അങ്കമാലി ബസിലിക്കയുടെ കരുതല്‍ ഗ്രേയ്‌സ് ഹോം പ്രൊജക്ട്

അങ്കമാലി ബസിലിക്കയുടെ കരുതല്‍ ഗ്രേയ്‌സ് ഹോം പ്രൊജക്ട്
അങ്കമാലി ബസിലിക്ക വിശ്വാസ പരിശീലന വിഭാഗം ''നന്മയില്‍ വളരാം'' എന്ന അതിരൂപത വിശ്വാസ പരിശീലന ആപ്തവാക്യത്തെ മുന്‍നിര്‍ത്തി വാര്‍ഷിക പദ്ധതിയെന്നോണം ''ഗ്രേസ് ഹോം - സഹപാഠിക്കൊരു വീട്'' എന്ന സ്വപ്നം 2023-24 വിശ്വാസ പരിശീലന അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ വിഭാവനം ചെയ്തിരുന്നു.

അങ്കമാലി ബസിലിക്ക ഇടവകയുടെ അഭിമാനമാണ് 'കരുണയുടെ കൈനീട്ടം' പദ്ധതി. ഇടവകയിലെ സുമനസ്സുകള്‍ നല്കി വരുന്ന നിസ്തുലമായ സഹകരണവും ചെറുതും വലുതുമായ പണവും കൊണ്ട് അര്‍ഹരായ നിരവധി പാവപ്പട്ടവരെ സഹായിക്കുവാന്‍ ഈ പദ്ധതി വഴി സാധിക്കുന്നു. ഓരോ വര്‍ഷവും വിവാഹം, രോഗം, പഠനം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഇടവകയെ സമീപിക്കുന്നവര്‍ക്ക് വലിയ സഹായങ്ങളാണ് നല്കിവരുന്നത്. ജാതി-മത വ്യത്യാസങ്ങള്‍ കൂടാതെ അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ അനന്യത.

ഇടവകയുടെ കരുണയുടെ കൈനീട്ടത്തിലെ കഴിഞ്ഞ വര്‍ഷത്തെ പ്രത്യേക പദ്ധതിയുടെ പേര് 'ഗ്രേസ് ഹോം പ്രൊജക്ട്' എന്നായിരുന്നു. ഭൂരഹിതരും ഭവനരഹിതരുമായ നിര്‍ധരരെ സഹായിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. ഭവനരഹിതരായി ആരും തന്നെ അങ്കമാലി ഇടവകയില്‍ കാണരുതെന്ന ദൃഢനിശ്ചയത്തിന്റെ ഫലമായാണ് ഈ പദ്ധതി രൂപപ്പെട്ടത്. അതിന്റെ ഭാഗമായി 'മൂന്ന് കൃപയുടെ ഭവനങ്ങള്‍' നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വെഞ്ചിരിച്ച് നല്കി.

പാരിഷ് ഫാമിലി യൂണിയന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആദ്യത്തെ രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇടവകാംഗം തന്നെ ഭവനനിര്‍മ്മാണത്തിനുള്ള സ്ഥലം നല്കുകയും സഹായഹസ്തരായ ഇടവകയിലെ ജനങ്ങള്‍ സാമ്പത്തിക സഹായം നല്കുകയും ചെയ്തു. കൂടാതെ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍നിന്ന് ലഭിച്ച തുകയും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സെന്‍ട്രല്‍ കമ്മിറ്റി സമയബന്ധിതമായി പ്രസിദ്ധീകരിച്ച പാരിഷ് ബുള്ളറ്റിന്‍ - 'കതിരൊളി'യില്‍ നിന്നും പരസ്യം വഴി ലഭിച്ച വരുമാനവും മറ്റു പലരില്‍ നിന്നായി ലഭിച്ച പണവും ഈ ആവശ്യത്തിലേക്കായി സമാഹരിച്ചു. അങ്ങനെ ഇടവകയിലെ സുമനസ്സുകളുടെ സഹകരണത്തോടെയും കൈ ത്താങ്ങലിലൂടെയും മനോഹരമായ രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പൂര്‍ത്തീകരിക്കുകയുണ്ടായി. ഒക്‌ടോബര്‍ മാസം 30-ാം തീയതി ആ രണ്ട് ഭവനങ്ങളുടെയും വെഞ്ചിരിപ്പ് കര്‍മ്മം ഇടവക വികാരി റവ. ഫാ. ജിമ്മി പൂച്ചക്കാട്ട് നിര്‍വഹിക്കുകയുണ്ടായി.

അങ്കമാലി ബസിലിക്കയിലെ വിശ്വാസ പരിശീലന വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു മൂന്നാമത്തെ ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ''നന്മയില്‍ വളരാം'' എന്ന അതിരൂപത വിശ്വാസ പരിശീലന ആപ്തവാക്യത്തെ മുന്‍നിര്‍ത്തി വാര്‍ഷിക പദ്ധതിയെന്നോണം ''ഗ്രേസ് ഹോം - സഹപാഠിക്കൊരു വീട്'' എന്ന സ്വപ്നം 2023-24 വിശ്വാസ പരിശീലന അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ത്തന്നെ അവര്‍ വിഭാവനം ചെയ്തിരുന്നു. ഇതിന് കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അകമഴിഞ്ഞ സഹകരണം ഉണ്ടായി. തങ്ങള്‍ക്ക് ജന്മദിനം ആഘോഷിക്കേണ്ടെന്നും ക്രിസ്തുമസിനും ഓണത്തിനും ഉടുപ്പും മറ്റ് ആഘോഷങ്ങളും വേണ്ടെന്നും തീരുമാനിച്ചുകൊണ്ട് കുട്ടികള്‍ തങ്ങളുടെ സംഭാവനകള്‍ അധ്യാപകര്‍ക്ക് നല്കി. അധ്യാപകര്‍ തങ്ങളാല്‍ കഴിയുന്ന പണം ഈ ലക്ഷ്യത്തിലേക്കായി മാറ്റിവച്ചു. അങ്ങനെയാണ് മൂന്നാമത്തെ ഗ്രേസ് ഹോം പൂവണിയുന്നത്. തങ്ങള്‍ക്ക് ലഭിക്കാമായിരുന്ന സുഖസൗകര്യങ്ങള്‍ ത്യജിച്ചുകൊണ്ട് വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ സഹപാഠിയുടെ ഉന്നമനത്തിനായി ഭവനം നിര്‍മ്മിച്ചു എന്നതാണ് ഈ പദ്ധതിയുടെ മനോഹാരിത. നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഫെബ്രുവരി മാസം 18-ാം തീയതി എറണാകുളം-അങ്കമാലി അതിരൂപത വിശ്വാസ പരിശീലന വിഭാഗം ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ നിര്‍വഹിക്കുകയും അതിരൂപത വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇനിയും ഈ പദ്ധതി തുടരാനാണ് കുട്ടികളുടെ തീരുമാനം.

വികാരിയച്ചന്‍, കൊച്ചച്ചന്മാര്‍, കൈക്കാരന്മാര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, യൂണിറ്റ് ഭാരവാഹികള്‍, സംഘടനാ ഭാരവാഹികള്‍, വിശ്വാസ പരിശീലകര്‍ തുടങ്ങി ഇടവകജനത്തിന്റെ മുഴുവന്‍ കൂട്ടായ്മയുടെയും അകമഴിഞ്ഞ സഹകരണത്തിന്റെയും ഫലമായാണ് മാതൃകാപരമായ ഇത്തരം പദ്ധതികളും പ്രവര്‍ത്തനങ്ങളും അങ്കമാലി ബസിലിക്കയില്‍ നടന്നു വരുന്നത്. അങ്കമാലി ബസിലിക്ക ഇടവക യാത്ര തുടരുകയാണ്... ഇടവകയില്‍ ഭൂരഹിതരും ഭവനരഹിതരുമായവര്‍ക്ക് സ്ഥലവും ഭവനവും എത്ര കാലത്തേക്കും എത്ര തലമുറയ്ക്കും ഉപയോഗിക്കത്തക്കവിധത്തില്‍ നല്കുന്ന 'ഗ്രേസ് ഹോം' പദ്ധതിയുമായി... കരുണയുടെ കൈനീട്ടങ്ങളെ അര്‍ഹമായ കരങ്ങളിലെത്തിക്കുമെന്ന ദൃഢനിശ്ചയത്തോടെ....

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org