പരിശുദ്ധാത്മാവ്

പ്രോസോപ്പോന്‍ 21
പരിശുദ്ധാത്മാവ്

വിശുദ്ധ ബൈബിളിലെ ഒരു (protagonist) പ്രധാനപ്പെട്ട കഥാപാത്രമാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ദൈവശാസ്ത്ര പഠനമേഖലയാണ് ന്യൂമറ്റോളജി (Pneumatology). വിശുദ്ധ ബൈബിളിന്റെ ചരിത്രത്തെ പരിശുദ്ധ ത്രിത്വവുമായി ബന്ധപ്പെടുത്തി മൂന്നായി തിരിക്കാം: പഴയനിയമത്തില്‍ കാണുന്ന പിതാവായ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങ ളുടെ കാലം, സുവിശേഷങ്ങളില്‍ വിവരിക്കുന്ന പുത്രനായ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മനുഷ്യാവതാര കാലം, ബാക്കി പുതിയനിയമപുസ്തകങ്ങളില്‍ കാണുന്ന പരിശുദ്ധാത്മാവിന്റെ, സഭയിലുള്ള പ്രവര്‍ത്തനങ്ങളുടെ കാലം. എന്നിരിക്കലും, ഈ മൂന്നുകാലങ്ങളിലും പ്രവര്‍ത്തനനിരതനായ കഥാപാത്രമാണ് പരിശുദ്ധാത്മാവ്. പഴയനിയമത്തില്‍ ദൈവത്തിന്റെ ശക്തിയായും, സുവിശേഷങ്ങളില്‍ ക്രിസ്തുഅവതാരത്തിന്റെ കാരണവും നിയന്താതാവുമായും, സഭാചരിത്രത്തില്‍ സഭയുടെ നായകനായും പരിശുദ്ധാത്മാവ് പ്രക്ത്യക്ഷപ്പെടുന്നു. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കാരണം നടപടി പുസ്തകം വിശേഷിപ്പിക്കപ്പെടുക 'പരിശുദ്ധാത്മാവിന്റെ സുവിശേഷം' എന്നാണ്.

'പരിശുദ്ധം, ആത്മാവ്' എന്നീ രണ്ട് വാക്കുകള്‍ സംയോജിപ്പിച്ചു, പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെ വര്‍ണ്ണിക്കാന്‍ 'പരിശുദ്ധാത്മാവ്' എന്ന് ആദ്യമായി ഉപയോഗിച്ചത് ലൂക്കാ സുവിശേഷകനാണ്. 'റുആഹ്' എന്ന ഹീബ്രുവാക്കാണ് ആത്മാവിനെക്കുറിക്കുക. ഇത് മലയാളത്തില്‍ നാം 'റൂഹ' എന്ന് തെറ്റായി ഉപയോഗിച്ചുവരുന്നു. ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്നത് ന്യൂമ (Pneuma) എന്ന വാക്കാണ്. കാറ്റ്, ശ്വാസം, ജീവന്‍, മനസ്സ് തുടങ്ങിയവയാണ് ഈ വാക്കുകളുടെ അര്‍ത്ഥങ്ങള്‍. മൃഗങ്ങളോ, പ്രകൃതിവസ്തുക്കളോ അല്ലാത്ത മിക്ക ബൈബിള്‍ കഥാപാത്രങ്ങളേയും നമ്മള്‍ മനുഷ്യരൂപത്തിലാണ് സങ്കല്‍പ്പിക്കുക. പിതാവായ ദൈവവും അരൂപികളായ മാലാഖമാരും അപ്രകാരമാണ് മനസ്സിലാക്കപ്പെടുക. എന്നാല്‍ മനുഷ്യരൂപത്തില്‍ പൊതുവെ ചിത്രീകരിക്കപ്പെടാത്ത ഒരു protagonist ആണ് പരിശുദ്ധാത്മാവ്. കാറ്റ്, പ്രാവ്, അഗ്‌നി തുടങ്ങിയ പ്രതീകങ്ങളിലൂടെയാണ് പരിശുദ്ധാത്മാവ് വര്‍ണ്ണിക്കപ്പെടുക.

ഒരു പൗരാണിക ഗാനത്തില്‍ 'ദൈവത്തിന്റെ തള്ളവിരല്‍' എന്നാണ് പരിശുദ്ധാത്മാവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ദൈവത്തിന്റെ ആജ്ഞകളെ സംഭവിപ്പിക്കുന്ന ശക്തിയായിട്ടാണ് പഴയ നിയമം പരിശുദ്ധാത്മാവിനെ വര്‍ണ്ണിക്കുന്നത്. പ്രവാചകന്മാരിലൂടെ സംസാരിക്കുകയും, വിശുദ്ധ ഗ്രന്ഥം എഴുതാന്‍ പ്രചോദിപ്പിക്കുകയും, രാജാക്കന്മാരിലൂടെ പ്രവര്‍ത്തിക്കുകയും ചെയ്തതും പരിശുദ്ധാത്മാവാണ്. പുതിയനിയമത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം കൂടുതല്‍ വ്യക്തവും ശക്തവുമാണ്. പരിശുദ്ധാത്മാവിന്റെ ആവാസത്തിലൂടെയാണ് ദൈവത്തിന്റെ മനുഷ്യാവതാരം സാധ്യമാകുന്നത്. പുതിയനിയമത്തിലെ പരിശുദ്ധാത്മാവിന്റെ ആവാഹനം പലരേയും പ്രവാചകന്മാരാക്കുന്നു. ഈ ആത്മാവിന്റെ അഭിഷേകത്തോടെയാണ് ഈശോ പരസ്യജീവിതവും അത്ഭുതപ്രവര്‍ത്തനങ്ങളും സ്വര്‍ഗരാജ്യ പ്രബോധനങ്ങളും, രക്ഷാകര പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുന്നത്. ഇതേ ആത്മാവിനെ സഹായകനായി നല്‍കിക്കൊണ്ടാണ് ക്രിസ്തു സഭയെ സ്‌നേഹിച്ചത്. ഈ ആത്മാവ് കൂദാശകളിലൂടെ സഭയെ ഇപ്പോഴും സഹായിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ പരിശുദ്ധാത്മാവിന്റെ സുവിശേഷം ഇപ്പോഴും രചിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അതായത്, ബൈബിളിനു പുറമെ നമ്മളുമായി നേരിട്ട് ഇടപഴകുന്ന ഒരു ബൈബിള്‍ കഥാപാത്രമാണ് പരിശുദ്ധാത്മാവ്.

പരിശുദ്ധാത്മാവിനെതിരായുള്ള പാപം പൊറുക്കപ്പെടുകയില്ല എന്ന് ഈശോ പറയുന്നതില്‍ നിന്നും എത്രയധികം പ്രാധാന്യമുള്ള തിരുവചന കഥാപാത്രമാണ് പരിശുദ്ധാത്മാവെന്ന് നമുക്ക് മനസ്സിലാക്കാം. ജോര്‍ദാനില്‍ പ്രാവായും, സെഹിയോന്‍ മാളികയില്‍ കാറ്റായും അഗ്‌നിയായും ഇറങ്ങിവന്നതു മുതല്‍ പരിശുദ്ധാത്മാവ് സഭയെ ശക്തിപ്പെടുത്തുന്നതും വഴിനടത്തുന്നതും സുവിശേഷവേലകള്‍ ചെയ്യിക്കുന്നതും ബോധ്യങ്ങള്‍ നല്‍കുന്നതും പഠിപ്പിക്കുന്നതും തെറ്റുകള്‍ തിരുത്തുന്നതും കാണാനാവും; അവ ഇന്നും തുടരുകയും ചെയ്യുന്നു. ബൈബിളിലെ ആദ്യപുസ്തകത്തില്‍ സൃഷ്ടികര്‍മ്മത്തിന്റെ ഭാഗമായി ജലത്തിനുമീതെ ചലിച്ച ആത്മാവ്, അവസാന പുസ്തകത്തിലൂടെ നമ്മെ നിരന്തരം രക്ഷയുടെ പുതുസൃഷ്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു: 'ആത്മാവും മണവാട്ടിയും പറയുന്നു: വരുക. ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ' (Rev 22:17).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org