പരിശുദ്ധ മറിയം

പരിശുദ്ധ മറിയം

പുതിയ നിയമത്തില്‍ മറിയം എന്ന് പേരുള്ള ഏഴ് കഥാപാത്രങ്ങളുണ്ട്: 1. ഈശോയുടെ അമ്മ, 2. മഗ്ദലേന മറിയം; 3. ക്ലെയോപ്പാസിന്റെ ഭാര്യ, 4. ലാസറിന്റേയും മര്‍ത്തായുടേയും സഹോദരി, 5. കൊച്ചുയാക്കോബിന്റെ അമ്മ, 6. ജോണ്‍ മാര്‍ക്കിന്റെ അമ്മ, 7. ജൊസേയുടെ അമ്മ. മിറിയം എന്ന ഹീബ്രു നാമത്തിന്റെ മറ്റൊരു രൂപമാണ് മറിയം. വ്യത്യസ്തങ്ങളായ പല അര്‍ത്ഥങ്ങളും ഈ പേരിനുണ്ട്. MAR (തുള്ളി), YAM (കടല്‍) എന്നീ രണ്ടു ഹീബ്രു വാക്കുകള്‍ ചേര്‍ന്ന് 'കടല്‍ത്തുള്ളി' എന്ന് അര്‍ത്ഥമുണ്ട്. MARAH എന്ന ഹീബ്രു അടിസ്ഥാന വാക്കുമായുള്ള ബന്ധത്തില്‍നിന്നും 'കൈപ്പുള്ളത്' എന്ന അര്‍ത്ഥവുമുണ്ട്. MR എന്ന ഈജിപ്ത്യന്‍ അടിസ്ഥാന വാക്കുമായുള്ള ബന്ധത്തില്‍ നിന്നും 'പ്രിയപ്പെട്ടത്' എന്ന അര്‍ത്ഥവും കല്പിക്കപ്പെടുന്നു.

ഈശോയുടെ അമ്മയായ മറിയം ബൈബിളില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. കാനോനിക പുസ്തകങ്ങളില്‍ നിന്നും ആദ്യകാല ബൈബിള്‍ ഇതര ക്രിസ്തീയ പുസ്തകങ്ങളില്‍ നിന്നും പരി. മറിയത്തെപ്പറ്റി നിരവധി കാര്യങ്ങള്‍ ലഭ്യമാണ്. പരി. മറിയത്തെക്കുറിച്ച് പഠിക്കാന്‍ മരിയോളജി എന്ന ദൈവശാസ്ത്ര ശാഖതന്നെയുമുണ്ട്. രക്ഷാകര ചരിത്രത്തില്‍ വി. യൗസേപ്പിനാണ് വി. മത്തായി പ്രാധാന്യം നല്കുന്നതെന്ന് കഴിഞ്ഞവട്ടം നമ്മള്‍ കണ്ടു. എന്നാല്‍ ക്രിസ്തീയ പാരമ്പര്യത്തിലും വിശ്വാസത്തിലും മറിയമാണ് ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നത്. ബൈബിള്‍ തന്നെ അതിനുള്ള കാരണങ്ങള്‍ വിവരിക്കുന്നുണ്ട്. ഈശോയുമായി രക്തബന്ധം മറിയത്തിനാണുള്ളത്. ഈശോ ദൈവമാകയാല്‍ മറിയം ദൈവമാതാവാകുന്നു. 'കര്‍ത്താവിന്റെ അമ്മ' എന്ന വിശേഷണം അതിനാലാണ് എലിസബത്ത് പരി. മറിയത്തിന് നല്‍കുന്നത്. ലോകത്തില്‍ ഒരു മനുഷ്യനും നേടാനാവാത്ത പുണ്യവും വിശുദ്ധിയും സ്ഥാനവും നേടിയവളാണ് പരി. മറിയം. വിശുദ്ധര്‍ക്ക് നല്‍കുന്ന വണക്കത്തെ സൂചിപ്പിക്കുന്ന ലാറ്റിന്‍ വാക്കാണ് Dulia. എന്നാല്‍ പരി. മറിയത്തിന് ഉന്നതമായ വണക്കമാണ് നല്‍കുന്നത്. അത് അറിയപ്പെടുന്നത് Hyperdulia എന്നാണ്. ഇത് മറ്റ് വിശുദ്ധര്‍ക്ക് ആര്‍ക്കും നല്‍കുന്നില്ല എന്നതില്‍ നിന്നും പരി. മറിയത്തിന്റെ ഔന്നിത്യം മനസ്സിലാക്കാവുന്നതാണ്.

പരി. മറിയം പ്രധാന കഥാപാത്രമായി വരുന്നത് ഈശോയുടെ ബാല്യകാല ചരിതത്തിലാണ്. മറിയത്തിന്റെ 'ഇതാ ഞാന്‍' എന്ന മറുപടിയില്‍ ആശ്രയിച്ചാണ് മനുഷ്യരക്ഷയുടെ ചരിത്രം തുടങ്ങുന്നത്. ദൈവത്തിന് മനുഷ്യനാകുവാന്‍ മറിയത്തിന്റെ ആവശ്യമുണ്ടായിരുന്നു! സുവിശേഷങ്ങളില്‍ ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തിലും പകുതിയിലും അവസാനത്തിലും മറിയം പ്രത്യക്ഷപ്പെടുന്നു. വീണ്ടും മറിയത്തെ കണ്ടുമുട്ടുക നടപടിപുസ്തകത്തിലെ സഭയുടെ ആദ്യകാല വിവരണങ്ങളിലാണ്. പേരുപറയാതെ ചില ലേഖനങ്ങളിലും മറിയത്തെപ്പറ്റിയുള്ള വിവക്ഷകളുണ്ട്. വെളിപാടുപുസ്തകത്തില്‍ സഭയെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളെ മരിയ ദൈവശാസ്ത്രജ്ഞന്മാര്‍ പരി. മറിയമായും കണക്കാക്കുന്നുണ്ട്.

ബൈബിളിതര പുസ്തകങ്ങളില്‍ നിന്നും പാരമ്പര്യങ്ങളില്‍നിന്നും പരി. മറിയത്തെക്കുറിച്ചുള്ള മറ്റുചില സൂചനകളും ലഭിക്കുന്നു. ലേവീ വംശത്തില്‍ യോവാക്കീം എന്ന പുരോഹിതന്റെ മകളായി ജറുസലേമില്‍ ബെത്‌സദാ കുളക്കരയ്ക്കടുത്തുള്ള ഒരു ഗുഹയിലാണ് മറിയം ജനിച്ചത്. അവളുടെ ബാല്യത്തിലേ വൃദ്ധരായിരുന്ന മാതാപിതാക്കള്‍ മരിച്ചു. അതിനാല്‍ ജറുസലേം ദേവാലയത്തിലാണ് വിവാഹം വരെ അവള്‍ വളര്‍ന്നത്. അവളുടെ മരണത്തെപ്പറ്റി വിഭിന്നങ്ങളായ പാരമ്പര്യങ്ങളുണ്ട്. യോഹന്നാനോടൊപ്പം എഫേസൂസില്‍ ആയിരിക്കുമ്പോള്‍ അവിടെവച്ചു മരിച്ച് അടക്കംചെയ്യപ്പെട്ടുവെന്ന് ഒരു പാരമ്പര്യം. ജറുസലേമില്‍ ജോണ്‍ മാര്‍ക്കിന്റെ വീട്ടില്‍ താമസിച്ചു (സെഹിയോന്‍ മാളിക) അവിടെവച്ചു മരിച്ചെന്നും ഗത്‌സമനിയിലെ കല്ലറയില്‍ അടക്കപ്പെട്ടുവെന്നും ജെറുസലേം പാരമ്പര്യം. ഇതിന്റെ തുടര്‍ച്ചയാണ് പരി. മറിയത്തിന്റെ സ്വര്‍ഗാരോഹണത്തെക്കുറിച്ചുള്ള പാരമ്പര്യവും.

പഴയനിയമത്തില്‍ ദൈവത്തെ ധിക്കരിച്ച ആദത്തിനും ഹവ്വായ്ക്കും പകരം ദൈവത്തെ അനുസരിച്ച പുതിയനിയമത്തിലെ ആദവും ഹവ്വായുമാണ് ഈശോയും മറിയവും. യഹൂദരെ ചെങ്കടല്‍കടത്തി നയിച്ച മോശയുടെ സഹോദരി മിറിയാം ദൈവസ്തുതികള്‍ പാടി. അതുപോലെ മനുഷ്യരെ മരണത്തിന്റെ ചെങ്കടല്‍ കടത്തുന്ന ഈശോ എന്ന രക്ഷകന്റെ കൂടെ നിന്നവളാണ് മറിയം. അവളും ദൈവത്തെ സ്തുതിച്ചു കീര്‍ത്തനം ആലപിച്ചു. പക്ഷെ പൂര്‍വികയായ മിറിയാം മോശയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും പരി. മറിയം എക്കാലവും ഈശോയോട് ചേര്‍ന്നുനിന്നു.

പലര്‍ക്കും അറിയാത്ത ഒരുകാര്യം ബൈബിള്‍ ക്രിസ്തീയ കഥാപാത്രങ്ങള്‍ക്ക് ബൈബിളിന് പുറത്ത് അധികം അവസരങ്ങളില്ലെങ്കിലും വില്ലന്‍ കഥാപാത്രങ്ങളായി യഹൂദ പാരമ്പര്യത്തില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണ് ഈശോയും പരി. മറിയവും. ചില യഹൂദര്‍ ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ ഒരു പ്രത്യേക പ്രാര്‍ത്ഥനയ്ക്കിടയ്ക്ക് പുറകോട്ട് തലതിരിച്ച് ഈശോയെയും മറിയത്തെയും ദുഷിക്കും. എന്നാല്‍ കോടിക്കണക്കിന് മനുഷ്യര്‍ അവളെ ഭാഗ്യവതിയെന്നും നന്മനിറഞ്ഞവളെന്നും ദിവസേനെ സ്തുതിക്കുന്നു. ഇത് മറിയമെന്ന കഥാപാത്രം എത്രത്തോളം ചരിത്രത്തില്‍ ഇടംനേടിയ വ്യക്തിയാണെന്ന് തെളിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org