നഷ്ടപ്പെട്ടതിനെ നഷ്ടപ്പെട്ടിടത്താണോ ഇഷ്ടപ്പെട്ടിടത്താണോ അന്വേഷിക്കേണ്ടത് ?

നഷ്ടപ്പെട്ടതിനെ നഷ്ടപ്പെട്ടിടത്താണോ ഇഷ്ടപ്പെട്ടിടത്താണോ അന്വേഷിക്കേണ്ടത് ?
  • ഫാ. ജോണ്‍ തൈപ്പറമ്പില്‍

ബുദ്ധിമാനായ ഒരു സൂഫിഗുരു തന്റെ വീടിന്റെ ഉമ്മറത്ത് എന്തോ അന്വേഷിക്കുകയായിരുന്നു. ആ വഴി കടന്നുവന്ന ശിഷ്യന്‍ ഗുരുവിനോടായി ചോദിച്ചു: ''എന്താണ് അങ്ങ് അന്വേഷിക്കുന്നത്?'' സൂഫിഗുരു പറഞ്ഞു, ''എന്റെ വിലപിടിപ്പുള്ള ഒരു സ്വര്‍ണ്ണ സൂചി നഷ്ടപ്പെട്ടു. അത് അന്വേഷിക്കുകയാണ്.'' ഇതുകേട്ട ശിഷ്യന്‍ ആ സൂഫിഗുരുവിനോടു കൂടെ ചേര്‍ന്ന് നഷ്ടപ്പെട്ട സ്വര്‍ണ്ണ സൂചി അന്വേഷിക്കുവാന്‍ തുടങ്ങി. സമയം ഏറെ കടന്നുപോയിട്ടും ആ സൂചി കണ്ടുകിട്ടിയില്ല. അന്വേഷിച്ചു മടുത്ത ശിഷ്യന്‍ ഗുരുവിനോട് ആ സൂചിയെപ്പറ്റി ചോദിക്കുവാന്‍ തുടങ്ങി. എങ്ങനെ, എവിടെ വച്ചാണ് ആ സൂചി നഷ്ടപ്പെട്ടതെന്ന് ശിഷ്യന്‍ തിരക്കി. അപ്പോഴാണ് ഒരു കാര്യം വ്യക്തമായത് സൂചി നഷ്ടമായത് ഉമ്മറത്തല്ല; മറിച്ച് വീടിനകത്താണ്. ഇതു മനസ്സിലാക്കിയ ശിഷ്യന്‍ ചോദിച്ചു: 'പിന്നെ എന്താണ് അങ്ങ് ഈ ഉമ്മറത്തുവന്ന് അന്വേഷിക്കുന്നത്, വീടിനകത്തല്ലെ അന്വേഷിക്കേണ്ടത്?' സൂഫി ഗുരു പുഞ്ചരിച്ചുകൊണ്ട് ശിഷ്യനോടു പറഞ്ഞു, 'സൂചി നഷ്ടപ്പെട്ടത് വീടിനകത്താണെങ്കിലും വെള്ളിച്ചമുള്ളത് ഈ ഉമ്മറത്തായതുകൊണ്ടാണ് ഞാന്‍ നഷ്ടപ്പെട്ടത് ഇവിടെ അന്വേഷിച്ചത്. വീടിനകത്ത് വെളിച്ചമില്ലല്ലോ?' ഈ ഉത്തരം കേട്ടു നിശ്ചലനായ ശിഷ്യന്റെ തോളില്‍ തട്ടി ചേര്‍ത്തുപിടിച്ചിട്ട് ആ സൂഫിഗുരു പറഞ്ഞു, 'നഷ്ടപ്പെട്ടതിനെ നഷ്ടപ്പെട്ട ഇടത്താണ് തിരയേണ്ടത്. ഇഷ്ടപ്പെട്ട വെളിച്ചമുള്ളിടത്തല്ല.' അപ്പോഴാണ് ശിഷ്യന് ഒരു കാര്യം മനസ്സിലായത് ഇത് ജീവിതത്തിലെ വലിയൊരു പാഠം തന്നെ പഠിപ്പിക്കുവാന്‍ ഗുരു നടത്തിയ ശിക്ഷണമായിരുന്നെന്ന്!

നഷ്ടപ്പെട്ടതിനെ നാം എവിടെയാണ് അന്വേഷിക്കുന്നത് ഇഷ്ടപ്പെട്ട ഇടത്തോ? നഷ്ടപ്പെട്ട ഇടത്തോ? ഇത് വല്ലാത്തൊരു ചോദ്യമാണ്. ഒറ്റ കേള്‍വിന്‍ നാം പറയും നഷ്ടപ്പെട്ടയിടത്ത്. അല്ലാതെ വെറെ എവിടെയാണ് നാം തിരയുന്നത്. ഈ ഉത്തരം കൈയ്യില്‍ പിടിച്ച് ജീവിതത്തിലേക്ക് ഒന്ന് നോക്കാം. ഒരു ദിവസം ഒരു അപ്പനും അമ്മയും കൂടി ഒരു മകനെ എന്റെ അടത്തുകൊണ്ടുവന്നു. ആ മകന്റെ വഴിവിട്ട ജീവിതത്തെപ്പറ്റി അപ്പനും അമ്മയും വാതോരാതെ സംസാരിച്ചു. കുറച്ചു കഴിഞ്ഞ് ആ മകനെ മാത്രം അടുത്തിരുത്തി സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. അപ്പനും അമ്മയും പറഞ്ഞതൊക്കെ ശരിയാണ് അവന് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. പക്ഷെ, ഇതിന്റെയൊക്കെ മൂലകാരണം അപ്പനും അമ്മയും തമ്മിലുള്ള വഴക്കാണ്. ''ഞാന്‍ നന്നാവാന്‍ എത്ര പ്രാര്‍ത്ഥിച്ചിട്ടും കാര്യമില്ല. അവര്‍ എന്ന് സന്തോഷത്തിലാകുന്നുവോ അന്ന് ഞാനും നന്നാവും.'' ഇതാണ് നഷ്ടപ്പെട്ടതിനെ ഇഷ്ടപ്പെട്ടയിടത്ത് അന്വേഷിക്കുന്ന കുറുക്കുവിദ്യ. മകന്‍ നഷ്ടമായത് ദാമ്പത്യ സ്‌നേഹത്തിന്റെ കുറവിലാണെങ്കില്‍ അവനെ അന്വേഷിക്കേണ്ടതും തിരിച്ചുപിടിക്കേണ്ടതും ആ സ്‌നേഹത്തിലായിരുന്നു. എന്നാല്‍ അവര്‍ തേടിയത് ഇഷ്ടപ്പെട്ട പ്രകാശമുണ്ടെന്ന് കരുതുന്നിടത്താണ്. പ്രകാശമുള്ളിടമോ, ഇഷ്ടമുള്ളിടമോ അല്ല; നഷ്ടപ്പെട്ട ഇടം കണ്ടെത്തുക. എന്നിട്ട് നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുക. അല്ലാത്തതു വൃഥാവിലാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org