ഗബ്രിയേല്‍

ഗബ്രിയേല്‍

പുതിയ നിയമത്തിന്റെ ആരംഭത്തില്‍ സ്വര്‍ഗ്ഗവും ഭൂമിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദൂതനായിട്ടാണ് ഗബ്രിയേല്‍ പ്രത്യക്ഷപ്പെടുക (Lk 1:19). 'ദൈവം എന്റെ യോദ്ധാവ്' എന്നാണ് ഗബ്രിയേല്‍ എന്ന ഹീബ്രു നാമത്തിന്റെ അര്‍ഥം. തിരുവചനങ്ങളില്‍ മിഖായേലിനോടൊപ്പവും റാഫായേലിനോടൊപ്പവും എണ്ണപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍. ദാനിയേലിന്റെ പുസ്തകത്തില്‍ ഗബ്രിയേല്‍ വെളിപാടുകള്‍ വ്യാഖ്യാനിച്ചു നല്‍കുന്ന മാലാഖയാണ്. മാലാഖമാരില്‍ പ്രധാനഗണമായ കെരൂബ് വിഭാഗത്തില്‍പ്പെടുന്നതാണ് ഗബ്രിയേല്‍.

കാനോനീക പുസ്തകങ്ങള്‍ക്കപ്പുറം ബൈബിളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ചില പ്രാചീന പുസ്തകങ്ങളിലും ഗബ്രിയേല്‍ ഒരു പ്രധാന കഥാപാത്രമാണ്. അതില്‍ ഒന്നായ ഹെനോക്കിന്റെ പുസ്തകത്തില്‍ ഗബ്രിയേല്‍ സ്വര്‍ഗ്ഗത്തിന്റെയും, സ്വര്‍ഗ്ഗവാസികളുടെയും, കെരൂബുകളുടെയും കാര്യസ്ഥതയുള്ള പ്രധാന മാലാഖമാരില്‍ ഒരുവനാണ്. ദൈവനിഷേധികളായ മാലാഖമാരെയും മനുഷ്യമക്കളെയും നശിപ്പിക്കാന്‍ അവന്‍ നിയോഗിക്ക പ്പെട്ടിരിക്കുന്നു. ചാവുകടലിനും ജെറീക്കോയ്ക്കും സമീപമുള്ള ഖുംറാന്‍ ഗുഹകളില്‍ കണ്ടെത്തിയ കയ്യെഴുത്തുപ്രതികളില്‍ നാല് പ്രധാന മാലാഖമാരെപ്പറ്റി പറയുന്നുണ്ട്: മൈക്കിള്‍, ഗബ്രിയേല്‍, സരിയേല്‍, റാഫേല്‍. ഇവര്‍ നാലും കര്‍ത്താവിന്റെ യുദ്ധയോദ്ധാക്കളാണ്. യുദ്ധഗോപുരങ്ങളുടെ നാലു ഭാഗത്തായി ഇവര്‍ ഓരോരുത്തരുടേയും പേരുകള്‍ കൊത്തി വയ്ക്കപ്പെട്ടിരുന്നു.

പഴയ നിയമത്തിലെ യുദ്ധ ധര്‍മ്മങ്ങളില്‍നിന്നും വ്യത്യസ്തമായി പുതിയ നിയമത്തില്‍ ദൈവവും മനുഷ്യനും തമ്മില്‍ സമാധാനം സ്ഥാപിക്കാനായി അയക്കപ്പെടുന്ന ദൂതന്റെ റോള്‍, അതും രക്ഷയുടെ ദൂത് മനുഷ്യരെ അറിയിക്കാനുള്ള ദൗത്യം ആണ് ഗബ്രിയേലിനുള്ളത്. യോഹന്നാന്റെയും ഈശോയുടെയും ജനനത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ അയക്കപ്പെട്ട മാലാഖ (ദൂതന്‍) ആയിട്ടാണ് ലൂക്കാ ഗബ്രിയേലിനെ വിവരിക്കുന്നത്. സാംസന്റെ ജനന സംഭവങ്ങളുടെ പാരമ്പര്യങ്ങളെ (ഖൗറ 13) അനുസ്മരിപ്പിക്കും വിധമാണ് ലൂക്കാ ഗബ്രിയേല്‍ ദൂതനെ വിവരിക്കുന്നത്. ലൂക്കായുടെ വിവരണത്തില്‍ പഴയ നിയമ പാരമ്പര്യങ്ങളില്‍നിന്നും ഒരു വ്യത്യാസം കാണുന്നത്, ഒരിക്കലും ദൂതുമായി വരുന്ന മാലാഖയുടെ പേര് പറയപ്പെടാറില്ല എന്നതാണ്. കാരണം കര്‍ത്താവിന്റെ ദൂതന്‍ വ്യത്യസ്തനായ ഒരു വ്യക്തിയായി കാണപ്പെടാതെ ദൈവത്തിന്റെ സാന്നിധ്യമായിട്ടു തന്നെയാണ് കണക്കാക്കപ്പടുക (ഖൗറ 13:18). എന്നാല്‍ വരാന്‍ പോകുന്ന 'എമ്മാനുവല്‍' ആണ് യഥാര്‍ത്ഥ ദൈവത്തിന്റെ സാന്നിധ്യം എന്ന് കാണിക്കാനായിരിക്കണം ലൂക്കാ ദൂതന്റെ പേര് എടുത്തു പറയുന്നത്.

താന്‍ ദൈവസന്നിധിയില്‍ നില്‍ക്കുന്നവനാണെന്നാണ് ഗബ്രിയേല്‍ സ്വയം പരിചയപ്പെടുത്തുന്നത്. അതിനാല്‍ അവനെ അവിശ്വസിക്കുന്നത് ദൈവത്തെ അവിശ്വസിക്കുന്നതിന് തുല്യമായതിനാല്‍ സഖറിയാ മൂകനാക്കപ്പെട്ടു. സാംസന്റെ അമ്മയ്ക്ക് ദൂതന്‍ രണ്ടു പ്രാവശ്യം പ്രത്യക്ഷപ്പെട്ടതുപോലെ പ. മറിയത്തിനും രണ്ടുവട്ടം ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് ഓര്‍ത്തഡോക്‌സ് സഭാ പാരമ്പര്യം. നസറത്ത് പട്ടണത്തിനു മുകളിലുള്ള ഒരു ഉറവയില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുമ്പോളാണ് ഗബ്രിയേല്‍ പ്രത്യക്ഷപ്പെട്ട് അവള്‍ക്ക് അഭിവാദനം നല്‍കിയത്. ഭയന്നുപോയ പ. മറിയം ഓടി വീട്ടിലെത്തിയപ്പോള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും രക്ഷാകരപദ്ധതി വിവരിക്കുകയും ചെയ്‌തെന്ന് പാരമ്പര്യം. സൗമ്യവാനായ ദൂതനായിട്ടാണ് മറിയത്തോട് ഗബ്രിയേല്‍ വര്‍ത്തിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org