കുട്ടികളിലെ പ്രതിരോധ കുത്തിവയ്പുകള്‍

ഡോ. ഹിമ മാത്യു പി.
കുട്ടികളിലെ പ്രതിരോധ കുത്തിവയ്പുകള്‍

ശിശുരോഗ വിദഗ്ദ്ധ, ലിസി ഹോസ്പിറ്റല്‍

രോഗങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള ഒരുപാടു രോഗാണുക്കള്‍ നമുക്കു ചുറ്റിലുമുള്ള അന്തരീക്ഷത്തിലുണ്ട്. ഇതില്‍ ബാക്ടീരിയകളും വൈറസുകളും, പ്രോട്ടോസോവ മുതലായ സൂക്ഷ്മാണുക്കളും ഉള്‍പ്പെടുന്നു. തീവ്രമായ അസുഖങ്ങള്‍ ഉണ്ടാകുന്ന ഭൂരിഭാഗം രോഗാണുക്കള്‍ക്കും എതിരായി പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാണ്. കുത്തിവയ്പുകളെ കുറിച്ച് മാതാപിതാക്കള്‍ സാധാരണയായി ചോദിക്കുന്ന സംശയങ്ങള്‍ നമുക്കു നോക്കാം.

എന്റെ കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ് കൊടുക്കേണ്ട ആവശ്യമുണ്ടോ?

തീര്‍ച്ചയായും. കോവിഡിന് എതിരായുള്ള ഒരു വാക്‌സിനു വേണ്ടി നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ച്, ആഗ്രഹിച്ച് എത്രയോ നാള്‍ കാത്തിരുന്നു. ഒരുപക്ഷേ, ഒരു വാക്‌സിന്റെ മൂല്യം ഏറ്റവുമധികം നമ്മള്‍ മനസ്സിലാക്കിയത് അന്നാണ്. പിന്നെ എന്തുകൊണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള കുത്തിവയ്പുകള്‍ നല്കുന്നതില്‍ നമ്മള്‍ സംശയിക്കുന്നു. "prevention is better than cure" പ്രതിരോധ കുത്തിവയ്പുകള്‍ ഒരു ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക.

ഏതൊക്കെ കുത്തിവയ്പുകളാണ് കുഞ്ഞിനു നല്‌കേണ്ടത്?

കുഞ്ഞ് ജനിച്ച് ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ആകുന്നതിനു മുമ്പ് ബിസിജി, പോളിയോ തുള്ളിമരുന്ന്, ഹെപ്പറ്റെറ്റിസ് ബി എന്നീ കുത്തിവയ്പുകളാണ് നല്കുന്നത്. ഡിസ്ചാര്‍ജിനു മുമ്പുതന്നെ കുഞ്ഞിന്റെ ഡോക്ടറോടു സംസാരിച്ച് കുത്തിവയ്പുകളെ കുറിച്ച് മനസ്സിലാക്കുക.

ഗവണ്‍മെന്റ് ആശുപത്രിയിലും പ്രൈവറ്റ് ആശുപത്രിയിലും കുത്തിവയ്പുകള്‍ ഉണ്ട്. ഞങ്ങള്‍ എവിടെ പോകണം?

പ്രാഥമിക കുത്തിവയ്പുകള്‍ ഗവണ്‍മെന്റ് ആശുപത്രികളിലും ലഭ്യമാണ്. എന്നാല്‍, തൈറോയ്ഡ്, ചിക്കന്‍പോക്‌സ്, ഹെപ്പറ്റെറ്റിസ് എ, ഫ്‌ളൂ വാക്‌സിന്‍ എന്നിവ ഗവണ്‍മെന്റ് ആശുപത്രികളില്‍ ലഭ്യമല്ല. ഗവണ്‍മെന്റ് ആശുപത്രികളില്‍ കുത്തിവയ്പുകള്‍ എടുക്കുന്നവര്‍ അവിടെ ലഭ്യമല്ലാത്ത കുത്തിവയ്പുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രൈവറ്റ് ആശുപത്രികളില്‍ നിന്നെടുക്കുക.

കുത്തിവയ്പുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?

ചെറിയ പനി, വേദന തുടങ്ങി വളരെ ചെറിയ രീതിയിലുള്ള സൈഡ് എഫെക്ട്‌സ് മാത്രമാണ് സാധാരണയായി ഉണ്ടാകുന്നത്. വാക്‌സിന്‍ മൂലം ലഭിക്കുന്ന നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ വളരെ തുച്ഛമാണ്.

പല വാക്‌സിനുകള്‍ക്കും അമിത വിലയല്ലേ ഇടാക്കുന്നത്?

ഘട്ടം ഘട്ടമായുള്ള പരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാക്‌സിനുകള്‍ കുട്ടികള്‍ക്ക് നല്കിത്തുടങ്ങുന്നത്. ഇത് വളരെ ചെലവേറിയ പ്രക്രിയയാണ്. അതുപോലെതന്നെ വാക്‌സിനുകള്‍ കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കുകയും കൈ കാര്യം ചെയ്യുകയും ചെയ്താല്‍ മാത്രമേ, അതിന്റെ ഗുണം പൂര്‍ണ്ണമായി ലഭിക്കുകയുള്ളൂ. ഇക്കാരണങ്ങള്‍ കൊണ്ട് ചില വാക്‌സിനുകള്‍ വിലയേറിയതാണ്. നിങ്ങളുടെ കുഞ്ഞിന്റെ ഡോക്ടറുമായി സംസാരിച്ച്, അതിന്റെ ആവശ്യകത മനസ്സിലാക്കി, എടുക്കണമോ എന്നത് തീരുമാനിക്കുക.

വാക്‌സിനേഷന്‍ കാര്‍ഡ് സൂക്ഷിച്ചുവയ്‌ക്കേണ്ടതുണ്ടോ?

തീര്‍ച്ചയായും സ്‌കൂള്‍ പ്രവേശനത്തിനും, പുറം രാജ്യങ്ങളിലേയ്ക്കുള്ള വിസ മുതലായവ ലഭിക്കുന്നതിനും ഇത് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ഒരു പ്രധാനപ്പെട്ട രേഖയാണ് ഇത്.

വാക്‌സിനേഷന് കുഞ്ഞിനെ കൊണ്ടുപോകുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടത്?

ഏത് വാക്‌സിനാണ് എടുക്കുന്നത് എന്നത് ചോദിച്ചു മനസ്സിലാക്കുക, അത് ഏതസുഖത്തിനെതിരെയുള്ളതാണെന്നും അതുമൂലം എന്തെ ല്ലാം പാര്‍ശ്വഫലങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നും, അടുത്ത ഡോസ് എന്നാണ് എടുക്കേണ്ടതെന്നും കൃത്യമായി ചോദിക്കുക.

നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യമാണ് നമ്മുടെ ലക്ഷ്യം. അതിനാല്‍ ലഭ്യമായ എല്ലാ പ്രതിരോധ കുത്തിവയ്പുകളും നല്കി, രോഗാണുക്കളില്‍ നിന്നും അവരെ സംരക്ഷിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org