സ്‌നേഹസമ്മാനം

ചെറുകഥ : ആനി ഗ്രെയ്‌സി
സ്‌നേഹസമ്മാനം

ക്ലോക്കില്‍ മണി പത്തടിച്ചു. മിനി ഹോംവര്‍ക്ക് ചെയ്ത് പുസ്തകം അടച്ചുവച്ചു. ഇംഗ്ലീഷ് പഠിക്കുവാന്‍ തുടങ്ങി. അല്‍പസമയം വായിച്ചു. ഓ! വയ്യ മനസ്സാകെ അസ്വസ്ഥമായിരിക്കുന്നു. ഇന്നിനി പഠിച്ചാല്‍ ഒന്നും തലയില് കയറില്ല. അവള്‍ പുസ്തകം അടച്ചുവച്ച് ബൈബിള്‍ എടുത്തു. എന്നും പതിവുള്ളതാണീ വായന. ചെറുപ്പം മുതലേ അമ്മാമ്മ ശീലിപ്പിച്ച ഒരു നല്ല കാര്യം. ബൈബിള്‍ വായിച്ചശേഷം അവള്‍ കസേരയില്‍ നിന്നെഴുന്നേറ്റു. ഇന്ന് നേരത്തേ കിടക്കണം. നാളെയും മറ്റന്നാളും കോളേജിന് അവധിയാണല്ലോ.

മിനി പതുക്കെ ജനലിനരികേ ചെന്നു. പുറത്തേയ്ക്ക് നോക്കി. എങ്ങും കൂരിരുട്ട്. അയല്‍ വീട്ടുകാര്‍ എല്ലാവരും ഉറക്കം പിടിച്ചെന്ന് തോന്നുന്നു. പാവങ്ങള്‍. അന്നന്നത്തെ ആഹാരത്തിനുവേണ്ടി രാവിലെ പണിക്കിറങ്ങുന്നവര്‍. സന്ധ്യയാകുമ്പോള്‍ ക്ഷീണിച്ച് തളര്‍ന്നെത്തുന്നു. പുരുഷന്മാര്‍ എല്ലാവരും നന്നായി കുടിച്ചിട്ടുണ്ടാകും. ചിലര്‍ വീട്ടിലെത്തിയാല്‍ വഴക്കും ബഹളവും. അതിനിടയില്‍ സ്ത്രീകളുടെ പിറുപിറുക്കലും കുട്ടികളുടെ കരച്ചിലും. ആദ്യമായാണ് ഗ്രാമത്തില്‍ താമസിക്കുന്നത്. ഈ കുഗ്രാമത്തിലേക്കാണ് ഡാഡിക്ക് സ്ഥലം മാറ്റം എന്നറിഞ്ഞപ്പോള്‍ വെറുപ്പും ദേഷ്യവുമായിരുന്നു. ഇപ്പോള്‍ താനും ഈ ഗ്രാമത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. മിനി തിരിച്ചുവന്ന് ലൈറ്റണച്ച് കിടക്കയിലേക്ക് ചാഞ്ഞു. ഉറക്കം വരുന്നില്ല. മനസ്സില്‍ വല്ലാത്ത കുറ്റബോധം. നാളെ എല്ലാം മമ്മിയോട് തുറന്നു പറയണം. അവളുടെ മനസ്സിലേയ്ക്ക് ഓര്‍മ്മകളുടെ ഓളങ്ങള്‍ അലയടിച്ചുയര്‍ന്നു.

ഒരു ഞായറാഴ്ച... പള്ളിയില്‍ നിന്നും മടങ്ങിയെത്തിയപ്പോഴാണ് രമയെ പരിചയപ്പെട്ടത്. രമയും അവളുടെ അമ്മയും എല്ലാദിവസവും വന്ന് തന്റെ വീട്ടിലെ എല്ലാ പണികളും ചെയ്യും. മമ്മി കൊടുക്കുന്ന ഭക്ഷണവും കഴിച്ച് സന്തോഷത്തോടെ പോകും. മമ്മി പറഞ്ഞാണറിഞ്ഞത് രമയുടെ അച്ചന്‍ എന്നും മദ്യപിച്ച് വഴക്കുണ്ടാക്കുമെന്ന്. രമ പഠിക്കാന്‍ പോയിട്ടില്ല. അനുജനെ സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ട് പലപ്പോഴും സ്‌കൂളില്‍ പോകാറില്ല.

ഒരു ദിവസം മിനി അവരുടെ വീട്ടില്‍ പോയി. അന്ന് മമ്മി ഒത്തിരി വഴക്കു പറഞ്ഞു. താനവര്‍ക്ക് മാങ്ങ പറിച്ചുകൊടുത്തതും രാജുവിന് പേന കൊടുത്തതും എല്ലാം മമ്മി അറിഞ്ഞു. അന്ന് മമ്മി പറഞ്ഞു: അവര്‍ പാവങ്ങളാണ് നമുക്കവരെ സഹായിക്കണം. എന്നാല്‍ കൂട്ടുകൂടുന്നത് നമ്മുടെ സ്റ്റാറ്റസിനനുസരിച്ചുള്ളവരോട് വേണം. എന്നാല്‍ മമ്മിയുടെ വാക്കുകള്‍ രമയുടെ സ്‌നേഹത്തിനു മുമ്പില്‍ ഉരുകിയൊലിച്ചുപോയി. കഴിഞ്ഞ തിങ്കളാഴ്ച താന്‍ കോളേജിലേയ്ക്ക് പോകുന്നവഴിക്കാണ് കണ്ടത് രമയുടെ വീട്ടില്‍ ഒരാള്‍ക്കൂട്ടം. അടുത്ത വീട്ടിലെ ജാനുചേച്ചി പറഞ്ഞു: രണ്ടുമൂന്നു ദിവസായിട്ട് അവിടെ ഭയങ്കര വഴക്കും ബഹളവുമാണ്. ഇന്നലെ രാത്രി മദ്യപിച്ചു വന്ന ശങ്കരന്‍ ചേട്ടന്‍ എപ്പോഴോ ഇറങ്ങിപ്പോയി. ഇപ്പോള്‍ ദാ റോഡരികില്‍ തലപൊട്ടി ചോരയൊലിച്ചുകിടക്കുന്നു. പാവം കുട്ടികള്‍ രണ്ട് ദിവസമായി ഭക്ഷണം പോലും കഴിച്ചിട്ട്.

മിനി ഇതുകേട്ട നിമിഷം അവരുടെ അടുത്തേയ്ക്ക് പാഞ്ഞു. രമയും രാജുവും കാര്‍ത്തിചേച്ചിയും ഉറക്കെ നിലവിളിക്കുന്നുണ്ട്. ഏതാനും ആളുകള്‍ ചേര്‍ന്ന് ശങ്കരന്‍ ചേട്ടനെ കാറില്‍ കയറ്റി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. മിനി അവരെ ആശ്വസിപ്പിച്ചശേഷം തന്റെ ചോറുപൊതിയെടുത്ത് രാജുവിന്റെ കൈയ്യില്‍ കൊടുത്തു. മിനി കാര്‍ത്തിയുടെ കൂടെ ആശുപത്രിയില്‍ ചെന്നു. ഡോക്ടര്‍ പറഞ്ഞു രക്തം കുറേ നഷ്ടപ്പെട്ടിട്ടുണ്ട്. രക്തം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇനി എക്‌സറേ എടുക്കണം. കുറച്ച് ടെസ്റ്റുകള്‍ കൂടിയുണ്ട്. കാര്‍ത്തി ഇതുകേട്ട് വിങ്ങിക്കരഞ്ഞു. കൂടെ വന്നവരെല്ലാം തിരിച്ചുപോയിരുന്നു. മിനി തന്റെ ബാഗില്‍ നിന്നും വിനോദയാത്രയ്ക്ക് പോകുവാന്‍ വേണ്ടി ടീച്ചറെ ഏല്‍പ്പിക്കുവാന്‍ വച്ചിരുന്ന രൂപയെടുത്ത് കാര്‍ത്തിയുടെ കൈയ്യില്‍ കൊടുത്തിട്ട് പറഞ്ഞു: ഇത് മമ്മി തന്നുവിട്ടതാണ്. മരുന്നു വാങ്ങിക്കോളൂ.

കാര്‍ത്തി ദയനീയമായി നോക്കിക്കൊണ്ട് രണ്ടു കൈയ്യും നീട്ടി വാങ്ങി. എന്നിട്ട് പറഞ്ഞു: മോളുടെ മമ്മിയെ ദൈവം അനുഗ്രഹിക്കും.

നാളെയാണ് കോളേജില്‍നിന്നും വിനോദയാത്രയ്ക്ക് പോകുന്നത്. മമ്മി തനിക്കുവേണ്ട സാധനങ്ങളെല്ലാം ഒരുക്കികഴിഞ്ഞു. പക്ഷെ രൂപ കൊടുത്തിട്ടില്ല. നാളെ എല്ലാം മമ്മിയോട് പറയണം മിനി കണ്ണുകളടച്ച് കിടന്നു നിദ്രാദേവിയുടെ അനുഗ്രഹത്തോടെ. പുലര്‍ച്ചെ ആരുമായോ മമ്മിയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് മിനി വരാന്തയിലേയ്ക്ക് ചെന്നത്. അവിടെ രമയുടെ അച്ചനും അമ്മയും നില്‍ക്കുന്നു.

മിനിയെ കണ്ടപാടേ കാര്‍ത്തി പറഞ്ഞു: മോളേ മോള്‍ ചെയ്ത ഉപകാരത്തിനു നന്ദി പറയുവാന്‍ എത്തിയതാണ് ഞങ്ങള്‍. മോളുടെ കൈയ്യില്‍ നിന്നും ഒന്നും അറിയാതെ രൂപ വാങ്ങിയത് തെറ്റായിപ്പോയി. ആ അവസരത്തില്‍ മമ്മി തന്നതാണെന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല.

മിനി പേടിയോടെ മമ്മിയുടെ മുഖത്തേയ്ക്ക് നോക്കി, മമ്മിയെല്ലാം കേട്ടു നില്‍ക്കുകയാണ്. ശങ്കരന്‍ പറഞ്ഞു: മിനിമോളുടെ സ്‌നേഹം ഞങ്ങളെ വീര്‍പ്പുമുട്ടിക്കുന്നു. നന്ദി പറയാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.

മിനി ചോദിച്ചു: ചേട്ടന്‍ ആശുപത്രിയില്‍ നിന്നും എന്നു വന്നു?

ഇന്നലേ. എല്ലാം സുഖമായി മോളേ... എന്റെ കുടിയാണ് ഇതിനെല്ലാം കാരണം. മോളുടെ സ്‌നേഹം എന്റെ കണ്ണുതുറപ്പിച്ചു. ഈ നിമിഷം മുതല്‍ ഞാന്‍ കുടി നിര്‍ത്തുകയാണ്.

അവര്‍ രണ്ടുപേരും കൈകള്‍ കൂപ്പി നന്ദി പറഞ്ഞുകൊണ്ട് തിരിച്ചുപോയി

മമ്മി മിനിയുടെ അരികില്‍ വന്ന് മുടിയില്‍ വാത്സല്യപൂര്‍വ്വം തഴുകികൊണ്ട് ചോദിച്ചു: മോളേ നിനക്കെവിടുന്നാ ഇത്രയും രൂപ കിട്ടിയത്?

മിനി പറഞ്ഞു: മമ്മി ഞാനിന്ന് വിനോദയാത്രയ്ക്ക് പോകുന്നില്ല. കോളേജില്‍ ഞാന്‍ പൈസ കൊടുത്തിട്ടില്ല. അതിനുവേണ്ടി ഡാഡി തന്ന രൂപയാണ് ഞാന്‍ കാര്‍ത്തിചേച്ചിക്ക് കൊടുത്തത്. വിനോദയാത്രയ്ക്ക് പോകുന്നതിലും വലിയ സന്തോഷമാണ് എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഡാഡിയും മമ്മിയും എന്നോട് ക്ഷമിക്കണം.

മമ്മി മിനിയെ കെട്ടിപ്പിടിച്ചുമ്മ വച്ചു. അവരുടെ കണ്ണുകളില്‍ നിന്നും അശ്രുകണങ്ങള്‍ പൊഴിഞ്ഞു. ഡാഡി മിനിയുടെ തോളില്‍ തട്ടിക്കൊണ്ടു പറഞ്ഞു: മിനി നിന്റെ ഈ ധീരതയും സ്‌നേഹവും സല്‍മനോഭാവവും എന്നും ഉണ്ടാകണം.

ഡാഡി ഷെല്‍ഫില്‍ നിന്നും ഒരു കവര്‍ എടുത്തുകൊടുത്തിട്ടു പറഞ്ഞു: ഇതില്‍ വിനോദയാത്രയ്ക്ക് പോകാനുള്ള പണമുണ്ട്. ഇത് നിന്റെ നല്ല മനസ്സിനുള്ള ഡാഡിയുടെ സമ്മാനമാണ്. മിനി ആഹ്ലാദത്തോടെ മുറിയിലേയ്ക്ക് പോയി അപ്പോഴും അവളുടെ മനസ്സില്‍ രമയുടെയും രാജുവിന്റെയും സന്തോഷത്താല്‍ വിടര്‍ന്ന മുഖങ്ങളായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org