ഈ ഓര്‍മ്മ പോലും ഒരു ഉത്സവം

ഈ ഓര്‍മ്മ പോലും ഒരു ഉത്സവം

നവംബര്‍ കടന്നു പോകാറായി. ഓര്‍മ്മകള്‍ പൂത്തു നില്‍ക്കുന്ന മാസം. കൂടെ നടന്നവര്‍. കിന്നാരം ഒത്തിരി പറഞ്ഞവര്‍. ഉമ്മ തന്നുറക്കിയ അപ്പൂപ്പന്മാര്‍, കഥ പറഞ്ഞു വലിയ ലോകത്തിലേക്ക് നടത്തിയ അമ്മാമ്മമാര്‍. അവരില്‍ പലരും ഇന്ന് സിമിത്തേരി പൂക്കളുടെ ഓരം ചേര്‍ന്നു ഉറങ്ങുന്നുണ്ടാവും. അവിടെ പൂക്കള്‍ വീണ്ടും വീണ്ടും മൊട്ടിടുന്ന പോലെ അവരെക്കുറിച്ചുള്ള ഓര്‍മ്മകളും നമ്മുടെ മനസില്‍ പൂത്തു നില്‍ക്കണം. അവരില്ലാതെ നാം ഇല്ലല്ലോ. നമ്മളെ നമ്മളാക്കിയത് അവരൊക്കെയാണല്ലോ. ഖലീല്‍ ജിബ്രാന്‍ ഒരിക്കല്‍ പറഞ്ഞു "വിടപറഞ്ഞകലുന്നതുവരെ സ്‌നേഹം അതിന്റെ ആഴങ്ങള്‍ അറിയുന്നില്ലല്ലോ." ഓര്‍മ്മയായും ഫോട്ടോയായും നമ്മുടെ വീട്ടില്‍ നിറഞ്ഞു നില്‍ക്കുന്ന അപ്പൂപ്പനമ്മൂമ്മാരുടെ, മരിച്ചു പോയ പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിന്റെ ആഴം ഇപ്പോഴാണ് നമ്മള്‍ അറിയുന്നത്. മുമ്പത്തേക്കാള്‍ കൂടുതലായി. ഓര്‍ത്തു കരയണ്ട, സങ്കടപ്പെട്ടു വേദനിക്കണ്ട. അവര്‍ പറഞ്ഞു തന്ന കഥകള്‍, പാട്ടുകള്‍, നമ്മളെ വിളിച്ച ഓമനപ്പേരുകള്‍, പങ്കിട്ട തമാശുകള്‍ ചുമ്മാ വെറുതെ ഇരിക്കുമ്പോള്‍ ഒന്നോര്‍ക്കാം. ബാക്കി അവരെക്കുറിച്ചുള്ള കഥകള്‍ പപ്പയോടോ മമ്മിയോടോ സുഹൃത്തുക്കളോടോ ചോദിക്കാം. പഴയ ആല്‍ബങ്ങള്‍ ഒന്നുകൂടെ ഒന്നു മറിച്ചു നോക്കാം. ഒരു അമര്‍ചിത്രകഥപോലെ മനസില്‍ കൊരുത്തു വയ്ക്കാം. തോന്നുന്നുണ്ടോ We miss you എന്ന്… പതിയെ ഒന്നുകൂടി പറയാം സ്‌നേഹത്തോടെ We miss you.. മതി അതു തന്നെയാണ് നവംബറിന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥന. ഈ ഓര്‍മ്മപോലും ഒരു പ്രാര്‍ത്ഥനയാണ്. മങ്ങാത്ത സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ തന്നെ ഒരു ഉത്സവമാണ്. ഓര്‍മ്മകളുടെ ഉത്സവം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org