
ദൈവമേ, ഇനിയങ്ങോട്ട് പരീക്ഷയാണല്ലോ... ഒന്നും പഠിച്ചിട്ടില്ലല്ലോ എന്തൊക്കെ ചോദ്യങ്ങളാകും വരുന്നത്? മാര്‍ച്ച് മാസം ആഗതമാകുമ്പോള്‍ കുട്ടികളില്‍ പലര്‍ക്കും ഇങ്ങനെയൊക്കെ തോന്നാറുണ്ട്. എന്നാല്‍ പരീക്ഷയെ അല്പമൊന്നു മനസ്സുവച്ചാല്‍ മെരുക്കിയെടുക്കാവുന്നതേയുള്ളൂ. വിദ്യാലയ വര്‍ഷത്തിന്റെ ആരംഭം മുതല്‍ സ്റ്റഡി ലീവുവരെയും അവിടുന്നങ്ങോട്ട് പരീക്ഷഹാള്‍ വരെയും ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയാല്‍ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെയെല്ലാം പൂരിപ്പിക്കണമെന്നും പരീക്ഷയുടെ അവസാന അഞ്ചു മിനിറ്റില്‍ ചെയ്യേണ്ട കാര്യങ്ങള്‍, പരീക്ഷ കഴിഞ്ഞുള്ള കാര്യങ്ങള്‍ എങ്ങനെയൊക്കെ വേണമെന്നുമെല്ലാം വളരെ ലളിതമായി പറയുന്നു ഈ പംക്തിയിലൂടെ.
വേണം പരീക്ഷ
ഈ പരീക്ഷയില്ലാതെ വെറും ക്ലാസ്സുകള്‍ മാത്രമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ആഗ്രഹിക്കാറുണ്ടോ നിങ്ങള്‍? പരീക്ഷയില്ലാതെ എന്തു മുന്നേറ്റമാണ് ചങ്ങാതിമാരെ? വിദ്യാഭ്യാസത്തിന്റെ അവശ്യഘടകങ്ങളില്‍ ഒന്നത്രേ പരീക്ഷ. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം, ബുദ്ധിശക്തി, ഓരോ ഘട്ടത്തിലും അവര്‍ നേടിയിട്ടുള്ള അറിവ്, ഉപരിപഠനയോഗ്യത തുടങ്ങിയവയെല്ലാം കണ്ടെത്താന്‍ പരീക്ഷകള്‍ കൂടിയേ തീരൂ. അപ്പോള്‍, പരീക്ഷ വിദ്യാഭ്യാസത്തിന്റെ അനിവാര്യത തന്നെയാണ്. പരീക്ഷ എഴുതിയാലല്ലേ, കേമത്തരവും അറിവും മറ്റുള്ളവരേക്കാള്‍ മുന്നിലാണ്് എന്നറിയാന്‍ നമുക്കു അവസരമുണ്ടാകൂ.
തയ്യാറെടുപ്പുകള്‍ വേണം
ചില തയ്യാറെടുപ്പുകള്‍ ഈ പരീക്ഷയെ നേരിടാന്‍ നമ്മള്‍ നടത്തിയേ ഒക്കൂ...
ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പത്ത് അധ്യയന മാസങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട മാസം ഏതെന്നു ചോദിച്ചാല്‍ ജൂണ്‍ എന്നായിരിക്കും മറുപടി. ശരിയല്ലേ? കാരണം പുതിയ ക്ലാസുകള്‍, പുത്തന്‍മണമുള്ള പുസ്തകങ്ങള്‍, പുതിയ ചങ്ങാതിമാര്‍... അങ്ങനെ മൊത്തം പുതിയ അന്തരീക്ഷം. എന്നാല്‍ ഏറ്റവും വെറുപ്പുള്ള മാസമോ മാര്‍ച്ച് മാസമായിരിക്കും. കാരണം അത് പരീക്ഷയുടെ, വേര്‍പിരിയലിന്റെ ഒക്കെ മാസമാണല്ലൊ! ഒരു വില്ലനായി കടന്നു വന്നവനാണ് മാര്‍ച്ച്. പരീക്ഷ ഒരു കടമ്പയാണ് എന്ന് കരുതുന്നവര്‍ തന്നെയാണ് ഇങ്ങനെയൊക്കെ ആലോചിച്ച് പോകുന്നതും. നല്ലവണ്ണം പഠിച്ച് പരീക്ഷയ്ക്കു പോയാല്‍ പരീക്ഷ ഒരു നല്ല ചങ്ങാതിയായി മാറുന്നത് കാണാം.
ശ്രദ്ധിക്കണേ...
കൈയക്ഷരം, ഉത്തരമെഴുതിയിരിക്കുന്ന രീതി, ഉത്തരങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത്, വൃത്തി, മാര്‍ജിന്‍ ഇട്ടിരിക്കുന്നത് എന്നിവയെല്ലാം നോക്കിയാണ് പരിശോധിക്കുന്നവര്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്നത് ഈ വക കാര്യങ്ങള്‍ കൂട്ടുകാര്‍ നല്ലവണ്ണം ശ്രദ്ധിച്ചേ മതിയാകൂ.
ഉത്തമ പൗരന്മാരാകാന്‍
പരീക്ഷകള്‍ ഒരു ശല്യക്കാരനാണെന്ന് കൂട്ടുകാരില്‍ ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തണം കേട്ടോ. കാരണം, രാത്രിയും പകലും ഉറക്കമിളച്ചും കളിചിരി തമാശകള്‍ ഉപേക്ഷിച്ചും അധ്വാനിച്ചു വായിച്ചു പഠിക്കുന്ന കൂട്ടുകാരെ മാനസികമായും കായികമായും പാകപ്പെടുത്തുക കൂടിയാണ് പരീക്ഷകള്‍. ഉറക്കമിളച്ച് പഠിക്കുന്നത് പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ നിങ്ങളെ പ്രാപ്തരാക്കുന്നു. ഉത്തരവാദിത്വമുള്ള പൗരന്മാരായിത്തീരാന്‍ കൂട്ടുകാരെ സഹായിക്കുന്നു.
പഠന പരിശോധനകള്‍
പരീക്ഷ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കൂട്ടുകാര്‍ക്ക് ആദ്യം ഓര്‍മ്മയില്‍ വരുന്നത് സ്‌കൂളുകളില്‍ നടത്തപ്പെടുന്ന കാക്കൊല്ല, അരക്കൊല്ല, കൊല്ലപ്പരീക്ഷകളായിരിക്കും. എന്നാല്‍ പരീക്ഷകള്‍ തന്നെ പലവിധത്തിലുണ്ട്. ഏറ്റവുമധികം നടക്കുന്നതും സര്‍വ സാ ധാരണമായതും പഠനപരീക്ഷകള്‍ തന്നെയാണ്. സാധാരണ വിഷയങ്ങളിലുള്ളത് എന്നും സാങ്കേതിക വിഷയങ്ങളിലുള്ളത് എന്നിങ്ങനെ ഇത് രണ്ടുവിഭാഗങ്ങളുണ്ട്.
മത്സരപ്പരീക്ഷകളും പ്രത്യേക പരീക്ഷകളും
എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്, മത്സര പരീക്ഷകളെയാണ്്. ഐ എ എസ്, ഐ എഫ് എസ് എന്നിവ പ്രതിഭാ ശാലികളെ തിരഞ്ഞെടുക്കാനുള്ള പരീക്ഷകളാണ്്.
സ്‌കോളര്‍ഷിപ്പ്, പ്രത്യേക സമ്മാനങ്ങള്‍ തുടങ്ങിയവയ്ക്കു വേണ്ടി നടത്തുന്ന പരീക്ഷയെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കാം. എഴുത്തു പരീക്ഷകള്‍ക്ക് അനുബന്ധമായി നടത്തുന്ന വാചാപ്പരീക്ഷ (അഭിമുഖപരീക്ഷ)യാണ് മറ്റൊരു ഇനം. വിദ്യാര്‍ത്ഥിയുടെ സംസാര സ്വാതന്ത്ര്യം ജീവിതപ്രശ്‌നങ്ങളെ നേരിടാനുള്ള യോഗ്യത തുടങ്ങിയവയൊക്കെ ഇത്തരം പരീക്ഷവസരങ്ങളില്‍ പരിശോധിക്കപ്പെടുന്നു.
ഇന്ന് മത്സരപ്പരീക്ഷ പോലെ
ഇന്നു പുതിയ പാഠ്യരീതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവലംഭിക്കേണ്ടി വരുന്നത്. ഏതാണ്ട് മത്സര പരീക്ഷകളുടെ അതേ തയ്യാറെടുപ്പുകള്‍ ഇന്ന് പന്ത്രണ്ടാം ക്ലാസു വരെയുള്ള ഓരോ വിദ്യാര്‍ത്ഥിയും അഭിമുഖീകരിക്കേണ്ടിവരുന്നു.
മത്സരപ്പരീക്ഷകളുടെ സ്ഥിതിയെന്താണ് എന്ന് ചങ്ങാതിമാര്‍ക്കറിയുമോ? ഒരു കൃത്യമായ സിലബസ് ഒരിക്കലും ഇവയ്ക്ക് കാണില്ല. ഏതെല്ലാം വിഷയങ്ങളാണ്് എന്ന് സൂചനയുണ്ടാകും, ആ വിഷയങ്ങളോട് ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാം തന്നെ പഠിച്ചുകൊള്ളണം. വിഷയത്തിന്റെ ഏതു‘ഭാഗത്ത് നിന്നും ഏതു വിധത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരിക്കും.
ഉപന്യാസം, സംഗ്രഹരചന, പൊതുവിജ്ഞാന പരിശോധന തുടങ്ങിയവ ഇത്തരം പരീക്ഷകളില്‍ സര്‍വ്വസാധാരണമായിരിക്കും. അറിവിന്റെ ആഴം, ഉത്സാഹശീലം, ഭാഷാനിപുണത, എഴുതിഫലിപ്പിക്കുന്ന ശക്തിയും സാമര്‍ത്ഥ്യവുമെല്ലാം ഈ പരീക്ഷകളുടെ ലക്ഷ്യത്തില്‍പ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി സമയബന്ധിതമായ ജ്ഞാനം എത്രത്തോളമുണ്ട് എന്നതും പരീക്ഷകളിലെ മുഖ്യ ഇനമായിരിക്കും. തനിക്കു ചുറ്റുമുള്ള ലോകത്തു നടക്കുന്ന കാര്യങ്ങളെപ്പറ്റി വിവേകപൂര്‍ണ്ണമായ തീരുമാനങ്ങളെടുക്കാന്‍ ഉതകുന്ന അറിവ് നമ്മള്‍ നേടിയിരിക്കണം എന്നറിയുക.
മൂല്യനിര്‍ണ്ണയവും പരീക്ഷാഫലവും
മത്സരപ്പരീക്ഷകളുടെ മാര്‍ക്കു രീതിയും മൂല്യനിര്‍ണ്ണയ രീതിയും വ്യത്യാസമായിരിക്കും. എത്ര ശതമാനം മാര്‍ക്ക് കിട്ടും എന്നതിനേക്കാള്‍, പരീക്ഷ എഴുതിയവരില്‍ ഏറ്റവും മിടുക്കരും, സമര്‍ത്ഥരും ആരാണ് എന്ന അന്വേഷണമത്രേ നടക്കുന്നത്. ഉദ്യോഗത്തിനു എത്രയാളെ ആവശ്യമുണ്ടോ അത്രയും പേരെ തെരെഞ്ഞെടുക്കുന്നതിനാണ് പരീക്ഷ. സമര്‍ത്ഥര്‍ കൂടുതലില്ലെങ്കില്‍ തെരെഞ്ഞെടുപ്പ് പെട്ടെന്നു നടക്കുന്നു. സമര്‍ത്ഥര്‍ കൂടുതലുണ്ടെങ്കില്‍ ഓരോ ഉത്തരക്കടലാസും നല്ല ശ്രദ്ധയോടെയാണ് നിര്‍ണയിക്കുന്നത്.
ഇങ്ങനെ ശ്രമകരമായ മൂല്യ നിര്‍ണയത്തിനു ശേഷം ഫലപ്രഖ്യാപനവേളയിലും പ്രത്യേകതകള്‍ കാണാം. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ മത്സരിക്കാന്‍ കുറവുള്ള വര്‍ഷം സാധാരണ വിദ്യാര്‍ത്ഥികള്‍പോലും ഉയര്‍ന്ന മാര്‍ക്കുവാങ്ങുന്നത് കാണാം. നേരെ മറിച്ചാണെങ്കില്‍ മിടുക്കരെ പിന്തള്ളി അതിസമര്‍ത്ഥന്‍മാര്‍ മാത്രം വിജയികളാകും. ഭാഗ്യവും അതിലേറെ ദൈവാധീനവും വേണമെന്ന് പറയുന്നതിന്റെ പൊരുള്‍ ഇതാണ്്.
ചോദ്യങ്ങള്‍ എങ്ങനെ
മത്സരപരീക്ഷകളില്‍ ഏറെ മികച്ചു നില്‍ക്കുന്നതും പ്രായോഗികവുമായ ഉത്തരങ്ങള്‍ നല്‍കുകയായിരിക്കും ഉചിതം. പ്രശ്‌നങ്ങളില്‍ തൂങ്ങിനില്‍ക്കുന്ന ചോദ്യങ്ങള്‍ വരാം. ഉദാഹരണത്തിനു രണ്ടു സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കവും വഴക്കും വര്‍ദ്ധിക്കുമ്പോള്‍ അവരെ അനുരഞ്ജനത്തിലാക്കുന്നതിനു വേണ്ടി നിങ്ങള്‍ക്ക് എന്തു ചെയ്യാം എന്ന ചോദ്യം. ഇത്തരം ചോദ്യങ്ങളെ കീഴടക്കാന്‍ ഗ്രന്ഥ ജ്ഞാനത്തെക്കാള്‍ പ്രായോഗിക ബുദ്ധിയാണ് ഉചിതമെന്ന് അധ്യാപകര്‍ ഉപദേശിക്കുന്നു.
പരീക്ഷപ്പനി ബാധിച്ചാല്‍
ആരൊക്കെയാണ് പരീക്ഷയെ പേടിക്കുന്നത്?
ഒട്ടും സംശയമില്ല, മടിയന്മാര്‍ തന്നെ! പഠനത്തില്‍ ശ്രദ്ധിക്കാതെ അലസരായി നടന്നവരിലാകുന്നു ഏറെയും പരിഭ്രമവും വെപ്രാളവും ഉണ്ടാകുക. പഠിക്കേണ്ട സമയത്ത് എടുത്തവ അന്നേ ദിവസം പഠിക്കാതെ, നാളെയാകട്ടെ, പിന്നീടാകാം, സമയം ഇനിയുമെത്രയോ കിടക്കുന്നു എന്നു കരുതി വച്ചവരാണവര്‍. ഇങ്ങനെയുള്ള ചില ചങ്ങാതിമാരില്‍ പരീക്ഷപ്പനി എന്ന അസുഖം വരെ ഉണ്ടാകാറുണ്ട്.
ഇന്നു മുതല്‍ തുടങ്ങാം
ക്ലാസില്‍ ഇനിയങ്ങോട്ട് ആപ്‌സന്റ് ആകുകയില്ലെന്നും പാഠങ്ങള്‍ എടുക്കുന്നത് മനസ്സു തുറന്നു ശ്രദ്ധിക്കുമെന്നും വീട്ടില്‍ വന്നാല്‍ അവയത്രയും വീണ്ടും വീണ്ടും വായിച്ച് ഹൃദിസ്ഥമാക്കുമെന്ന ശപഥമാണ് വേണ്ടത്. പരീക്ഷയ്ക്കു മുമ്പുള്ള ഏതാനും ദിവസങ്ങള്‍ പൂര്‍ണ്ണമായും പഠനത്തിനു വേണ്ടിയുള്ളതാണെന്നും നിശ്ചയിക്കണം. വിജയം എനിക്കും വേണം, ഞാനും അത്ര മോശക്കാരനല്ല, വിജയിക്കാന്‍ എനിക്കും പറ്റും തുടങ്ങിയ ആത്മവിശ്വാസം ചങ്ങാതിമാര്‍ക്കു വന്നുവെങ്കില്‍ തീര്‍ച്ചയായും നിങ്ങളും കേമന്മാരുടെ പട്ടികയില്‍ എന്നു സാരം.
ഏകാഗ്രത വേണം
ശ്രദ്ധയുണ്ടാകുമ്പോഴാണല്ലൊ ഏകാഗ്രമായി പഠിക്കാന്‍ കഴിയുന്നത്. പഠനത്തില്‍ താല്‍പര്യം ഉണ്ടാകാനും ശ്രദ്ധ വേണം. ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഏകാഗ്രത എന്നു പറയുന്നു. ഉദാഹരണമായി വായനാ സമയത്ത് നല്ലൊരു പാട്ട് കേട്ടാല്‍ നമ്മുടെ ഏകാഗ്രത നഷ്ടമാകുന്നു. മനോഹരമായ പാട്ടില്‍ മാത്രമാകും പിന്നെ ശ്രദ്ധ. അതുപോലെ, മറ്റെന്തെങ്കിലും ഓര്‍ക്കുകയോ, ചിന്തിക്കുകയോ, മറ്റു വല്ല ജോലിയോ ചെയ്തുകൊണ്ടിരുന്നാലും പഠിച്ചവ മനസ്സില്‍ നില്‍ക്കില്ല. കണ്ണും കാതും തുറന്നുവച്ചുതന്നെ വേണം പഠനത്തിനിരിക്കാന്‍. പെട്ടെന്ന് ഓടിച്ചു വായിക്കുന്നത്, ഓരോന്നും ആവശ്യത്തിനു സമയമെടുത്ത് മനസ്സില്‍ ഉറപ്പിച്ചതിനു ശേഷമാകാം.
നല്ല സമയങ്ങള്‍ തിരഞ്ഞെടുക്കുക
സമയത്തെപ്പറ്റി മുമ്പു സൂചിപ്പിച്ചുവല്ലോ. സമയം സമര്‍ത്ഥമായി ഉപയോഗിക്കേണ്ടതുണ്ട്. ഇവിടെയാണ് ടൈംടേബിളിന്റെ ആവശ്യം. ഓരോ ദിവസത്തെ പഠനത്തിനും നിശ്ചിത സമയം കണ്ടെത്തുക. ഏറ്റവും നല്ല സമയം പുലര്‍ച്ചയായിരിക്കും. ആ സമയത്ത് മനസ്സിനു കൂടുതല്‍ സ്വസ്ഥതയും ഏകാഗ്രതയും കിട്ടും. സൂര്യാസ്തമയത്തിനു ശേഷം ഭേദപ്പെട്ട സമയമാണ്. ബഹളങ്ങളില്‍ നിന്നു അകന്ന് പഠിക്കുകയാണ്് ഉചിതം.
സമയം കാര്യക്ഷമമായി പ്രയോജനപ്പെടുത്തുക
കാലത്ത് 5 മണി മുതല്‍ 10.30 വരെയാണ് മിക്ക ചങ്ങാതിമാരും പഠനത്തിനു തിരഞ്ഞെടുക്കുന്നത്. ശബ്ദവും ബഹളവുമൊന്നുമില്ലാത്തതിനാല്‍ ശ്രദ്ധ തെന്നിപ്പോകില്ല എന്ന തിരിച്ചറിവും അനുഭവവുമാണ് ഈയൊരു ബെസ്റ്റ്‌ടൈമിന്റെ ഗുട്ടന്‍സ്. എന്നാല്‍ ഒരു കാര്യം നോക്കണം - എപ്പോള്‍ പഠിക്കുന്നു എന്നതല്ല, ഉള്ള സമയം കാര്യക്ഷമമായി ശരിയായി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നതല്ലേ മുഖ്യം. ശാന്തമായ അന്തരീക്ഷം തന്നെയാണ് എന്നും നല്ലത്.
സ്വയം സന്നദ്ധനാവുക
ചില വിരുതന്മാര്‍ക്കാണെങ്കില്‍ രാത്രി വളരെ വൈകി ഉറങ്ങുന്നതാണ് പ്രിയം. അത്തരക്കാര്‍ വളരെ വൈകി മാത്രമേ ഉറക്കമുണരാറുള്ളൂ. ഇത് പ്രോത്സാഹിപ്പിക്കേണ്ട ശീലമല്ല. പണ്ടുകാലത്തെ കാരണവര്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ ചില കുരുട്ടു വിദ്യകള്‍ പറഞ്ഞുകൊടുത്തിരുന്നു. തണുത്ത വെള്ളത്തില്‍ കാലുകള്‍ ഇറക്കിവെച്ച് പഠിക്കാനിരിക്കുക, ചായയോ, കാപ്പിയോ ഇടയ്ക്കിടെ കുടിച്ച് ഉറക്കത്തെ അ കറ്റുന്ന സൂത്രവിദ്യ, ശുദ്ധജലം കൊണ്ട് മുഖം ഇടയ്ക്കിടെ കഴുകുക, കണ്‍പോളകള്‍ അടയാതിരിക്കാന്‍ ഈര്‍ക്കിള്‍ നാട്ടിവയ്ക്കുക തുടങ്ങിയവ ഉദാഹരണം. ഇവയേക്കാളൊക്കെ നമുക്കു വേണ്ടത് സ്വയം സന്നദ്ധനാവുക എന്ന ദൃഢ നിശ്ചയം തന്നെയാണ്.
ദൈവമേ, മറന്നു പോയല്ലോ...…
ഇങ്ങനെ ഒരുവട്ടമെങ്കിലും ആശങ്കപ്പെടാത്ത ചങ്ങാതിമാരുണ്ടോ? മറവി ചിലപ്പോള്‍ അനുഗ്രഹമാണ്. എന്നാല്‍ പരീക്ഷയ്ക്കു വേണ്ടി കുത്തിയിരുന്ന് പഠിച്ചവ ചോദ്യപേപ്പര്‍ കാണുമ്പോള്‍ മറന്നുപോയാല്‍ മറവിയെ ശപിക്കാത്തവരുണ്ടാകില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്...
ഇവിടെയാണ് ഇഷ്ടം, താല്‍പര്യം എന്നിങ്ങനെയുള്ള കാര്യങ്ങളുടെ പ്രസക്തി. നമുക്കിഷ്ടമുള്ള ഒരു ചലച്ചിത്രഗാനം ഒന്നോ, രണ്ടോ വട്ടം കേട്ടാല്‍ കാണാപ്പാഠം പഠിക്കാന്‍ നമുക്കു കഴിയാറില്ലേ! അതാണ് ഇഷ്ടം. ഇഷ്ടം കൂടിയാല്‍ കാര്യമുണ്ട് എന്നര്‍ത്ഥം.
താല്‍പര്യപൂര്‍വം ആസ്വദിച്ച്, രസിച്ച് നുണഞ്ഞിറക്കുകയാണ് ഓരോ പാഠവും നമ്മള്‍ ചെയ്യേണ്ടത്. അതിനു വേണ്ടി പാഠങ്ങളുമായി ചങ്ങാത്തം കൂടണം. ഒരു ചങ്ങാതിപ്പാട്ടായി പാഠങ്ങളെ സങ്കല്‍പ്പിച്ചു നോക്കൂ. മറ്റൊരു രസകരമായ രീതിയുണ്ട് - ഇത്തരക്കാര്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഗാനത്തിന്റെ രീതിയിലേക്ക് മാറ്റി ചൊല്ലി നോക്കൂ.