കോവിഡ് മൂന്നാം തരംഗം

കോവിഡ് മൂന്നാം തരംഗം

ഡോ. ഹിമ മാത്യു പി.
ശിശുരോഗ വിദഗ്ദ്ധ ലിസി ഹോസ്പിറ്റല്‍

കോവിഡിന്റെ അതിതീവ്രമായ രണ്ടാം തരംഗം പെയ്‌തൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് നമ്മളെല്ലാവരും. അത് നമ്മുടെ കുഞ്ഞുങ്ങളെ കൂടുതലായി ബാധിക്കും എന്ന വാര്‍ത്ത എല്ലാവരിലും ആശങ്കയുളവാക്കുന്നു. ഇതിന്റെ വസ്തുതകള്‍ നമുക്ക് ഒന്നു പരിശോധിക്കാം.

ഒരു മൂന്നാം തരംഗത്തിനുള്ള സാധ്യതയുണ്ടോ?

അതിതീവ്രമായ സമൂഹവ്യാപനമുള്ള ഒരു പാന്‍ഡമിക് തീര്‍ച്ചയായും പല തരംഗങ്ങളായാണ് സമൂഹത്തെ ബാധിക്കുന്നത്. വൈറസിന്റെ വ്യാപനം മൂലം ലക്ഷണങ്ങളോടുകൂടിയോ, അല്ലാതെയോ അസുഖം ബാധിക്കുന്നവരും കുത്തിവയ്പു സ്വീകരിക്കുന്നവരും പ്രതിരോധ ശക്തി ആര്‍ജിക്കു ന്നു. സാവധാനം സാമൂഹികപ്രതിരോധശക്തി അഥവാ Herd Immunity കൈവരികയും വൈറസ് ബാധ കുറഞ്ഞ് അവസാനിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം ആളുകള്‍ക്കും പ്രതിരോധശക്തി കൈവരുന്നതുവരെ ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത നമുക്ക് തള്ളിക്കളയാന്‍ സാധിക്കുകയില്ല. എന്നാല്‍ അതിന്റെ സമയവും തീവ്രതയും മൂന്‍കൂട്ടി പ്രവചിക്കുക എളുപ്പമല്ല.

മൂന്നാ തരംഗം കുട്ടികളെ കൂടുതലായി ബാധിക്കും എന്നു പറയുന്നത് ശരിയാണോ?

ഒന്നാം തരംഗം പ്രായമായ ആളുകളേയും രണ്ടാം തരംഗം 30-45 വയസ്സുള്ള ആളുകളേയും കൂടുതലായി ബാധിച്ചു. 18 വയസ്സു മുതലുള്ളവര്‍ക്ക് കുത്തിവയ്പ്പും ഇപ്പോള്‍ ഫലപ്രദമായി നടന്നു കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഈ വിഭാഗങ്ങളിലുള്ള ആളുകള്‍ ഒരു നല്ല ശതമാനവും പ്രതിരോധശക്തി ആര്‍ജ്ജിച്ചു കഴിഞ്ഞു. ഇതുവരെ വീടിനുള്ളില്‍ തന്നെ കഴിഞ്ഞ നമ്മുടെ കുട്ടികളില്‍ കോവിഡിനെതിരായ പ്രതിരോധ ശക്തി താരതമ്യേന കുറവാണ്. ലോക് ഡൗണ്‍ അവസാനിക്കുമ്പോള്‍ പുറത്തുപോകുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുകയും കുട്ടികള്‍ക്ക് സമ്പര്‍ക്കസാധ്യത കൂടുകയും ചെയ്യുന്നു. അതുകൊണ്ട് ഒരു മൂന്നാം തരംഗം വന്നാല്‍ കുട്ടികളെ ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

കുട്ടികള്‍ക്ക് കൂടുതല്‍ തീവ്രമായ അസുഖം വരും എന്നു പറയുന്നത് ശരിയാണോ?

95% കുഞ്ഞുങ്ങളും ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് രോഗബാധിതരാകുന്നത്. ഗുരുതരമായ ജനിതക വ്യതിയാനങ്ങളില്ലാത്ത വൈറസാണ് മൂന്നാം തരംഗമുണ്ടാക്കുന്നത് എങ്കില്‍ ഇതേ രീതിയില്‍ തന്നെയായിരിക്കും കുട്ടികളിലെ രോഗബാധയുടെ തീവ്രത.

എന്താണ് Mis-c multisystem inflammatory syndrome in child?

കോവിഡ് ബാധിച്ച 1-2% കുട്ടികളില്‍ 4-6 ആഴ്ച കഴിയുമ്പോള്‍ കാണുന്ന അവസ്ഥയാണ് Mis-c. മൂന്നു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ക്ഷീണം, കണ്ണുകള്‍ ചുമക്കുക, ചുമന്ന പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍. ഇത് ഹൃദയത്തിനേയും ബാധിക്കാവുന്ന ഒരവസ്ഥയാണ്. നേരത്തെ ശരിയായ രീതിയില്‍ ചികിത്സ തേടിയാല്‍ ഭേദമാക്കാവുന്ന അസുഖമാണ്. ഇതിന് അനാവശ്യമായ ഭീതിയുടെ ആവശ്യമില്ല.

മൂന്നാം തരംഗം എങ്ങനെ നേരിടാം?

മാസ്‌ക് ഉപയോഗിക്കുക, കൈകള്‍ കഴുകുക, അകലം പാലിക്കുക – ഇതു തന്നെയാണ് നമ്മുടെ ആയുധങ്ങള്‍.
ഇതോടൊപ്പം വീടിനു പുറത്തു പോകുന്ന മുതിര്‍ന്ന ആളുകളുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക. കുട്ടികളെ കെട്ടിപിടിക്കുന്നത്, ഉമ്മവയ്ക്കുന്നത് ഇതൊക്കെ ഒഴിവാക്കുക. കുട്ടികളെ പുറത്തുകൊണ്ടുപോകുന്നത് പരമാവധി വേണ്ടെന്നുവയ്ക്കുക. വീട്ടിലെ എല്ലാ അംഗങ്ങളും വാക്‌സിന്‍ സ്വീകരിക്കുക. കുട്ടികളില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുക.

ഭീതി വേണ്ട, ശ്രദ്ധാപൂര്‍വ്വമായ കരുതല്‍ മതി…

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org