സൈബര്‍ കുരുക്കുകള്‍

സൈബര്‍ കുരുക്കുകള്‍

പുതുകാല അടിമത്തം

സ്മാര്‍ട്ട് ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും അമിത ഉപയോഗവും അതുവഴിയുള്ള പ്രശ്‌നങ്ങളും സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. മനുഷ്യ പെരുമാറ്റത്തെ സമ്പൂര്‍ണമായി മാറ്റിമറിക്കാന്‍ ശേഷിയുള്ള സാങ്കേതിക സംവിധാനമായി ഈ ചെറു സ്‌ക്രീനും അതില്‍ നിറയുന്ന ആപ്പുകളും ചിത്രങ്ങളും ദൃശ്യങ്ങളും ഗെയിമുകളും മാറിക്കഴിഞ്ഞിരിക്കുന്നു. കോടികള്‍ മറിയുന്ന കൂറ്റന്‍ ബിസിനസ്സാണത്. കേവലം വിവര കൈമാറ്റം എന്നതില്‍ നിന്ന് അവബോധ നിര്‍മിതിയിലേക്കും ശരീരത്തിന്റെ മറ്റൊരവയവം പോലെ അനിവാര്യമായ നിലയിലേക്കും അത് വളര്‍ന്ന് കഴിഞ്ഞു.

മയക്കുമരുന്നു പോലെ തന്നെ

മനുഷ്യജീവിതത്തെ എളുപ്പവും ചലനാത്മകവുമാക്കാന്‍ വലിയ സാധ്യതകളുണ്ട് ഈ സംവിധാനത്തിന്. എന്നാല്‍ ഏതൊരു സാങ്കേതിക വികാസത്തിലുമെന്നപോലെ നിയന്ത്രിതമായ ഉപയോഗം സാധ്യമായില്ലെങ്കില്‍ ഗുരുതരമായ ദൂഷ്യഫലങ്ങളുണ്ടാക്കും മൊബൈല്‍ ഫോണും അനുബന്ധ സംവിധാനങ്ങളുമെന്ന് നാള്‍ക്കുനാള്‍ വ്യക്തമാകുകയാണ്. മയക്കുമരുന്ന് പോലെ അത്യന്തം അപകടകരമായ ഒന്നായി സ്‌ക്രീന്‍ അഡിക്ഷന്‍ മാറിയിരിക്കുന്നു.

രക്ഷിതാക്കളുടെ വിലക്കിന്റെ ഫലം

കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് വാര്‍ത്തകള്‍ ഈ വിഷയത്തിലേക്ക് ഒരിക്കല്‍ കൂടി ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. ഫോണ്‍ വിലക്കിയതിന് പത്താം ക്ലാസ്സുകാരി ജീവനൊടുക്കിയെന്ന വാര്‍ത്ത കൊല്ലത്തു നിന്നായിരുന്നു. അമിത മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ വിലക്കിയതിന് പെണ്‍കുട്ടി തൂങ്ങിമരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ദാരുണ മായ അന്ത്യത്തിലേക്ക് നയിക്കുന്നത് ഒറ്റക്കാരണമാണെന്ന് പറയാനുമാകില്ല. എന്നാല്‍ ഈ പെണ്‍കുട്ടി ജീവിതത്തിന് പൂര്‍ണ വിരാമമിട്ടതില്‍ മൊബൈല്‍ ഫോണ്‍ ഒരു ഘടകമായിരുന്നുവെന്ന് തീര്‍ത്ത് പറയാനാകും. പഠിക്കാന്‍ മുറിയില്‍ കയറിയ വിദ്യാര്‍ഥിനിയുടെ കൈയില്‍ നിന്ന് മാതാവ് ഫോണ്‍ തിരികെ വാങ്ങിയിരുന്നു. ഫോണ്‍ പോലീസ് പരിശോധിച്ചു വരികയാണ്.

തന്റെ വിധി കൂടപ്പിറപ്പിന് ഉണ്ടാകരുതേ... എന്ന മരണക്കുറിപ്പ്

മറ്റൊരു വാര്‍ത്ത കിളിമാനൂരില്‍ നിന്നായിരുന്നു. കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയത് മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗത്തെ തുടര്‍ന്നാണെന്ന് പോലീസ് വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണിന് അടിപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും കാണിക്കുന്ന, വിദ്യാര്‍ഥിനിയുടേതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അനുജത്തിക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കരുതെന്നും അവള്‍ക്ക് ഈ അനുഭവം ഉണ്ടാകരുതെന്നും കുറിപ്പിലുണ്ട്. കൊറിയന്‍ ബാന്‍ഡുകളുടെ യു ട്യൂബ് വീഡിയോകള്‍ സ്ഥിരം കാണാറുണ്ടായിരുന്നുവത്രേ.

വിദഗ്ധപക്ഷം

കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മൊബൈല്‍ അടിമത്തത്തിലേക്ക് കുട്ടികളെ നയിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. ടിവിയും കമ്പ്യൂട്ടറും ടാബ്‌ലറ്റും സ്മാര്‍ട്ട് ഫോണും ഉള്‍പ്പെടെ സ്‌ക്രീനുള്ള എല്ലാ ഗാഡ്ജറ്റുകളോടും തോന്നുന്ന അടിമത്ത മനോഭാവത്തെ ഇന്ന് മനഃശാസ്ത്ര ലോകം വിളിക്കുന്ന പേരാണ് സ്‌ക്രീന്‍ അഡിക്ഷന്‍, മയക്കുമരുന്ന് അഡിക്ഷനേക്കാളും ഗുരുതരമാണ് സ്‌ക്രീന്‍ അടിമത്തമെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ശാരീരികമാനസിക പ്രശ്‌നങ്ങള്‍

മുതിര്‍ന്നവരിലും ഇത് സാധാരണമായിട്ടുണ്ടെങ്കിലും കുട്ടികളിലും കൗമാരക്കാരിലും ശാരീരികവും മാനസികവുമായി കൂടുതല്‍ ഗൗരവമുള്ള പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കാം. മിണ്ടാട്ടം നിലക്കും. ഫോണ്‍ വാങ്ങിവെക്കാന്‍ ശ്രമിച്ചാല്‍ അക്രമകാരിയാകും. വിനോദസൈറ്റുകളിലൂടെ സഞ്ചരിക്കുകയാണ് ചെയ്യുക. ചിലപ്പോള്‍ അത് അശ്ലീല സൈറ്റുകളിലേക്കും എത്തും. ദീര്‍ഘനേരം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത്. കുട്ടികളില്‍ കണ്ണുവേദന, കഴുത്തു വേദന, തലവേദന, മുതുക് വേദന, പൊണ്ണത്തടി തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാനസിക പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. പഠന മാനസിക സമ്മര്‍ദം, ഉത്കണ്ഠ, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ്, വികൃതി, ദേഷ്യം, സ്വഭാവ പ്രശ്‌നങ്ങള്‍, ആത്മവിശ്വാസ കുറവ് എന്നിവ വളരെ പ്രധാനമാണ്.

അടിമത്ത സൂചനകള്‍ ഇവയൊക്കെ

തന്റെ കുട്ടി സ്‌ക്രീന്‍ അടിമത്തത്തിലകപ്പെട്ടോ എന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. കുട്ടികള്‍ക്ക് മൊബൈലോ ടിവിയോ വീഡിയോ ഗെയിമുകളോ സ്വമേധയാ അവസാനിപ്പിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയുണ്ടെങ്കില്‍ അതൊരു ലക്ഷണമാണ്. ഉറങ്ങാന്‍ പോകുമ്പോഴും മൊബൈലോ ടാബോ ഉപയോഗിക്കുക. കൂട്ടുകാരുമൊത്തുള്ള കളികളിലും സൗഹൃദങ്ങളിലും താത്പര്യം നഷ്ടപ്പെട്ട്, സ്‌ക്രീന്‍ ആക്ടിവിറ്റി മാത്രം അവര്‍ക്ക് സന്തോഷം നല്‍കുന്ന അവസ്ഥ അതില്‍ നിന്ന് തടയുമ്പോള്‍ ദേഷ്യം, വൈരാഗ്യബുദ്ധി, പൊട്ടിത്തെറി, വിഷാദം, മടുപ്പ്, കടുത്ത വിരസത എന്നിവ പ്രകടമാകുന്ന സാഹചര്യം. തീന്‍മേശയിലടക്കം കുടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ സംസാരിക്കാനുള്ള അവസരങ്ങളില്‍ പോലും മൊബൈല്‍ ഫോണിലോ മറ്റ് സ്‌ക്രീനുകളിലോ മുഴുകുന്നത്. പതിവാകല്‍ എന്നിവയെല്ലാം സ്‌ക്രീന്‍ അടിമത്തത്തിന്റെ സൂചനകളാണ്.

വിത്‌ഡ്രോവല്‍ പ്രശ്‌നങ്ങള്‍

അധ്യാപകരും രക്ഷിതാക്കളും വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട പ്രതിസന്ധിയാണിത്. സാവധാനം, സ്‌നേഹപൂര്‍വം ഇതില്‍ നിന്ന് പിന്തിരിപ്പിക്കുകയേ പോംവഴിയുള്ളൂ. പ്രശ്‌നത്തിന്റെ ഗൗരവം കുട്ടികളെ ബോധ്യപ്പെടുത്തണം. ആത്മീയ കാര്യങ്ങളില്‍ ചിട്ട പഠിപ്പിക്കണം. നല്ല കൂട്ടായ്മകളില്‍ പങ്കെടുപ്പിക്കണം. അമിത ശാസനയും ശിക്ഷയുമെല്ലാം വിപരീത ഫലം സൃഷ്ടിക്കും. ഏത് അഡിക്ഷനിലുമെന്ന പോലെ ഇവിടെയും വിത്‌ഡ്രോവല്‍ പ്രശ്‌നങ്ങളുണ്ടായേക്കാം.

നിയന്ത്രണം കുരുന്നിലേ...

സ്‌ക്രീന്‍ ഉപയോഗത്തിന് പരിധി വെക്കുന്നത് നന്നേ ചെറുപ്പത്തില്‍ തുടങ്ങണം. കുഞ്ഞിനെ അടക്കി നിര്‍ത്താന്‍ കാര്‍ട്ടൂണ്‍ വെച്ച് കൊടുക്കുന്ന അമ്മമാര്‍ പിന്നെ കരഞ്ഞിട്ട് ഫലമില്ല, മൂന്ന് വയസ്സിന് താഴെയുള്ളവര്‍ക്ക് ഫോണ്‍ കൊടുക്കരുത്. മൂന്ന് മുതല്‍ എട്ട് വരെ പ്രായമുള്ളവര്‍ക്ക് ഒരു മണിക്കൂറും അതിന് മുകളിലുള്ളവര്‍ക്ക് രണ്ട് മണിക്കൂറുമായിരിക്കണം മൊബൈല്‍ ഫോണോ ദൃശ്യമാധ്യമങ്ങളോ കാണാനുള്ള പരമാവധി സമയമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തില്‍ നിന്ന് തന്നെയാണ് ഈ അച്ചടക്കം തുടങ്ങേണ്ട നത്. മുതിര്‍ന്നവര്‍ക്ക് ഇക്കാര്യ നത്തില്‍ മാതൃകയാകാന്‍ സാധി നക്കണം. തലകുനിഞ്ഞ് പോയ, ചുറ്റുപാടും നോക്കാത്ത, ചുറു ചുറുക്കില്ലാത്ത കുഞ്ഞുങ്ങളെയല്ലല്ലോ നമുക്ക് വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org