വികസനമെന്ന പ്രഹസനം

വികസനമെന്ന പ്രഹസനം

വികസനം വേണം വികസിതമാകണം

വിഴിഞ്ഞത്തു ഞങ്ങള്‍ക്ക്

വീടുവേണം

കടലിന്റെ മക്കള്‍

കരയുന്നു ഉച്ചത്തില്‍

കടലമ്മ കനിയട്ടെ

കരുണ ചൊരിയട്ടെ

രാവെന്നും പകലെന്നും ഭേദമില്ലാതെ

അധ്വാനഭാരം വഹിച്ചവര്‍ ഞങ്ങള്‍

ഇന്നീ തിരയേറി വീടുകള്‍ തകരുമ്പോള്‍

മൗനം വരിക്കുവാന്‍ ആവതില്ലേ.

പറയുവാനേറെ ബാക്കിയുണ്ടെങ്കിലും

വേദമോതീട്ടൊന്നും കാര്യമില്ല

നാള്‍ക്കുനാളായുള്ള

വിദേശ സന്ദര്‍ശനം

തലയില്‍ വെളിച്ചം കയറ്റിയില്ലേ !

വികസനമെന്നാല്‍

നശിപ്പിക്കല്ലല്ലെന്നും

കാത്തുസൂക്ഷിക്കണം

ഭൂമിയെന്നും

പണ്ടേ പറഞ്ഞു പഠിക്കേണ്ട നേരത്ത്

വിപ്ലവമോതി നടന്നു പോലും

ചിലര്‍ വിപ്ലവമോതി നടന്നു പോലും

കക്ഷിഭേദമില്ലാതെ

പറഞ്ഞു പറ്റിച്ചു

ഫ്‌ലാറ്റിന്‍

സുഖമാണ് സുഖമെന്നു മേനി പറഞ്ഞു

ഞങ്ങളെ നിങ്ങള്‍ ചതിക്കില്ലയെന്ന

ഞങ്ങടെ വിശ്വാസം

കാറ്റില്‍ പറത്തി

ശരിയാണ്!

ഫ്‌ലാറ്റെന്നു കേട്ടപ്പോള്‍

ഭ്രമിച്ചു പോയി ഞങ്ങള്‍

ഇനി കാറ്റിനേം കടലിനേം പേടിക്കാതെ

രാത്രിയില്‍ സ്വസ്ഥമായ് കിടന്നുറങ്ങാമെന്ന

വ്യര്‍ത്ഥ മോഹം ഹൃത്തില്‍ പേറി ഞങ്ങള്‍ .

തീരം നിരത്തുന്ന വാഹന വ്യൂഹത്തെ

മറികടന്നു ഞങ്ങള്‍ മുമ്പോട്ടു നീങ്ങവെ

കണ്ടു നടുങ്ങീ മനംനുറുങ്ങി

ചാരത്തതാ കാണുന്ന ഗോഡൗണിലേക്കായി

മുന്നേ നടന്നു കയറുന്നു കൂട്ടുകാര്‍

ഓരോരോ വീട്ടുകാര്‍ ഓരോരോ മൂലയില്‍

ഒരിടത്തും കണ്ടില്ല ഫ്‌ലാറ്റിലെ മേന്‍മകള്‍

ഉടുതുണി മാറാനായ്

ഞങ്ങടെ പെണ്‍മക്കള്‍

സാരി മറകളെ ആശ്രയിച്ചു.

പ്രാഥമികാവശ്യങ്ങള്‍ക്കായ്

പലപ്പോഴും ഗതിയേതുമില്ലാതെ ഓടിനടന്നു.

ഇതിലെ ചതികള്‍ തെളിഞ്ഞു വന്നപ്പോഴോ

തീരവും നാമാവശേഷമായി ...

വികസന വിരോധികള്‍

ഞങ്ങളെന്നു വിളിച്ചു കൂവി

ഉറഞ്ഞു തുള്ളുമീ

രാഷ്ട്രീയ കോമര പമ്പരവിഡ്ഢികള്‍

കപടത പുറംചട്ട കുപ്പായമണിഞ്ഞവര്‍ വീണ്ടും

ഞങ്ങളെ മൂഢരായ് മാറ്റാന്‍ ശ്രമിക്കുന്നു.

കേരള തീരത്തെ അമ്പേ തകര്‍ക്കുന്ന

തുറമുഖമെന്ന കപടമുഖം

വികസനമെന്നൊരാ

ഓമന പേരിനാല്‍

കെട്ടി ഉയര്‍ത്താമെന്ന വ്യര്‍ത്ഥ മോഹം

ഉള്ളിലിരിക്കട്ടെ കാപട്യകാഹളം

ആവോളം താനെ കുടിച്ചു കൊള്ളൂ

നിങ്ങള്‍ തൃപ്തരായ് കോട്ടകള്‍ കെട്ടിക്കൊള്ളൂ..

കോര്‍പ്പറേറ്റിന്റെ മഞ്ഞ നാണയങ്ങളില്‍ കണ്‍നട്ട്

ശീതീകരിച്ച നനുത്ത മുറികളില്‍

അടക്കം പറഞ്ഞു നിങ്ങള്‍ ഫലിപ്പിച്ച

വാഗ്ദാന കെണികളില്‍ മൂഢരായ് വീഴാനും

നിങ്ങള്‍ക്കായ് ഇന്‍ക്വിലാബ് വിളിക്കാനും

നോക്കേണ്ട പോരേണ്ട ഞങ്ങടെ തുറകളില്‍

സ്വസ്ഥമായ് നിറമുള്ള സ്വപ്നങ്ങള്‍ കാണുവാന്‍

ഞങ്ങള്‍ക്കു ഞങ്ങടെ തീരം വേണം

മരിക്കേണ്ടി വന്നാലും

തുറകള്‍ തീറാക്കുവാന്‍

വിട്ടുതരുമെന്ന മോഹം വേണ്ട

ഞങ്ങടെ തുറകള്‍ തരുമെന്ന മോഹം വേണ്ട

ഇല്ല മാറില്ല ഞങ്ങള്‍ കടലിന്റെ മക്കള്‍

കടലമ്മ ഞങ്ങള്‍ക്ക് ജീവനാണേ

നിങ്ങള്‍ പറഞ്ഞതാം ഫ്‌ലാറ്റും സുഖങ്ങളും

ഈ തീരത്തും തിരയിലും ഞങ്ങള്‍ നെയ്യും.

ഞങ്ങടെ സ്വപ്നങ്ങള്‍ കൊണ്ട്

ഈ തീരത്തും തിരയിലും ഞങ്ങള്‍ നെയ്യും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org