെ പിടിച്ച കണ്ണാടികള്‍ തല്ലിയുടക്കാതെ, നമ്മിലെ കുറവുകളും, പോരായ്മകളും കണ്ടെത്തി കഴുകി വൃത്തിയാക്കാം. ആത്മ മാനസങ്ങളുടെ സൗന്ദര്യം നിന്റെ മുഖത്തെ കൂടുതല്‍ ശോഭയുള്ളതാക്കും. അപ്പോള്‍ നമുക്ക് ധൈര്യപൂര്‍വം പറയാനാകും: I feel very proud of myself...

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org