ദുരിതങ്ങൾ എനിക്ക് ഉപകാരമായി

ദുരിതങ്ങൾ എനിക്ക് ഉപകാരമായി
Published on

റോസ് പിങ്കി മരിയ
+2 വിദ്യാര്‍ത്ഥിനി

പ്രളയം വരുത്തിയ ദുരിതത്തില്‍നിന്നും നമ്മുടെ നാട് ഉയര്‍ത്തെഴുന്നേല്ക്കുന്നതേയുള്ളൂ. വെള്ളത്തില്‍ കുതിര്‍ന്നുപോയ പലതും ഇനിയും തോര്‍ന്നിട്ടില്ല. എല്ലാറ്റിന്‍റെയും അവസാനമായി എന്ന് പലരും ചിന്തി ച്ച പ്രളയത്തിന്‍റെ നാളുകള്‍… കുത്തിയൊഴുകുന്ന പെരുവെള്ളത്തിന്‍റെ ഇരമ്പല്‍പോലെ ഇന്നും പേടിപ്പെടുത്തുന്നുണ്ട്.

കേരളം മുഴുവന്‍ ജല പ്രളയത്തിന്‍റെ ദുരിതത്തില്‍പ്പെട്ടു. എങ്കിലും അതിനെ പ്രളയജലം എ ന്നു വിളിക്കാനല്ല, സ്നേഹജലം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കാരണം പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ജാതിയുടെയോ മതത്തിന്‍റെയോ വേര്‍തിരിവില്ലാതെ വെള്ളം എല്ലാ മതിലുകളും തകര്‍ത്ത് പരന്നൊഴുകി വേലികെട്ടി വേര്‍തിരിച്ചവയെയെല്ലാം അത് ഒന്നാക്കി.

ഒരു കഷണം റൊട്ടിക്കും അ ല്പം ദാഹജലത്തിനുംവേണ്ടി ദരിദ്രനും കോടീശ്വരനും ഒരേ ക്യൂവില്‍ നിന്നു. ലക്ഷങ്ങള്‍ വിലവരുന്ന ആഢംബരക്കാര്‍ ഉപേക്ഷിച്ച് കൊച്ചുവള്ളത്തില്‍ രക്ഷപ്പെടുന്ന അതിസമ്പന്നരെയും നാം കണ്ടു. മുസ്ലീം സഹേദരന് ചോറ് നല്കിയത് ഹൈന്ദവ സഹോദരി – അവര്‍ക്ക് ഉടുവസ്ത്രം നല്കിയത് ക്രിസ്ത്യാനി – അവന് അന്തിയുറങ്ങാന്‍ കിടക്കപ്പായ നല്കിയത് ഒരു മുസ്ലീം സഹോദരന്‍. ഇതായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിലെ ഊഷ്മള സ്നേഹത്തിന്‍റെ വേറിട്ട കാഴ്ചകള്‍.

ഇതാണ് ശരിക്കുള്ള മനുഷ്യര്‍. അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിറവേറ്റപ്പെടുമ്പോള്‍ അവര്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്നു. എന്നാല്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ അവനെ കൂടുതല്‍ സ്വാര്‍ത്ഥനാക്കുന്നു. അതിന്‍റെ പാരമ്യത്തില്‍ അവന്‍ സ്വന്തം സഹോദരങ്ങളെ മറക്കുന്നു. അവസാനം അമിതമായി കൂട്ടിവച്ചതും മതില്‍കെട്ടി തിരിച്ചതുമെല്ലാം ഏതെങ്കിലും ദുരന്തങ്ങള്‍ കൊണ്ടുപോകുന്നു.

നാം നിസ്സാരരെന്ന് കരുതിയവര്‍ മാത്രമായിരുന്നു പ്രളയമുഖത്ത് ച ങ്കുപറിച്ചു തന്ന് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഉണ്ടായിരുന്നത്. ദരിദ്രനെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് പ്രളയം നമ്മെ പഠിപ്പിച്ചു. വെള്ളത്തില്‍ മുങ്ങി മരിക്കാതെ ബോട്ടില്‍ കയറി നമുക്ക് രക്ഷപ്പെടണമെങ്കില്‍ 'ജെസൈലു'മാരുടെ മുതുകിന് ആരോഗ്യം വേണമല്ലോ…?

ഓഖിയും സുനാമിയും വന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കാതിരുന്ന കടലോരമേഖലയിലെ മത്സ്യത്തൊഴിലാളികളാണ് ഒഴുക്കിനെതിരെ വള്ളങ്ങള്‍ പായിച്ച് നമ്മുടെ രക്ഷയ്ക്കെത്തിയത്. നന്ദിയുടെ ഒരു വാക്കിന് അവര്‍ അര്‍ഹരായിരു ന്നു. പുഞ്ചിരി നിറഞ്ഞൊരു നോട്ടം അവര്‍ക്ക് നല്കാമായിരുന്നു. പക്ഷേ, നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ അവര്‍ വീടിന്‍റെ മുകള്‍ നിലയില്‍ എത്തിയപ്പോള്‍ ബാക്കിയുള്ള സമ്പാദ്യവും കെട്ടിപ്പിടിച്ചിരുന്ന ചില മനുഷ്യര്‍ അവരെ ചീത്തപറഞ്ഞ് ഓടിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകളിലൂടെ കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞുപോയി.

പ്രളയത്തിന്‍റെ ദുരിതത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത് ഇനിയുള്ള കാലം മറ്റുള്ളവര്‍ക്കു വേണ്ടി ബലിയാകാനാണ് എന്ന സത്യം ഞാന്‍ മനസ്സിലാക്കി. രക്ഷാപ്രവര്‍ത്തനത്തിനൊന്നും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ദുരിതാശ്വാസക്യാമ്പുകളില്‍ ചെറിയ ചെറിയ സഹായങ്ങള്‍ മാത്രമാണ് ചെയ്തത്. പ്രളയബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ എന്‍റെ മാതാപിതാക്കള്‍ക്ക് ദൈവം അവസരം നല്കി.

മൂന്നുപേര്‍ മാത്രമുള്ള എന്‍റെ വീ ട്ടില്‍ പ്രളയകാലത്ത് കുട്ടനാട്ടില്‍ നിന്നും വന്ന 5 കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ഉണ്ടായിരുന്നു. പരസ്പരം സ്നേഹിച്ചും സഹകരിച്ചും പങ്കുവച്ചും ഒരു കൂരയ്ക്കു കീഴില്‍ ഉണ്ടും ഉറങ്ങിയും ഒന്നരമാസക്കാലം… ആ ജീവിതം പഠിപ്പിച്ച മഹത്തായ പാഠങ്ങള്‍ മറ്റൊരു പാഠപുസ്തകവും ഇന്നേവരെ എന്നെ പഠിപ്പിച്ചിട്ടില്ല. എല്ലാവരെയും സ്വീകരിച്ചും അവര്‍ക്ക് വേണ്ട സൗകര്യമൊരുക്കിയും എന്‍റെ മാതാപിതാക്കള്‍ എനിക്ക് വലിയ മാതൃകയായി.

അവസാനം വീട്ടിലും വെള്ളമെത്തുമെന്ന മുന്നറിയിപ്പ്… ഞങ്ങള്‍ എന്‍റെ പിതാവിന്‍റെ പ്രിയ സ്നേഹിതന്‍റെ കൊച്ചുവീട്ടിലേക്ക്… അവിടെ 5 കുടുംബങ്ങള്‍ 4 നാള്‍… ഭക്ഷണം ദുരിതാശ്വാസക്യാമ്പില്‍ നിന്നും… എല്ലാം എന്നും മധുരിക്കുന്ന ഓര്‍മ്മകള്‍. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് വേണ്ടി കുടുംബാംഗങ്ങള്‍ ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരങ്ങളുയര്‍ത്തി.

"തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല." "സ്വര്‍ണ്ണം അഗ്നിയില്‍ ഉരുകുമ്പോള്‍ അത് കൂടുതല്‍ ശോഭയുള്ളതാകും." ദുരിതങ്ങളിലൂടെ കടന്നുപോയ മലയാളി ഇനി ഏതു ദുരിതം വന്നാലും തളരാതെ മുന്നേറും… പ്രത്യാശയോടെ ജീവിക്കും.

ജാതിയുടെയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ തകര്‍ത്ത ആരും നിസ്സാരരല്ല എന്നു പഠിപ്പിച്ച ഈ ദുരി തം; ഉള്ളത് പങ്കുവയ്ക്കാനും പരസ്പരം സ്നേഹിക്കാനും പഠിപ്പിച്ച ഈ ദുരിതം; എല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തിയ ഈ ദുരിതം എനിക്ക് ഉപകാരമായി. സങ്കീര്‍ത്തകനോട് ചേര്‍ന്നു നമുക്കും ഏറ്റുപാടാം… "ദുരിതങ്ങള്‍ എനിക്ക് ഉപകാരമായി; അതുവഴി അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ അഭ്യസിച്ചുവല്ലോ…? (സങ്കീ. 119/71).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org