ഫ്രാന്‍സിസ് തറമ്മേല്‍
നാലാം ക്ലാസ്സുകാരി അന്ന വീടിനടുത്തുള്ള സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ വഴിയരികിലെ വലിയ കാളപറമ്പില്‍ ഒരു ബാലന്‍! അവന് അന്നയോളം തന്നെ പ്രായം വരും. അവനെ കണ്ട അന്ന അവിടെ നിന്നുകൊണ്ട് ആ ബാലനെ ശ്രദ്ധിച്ചു. കാളപ്പറമ്പില്‍ പുല്ലുതിന്നു നടക്കുന്ന, കാളകള്‍ക്കിടയിലൂടെയവന്‍ ഓടന്നു, ചാടുന്നു, കൈകള്‍ കൊണ്ട് സ്വന്തം കണ്ണുകള്‍ പൊത്തിപ്പിടിച്ച് ഉച്ചത്തില്‍ വിളിച്ചു പറയുന്നു! ഒന്ന്, രണ്ട്, മൂന്ന്, ആറ്. നാല്, പത്ത്. കേട്ടപ്പോള്‍ അന്നയ്ക്ക് ദേഷ്യം വന്നു! എന്താണീ മണ്ടന്‍ വിളിച്ചു പറയുന്നത്. ശോ, ചെറിയ സഖ്യകള്‍ പോലും ക്രമമായി എണ്ണുവാനറിയാത്തവന്‍. അവനെ കളിയാക്കി കൂകി വിളിക്കുവാന്‍ അന്നയ്ക്ക് തോന്നി.
അപ്പോള്‍ ഞെട്ടലോടെ അന്ന ഒരു ദിവസം പപ്പ തന്ന ഉപദേശം ഓര്‍ത്തു. പാഠഭാഗങ്ങളിലെ ചെറിയ സംശയങ്ങള്‍ ചോദിച്ചുകൊണ്ട് അനുജന്‍ അടുത്തുവന്നപ്പോള്‍ ഒരു തവണ പറഞ്ഞുകൊടുത്തു, വീണ്ടും അത് ആവര്‍ത്തിച്ചപ്പോള്‍ അവനു നേരെ തട്ടിക്കയറി. അത് പപ്പയ്ക്ക് ഇഷ്ടമായില്ല. 'അന്നാ നിനക്ക് നീ ഇതുവരെ നേടിയ അറിവുകള്‍ എവിടെ നിന്നാണ് കിട്ടിത്?' പപ്പയുടെ ചോദ്യം തന്റെ ചെവികളില്‍ എത്തും മുമ്പെ പപ്പാ ശാന്തനായി. എന്നിട്ട് അലിവോടെ പറഞ്ഞുതന്നു. 'അറിവുകള്‍ നമുക്ക് കൈമുതല്‍ തന്നെയാണ്. എന്നാലോ അവകാശം പറയുവാനാവില്ല. കാരണം കണ്ടും, കേട്ടും പുസ്തകങ്ങള്‍ വഴി വായിച്ചും പരിശ്രമം കൊണ്ടും പഠിച്ചു സ്വന്തമാക്കുന്നു. ഇനിയും എത്രയോ ചോദ്യങ്ങളും ഉത്തരങ്ങളും വായിച്ചും, ചോദിച്ചും അറിയുവാനുണ്ട് നിനക്ക്.' പപ്പയുടെ മുഖം അന്നയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്തി.
ക്ലാസ് ടീച്ചര്‍ പറഞ്ഞു തന്ന പട്ടത്തിന്റെ കഥയിലെ കുട്ടി താഴെ കിടന്നിരുന്ന കടലാസു കഷണങ്ങളെ ഒന്നുചേര്‍ത്ത് നല്ലൊരു പട്ടമാക്കി, ഉയര്‍ത്തിയപ്പോള്‍ കുട്ടിയെപ്പോലും അതിശയിപ്പിക്കും വിധം ആ കടലാസു കഷണങ്ങള്‍ ആകാശത്തിലേക്ക് പറന്നുയര്‍ന്നു. കഥ തീര്‍ന്നപ്പോള്‍ ടീച്ചര്‍ പറഞ്ഞു, ''നമ്മള്‍ നിസ്സാരങ്ങളെന്ന് കരുതുന്നത് നമ്മുടെ പ്രതീക്ഷയ്ക്കപ്പുറം ഉയരാം. നന്മ ചെയ്യാന്‍ നിങ്ങള്‍ വലിയവരോളം വളരേണ്ട.''
അന്ന ബാലനടുത്തേക്ക് നടന്നുചെന്ന് വളരെ സ്‌നേഹത്തോടെ അവനോടു ചോദിച്ചു, പേരെന്താണ്. ഒന്ന് മടിഞ്ഞുനിന്ന ബാലന്‍ പറഞ്ഞു, 'കാളച്ചെക്കന്‍ എന്നാണ് എല്ലാവരും എന്നെ വിളിക്കുന്നത്. അതാവില്ലല്ലോ എന്റെ പേര്?' അവന്റെ കണ്ണുകള്‍ നിറഞ്ഞത് അന്നയുടെ ഹൃദയത്തില്‍ നൊമ്പരം തീര്‍ത്തു. അവള്‍ സര്‍വതും ദൈവത്തിലര്‍പ്പിച്ചുകൊണ്ട് ബാലനോട് ചോദിച്ചു. വരുന്നോ? നമുക്കെന്റെ സ്‌കൂളില്‍ പോയി പഠിക്കാം. അപ്പോള്‍ അവന്‍ ചോദിച്ചു, പള്ളിക്കൂടം ഉടുപ്പും തോള്‍ സഞ്ചിയും? അന്ന അവനോടു പറഞ്ഞു, ദൈവം വഴി തുറക്കും. നീ കുഞ്ഞുമനസ്സു തന്നെ കൂടെ വരണം. അന്ന അവന്റെ വിരല്‍തുമ്പില്‍ പിടിച്ചു. ഒപ്പം പോകുമ്പോള്‍ ബാലന്റെയുള്ളില്‍ അന്നയുടെ കുഞ്ഞുവിരലുകള്‍ വലിയ കരങ്ങളായി. ഉത്സാഹത്തോടെ നടന്നു കഞ്ഞുകൂട്ടുകാരന്‍.