
ക്ലാസ്സുകള്‍ക്കൊടുവിലെ ഇടവേളകളില്‍ ഒത്തുചേരല്‍ പതിവായിരുന്നു. ഗഹനമായ വിഷയങ്ങളെ ദഹിപ്പിച്ചെടുക്കുന്നതിനിടയിലെ ഒരു നേരമ്പോക്ക്. ആ ഒത്തുചേരലുകളെ മനോഹരമാക്കുന്നത് അകക്കാഴ്ചകള്‍ മാത്രമുള്ള രണ്ടു സഹോദരിമാരായിരുന്നു. ആതിരയും ആര്യയും. കുട്ടിക്കാലത്തെ ഓര്‍മ്മകളും, അനുഭവങ്ങളും അമളികളുമെല്ലാം വിഷയമായി വരാറുള്ള കൊച്ചു വര്‍ത്തമാനങ്ങളിലെ അന്നത്തെ വിഷയം ഒരു സഹപാഠിയുടെ സ്വപ്നമായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴകളും, വെള്ളക്കുതിരയും വസന്തവും... മനോഹരമായ വര്‍ണ്ണനകള്‍ക്കൊടുവില്‍ ആതിര ചോദിച്ചു: ''സ്വപ്നം കാണാന്‍ നല്ല രസമാണോ?'' കാഴ്ചയില്ലാത്തവര്‍ക്ക് സ്വപ്നം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞ ദിനം! നിറങ്ങളില്ലാത്ത ലോകത്തേക്ക് എങ്ങനെയാണല്ലേ സ്വപ്നങ്ങള്‍ക്ക് പ്രവേശനമുണ്ടാകുക!
നിറമുള്ള ഒരു ലോകം സ്വന്തമായിരുന്നിട്ടും സ്വന്തമായൊരു സ്വപ്നംപോലും കാണാനാകാതെ ശിമയോന്റെ പ്രവചനം കാത്തുകഴിഞ്ഞൊരു അമ്മയുണ്ട് നമുക്ക്. ആ അമ്മയെ വഹിച്ചും അലങ്കരിച്ചും അമ്മയ്‌ക്കൊപ്പം ആരാധിച്ചും ഒക്‌ടോബറിനെ കൂടുതല്‍ ധന്യമാക്കുമ്പോള്‍ പരി. അമ്മ ഒരു പാഠപുസ്തകമാകട്ടെ. രക്ഷകനെന്ന സ്വപ്നത്തിനായി ജീവിതം സമര്‍പ്പിച്ചവള്‍ക്ക് സര്‍വ്വസ്വപ്നങ്ങളും നഷ്ടമായി. എങ്കിലും അവള്‍ നഷ്ടബോധങ്ങളുടെ നിലവറയായിരുന്നില്ല. മകന്റെ മരണം പടുമരണമായിരിക്കുമെന്ന തിരിച്ചറിവിലും അവള്‍ ധീരയായി നിലകൊണ്ടു.
വ്യാകുലമാതാവെന്ന വിശേഷണം നാമവള്‍ക്ക് ചാര്‍ത്തികൊടുക്കുമ്പോഴും അവള്‍ കൂടുതല്‍ പ്രകാശിതയായിത്തന്നെ നില്ക്കുന്നത് ദൈവത്തിന്റെ സ്വപ്നങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊണ്ടതുകൊണ്ടാകാം. പുത്രന്റെ നിണമണിഞ്ഞ കുരിശുയാത്രയിലെ കൂടിക്കാഴ്ചയിലും, കുരിശുമരണത്തിലും അവള്‍ അലമുറയിട്ടു കരയുന്ന ഒരു സാധാരണ സ്ത്രീയായിരുന്നില്ല. കാരണം 'രക്ഷാകരവേലയിലെ സഹകാരിണി' എന്ന ദൈവത്തിന്റെ സ്വപ്നത്തോടാണവള്‍ കൂറുപുലര്‍ത്തിയത്. അതുകൊണ്ടാണല്ലോ തുടര്‍ന്നും സഹിക്കാനാണ് ദൈവതിരുമനസ്സെങ്കില്‍ അതിനുള്ള ശക്തിക്കായി നാം അവളോട് പ്രാര്‍ത്ഥിക്കുന്നത്.
'മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്' എന്ന വിശ്വാസം ക്ഷയിച്ചിട്ടില്ലാത്ത കാലത്തുതന്നെയാണ് ക്രൂശിക്കപ്പെടുന്നവന്റെ അമ്മയായിത്തന്നെ കുരിശോളം അവനെ അനുധാവനം ചെയ്തതും. ഗബ്രിയേല്‍ ദൂതനു മുമ്പില്‍ മുഖാമുഖം നിന്ന് ദൈവഹിതത്തിന് അടിയറവു പറഞ്ഞ നിമിഷത്തില്‍ അവളുടെ സ്വകാര്യ സ്വപ്നങ്ങളെ അവള്‍ എന്നേക്കുമായി ഉപേക്ഷിച്ചു. പിന്നീടൊരിക്കലും അവള്‍ സ്വന്തമായി സ്വപ്നങ്ങള്‍ കണ്ടിട്ടില്ല.
നമ്മുടെ സങ്കടങ്ങളൊക്കെയും പലപ്പോഴും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്നങ്ങളിലുടക്കിയായിരിക്കും. അല്ലെങ്കില്‍ അപ്രതീക്ഷിത നിമിഷങ്ങളില്‍ തകര്‍ന്നടിഞ്ഞ സ്വകാര്യസ്വപ്നങ്ങളുടെ ചില്ലുകൊട്ടാരങ്ങളെ ചൊല്ലിയായിരിക്കും.
സ്വപ്നം കാണാന്‍ ഭാരതീയരെ പ്രചോദിപ്പിച്ച അബ്ദുള്‍ കലാം തന്റെ സ്വകാര്യസ്വപ്നങ്ങളോട് വിടപറയാന്‍ സഹായിച്ച പിതാവിന്റെ വാക്കുകളെ ഉദ്ധരിക്കുന്നുണ്ട് തന്റെ ആത്മകഥയില്‍. ''അബ്ദുള്‍! ഒരു കൂടുപോലുമില്ലാതെ തികച്ചും ഏകാകിയായി കടല്‍പ്പക്ഷി സൂര്യനു കുറുകെ പറക്കുന്നില്ലേ! ഉന്നതമായ അഭിലാഷങ്ങള്‍ കുടികൊള്ളുന്ന മേഖലയിലേക്കു പോകാനായി നിന്റെ സ്മരണകളുറങ്ങുന്ന ഭൂമിയോടുള്ള അഭിനിവേശത്തെ ഉപേക്ഷിക്കേണ്ടി വരും.'' ജന്മഗൃഹവും നാടുംവിട്ട് ജീവിതനിയോഗങ്ങളുടെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തിയത് ആ വാക്കുകളായിരുന്നു.
മുപ്പത്തിമൂന്നുകാരിയായ അരുണിമ സിന്‍ഹയെ എല്ലാവര്‍ക്കുമറിയാം. ദേശീയ വോളിബോള്‍ താരം. വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളുടെ രാജകുമാരിയായാണ് അരുണിമ അടയാളപ്പെടുത്തപ്പെട്ടത്. അവളുടെ സ്വപ്നങ്ങളുടെ ചിറകരിയപ്പെട്ട ദിനമായിരുന്നു 2011 ഏപ്രില്‍ 12. പദ്മാവതി എക്‌സ്പ്രസ്സിലെ കമ്പാര്‍ട്ടുമെന്റില്‍ മോഷ്ടാക്കളുടെ സംഘത്തെ ചെറുക്കാന്‍ ശ്രമിക്കവേ മറ്റൊരു ട്രാക്കിലേക്ക് തള്ളിയിടപ്പെട്ട അരുണിമയുടെ കാലില്‍ ട്രെയിന്‍ കയറിയിറങ്ങി. പിന്നീടവള്‍ ജീവിതനിയോഗങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞ് പുതിയ സ്വപ്നങ്ങളെ എത്തിപ്പിടിക്കാന്‍ ഒരു കാലുമായവള്‍ യാത്ര തിരിച്ചു. അത് നിശ്ചയദാര്‍ഢ്യത്തിന്റെ കൊടുമുടി കയറാനുള്ള സ്വപ്നമായിരുന്നു. ആദ്യം എവറസ്റ്റിലും പിന്നീട് പഞ്ചഭൂഗണ്ഡങ്ങളിലായി കിടക്കുന്ന ഏഴ് കൊടുമുടികളുടെ നെറുകയിലും അവള്‍ പാദങ്ങളുറപ്പിച്ചു.
സ്വന്തമായ സ്വപ്നങ്ങളിലൊക്കെയും സ്വാര്‍ത്ഥതയുടെ വേരോട്ടമുണ്ടെന്ന് മറക്കാതിരിക്കാം. ഗാ ന്ധിജിയുടെ സ്വപ്നം സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടിയുള്ളതായിരുന്നു. അബ്ദുള്‍ കലാം ശാസ്ത്രപുരോഗതി കൈവരിക്കുന്ന ഭാരതത്തിനായി സ്വപ്നം കണ്ടു. അനാഥരില്ലാത്ത ലോകത്തിനായി എല്ലാവരുടേയും അമ്മയാകാനുള്ള സ്വപ്നമായിരുന്നു മദര്‍ തെരേസയുടേത്.
മറിയം കുറെക്കൂടി വിശാലമായി സ്വപ്നം കണ്ടു. മാനവരാശിയുടെ രക്ഷയ്ക്കായി ഗബ്രിയേല്‍ ദൂതില്‍ ഒപ്പുവച്ച നിമിഷം മുതല്‍ മറിയം ആ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു തുടങ്ങി. അന്നു മുതല്‍ അവളുടെ ജീവിതത്തിന്റെ സുരക്ഷിതത്വങ്ങളും സുഖങ്ങളും അവള്‍ക്ക് നഷ്ടമാകുന്നുണ്ട്. പലായനത്തിന്റെയും അനിശ്ചിതത്വങ്ങളുടെയും ദാരിദ്ര്യത്തിന്റെയും ഏകാന്തതയുടെയും ഇരുണ്ട ദിനങ്ങളെ അവള്‍ക്ക് അതിജീവിക്കണമായിരുന്നു. രക്ഷകന്‍ വഹിച്ച കുരിശിനോളം തന്നെ വലിപ്പമുള്ള ഒരു കുരിശ് തന്റെ ഹൃദയത്തില്‍ പേറുകയും ചെയ്തു. എങ്കിലും അവള്‍ ദൈവത്തിന്റെ സ്വപ്നങ്ങള്‍ക്കുവേണ്ടി നിലകൊണ്ടു. നഷ്ടധൈര്യയാകാതെ... നമുക്കും കുറെക്കൂടി വിശാലമായി സ്വപ്നം കാണാന്‍ തുടങ്ങാം. സ്വാര്‍ത്ഥതയുടെ വേരോട്ടമില്ലാത്ത ശുദ്ധമായ സ്വപ്നങ്ങള്‍.