വിശ്വാസപരിശീലന പരീക്ഷ = ക്രിസ്തീയ മനോഭാവത്തിന്റെ അളവുകോല്‍

വിശ്വാസപരിശീലന പരീക്ഷ = ക്രിസ്തീയ മനോഭാവത്തിന്റെ അളവുകോല്‍

ഏറ്റവും നല്ലതിനും ഗുണമേന്മയുള്ളതിനും വില നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുക. എങ്കിലും ഒരുപിടി മനുഷ്യരുണ്ട് ഈ കുത്തൊഴുക്കില്‍പ്പെടാതെ ശക്തമായ നിലപാടുകളെടുത്ത് നല്ലതിനെയും നന്മയെയും സംരക്ഷിക്കുന്നവര്‍. ക്രൈസ്തവ വിശ്വാസപരിശീലനം അനുഭവ സാക്ഷ്യമാക്കിയവര്‍. സമൂഹ മനസാക്ഷിയുടെ, പാവപ്പെട്ടവന്റെ ശബ്ദമാകാന്‍, പ്രതികരിക്കാനും ശബ്ദിക്കാനും കഴിയാത്തവന്റെ ജിഹ്വയായി മാറാന്‍ വിശ്വാസപരിശീലനം അത്യന്താപേക്ഷിതമാണ്. കാരണം ദൈവാരാധന കഴിഞ്ഞാല്‍ സഭ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് വിശ്വാസപരിശീലനത്തിലാണ്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഒക്‌ടോബര്‍ 8 ന് വിശ്വാസപരിശീലന ത്തില്‍ ആയിരിക്കുന്നവര്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ മനോഭാവം എന്താണ്? എന്തായിരിക്കണം?

ഇന്നോളം മനുഷ്യന്‍ പരീക്ഷയെ കണ്ടിരുന്നത് വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറി നല്ലൊരു ജോലി സമ്പാദിക്കാനും ബാങ്ക് ബാലന്‍സിന്റെ കനത്തില്‍ അഭിമാനത്തോടെ ജീവിക്കാനുമാണ്. അതിനായി നമ്മള്‍ ഒരോരുര്‍ത്തരും അധ്വാനിക്കുന്നു. ത്യാഗം അനുഷ്ഠിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ തീര്‍ന്നു പോയേക്കാവുന്നവയാണ് ഈ സമ്പാദ്യമെല്ലാം. നശ്വരമായ ഈ ലോകത്തില്‍ അനശ്വരമായി നില്‍ക്കുന്നതാണ് 1 മുതല്‍ 12 വരെയുള്ള വിശ്വാസപരിശീലന ക്ലാസിലൂടെ പടിപടിയായി നമ്മള്‍ നേടിയെടുക്കുന്ന വിശ്വാസം. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട ഈ വിശ്വാസം അനുഭവത്തില്‍ വന്നാല്‍ മാത്രമേ നമ്മുടെ മനോഭാവത്തില്‍ മാറ്റം വരുകയുള്ളൂ. ക്രിസ്തുവിന്റെ മനോഭാവം എന്നില്‍ രൂപപ്പെടാ നുള്ള അവസരമാണ് ഈ വിശ്വാസപരിശീലനം. അത് എത്രമാത്രം രൂപപ്പെട്ടു എന്നതി ന്റെ അളവുകോല്‍ മാത്രമാണ് ഈ പരീക്ഷ.

ക്രിസ്തുവിന്റെ മനോഭാവം വേറിട്ടതും പുതുമയുള്ളതുമാണ്. മനുഷ്യനെ മനുഷ്യനായി കാണുന്നതും പരിഗണിക്കുന്നതും വിലകല്‍പിക്കുന്നതുമാണ്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സഭ പീഡനങ്ങള്‍ക്ക് വിധേയമായിട്ടും പോരായ്മകള്‍ ഉണ്ടായിട്ടും അനേകര്‍ ക്രിസ്തുവിനെ, ക്രിസ്തുവിന്റെ മനോഭാവത്തെ പിന്‍തുടരുന്നതും നെഞ്ചിലേറ്റുന്നതും. ഈ മനോഭാവം സ്വന്തമാക്കുക എന്ന ലക്ഷ്യമാണ് വിശ്വാസപരിശീലനത്തിലായിരിക്കുന്ന നമുക്കും ഉണ്ടാകേണ്ടത്.

1 മുതല്‍ 12 വരെ ക്ലാസുകളില്‍ വിശ്വാസപരിശീലനത്തിലൂടെ കടന്നുപോകുമ്പോള്‍ ഈശോ ജീവിതസാഹചര്യങ്ങളെ എങ്ങനെ, ഏതു മനോഭാവത്തോടെ സമീപിച്ചു എന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. പാപിനിയായ സ്ത്രീയെ, തളര്‍വാതരോഗിയെ, ചുങ്കക്കാരെ, അന്ധരെ, കുഷ്ഠരോഗിയെ, പുരോഹിതരെ, രാജാക്കന്മാരെ സമീപിച്ചപ്പോഴും ചെയ്യാത്ത കുറ്റത്തിന് കുരിശുമരണം വരിച്ചപ്പോഴുമൊക്കെ, അവന്റെ മനോഭാവം സ്വര്‍ഗരാജ്യം പ്രതിഫലിപ്പിക്കുന്നതും, സ്വര്‍ഗീയ പിതാവിന്റെ നന്മയെ പ്രകീര്‍ത്തിക്കുന്നതുമായിരുന്നു. ഈ മനോഭാവം സ്വന്തമാക്കാനും എന്റെ ഈശോയെ ധരിക്കാനും ഇന്നിന്റെ ലോകത്തില്‍ മറ്റൊരു ഈശോയായി അവതരിക്കാനുമുള്ള അവസരമാണ് വിശ്വാസപരിശീലനവും അതിനോടനുബന്ധിച്ചുള്ള പരീക്ഷകളും. അല്ലാതെ സ്‌കോളര്‍ഷിപ്പ് നേടാനോ, A+ നേടുമ്പോള്‍ ഫ്‌ളക്‌സ് അടിക്കാനോ ക്യാഷ് അവാര്‍ഡ് ലഭിക്കാനോ, ബാഹ്യമായ അഭിനന്ദനങ്ങള്‍ക്കുവേണ്ടിയോ ഉള്ളതല്ല. എന്റെ ഉള്ളില്‍ ഈശോ എത്ര മാത്രം ഉരുവായി, ഒരമ്മയുടെ ഉദരത്തില്‍ കുഞ്ഞ് ഉരുവാകുന്നതുപോലെ വിശ്വാസപരിശീലനത്തിലൂടെ ഈശോ എത്രമാത്രം എന്നില്‍ രൂപപ്പെട്ടു എന്നറിയാനും അനുഭവിക്കാനുമുള്ള അവസരമാണ്. ഈ രൂപപ്പെടല്‍ നടക്കാത്തതു കൊണ്ടും തത്വങ്ങള്‍ മാത്രം പഠിച്ചതുകൊണ്ടുമല്ലേ ചിലരെങ്കിലും ലോകത്തിലെ മിന്നുന്ന കാഴ്ചകളില്‍ അഭിരമിച്ചു പോകുന്നത്.

ഇന്നിന്റെ അന്ധകാരമയമായ ലോകത്തില്‍ വെളിച്ചമായി അവതരിക്കാനുള്ള അവസരമായി വിശ്വാസപരിശീലനത്തെ കാണാം. എനിക്ക് ലഭിച്ച വിശ്വാസം പകരാന്‍, നന്മ തിന്മകളെ തിരിച്ചറിയാന്‍, നന്മയെ തിരഞ്ഞെടുക്കാന്‍ ലഭിക്കുന്ന അവസരമാണ് വിശ്വാസപരിശീലനം എന്ന തിരിച്ചറിവ് പരീക്ഷയെ കൂടുതല്‍ ആവേശത്തോടെ സ്വീകരിക്കാന്‍ നമുക്ക് പ്രചോദനമാട്ടെ. ക്രിസ്തുവിന്റെ മനോഭാവം സ്വന്തമാക്കയാല്‍ മതി പാഠഭാഗങ്ങള്‍ പഠിക്കേണ്ടെന്നും പരീക്ഷയില്‍ ജയിക്കേണ്ടെന്നും അര്‍ത്ഥമില്ല. ജീവിക്കണമെങ്കില്‍ അറിയണം. അറിവുള്ള കാര്യത്തിനുവേണ്ടിയെ ജീവിക്കാനാവൂ. ഒക്‌ടോബര്‍ 8 ലെ പരീക്ഷദിനം അനുഭവസാക്ഷ്യമാക്കാന്‍ നമുക്ക് ആഗ്രഹിക്കാം, പരിശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org