
ആട്ടിന്‍കുട്ടി എത്ര ശ്രമിച്ചിട്ടും കൂട്ടുകാര്‍ക്ക് ഒപ്പമെത്താന്‍ കഴിഞ്ഞില്ല. എങ്ങനെ എത്താനാണ്! വളഞ്ഞു തിരിഞ്ഞ് നീളം കുറഞ്ഞ രണ്ടു കാലുകള്‍. രണ്ടെണ്ണം കൂട്ടുകാരുടെ കാലുകള്‍ പോലെതന്നെ. ഓടിയോടി തളരുന്നു.
ജനിച്ചനാള്‍ മുതല്‍ ഈ വിഷമം അനുഭവിക്കുന്നതാണ്. അമ്മയുടെ മുലക്കാമ്പുകളിലേക്ക് കഷ്ടപ്പെട്ട് എത്തിപ്പിടിക്കുമ്പോഴേക്ക് കൂടെപ്പിറപ്പുകള്‍ വയറുനിറച്ചുകഴിഞ്ഞിട്ടുണ്ടാകും. അവര്‍ ഇളംവെയിലില്‍ തുള്ളിച്ചാടി നടക്കുമ്പോള്‍ താന്‍ മാത്രം എവിടെയെങ്കിലും ഒടിഞ്ഞു കൂടിക്കിടക്കും. തനിക്ക് ഓടിയെത്താന്‍ കഴിയാത്തതുകൊണ്ട് അവര്‍ കളിക്കാനൊന്നും കൂടെ കൂട്ടില്ല. അവര്‍ക്ക് ഇതൊരു തമാശയാണ്. തന്റെ സങ്കടം തനിക്കല്ലേ അറിയൂ. ഇതൊക്കെ ആരുടെയോ പാപത്തിന്റെ ഫലമാണെന്ന് മുത്തിയമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ആര്‍ക്കറിയാം?
തൊണ്ടയില്‍ ഒരു കരച്ചില്‍ ഞെരുങ്ങിക്കിടക്കുന്നുണ്ട്. എന്നിട്ടും ഉത്സാഹം വിട്ടുപോയില്ല. എത്ര നാളുകളിലെ കാത്തിരിപ്പാണ്. അമ്മ പറഞ്ഞുതന്ന കഥകളിലെ ദൈവത്തെ തേടിയുള്ള യാത്രയാണ്. നമ്മളെയൊക്കെ രൂപപ്പെടുത്തിയത് ദൈവമാണെന്ന് അമ്മ പറയാറുണ്ട്. ദൈവത്തിന്റെ കാരുണ്യമാണ് പുല്ലായി മുളയ്ക്കുന്നതും ജലമായി ഒഴുകുന്നതും. ''പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു.''
കടുത്ത ദാഹത്തിലും, ക്ഷീണത്തിലും അവന്‍ പച്ചയായ പുല്‍ത്തകിടിയും പ്രശാന്തമായ ജലാശയവും സ്വപ്നം കണ്ടു. തൊട്ടടുത്തു ദൈവത്തെ കണ്ടു. കൂടെപ്പിറപ്പുകള്‍ വികൃതി കാണിക്കുമ്പോള്‍ അമ്മ പറയാറുള്ള ശിക്ഷിക്കുന്ന ദൈവത്തെയും അവന്‍ ഓര്‍മ്മിച്ചു. അതുകൊണ്ടുതന്നെ അവന്‍ ഒരു വികൃതിക്കുട്ടിയാകാതിരിക്കാന്‍ ശ്രമിച്ചു.
ജറുസലെം ദേവാലയത്തിലേക്ക് ദൈവത്തിനായി നയിക്കപ്പെടുന്ന ആടുകളെക്കുറിച്ച് അമ്മ പറഞ്ഞിട്ടുണ്ട്. തന്റെ കൂട്ടുകാരായ മിടുക്കന്മാരൊക്കെ പലപ്പോഴായി അവിടേക്കു പോയവരാണ്. പക്ഷേ, തനിക്ക് അവിടേക്കു പോകാന്‍ സാധിക്കില്ലെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. മുടന്തുള്ള ആട്ടിന്‍കുട്ടികളെയും ചിറകുമുറിഞ്ഞ പ്രാവുകളെയുമൊന്നും അവിടേക്ക് കടത്തിവിടില്ല. അവരെ തിരിച്ചയയ്ക്കും. അമ്മയ്ക്കും അതില്‍ സങ്കടമുണ്ട്. അവര്‍ ഏതെങ്കിലും വീടുകളില്‍ അടുപ്പില്‍വെന്ത് റൊട്ടിക്കും വീഞ്ഞിനുമൊപ്പം ആരുടെയൊക്കെയോ വയറ്റിലെത്തും. ജീവിതം നിഷ്പ്രയോജനമാകും.
ദേവാലയത്തിലേക്കു പോകുന്ന കൂടെപ്പിറപ്പുകള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം അവന്‍ ഓടിയെത്തിയതാണ്. ദൈവത്തെ കാണണം. ''എന്നെയും സൃഷ്ടിച്ചത് ദൈവമല്ലേ? പിന്നെ, ഞാനെന്തിനു പേടിക്കണം?'' ഒരു കുഞ്ഞുതെറ്റു പോലും ചെയ്യാതെ, ദൈവത്തിന്റെ ഇഷ്ടത്തിനായി കാത്തിരിക്കുകയായിരുന്നു. കടിക്കുന്ന പുല്‍നാമ്പുകള്‍ നഷ്ടപ്പെടുത്തിക്കളയാതെ, കൂടെപ്പിറന്നവരോടു വഴക്കു കൂടാതെ, പാലു കുടിക്കുമ്പോള്‍ അമ്മയുടെ മുലക്കാമ്പുകളെ വേദനിപ്പിക്കാതെ; ഒക്കെ ശ്രദ്ധിച്ചു. ഇല്ല. എന്നെ തിരിച്ചയക്കില്ല. ഞാന്‍ ദൈവത്തിന്‍ ആട്ടിന്‍കുട്ടിയാണ്.
കുരുടരെയും മുടന്തരെയും സുഖപ്പെടുത്തുന്ന, മരിച്ചവരെപ്പോലും ഉയിര്‍പ്പിക്കുന്ന ദൈവപുത്രനെക്കുറിച്ചും അമ്മ പറഞ്ഞിട്ടുണ്ട്. ആ ദൈവപുത്രന്‍ ചുറ്റുപാടുകളിലെവിടെയോ സഞ്ചരിക്കുന്നുണ്ട്. അദ്ദേഹം സുഖപ്പെടുത്തിയത് മനുഷ്യരെയാണല്ലൊ! താനൊരു പാവം ആട്ടിന്‍കുട്ടിയല്ലേ? ആ ദൈവപുത്രന് ആടുകളെ ഇഷ്ടമായിരിക്കും. അദ്ദേഹം ജനിച്ചത് ഒരു പുല്‍ത്തൊഴുത്തിലാണ്. ആടുകളും ഇടയന്മാരുമൊക്കെ ആ ദൈവപുത്രനെ കാണാന്‍ തൊഴുത്തിലേക്ക് ഓടിയെത്തിയ കഥയും കേട്ടിട്ടുണ്ട്. അന്ന് പുല്‍ക്കൂട്ടിലെത്തി ഉണ്ണിയായ ദൈവത്തെ കണ്ട ഒരു മുത്തച്ഛനെക്കുറിച്ച് കേട്ടിട്ടുണ്ട്. മുത്തച്ഛന്‍ അന്ന് ചെറിയൊരു ആട്ടിന്‍കുട്ടിയായിരുന്നു. അന്നത്തെ സംഭവങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് മുത്തച്ഛന്‍ പറയാറുണ്ടായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഭൂമിയിലെ ആടുകള്‍ക്കു ലഭിച്ച വലിയ ഭാഗ്യം എന്ന് മരിക്കുന്നതുവരെ മുത്തച്ഛന്‍ പറയുമായിരുന്നു. ഒക്കെ, അമ്മ പറഞ്ഞ് കേട്ടതാണ്.
ഇന്ന് ദൈവപുത്രന്‍ വളര്‍ന്ന് യുവാവായിരിക്കുന്നു. എല്ലാവര്‍ക്കും നന്മ ചെയ്ത് സഞ്ചരിക്കുന്നു. തനിക്കു കാണാന്‍ കഴിയുമോ ആ ദൈവപുത്രനെ? അറിയില്ല. അത്ര ഭാഗ്യമെന്നും തനിക്കുണ്ടാവില്ല.
ആട്ടിന്‍കുട്ടി ദൂരെമേറെ പിന്നിട്ടു. വഴി അവസാനിക്കുന്നു. ഇനി കയറ്റമാണ്. ചവിട്ടുപടികള്‍ ഓടിക്കയറണം. അവനു സങ്കടം കൂടുതലായി. അവന്‍ ഉറക്കെക്കരഞ്ഞു. വയ്യ, ഇനി തന്നെക്കൊണ്ടാവില്ല. പുല്‍മേടുകളിലൊക്കെ ഉന്തിയും തള്ളിയും കൊണ്ടു നടന്നത് അമ്മയായിരുന്നു. ഇപ്പോള്‍ അമ്മയും കൂടെയില്ല. അവന്‍ തളര്‍ന്നു നിന്നു. നിറഞ്ഞു തുളുമ്പുന്ന കണ്ണുകള്‍ അടച്ചു.
പള്ളിമുറ്റത്തെ ബഹളങ്ങള്‍ ആട്ടിന്‍കുട്ടിയുടെ കാതിലെത്തി. മനുഷ്യരുടെ ഉറക്കെയുള്ള വര്‍ത്തമാനങ്ങള്‍, ആടുകളുടെ കരച്ചില്‍, ഏതോ പക്ഷികളുടെ ശബ്ദം. എനിക്കു പോകണം. അവന്‍ ഇഴഞ്ഞും വലിഞ്ഞും കയറി. ദേഹമാകെ മുറിവുകളായി. അടുത്തെങ്ങും ആരുമില്ല. അവന്‍ കുഴങ്ങിനിന്നു. സാരമില്ല; ഞാനും എത്തിയല്ലൊ. മനസ്സില്‍ സന്തോഷം നുരപൊട്ടി.
പക്ഷേ, അതിനിടയില്‍ ആരുടെയോ കൈയ്യില്‍നിന്ന് ഒരു വടി അവന്റെ മുതുകത്തുവീണു. അവന്‍ നടുങ്ങിപ്പോയി. ആരൊക്കെയോ അവനെ വിരട്ടിയോടിക്കുകയാണ്. ''എന്റെ ദൈവമേ എന്നെ ഉപേക്ഷിക്കുകയാണോ?'' അവന്‍ പേടിച്ച് പിന്നോട്ടുമാറി. ഒരു ദുശ്ശകുനമായ അവനെ അങ്ങോട്ടടുക്കാന്‍ ആരും സമ്മതിക്കുന്നില്ല.
കടുത്ത വെയിലിലൂടെ അവന്‍ തിരിച്ചു നടന്നു. കണ്ണുനീരിന്റെ മറയില്‍ അവന്‍ ഒന്നും കണ്ടില്ല. ആരുടെയോ കൈകള്‍ തന്നെ തഴുകുന്നത് അവന്‍ അറിഞ്ഞു. താന്‍ ആരുടെയോ നിഴലിലാണു നില്‍ക്കുന്നതെ ന്ന് അവനു മനസ്സിലായി. ആരോ അവനെ താങ്ങിയെടുത്ത് നെഞ്ചില്‍ ചേര്‍ത്തു. ആ ഹൃദയത്തിന്റെ മിടിപ്പുകള്‍ അവന്‍ നന്നായി കേട്ടു. നെഞ്ചിലെ ചൂട് അവന്‍ തിരിച്ചറിഞ്ഞു. അവന്‍ ആ കണ്ണുകളിലേക്കു നോക്കി. അമ്മ പറഞ്ഞ ദൈവപുത്രന്റെ കണ്ണുകളില്‍ മാത്രമുള്ള അലിവും തെളിമയും അവന്‍ തിരിച്ചറിഞ്ഞു. അവന്‍ ആ തോളില്‍ തലചായ്ച് സ്വയം മറന്ന് ഇരുന്നു.