ഫിലിപ്പ് എന്ന നാമധാരികളായ എട്ടു കഥാപാത്രങ്ങള്‍ വിശുദ്ധ ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നാലുപേര്‍ പഴയനിയമത്തിലും, നാലുപേര്‍ പുതിയ നിയമത്തിലും. ഇതില്‍ പലപ്പോഴും പരസ്പ്പരം ഒന്നാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട രണ്ടു ഫിലിപ്പുമാരെ പരിചയപ്പെടാം. അതിനാല്‍ ഇവര്‍ രണ്ടുപേരും ഹെറോദ് ഫിലിപ്പ് എന്നാണ് പണ്ഡിതന്മാരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഈ ഉറപ്പില്ലായ്മകൊണ്ടാണ് സ്‌നാപകയോഹന്നാന്റെ അറസ്റ്റ് രേഖപ്പെടുത്തുമ്പോള്‍ ലൂക്കാ, ഫിലിപ്പിന്റെ പേര് വിട്ടുകളഞ്ഞിരിക്കുന്നത്.
മഹാനായ ഹേറോദോസിന് ഹസ്‌മോണിയന്‍ രാജകുമാരി മറിയാമില്‍ പിറന്ന ഫിലിപ്പിനെക്കുറിച്ച് അധികമൊന്നും വിവരങ്ങള്‍ ലഭ്യമല്ല. ഹേറോദിയയുടെ ആദ്യ ഭര്‍ത്താവും, സലോമിയുടെ പിതാവും ഈ ഫിലിപ് ആണെന്ന് ജൊസേഫൂസ് എഴുതുന്നു.
രണ്ടാമത്തേത്, മഹാനായ ഹേറോദോസിന് ജെറൂസലേമിലെ കഌയോപാട്രയില്‍ ജനിച്ച ഫിലിപ്പ്. ഇദ്ദേഹമാണ് ഫിലിപ്പ് ടെട്രാര്‍ക്ക് (= Roman governor for a region) എന്ന് അറിയപ്പെടുന്നത്. യൗവനം റോമിലാണ് ചിലവഴിച്ചത്. മഹാനായ ഹേറോദോസ് മരിച്ചപ്പോള്‍ ഉണ്ടായ അരാജകത്വത്തില്‍ അധികാരത്തിനുവേണ്ടി അര്‍ക്കലാവോസ് റോമില്‍ പോയപ്പോള്‍ സഹോദരനെ സഹായിക്കാന്‍ ഫിലിപ്പ് (ടെട്രാര്‍ക്കും) പോയി. ഫിലിപ്പിനും കുറച്ചു സ്ഥലങ്ങള്‍ അഗസ്റ്റസ് സീസര്‍ നല്‍കി. ടെട്രാര്‍ക്ക് ആയാണ് അതെല്ലാം അയാള്‍ ഭരിച്ചത്. ബി സി 4 മുതല്‍ എ ഡി 33/4 ല്‍ അദ്ദേഹം മരിക്കുന്നതുവരെ ഫിലിപ്പ്, ടെട്രാക്ക് ആയി ഭരിച്ചു. അദ്ദേഹം ഒരു നല്ല ഭരണാധികാരിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണം സൗമ്യമായിരുന്നു. തന്റെ പ്രജകള്‍ക്ക് ഒരു ഭാരമായിരിക്കാത്ത, തിരഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ പരിവാരവുമായി മാത്രം അദ്ദേഹം തന്റെ പ്രദേശങ്ങള്‍ ചുറ്റി സഞ്ചരിച്ചു. തന്റെ ടെട്രാര്‍ക്കിക്ക് ചുറ്റുമുള്ള യാത്രകളില്‍ കൂടെ കൊണ്ടുപോയ ഒരു സിംഹാസനത്തില്‍ നിന്ന് അദ്ദേഹം നീതി വേഗത്തിലും ന്യായമായും നടത്തിപ്പോന്നു.
മഹാനായ ഹേറോദോസ് കൊന്ന, മറിയാമില്‍ പിറന്ന അയാളുടെ മക്കളായ അരിസ്റ്റോബുലൂസ്, അലക്‌സാണ്ടര്‍ എന്നിവരെ കൊന്നത് യഥാര്‍ത്ഥത്തില്‍ ഫിലിപ്പ് ടെട്രാര്‍ക്ക് ആണെന്ന് അയാളുടെ മറ്റൊരു അര്‍ധസഹോദരനായ ഹെറോദ് അന്തിപ്പാസ് (യോഹന്നാനെ ജയിലിലടച്ചയാള്‍) മുകളില്‍ പറഞ്ഞ ആദ്യത്തെ ഫിലിപ്പിനെ തെറ്റിധരിപ്പിച്ചു. നിന്നെയും അടുത്തതായി ടെട്രാര്‍ക്ക് കൊല്ലുമെന്നും ഭയപ്പെടുത്തി. തന്മൂലം രണ്ടു ഫിലിപ്പുമാരും ശത്രുതയിലായി. എന്നാല്‍ അന്തിപ്പാസിന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ ഫിലിപ്പ് തന്റെ അര്‍ധസഹോദരനായ രണ്ടാമത്തെ ഫിലിപ്പോസിയോട് അനുരഞ്ജനപ്പെടുകയും തന്റെ അധികാരത്തിലുള്ള സ്ഥലങ്ങള്‍ അയാള്‍ക്ക് വിട്ടുകൊടുക്കുക്കാന്‍ തന്റെ വില്‍പ്പത്രത്തില്‍ എഴുതുകയും ചെയ്തു. ഈ വില്‍പ്പത്രത്തില്‍ ഫിലിപ്പിന് തന്റെ ടെട്രാര്‍ക്ക് എന്ന പദവിയും കല്‍പ്പിച്ചു.
ഫിലിപ്പ് ടെട്രാക്ക് തന്റെ പിതാവിനെക്കണക്കെ ഒരു നിര്‍മ്മാതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. അദ്ദേഹം പാനിയാസ് നഗരം പുനഃസ്ഥാപിക്കുകയും അതിന് സിസേറിയ ഫിലിപ്പി (='ഫിലിപ്പിന്റെ കേസറിയ') എന്ന് നാമകരണവും ചെയ്തു. അദ്ദേഹം ബെത്‌സെയ്ദ നഗരം പുനഃസ്ഥാപിക്കുകയും, അതിന്റെ കോട്ടകള്‍ ശക്തിപ്പെടുത്തുകയും അഗസ്റ്റസിന്റെ മകളായ ജൂലിയയുടെ പേരില്‍ ജൂലിയാസ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇവിടെവച്ചാണ് അദ്ദേഹം മരിച്ചതും.
ചുരുക്കത്തില്‍ രണ്ട് ഫിലിപ്പുമാരും ഹേറോദോസിന്റെ മക്കളാണ് ഒരാള്‍ ഹസ്‌മോണിയന്‍ രാജകുമാരിയില്‍ നിന്നും, മറ്റയാള്‍ (ടെട്രാക്ക്) യൂദാ രാജകുമാരിയില്‍ നിന്നും ജനിച്ചു. ഒരാള്‍ ഹേറോദിയായുടെ ആദ്യ ഭര്‍ത്താവും സലോമിയുടെ പിതാവും. ടെട്രാക്ക് എന്ന മറ്റെയാള്‍ സലോമിയുടെ ഭര്‍ത്താവും, ഹേറോദിയായുടേയും, സ്വന്തം അര്‍ധസഹോദരനായ ഫിലിപ്പിന്റെയും മരുമകനും.