ഡെല്ല ഇന്‍ നസ്രത്ത്

സി. മേരി ജോ CSN
ഡെല്ല ഇന്‍ നസ്രത്ത്

'പെട്ടെന്ന് യേശു വലുതായോ? അതെങ്ങനെ? അവനെ കാണാതാകുമ്പോള്‍ പന്ത്രണ്ട് വയസ്സായിരുന്നില്ലേ അവന്റെ പ്രായം?' ഡെല്ല അത്ഭുതത്തോടെ അവളുടെ അമ്മയോടു ചോദിച്ചു.

യഥാര്‍ഥത്തില്‍ ഡെല്ലയുടെ ഈ സംശയം എല്ലാ കുട്ടികളുടെയും സംശയം തന്നെയാണ്. ബാലനായ യേശുവില്‍ നിന്ന് യുവാവായ യേശുവിലേക്കുള്ള വളര്‍ച്ച സുവിശേഷത്തില്‍ വളരെ പരിമിതമായി പരാമര്‍ശിക്കപ്പെടുമ്പോള്‍ 'ഡെല്ല ഇന്‍ നസ്രത്ത്' എന്ന പുസ്തകത്തില്‍ ബാലനായ യേശുവിന്റെ ജീവിതം കുറേക്കൂടി ഹൃദ്യമായും ജീവിതഗന്ധിയായും അവതരിപ്പിക്കപ്പെടുന്നു.

'ഡെല്ല ഇന്‍ നസ്രത്ത്' തിരുക്കുടുംബാംഗങ്ങളോടൊപ്പം നസ്രത്തില്‍ ചെലവഴിച്ച ഡെല്ല എന്ന എട്ടു വയസ്സുകാരിയുടെ അനുഭവകഥകളുടെ ആവിഷ്‌കാരമാണ്. കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്ന ലളിതമായ അവതരണ ശൈലിയും ചിത്രീകരണങ്ങളും ഈ കൃതിയെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ഡെല്ല എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വത്തെയും ചിന്തകളെയും തുറന്നുവച്ചുകൊണ്ട് ചിട്ടപ്പെടുത്തിയിട്ടുള്ള ഓരോ അധ്യായങ്ങളും വായനക്കാരനെക്കൂടി നസ്രത്തിലെ നാലാമത്തെ അംഗമെന്ന അനുഭവത്തിലേക്കു നയിക്കുന്നു.

ബാലനായ യേശുവിന്റെ ഉറ്റസുഹൃത്തുക്കളായിരുന്ന കൊച്ചു ജോണിനെയും ലാസറിനെയും മര്‍ത്തയെയും മേരിയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിവരണങ്ങളിലൂടെ ക്ഷമയുടെയും സ്‌നേഹത്തിന്റെയും പ്രാര്‍ഥനയുടെയും ആഴമാര്‍ന്ന വിശ്വാസത്തിന്റെയും പാഠങ്ങള്‍ കൂടി പറഞ്ഞുവയ്ക്കാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിയുന്നുണ്ട്.

കാലത്തിനും ദേശത്തിനും അതീതമായി ഇന്നും തിരുകുടുംബാംഗങ്ങളോടൊപ്പം നസ്രത്തിലെ നാലാമത്തെ അംഗമായി ജീവിക്കാനുള്ള ആഗ്രഹവും അഭിനിവേശവും പകരാന്‍ ഈ കൃതിയിലെ കൊച്ചു കൊച്ചു കഥകളിലൂടെ രചയിതാവിനു കഴിയുന്നു. അനുദിന അനുഭവ ങ്ങളില്‍ എങ്ങനെ വിശുദ്ധി നേടണം എന്നും അതെങ്ങനെ പങ്കുവയ്ക്കണം എന്നും 'ഡെല്ല ഇന്‍ നസ്രത്ത്' എന്ന കൃതി കൃത്യമായി പറഞ്ഞുവയ്ക്കുന്നു.

കുട്ടികള്‍ക്ക് വായിക്കാവുന്ന രീതിയില്‍ രൂപപ്പെടുത്തിയിരിക്കുന്ന ഈ കൃതി മുതിര്‍ന്നവരും പ്രായമായവരും വായിക്കുന്നതിലൂടെ ഇളം തലമുറയെ വിശുദ്ധിയില്‍ രൂപപ്പെടുത്തേണ്ടത് എങ്ങനെയെന്ന് കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും. സി. മേരി ജോ CSN രചിച്ച ഡെല്ല ഇന്‍ നസ്രത്ത് എന്ന ഇംഗ്ലീഷ് കൃതിയുടെ പരിഭാഷയാണിത്. 12 അധ്യായങ്ങളായി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍, എട്ടുവയസ്സുകാരിയായ ഡെല്ല നസ്രത്തില്‍ ചെലവഴിച്ച ദിനങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ആത്മീയപാതയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സഹായകരമാണ് ഈ ഗ്രന്ഥം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org