കൊച്ചുകൊച്ചുകാര്യങ്ങള്‍ ഈശോയോടുള്ള വലിയ സ്‌നേഹത്തെപ്രതി ചെയ്യുക

കൊച്ചുകൊച്ചുകാര്യങ്ങള്‍ ഈശോയോടുള്ള വലിയ സ്‌നേഹത്തെപ്രതി ചെയ്യുക

സഭ നമ്മുടെ അമ്മയാണ് ഒരു അമ്മ എപ്പോഴും തന്റെ മക്കളെ പരിപാലിക്കുന്നു, സംരക്ഷിക്കുന്നു. മക്കളുടെ വിശ്വാസവഴിയില്‍ ഒരു അമ്മയുടെ പങ്കുപോലെ തന്നെ ക്രിസ്തീയജീവിതവിശ്വാസത്തില്‍ സഭയോടു ചേര്‍ന്ന് വളരേണ്ടവരാണ് നാമോരോരുത്തരും. നമ്മുടെ കുടുംബങ്ങള്‍ സന്തോഷത്തിന്റെ ഇടങ്ങളായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്തുവിനു കീഴില്‍ ഒരു വിശ്വാസസമൂഹമായി വളരുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ക്രിസ്തുപാത പിന്തുടരുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. തികച്ചും മതനിരപേക്ഷമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എങ്കിലും, Christiantiy യില്‍ അടിയുറച്ച ഒരു നിലപാട് നമുക്ക് ആവശ്യമാണ്. വിശ്വാസവഴിയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ദേവാലയങ്ങള്‍ എന്നാണ് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു വെച്ചിരിക്കുന്നത്. അതിനാല്‍ ദേവാലയങ്ങള്‍ നമ്മുടെ ശക്തികേന്ദ്രങ്ങളായി മാറേണ്ടതുണ്ട്. ദിവ്യബലിയില്‍ പങ്കെടുത്തു കൊണ്ടും കൂദാശകള്‍ സ്വീകരിച്ചു കൊണ്ടും ഇത്തരം കാര്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കുട്ടികളായ നമുക്ക് സാധിക്കും. ദിവ്യബലിയിലും കൂദാശകളിലും ഈശോയുടെ സാന്നിധ്യം സജീവമായിട്ടുണ്ട്. നാം ആയിരിക്കുന്ന കുടുംബങ്ങളാണ് നമ്മുടെ ആദ്യത്തെ ദേവാലയം ആയിരിക്കേണ്ടത്. കുടുംബപ്രാര്‍ത്ഥന ജീവിതത്തിന്റെ അടിസ്ഥാനഘടകമായി മാറ്റേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇന്ന് വിശ്വാസജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളായ പലതും നമുക്ക് നഷ്ടപ്പെട്ടിട്ടില്ലെ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ദൈവവചനത്തോടുള്ള താല്പര്യം നമ്മില്‍ ഇന്ന് കുറഞ്ഞു പോയിട്ടില്ലേ? മാംസം ധരിച്ച വചനമായ യേശു, നമ്മുടെ കൂട്ടുകാരനായി തീരുന്നില്ലെങ്കില്‍ വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ നമ്മളില്‍നിന്നും നഷ്ടമായി പോകും. നമ്മള്‍ മാതാപിതാക്കളോടൊപ്പം ജീവിക്കേണ്ടവരാണ്.

മറ്റുള്ളവരിലേക്ക് ജീവനുള്ള ഈശോയെ എങ്ങനെയാണ് പകര്‍ന്നു കൊടുക്കേണ്ടത്? ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തപ്പോഴെല്ലാം എനിക്കു തന്നെയാണ് ചെയ്തത് എന്ന് തിരു വചനം ഓര്‍മ്മയില്ലേ? നാം ഇടപെടുന്ന ഏതു മേഖലയിലായാലും ഈ വചനത്തിന് ജീവനേകാന്‍ നമുക്ക് സാധിക്കും. നമുക്ക് മുന്‍പേ ജീവിച്ച വിശുദ്ധരുടെ മാതൃകകള്‍ നമുക്ക് അനുകരിക്കാന്‍ കഴിയും. വിശുദ്ധ കൊച്ചുത്രേസ്യ കുട്ടികളായ നമുക്ക് അനുകരിക്കാന്‍ നല്ലൊരു മാതൃകയാണ്. കൊച്ചുകൊച്ചു കാര്യങ്ങള്‍ വലിയ സ്‌നേഹത്തെപ്പറ്റി ചെയ്യുക, ചില ഇഷ്ടങ്ങള്‍ ത്യാഗത്തോടെ വേണ്ടെന്നു വയ്ക്കുക ഇങ്ങനെ നമുക്കും വിശുദ്ധരാകാനും ക്രൈസ്തവജീവിതത്തിന് സാക്ഷികള്‍ ആകാനും കഴിയും.

വ്യക്തി എന്ന നിലയില്‍ നമ്മള്‍ വായിക്കുകയും ജീവിക്കുകയും ചെയ്യേണ്ട ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ഓരോ ദിവസവും നമ്മള്‍ നടക്കേണ്ട വഴി ഏതെന്ന് ദൈവവചനം നമ്മെ പഠിപ്പിച്ചു തരും. ലാളിത്യമുള്ള ജീവിതശൈലിയും, തീഷ്ണമായ വിശ്വാസവും, കുട്ടിക്കാലം മുതല്‍ പരിശീലിക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ ക്രിസ്തീയജീവിതം നയിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ശക്തനായവന്‍ തന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തു എന്ന് വിശ്വസിച്ച പരിശുദ്ധ അമ്മയെപ്പോലെ എളിമ നിറഞ്ഞ ഒരു മനസ്സാക്ഷിയാണ് നാം വളര്‍ത്തിയെടുക്കേണ്ടത്. ദൈവത്തിന്റെ സുവിശേഷം പ്രചരിപ്പിക്കുന്ന എളിയ ഉപകരണങ്ങളായി മാറുക എന്നതാണ് ഓരോ ക്രൈസ്തവന്റെയും പ്രഥമവും പ്രധാനവുമായ കടമ. വിദ്വേഷം, അസത്യം, അനീതി എന്നിവയൊക്കെ വെറും താല്‍ക്കാലിക വിജയങ്ങള്‍ മാത്രമേ നമുക്ക് നല്‍കുകയുള്ളൂ. യഥാര്‍ത്ഥ ക്രിസ്തീയതയുടെ അടിസ്ഥാനഭാവങ്ങള്‍ സ്‌നേഹവും, കരുണയും, ക്ഷമയുമാണ്.

ക്രൂശിതനായവനും, എന്നാല്‍ ഉത്ഥാനം ചെയ്തവനുമായ ക്രിസ്തു മാത്രമായിരിക്കട്ടെ നമ്മുടെ യഥാര്‍ത്ഥ റോള്‍മോഡല്‍. അവന്റെ കാലടികളെ അനുഗമിക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനികളായി, ക്രിസ്തുശിഷ്യരായി നമുക്ക് മാറാം. അതിനായി പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org