ജീവിതം എന്തായിരിക്കണം അത് എങ്ങനെയായിരിക്കണം എന്നറിയാന്‍ വളരെ ചിന്താപൂര്‍വം ഈ പ്രപഞ്ചത്തിലേക്ക് ഒന്ന് നോക്കിയാല്‍ മതി. നാം എന്നും ഉറങ്ങുന്നു, ഉണരുന്നു. ഉണരുമ്പോള്‍ കാണുന്ന വെളിച്ചം അത് എവിടെനിന്നാണ്. സൂര്യനില്‍ നിന്നല്ലേ? എല്ലാറ്റിനേക്കാളും ഉയര്‍ന്ന് നില്‍ക്കുന്ന സൂര്യന്‍, എല്ലാറ്റിനും ചൂടും ഊര്‍ജവും നല്‍കുന്ന സൂര്യന്‍, ഓരോ കാലത്തിലും നിസ്വാര്‍ത്ഥമായി മഴയും മഞ്ഞും വസന്തവും നല്‍കുന്ന പ്രപഞ്ച പ്രതിഭാസങ്ങള്‍. തനിക്ക് എന്ത് കിട്ടും എന്നൊന്നും പ്രതീക്ഷിക്കാതെ നന്മ മാത്രമാണ് നിത്യവും ഇതൊക്ക ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം സിദ്ധിയോടു കൂടെ തന്നെയാണ് ദൈവം പ്രകൃതിക്ക് രൂപകല്പന നല്‍കിയിരിക്കുന്നത്. പ്രകൃതിയില്‍, മുഴുവന്‍ ഇതുപോലുള്ള കൊടുക്കല്‍ വാങ്ങലുകളാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്ന് മറ്റൊന്നിനു വേണ്ടി ജീവിക്കുന്നു. പരസ്പരം ആശ്രയിക്കാതെ ഒരിക്കലും ഈ പ്രപഞ്ചത്തിന് നിലനില്‍പ്പില്ല. മനുഷ്യന്റെ കാര്യം ഇതുപോലെ തന്നെയാണ്. എന്നാല്‍ മനുഷ്യന്‍ ബുദ്ധിജീവിയായതിനാല്‍ അവന്റെ ചിന്തകളുടെ ചില വൈകല്യങ്ങള്‍ മൂലം അവനില്‍ സ്വാര്‍ത്ഥത, അഹങ്കാരം, അസൂയ എന്നിവയെല്ലാം കടന്നുകൂടിയിരിക്കുന്നു. ഈ ചെറു ജീവിതം കൊണ്ട് നന്മ ചെയ്യാനാകുക എന്നത് എല്ലാവര്‍ക്കും എളുപ്പം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. ജീവിതത്തെ അതിന്റെ സമസ്ത കഴിവുകളോടും കൂടെ വ്യയം ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്കു മാത്രമേ അതിനു കഴിയൂ. കാരണം നമ്മുടെ ഉള്ളില്‍ ഒരുപാട് സര്‍ഗശക്തികള്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. അവയെ ഒന്നൊന്നായി പുറത്തെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
എല്ലാ മനുഷ്യരും ജനിക്കുന്നത് ഒരു സാധാരണ കുഞ്ഞായിട്ടാണ്. സാഹചര്യങ്ങളാണ് പലപ്പോഴും അവനെ പലരുമാക്കി തീര്‍ക്കുന്നത്. സ്വന്തം ജീവിതം പോലെ തന്നെ മറ്റുള്ളവരുടെ ജീവിതത്തിനും വില കല്‍പ്പിക്കുന്നവര്‍ക്ക് മാത്രമാണ് നിസ്വാര്‍ത്ഥമായി അപരനുവേണ്ടി ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ. ചില മനുഷ്യരുണ്ട്, ജീവിതം കൊണ്ട്, മനസ്സിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് വലിയവരായി, അവിസ്മരണീയരായിത്തീരുന്നവര്‍. ഗാന്ധിജി, സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, ശ്രീനാരായണഗുരു, എബ്രഹാം ലിങ്കന്‍ എന്നു വേണ്ട വ്യക്തിത്വങ്ങളെ നോക്കുക, ചരിത്രം സൃഷ്ടിച്ച അവര്‍ക്ക് സാഹചര്യങ്ങള്‍ അത്രയൊന്നും അനുകൂലമല്ലായിരുന്നു. എന്നിട്ടും അവരൊക്കെ എങ്ങനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി മാറി? പരാജയത്തില്‍ തളരാത്ത നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ഒക്കെയാണ് ഇതിന് കാരണം. പരിശീലനം കൊണ്ട് ഇതൊക്കെ നമുക്കെല്ലാവര്‍ക്കും ആര്‍ജ്ജിക്കാവുന്നവയാണ്. നമ്മുടെ ശത്രുക്കള്‍ മാത്രമല്ല, മിത്രങ്ങള്‍ എന്ന് കരുതുന്നവര്‍ പോലും നമ്മെ നിരോത്സാഹപ്പെടുത്തും. സൗന്ദര്യമില്ല, നിറമില്ല, ഉയരമില്ല, വണ്ണമില്ല എന്നിങ്ങനെയുള്ള പല കാര്യങ്ങളും നമുക്കെതിരെ ആരോപിക്കും. ഇതൊന്നും നമ്മുടെ കുറ്റം കൊണ്ടല്ലെങ്കില്‍ നാം ഒരിക്കലും ഇതോര്‍ത്ത് ഭയപ്പെടേണ്ടതില്ല. ഈ ലോകത്തില്‍ സന്തോഷവും സമൃദ്ധിയും സമ്പത്തുമൊക്കെ അനുഭവിച്ചു ജീവിക്കാന്‍ എല്ലാ മനുഷ്യനും ഒരുപോലെ അവകാശമുണ്ട്. എന്നാല്‍ വേണ്ട വിധത്തില്‍ പലരും അതിനു വേണ്ടി അധ്വാനിക്കുന്നില്ല എന്ന് മാത്രം. നമ്മുടെ മനസ്സിലൊക്കെ പലപ്പോഴും അസൂയയും വെറുപ്പും പരിഭവവും മറ്റുമാണ്. പ്രതികാരചിന്തയും സ്വാര്‍ത്ഥതയും എന്നു വേണ്ട പലതും നമ്മുടെ ജീവിതത്തെ രോഗാതുരമാക്കുന്നു. 'പ്രശാന്തമായ മനസ്സ് ശരീരത്തിന്ഉന്‍മേഷം നല്‍കുന്നു; അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു' (സുഭാഷിതങ്ങള്‍ 14: 30) എന്നാണ് ബൈബിള്‍. മറ്റുള്ളവരെക്കുറിച്ച് നല്ലതു ചിന്തിക്കാനും നല്ലതു പറയാനും നമുക്ക് ശ്രമിച്ചു കൂടെ. കുട്ടികള്‍ എന്ന നിലയില്‍ നമ്മുടെ പ്രധാന ഉത്തരവാദിത്വം പഠിക്കുക എന്നതാണ്. അധ്വാനിച്ച്, ആസ്വദിച്ചു പഠിക്കുക... അധ്യാപകരെ ആദരിക്കുക... നല്ല സൗഹൃദങ്ങള്‍ കണ്ടെത്തി വളര്‍ത്തുക. വിജയത്തിലേക്ക് വളരാന്‍ ഇതൊക്കെ അത്യന്താപേക്ഷിതമാണ്. മറ്റൊരാളുടെ ജീവിതവുമായി താരതമ്യം ചെയ്യാതെ ദൈവം നമുക്കു തന്ന ഒരുപാട് നന്മകള്‍ ഓര്‍ത്ത് നന്ദിയുള്ളവരായിരിക്കുക. ഒരു മലയുടെ ഉയരത്തില്‍ നിന്ന് നാം ഉറക്കെ എന്ത് പറയുന്നുവോ ഉടന്‍തന്നെ അതിന്റെ പ്രതിധ്വനിയായി അത് ആവര്‍ത്തിക്കപ്പെടും. അതുകൊണ്ട് നല്ലത് കേള്‍ക്കുക, ചിന്തിക്കുക, പറയുക... ദൈവത്തോടും മുതിര്‍ന്നവരോടും സമപ്രായക്കാരോടും നന്ദിയോടെ വ്യാപരിക്കുക എന്നത് നല്ല വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്. 'ആത്മാവില്‍ നിന്ന് ഉത്ഭവിക്കുന്ന ഏറ്റവും മനോഹരമായ പുഷ്പമാണ് നന്ദി.' ഹെന്റി വാര്‍ഡ് ബീച്ചര്‍ പറഞ്ഞ വാക്കുകള്‍ ഓര്‍ക്കാം നമുക്ക്.