കുറവുകളെ നിറവുകളാക്കുന്ന മന്ത്രം

കുറവുകളെ നിറവുകളാക്കുന്ന മന്ത്രം

കുറവുകളില്ലാത്തവരായി ആരും തന്നെയില്ല. വഴിയരികില്‍ ഇരുന്നു ഭിക്ഷ യാചിക്കുന്നയാള്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്‍റു വരെയുള്ള ഏതൊരു വ്യക്തിയിലേക്ക് കണ്ണോടിച്ചാലും കുറവുകളുടെ ശൃംഖലതന്നെ നമുക്ക് കാണുവാനാകും. ഓരോ കുറവിനും പോസിറ്റീവായ ഒരു മറുവശമുണ്ട് എന്ന ചിന്താഗതിയാണ് പൊക്കമില്ലായ്മയാണ് എന്‍റെ പൊക്കം എന്നു പറയുവാന്‍ കുഞ്ഞുണ്ണി മാഷിനെ പ്രേരിപ്പിച്ചത്. ഇത്തരത്തില്‍ അഞ്ചാം വയസ്സില്‍ പൂര്‍ണ അന്ധനായി തീര്‍ന്ന ലൂയിസ് ബ്രെയിലി മാതാപിതാക്കളുടെ അകമഴിഞ്ഞ പരിപാലനയും പ്രോല്‍സാഹനവും കൊണ്ടു ശാരീരിക വെല്ലുവിളിയുമായി ബാല്യത്തില്‍തന്നെ പൊരുത്തപ്പെടുകയും അതിജീവിക്കാന്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്തു. പഠിക്കാന്‍ സമര്‍ത്ഥനും അധ്വാനശീലനുമായിരുന്ന ലൂയി ലോകത്തിലെ തന്നെ ആദ്യത്തെ അന്ധവിദ്യാലയത്തില്‍ ചേര്‍ന്നു. ആശയവിനിമയത്തിനു തുറന്നുകിട്ടുന്ന പാതയായിരിക്കും വിജ്ഞാനത്തിനു തുറന്നുകിട്ടുന്ന പാത, അപഹസിക്കപ്പെടാനും സഹതാപം മാത്രം ഏറ്റുവാങ്ങി കഴിയാനുമല്ല ഞങ്ങളുടെ വിധിയെന്നും ആശയവിനിമയം ഫലവത്തായ രീതിയില്‍ തന്നെപ്പോലുള്ളവര്‍ക്ക് സാധ്യമാകണം എന്ന ഉറച്ച ബോധ്യവുമാണ്, പലവിധ ന്യൂനതകള്‍ നിറഞ്ഞ വാലന്‍റയിന്‍ ഹൗയി രൂപം നല്‍കിയതും ഫ്രഞ്ച് പട്ടാളക്കാര്‍ വിരല്‍സ്പര്‍ശം കൊണ്ട് വായിക്കാന്‍ ഉപയോഗിച്ചിരുന്നതുമായ ഹൗയിസമ്പ്രദായത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചത്. 1825-ല്‍ ആവിഷ്കരിക്കപ്പെട്ട ഈ രീതി വളരെ പെട്ടെന്നുതന്നെ വ്യാപകമായ അംഗീകാരം നേടി. പ്രതലത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന കുത്തുകളും വരകളുമാണ് ഈ സമ്പ്രദായത്തില്‍ അക്ഷരങ്ങളെയും അക്കങ്ങളെയും പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെയുള്ള കുത്തുകളിലൂടെ വിരലോടിച്ച് അവയെ തിരിച്ചറിഞ്ഞാണ് ഈ ലിപി വായിക്കുന്നത്.

അദ്ദേഹത്തിന്‍റെ ജന്മദിനമായ ജനുവരി 4 ആഗോളവ്യാപകമായി ബ്രെയിലി ഡേ ആയി ആഘോഷിക്കുമ്പോള്‍ ആ ജീവിതം നമുക്ക് വ്യക്തമാക്കിത്തരുന്ന ഒരു കാര്യമുണ്ട്. ഏതൊരു വ്യക്തിക്കും മറ്റൊരാളാകാന്‍ സാധിക്കില്ല. നാം എന്തായിരിക്കുന്നുവോ ആ അവസ്ഥയില്‍ നിന്നുകൊണ്ട് ആ അവസ്ഥയെ ഉപയോഗിച്ച് ജീവിതത്തിലെ വിജയങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. മനുഷ്യജീവിതത്തിന്‍റെ ദുര്‍ബലതകളെക്കുറിച്ചോര്‍ത്ത് വ്യസനിക്കാതെ അവയെ ഉപയോഗിച്ച് വിജയങ്ങളെത്തിക്കുമ്പോള്‍ ഇന്ന് അംഗീകരിക്കാത്തവര്‍പോലും നിങ്ങളെ അംഗീകരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org