തക്കാളി പനി അഥവാ Hand foot mouth disease

തക്കാളി പനി അഥവാ Hand foot mouth disease

എന്താണ് തക്കാളി പനി?

അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളില്‍ കണ്ടു വരുന്ന ഒരു വൈറല്‍ പനിയാണ് തക്കാളിപനി. Enterovirus എന്ന വിഭാഗത്തില്‍ പെട്ട വൈറസ്സാണ് ഈ പനി ഉണ്ടാക്കുന്നത്. ഇതില്‍ തന്നെ Coxsackievirus A16, A6, Enterovirus 71 എന്നീ വൈറസുകളാണ് പ്രധാന കാരണം.

എന്താണ് ഈ പനിയുടെ ലക്ഷണങ്ങള്‍?

ഈ വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് 3 മുതല്‍ 6 ദിവസത്തിനുള്ളില്‍ പനി, തൊണ്ടവേദന എന്നിങ്ങനെ മറ്റു വൈറല്‍ പനിയുടേതു പോലുള്ള ലക്ഷണങ്ങള്‍ കാണുന്നു. പനി തുടങ്ങി 1-2 ദിവസത്തിനു ശേഷം, വായില്‍, പ്രധാനമായും പുറകുഭാഗത്ത് മുകളിലായി ചുവന്ന കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നു, അത് കുമിളകള്‍ ആയി മാറുകയും ചെയ്യുന്നു. തന്മൂലം, ശക്തമായ വേദന അനുഭവപ്പെടുകയും, ഭക്ഷണമോ വെള്ളമോ ഇറക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ വേദനമൂലം ഉമിനീര്‍ പോലും ഇറക്കാതിരിക്കുകയും, ചിലപ്പോള്‍ വായില്‍നിന്ന് തുടര്‍ച്ചയായി ഉമിനീര്‍ ഒഴുകിക്കൊണ്ടിരിക്കുകയും ചെയ്യും.

ഇതേ രീതിയില്‍ തന്നെ ശരീരത്തിലും, കുമിളകള്‍ പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും ചിക്കന്‍ പോക്‌സ് ആയി കരുതുന്നവരും ഉണ്ട്. എന്നാല്‍ ഈ പോളങ്ങള്‍, കൈകളിലും കാലുകളിലും, കൈകാല്‍ വെള്ളയിലുമാണ് കൂടുതലായി കാണുക. ചിക്കന്‍ പോക്‌സില്‍ കൈവെള്ളയിലോ, കാല്‍വെള്ളയിലോ, ഒരിക്കലും കുമിളകള്‍ അഥവാ vesicles കാണുകയില്ല. ചുമന്ന തക്കാളി പോലുള്ള ചുമന്ന കുമിളകള്‍ കാണുന്നതുകൊണ്ടാ ണ് ഇത് തക്കാളി പനി എന്നിയപ്പെടുന്നത്.

എങ്ങനെയാണ് Hand foot mouth disease പടരുന്നത്?

 • വ്യക്തികള്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ.

 • രോഗി ചുമക്കുകയോ, തുമ്മുകയോ ചെയ്യുമ്പോള്‍ ഉമിനീര്‍ കണികകളിലൂടെ

 • രോഗി ഉപയോഗിച്ച വസ്തുക്കള്‍ (toys) ഉപയോഗിക്കുന്നതിലൂടെയും, സ്പര്‍ശിച്ച പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതിലൂടെയും

ഈ അസുഖം അപകടകാരിയാണോ?

സാധാരണയായി 7-10 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പൂര്‍ണമായും മാറുന്നു. വായിലെ പോളങ്ങള്‍ മൂലം പലപ്പോഴും ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതു മൂലം ക്ഷീണവും, നിര്‍ജ്ജലീ കരണവും ഉണ്ടാകുന്നു. അപൂര്‍വ്വമായി മാത്രം മസ്തിഷ്‌ക ജ്വരം വരാനുള്ള സാധ്യതയൊഴിച്ചാല്‍ ഈ അസുഖം അപകടകാരിയല്ല.

എങ്ങനെയാണ് ഈ അസുഖം കണ്ടുപിടിക്കുന്നത്?

ലക്ഷണങ്ങള്‍ നോക്കിയാണ് അസുഖം മനസ്സിലാക്കുന്നത്. പ്രത്യേകമായി ഒരു ടെസ്റ്റിന്റേയും ആവശ്യമില്ല.

എന്താണ് ചികിത്സ?

 • സാധാരണ വൈറല്‍ പനികള്‍ പോലെ തന്നെ പ്രത്യേകമായി ഒരു ചികിത്സയുടെയും ആവശ്യമില്ല.

 • പനിക്ക് പാരസെറ്റമോള്‍ നല്കുക.

 • ആവശ്യത്തിന് വെള്ളവും, ഇറക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ദ്രാവകരൂപത്തിലുള്ള ഭക്ഷണവും നല്കുക.

 • ചൂടും എരിവും ഒഴിവാക്കുക. അല്പം തണുത്ത ഭക്ഷണമായിരിക്കും കുഞ്ഞിനു വേദനയില്ലാതെ ഇറക്കാന്‍ സാധിക്കുക.

 • രണ്ട് നേരം കുളിപ്പിക്കുക, ദേഹം വൃത്തിയായി സൂക്ഷിക്കുക.

 • ശക്തിയായ പനി, ക്ഷീണം, മയക്കം, ഒട്ടും വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ പറ്റാതെ വരുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുക.

 • ശക്തമായ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അതിനായുള്ള മരുന്നുകള്‍ ഉപയോഗിക്കുക.

അസുഖം പടരുന്നത് എങ്ങനെ തടയാം?

 • കൈകള്‍ വൃത്തിയായി കഴുകുക

 • ടോയ്‌സ്, പ്രതലങ്ങള്‍ എന്നിവ disinfect ചെയ്യുക.

 • അസുഖമുള്ള കുഞ്ഞുങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.

 • അസുഖം പൂര്‍ണ്ണമായും മാറുന്നതു വരെ കുഞ്ഞിനെ, ഡേ കെയര്‍, അങ്കനവാടി എന്നിവിടങ്ങളില്‍ വിടാതിരിക്കുക.

 • വളരെ പെട്ടെന്ന് പടരുന്ന ഒരു infection ആണ് തക്കാളിപ്പനി. കൂടുതലായി 5 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് കാണുന്നതെങ്കിലും 10 വയസ്സുവരെയുള്ള കുട്ടികളേയും വളരെ അപൂര്‍വ്വമായി വലിയവരേയും ഈ അസുഖം ബാധിക്കാം.

ഇതിനെ ഭയപ്പെടേണ്ട ആവശ്യമില്ല. കൃത്യമായ അറിവോടു കൂടി മറ്റു വൈല്‍ പനികളെ പോലെ തന്നെ ഇതിനേയും നേരിടാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org