പ്രകാശം

പ്രകാശം
Published on

റിജു കൊട്ടുപള്ളി

'വല്യാന്റിയെ കുറിച്ചുള്ള ഓര്‍മ്മ കള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ ആവില്ല. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക് വല്യാന്റിയെ. വല്യാന്റി പത്തില്‍ പഠിക്കുമ്പോഴാണ് എന്റെ പപ്പാ അനിയന്‍ ആയിട്ട് ജനിക്കുന്നത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ കുഞ്ഞാന്റിയും ജനിച്ചു. ക്വാറിയിലെ ഒരപകടത്തില്‍ അപ്പാപ്പന്‍ മരിച്ചപ്പോള്‍ മക്കളെ വളര്‍ത്താന്‍ വേണ്ടി അമ്മയും ക്വാറിയില്‍ പണിക്ക് പോയിതുടങ്ങി. വല്യാന്റിക്ക് ടീച്ചറായി ജോലി കിട്ടിയ പ്പോള്‍ പിന്നെ അമ്മാമ്മയെ പണിക്കു പോകാന്‍ സമ്മതിച്ചില്ല. പപ്പയെയും കുഞ്ഞാന്റിയെയും പഠിപ്പിച്ച് ഒരു നിലയില്‍ ആക്കിയപ്പോഴേയ്ക്കും വല്യാന്റി കെട്ടുപ്രായം കഴിഞ്ഞു പോയി. പിന്നെ ഒരു കല്യാണത്തിന് വല്യാന്റി ഒരുക്കമായിരുന്നില്ല.
ഞാന്‍ തറവാട്ടില്‍ നിന്നാണ് പഠിച്ചത്. പപ്പയും മമ്മിയും അനിയത്തിയും ബാംഗ്ലൂരിലാണ്. കുഞ്ഞാന്റിയും കുടുംബവും കാനഡയിലാണ്. എല്ലാ വിശേഷദിവസങ്ങളിലും എല്ലാവരും തറവാട്ടില്‍ ഒരുമിച്ചു കൂടും.
വല്യാന്റിയുടെ മുഖത്ത് എപ്പോഴും ഒരു ചിരി ഉണ്ടാവും. വല്യാന്റി എപ്പോഴും സന്തോഷവതിയായി രിക്കും. അമ്മാമ്മയും അങ്ങനെ തന്നെയായിരുന്നു. പക്ഷേ വല്യാന്റി എന്നെപ്പോലെ അത്രയ്ക്ക് സംസാരിക്കില്ലായിരുന്നു. അമ്മാമ്മയുടെ മുഖത്തിന് വല്ലാത്ത പ്രകാശം ആയിരുന്നു. ഞാന്‍ എസ്എസ്എല്‍സിക്ക് പഠിക്കുമ്പോഴാണ് അമ്മാമ്മ മരി ക്കുന്നത്. അപ്പോഴും ആ മുഖത്ത് നിന്ന് പ്രകാശം മാഞ്ഞിട്ടുണ്ടായിരുന്നില്ല. അന്ന് മാത്രമാണ് വല്യാന്റി കരയുന്നത് ഞാന്‍ കണ്ടത്. ഏറെക്കുറെ ഒരു മാസം എടുത്തു ആ വേര്‍പാടിന്റെ വേദനയില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും കരകയറാന്‍.
തറവാടിന്റെ ഉമ്മറത്ത് ഒരു കസേരയിലിരുന്നാണ് അമ്മാമ്മ എപ്പോഴും കൊന്ത ചൊല്ലിയിരുന്നത്. അതിനടുത്ത് ഒരു ചെറിയ മേശയില്‍ ബൈബിളും ക്രിസ്താനുകരണവും എപ്പോഴും ഉണ്ടാവും. അമ്മാമ്മ ഇവ രണ്ടും എപ്പോഴും വായിക്കും. ഇവ അല്ലാതെ വേറെ എന്തെങ്കിലും വായിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. വായിച്ചു കഴിഞ്ഞ് കുറേ നേരം എന്തൊക്കെയോ ഓര്‍ത്തിരിക്കുന്നത് കാണാം. പിന്നെയും കൊന്ത ചൊല്ലും. പലപ്പോഴും കൊന്ത ഉരുട്ടി കൊണ്ട് ഈശോയേ… ഈശോയേ… എന്നു മന്ത്രിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
വല്യാന്റി പഠിപ്പിക്കുന്ന സ്‌കൂളിലാണ് ഞാന്‍ പ്ലസ് ടു വരെ പഠിച്ചത്. ഞാന്‍ പ്ലസ് ടു പാസായ വര്‍ഷം തന്നെ വല്യാന്റി റിട്ടയര്‍ ആയി.
തറവാട്ടില്‍ നിന്ന് ഏറെ അകലെയുള്ള കോളേജില്‍ ആണ് എനിക്ക് അഡ്മിഷന്‍ തരം ആയത്. ഞാന്‍ ഹോസ്റ്റലിലേക്ക് മാറി. വല്യാന്റിയെ പിരിഞ്ഞു നില്‍ക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമുണ്ടാ യിരുന്നില്ല. അങ്ങോട്ട് പോകുവാന്‍ എന്നെ വല്യാന്റി തന്നെയാണ് നിര്‍ബന്ധിച്ചത്. ചെറിയൊരു അവധി കിട്ടിയാല്‍ പോലും ഞാന്‍ തറവാട്ടിലേക്ക് വരുമായിരുന്നു. ഞാന്‍ വന്നു കയറുമ്പോള്‍ ഒക്കെ വല്യാന്റി അമ്മാമ്മയുടെ കസേരയിലിരുന്ന് കൊന്ത ചൊല്ലുകയായിരിക്കും. അമ്മാമ്മ ഉപയോഗിച്ചിരുന്ന ബൈബിളും ക്രിസ്താനുകരണവും എടുത്തുവെച്ച് വായിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോഴൊക്കെ ഭക്ഷണം പോലും കൊച്ചു കഴിക്കാറില്ല എന്ന് വല്യാന്റിക്ക് ഞാന്‍ ഇല്ലാത്തപ്പോള്‍ കൂട്ടുനില്‍ക്കുന്ന മറിയാമ്മ ചേച്ചി സ്‌നേഹബുദ്ധിയോടെ പരാതിപ്പെടാറുണ്ട്. ഞാന്‍ ഓരോ പ്രാവശ്യവും അവധിക്ക് തറവാട്ടില്‍ വരുമ്പോള്‍ വല്യാന്റിക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായതുപോലെ എനിക്ക് അനുഭവപ്പെട്ടിരുന്നു. വല്യാന്റി ഇപ്പോള്‍ പഴയപോലെ ഒന്നും അധികം സംസാരിക്കാറില്ല. വല്യാന്റിയുടെ മുഖത്ത് ഇപ്പോള്‍ വല്ലാത്തൊരു പ്രകാശമുണ്ട്. അമ്മാമ്മക്ക് ഉണ്ടായിരുന്നത് പോലുള്ള പ്രകാശം. വല്യാന്റി കൊന്ത ചെല്ലുമ്പോഴും ബൈബിള്‍ വായിക്കുമ്പോഴും ഞാന്‍ വെറുതെ അടുത്തുചെന്ന് ഇരിക്കും. അപ്പോള്‍ എനിക്ക് വല്ലാത്ത ഒരു പ്രാര്‍ത്ഥനാന്തരീക്ഷം അനുഭവപ്പെടും. അമ്മാമ്മ കിടപ്പിലായപ്പോള്‍ വടക്കേ മുറിയിലാണ് കിടന്നിരുന്നത്. ആ മുറിയില്‍ കയറുമ്പോഴും എനിക്ക് ഇതേ അനുഭവം ഉണ്ടാകുമായിരുന്നു. എനിക്കു മാത്രമല്ല പലര്‍ക്കും അങ്ങനെ ഉണ്ടായിട്ടുണ്ട്.
ഇത്രയും വായിച്ചപ്പോഴേക്കും ജോണിയുടെ കണ്ണുനിറഞ്ഞു. പണ്ട് തന്റെ മലയാളം പ്രൊഫസര്‍ 'പ്രകാശം' എന്ന കവിത പഠിപ്പിച്ചതിനുശേഷം നിങ്ങള്‍ക്ക് പ്രകാശമായിത്തീര്‍ന്ന വ്യക്തികളെ കുറിച്ച് എഴുതി കൊണ്ടു വരാന്‍ പറഞ്ഞപ്പോള്‍ തന്റെ വല്യാന്റിയെക്കുറിച്ച് ജോണി എഴുതിയ ഭാഗമാണിത്. അവന്‍ അത് ഇപ്പോഴും കളയാതെ സൂക്ഷിക്കുന്നു. വല്ലാത്ത സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒക്കെ അവന്‍ അത് വീണ്ടും വീണ്ടും വായിക്കും. എന്നിട്ട് ഒരിടത്ത് സ്വസ്ഥമായിരുന്നു കൊന്ത ഉരുട്ടി കൊണ്ട് മന്ത്രിക്കും, ഈശോയേ… ഈശോയേ…

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org