കോക്കോ : ആല്‍ബത്തില്‍ ഇല്ലാത്തവരുടെ ഫ്‌ളാഷ് ബാക്ക്

കോക്കോ : ആല്‍ബത്തില്‍ ഇല്ലാത്തവരുടെ ഫ്‌ളാഷ് ബാക്ക്

സാധാരണ ഒരു കുട്ടിക്ക് മരിച്ചവരോടു സംസാരിക്കാന്‍ പറ്റുമോ? മരിച്ചവരുടെ ലോകം കാണാന്‍ പറ്റുമോ? അവിടേക്ക് സഞ്ചരിച്ചു അവരുടെയിടയില്‍ താമസിക്കാന്‍ പറ്റുമോ? ഇതൊക്കെ പറ്റിയാല്‍ തന്നെ ഇനി തിരിച്ചു സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പറ്റുമോ? പക്ഷേ 12 വയസുള്ള മിഗേലിന് ഇതെല്ലാം പറ്റുമായിരുന്നു.
എങ്ങനെയെന്നോര്‍ത്തു ഞെട്ടണ്ട. അവന്റെ പാട്ടിനോടും ഗിറ്റാറിനോടുമുള്ള സ്‌നേഹം അവനെ അവിടൊക്കെ കൊണ്ടെത്തിച്ചു. തുകല്‍ പണിക്കാരായിരുന്ന മിഗേലിന്റെ കുടുംബം. സ്‌നേഹമുള്ളവരായിരുന്നു എല്ലാവരും. പക്ഷേ ഒരൊറ്റ കാര്യം മാത്രം കുടുംബത്തില്‍ അനുവദിച്ചിരുന്നില്ല. അത് സംഗീതമായിരുന്നു. പാട്ട് പാടാനോ, കേള്‍ക്കാനോ, സംഗീതോപകരണങ്ങള്‍ കൈകൊണ്ടു തൊടാനോ പോലും വീട്ടിലെ ആരും അനുവദിച്ചില്ല. വല്ലാത്ത ക്രൂരത അല്ലേ… അതിനു പിന്നിലൊരു കഥയുണ്ട്. മിഗേലിന്റെ അപ്പൂപ്പന്റെ അപ്പന്‍ അന്നാട്ടിലെ ഏറ്റവും പേരു കേട്ട ഗിറ്റാറിസ്റ്റായിരുന്നു. പക്ഷേ സംഗീതവുമായി നടന്ന അദ്ദേഹം ഒരിക്കല്‍ ഒരു പരിപാടിക്കു പോയി തിരിച്ചുവന്നില്ല. കുടുംബത്തെ ഓര്‍ത്തില്ല. അതോടെ നിര്‍ത്തി ആ കുടുംബം സംഗീതത്തോടുള്ള സ്‌നേഹം.
പക്ഷേ കൊച്ചു മിഗേലിന് സംഗീതമെന്നാല്‍ ആവേശമായിരുന്നു. ഗിറ്റാറെന്നാല്‍ പ്രാണവായുവും. അവന്റെ ഹീറോ – മെക്‌സിക്കോയിലെ ഏറ്റവും വലിയ ഗിറ്റാറിസ്റ്റായിരുന്ന ഏണസ്റ്റോയും. തട്ടിന്‍ പുറത്തു ആരും കാണാതെ ഒളിച്ചിരുന്ന് അവന്‍ ഗിറ്റാറുവായിച്ചു. ഏണസ്റ്റോയുടെ പാട്ടുകള്‍ കേട്ടു. അങ്ങനിയിരിക്കെ നമ്മള്‍ മരിച്ചവരെ ഓര്‍ക്കുന്ന നവംബര്‍ -2 പോലെ മെക്‌സിക്കോയിലും ഉണ്ട് ഒരു ദിവസം. അന്ന് കുടുംബത്തിലെ മരിച്ചവരുടെ ഫോട്ടോകള്‍ അലങ്കരിച്ചുവയ്ക്കും. അവര്‍ക്കിഷ്ടപ്പെട്ട വസ്തുക്കളും. കാരണം കുടുംബത്തിലെ മരിച്ചവരെ ആരും ഓര്‍ക്കാതെ ആയാല്‍ പരലോകത്തില്‍ അവരുടെ മരണം സംഭവിക്കും. അതൊന്നുമല്ല പക്ഷേ കൊച്ചുമിഗേലിനെ ആകര്‍ഷിച്ചത്. അന്ന് നാട്ടിലെ ഏറ്റവും വലിയ ഒരു സംഗീത മത്സരമുണ്ട്. പുതി യ പ്രതിഭകളെ കണ്ടെത്തുന്ന മത്സരം. അവന് എങ്ങനേയും അതില്‍ പോയേ പറ്റൂ. പക്ഷേ അന്നു രാവിലെ അപ്രതീക്ഷിതമായി അവന്റെ ഒളിച്ചു വച്ച ഗിറ്റാര്‍ വീട്ടുകാര്‍ കണ്ടുപിടിച്ചു. അതു തല്ലിപ്പൊളിച്ചു. തകര്‍ന്നപോയ ഗിറ്റാറുമായി ഇനി എങ്ങനെ താന്‍ മത്സരിക്കും. മത്സരം തുടങ്ങി. തന്റെ പ്രിയപ്പെട്ട ഹീറോ ഏണസ്റ്റോയുടെ ശവകുടീരത്തില്‍ പോയി അവന്‍ കരഞ്ഞു. പെട്ടാന്നാണ് അതിനോട് ചേര്‍ന്നുള്ള മ്യൂസിയത്തില്‍ ഏണസ്റ്റോ ജീവിത കാലത്ത് പാട്ടുകള്‍ വായിച്ചിരുന്ന പഴയ ഗിറ്റാര്‍ സൂക്ഷിച്ചുവച്ചിരിക്കുന്നത് കണ്ടത്. രണ്ടാമതൊന്ന് ആലോചിച്ചില്ല അവന്‍ മ്യൂസിയം ചാടിക്കടന്നു. ഗിറ്റാര്‍ കൈയ്യിലെടുത്തു. അതിന്റെ കമ്പികളില്‍ വിരലുകള്‍ വച്ചതും കാറ്റു വീശി. പൂക്കള്‍ പൊഴിഞ്ഞു. അവന്റെ മുന്നില്‍ മരിച്ചവരുടെ ലോകത്തിലേക്കുള്ള പാലം തുറന്നു.
പക്ഷേ ആ നഗരത്തിന്റെ ആഡംബരങ്ങളുടെ അപ്പുറത്തായി ചെറിയൊരു ചേരി. പൊളിഞ്ഞ കൂരകള്‍. കട്ടിലില്‍ അവശരായി കിടക്കുന്ന മനുഷ്യര്‍. ഭൂമിയില്‍ തങ്ങളെപ്പറ്റി ആരും ഓര്‍ക്കാതെയു ള്ളവര്‍, ആരുടെയും കൈകകളില്‍ ഒരു ഫോട്ടോ പോ ലും ഇല്ലാത്തവര്‍ എല്ലാം മരിക്കുന്ന തെരുവ്. അവിടെ വച്ചാണ് ഹെക്ടര്‍ എന്ന കൂട്ടുകാരനെ മിഗേല്‍ കണ്ടത്. ഭൂമിയില്‍ ആരുടെ കൈ യിലും തന്റെ ഒരു ഫോട്ടോ പോലും ഇല്ലാത്തതിനാല്‍ അവനും മരിക്കാറായിരിക്കയാണ്. തന്റെ ഒരു ഫോട്ടോ തിരിച്ചു നാട്ടിലെ തന്റെ മകളുടെ കൈയില്‍ എത്തിക്കുകയാണെങ്കില്‍ മിഗേലിന്റെ ഹീറോ ആയ ഏണസ്റ്റോയെ കാണിച്ചു തരാമെന്നു ചട്ടം കെട്ടി സഹായിക്കാന്‍ കൂടിയതാണ് ഹെക്ടര്‍.
ഒടുവില്‍ പരലോകത്തി ലെ വി.ഐ.പികള്‍ മാത്രം പാര്‍ക്കുന്ന ഹൈടെക് മന്ദിരത്തില്‍ മിഗേലെത്തി. അവിടെയാണ് ലോകപ്രശസ്ത സംഗീതജ്ഞന്‍ ഏണസ്റ്റോ ഉള്ളത്. വലിയ തിരക്കുകളുടെയും വിരുന്നുകളുടെയും ഇടയില്‍ മിഗേലിന് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ പോലും കഴിഞ്ഞില്ല. മനസില്‍ ഒരൊറ്റ വഴി തെളിഞ്ഞു. ഹെക്ടറിന്റെ കൈ യിലെ പഴയ ഗിറ്റാറെടുത്ത് അവന്‍ പാടി. പാട്ടു കേട്ടതും മരിച്ചവരുടെ ലോകത്തില്‍ നിശബ്ദത. സ്വയം മറന്നു പാടുന്ന മിഗേലിന്റെ പാട്ടുകേട്ട് എല്ലാവരും സ്തംബ്ധരായി. മിഗേലിനെ ഏണസ്റ്റോ വന്നു വാരിയെടുത്തു. ഉമ്മവച്ചു. കൈനിറയെ സമ്മാനങ്ങളും. ഇനിയെന്തുവേണം. പക്ഷേ അവിടെ വച്ചു മിഗേല്‍ ഞെട്ടിക്കുന്ന ഒരു സത്യമറിഞ്ഞു. ലോകം മുഴുവന്‍ വാഴ്ത്തിപ്പാടിയ സംഗീതജ്ഞന്‍ ഏണസ്റ്റോ പ്രശസ്തനായത് ഒരു സുഹൃത്തിന്റെ പാട്ടുകളും, ഗിറ്റാറും മോഷ്ടിച്ചിട്ടാണ്. മാത്രവുമല്ല കുടുംബത്തിലേക്ക് തിരിച്ചുപോകാന്‍ നിന്ന ആ കൂട്ടുകാരനെ വകവരുത്തുക കൂടി ചെയ്തു അയാള്‍.
കള്ളിവെളിച്ചത്തായ ഏണ സ്റ്റോ പരലോകത്തിലെ നാട്ടുകാരുടെ മുന്നില്‍ നാണം കെട്ടു. എല്ലാവരും അയാളെ കുറ്റപ്പെടുത്തി. ഉണ്ടായിരുന്ന ബഹുമാനം അപമാനമായി മാറി. പക്ഷേ കഥയുടെ ക്ലൈമാക്‌സ് അതൊന്നുമായിരുന്നില്ല. ഏണസ്റ്റോ കോപ്പിയടിച്ച സംഗീതം ഹെക്ടറിന്റേതായിരുന്നു. ഒരിക്കലും കുടുംബത്തിലേക്ക് മടങ്ങിവരാനാവാതെ കൊല്ലപ്പെട്ട ഹെക്ടര്‍ തന്റെ അപ്പൂപ്പന്റെ അപ്പനായിരുന്നു. ഇന്നും മടങ്ങിവരുമെന്നോര്‍ത്ത് കോക്കോ എന്നുപേരുള്ള വീട്ടിലെ തന്റെ അമ്മാമ്മ കാത്തിരിക്കുന്നത് ഇദ്ദേഹത്തെയായിരുന്നു. ലോകോത്തര സംഗീതജ്ഞന്‍, ആരാലും ഓര്‍ക്കപ്പെടാനാവാതെ മരിക്കാറായിരിക്കുന്നത് തന്റെ തന്നെ ചോരയായിരുന്നു എന്നു തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കുന്നു.
കോക്കോ ഒരു സിനിമ മാത്രമല്ല. കപടമുഖം കൊണ്ട് ആര്‍ക്കും എങ്ങും വാഴാന്‍ കഴിയില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്. മരിച്ചുപോയവരെക്കുറിച്ച് ഓര്‍ക്കണം. മനസ്സില്‍ നിന്ന് ആരെയും മായ്ച്ചുകളയരുതെന്ന പാഠമാണ്. സത്യസന്ധമായി ചെയ്യുന്ന ഏതുകാര്യത്തിനും വിലയുണ്ടെന്ന സത്യമാണ്. കുട്ടികളുടെ പ്രിയപ്പെട്ട കോക്കോ എന്ന ആനിമേഷന്‍ മൂവി കാണാന്‍ മറക്കില്ലല്ലോ…ഒപ്പം ഈ പാഠങ്ങളും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org