ക്രിസ്മസ്

ക്രിസ്മസ്

ക്രിസ്മസ് ഇങ്ങെത്തി. മുന്‍കാലങ്ങള്‍ പോലെയല്ല, ഇത്തവണ കോവിഡിനോടൊത്താണ് നാം കര്‍ത്താവിന്റെ വരവുകാലം കാത്തിരിക്കുന്നത്. കോവിഡ്, ആഘോഷങ്ങളെ ലഘുവാക്കുമ്പോഴും അതിന്റെ അര്‍ത്ഥവും ആഴവും മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ മനസിലാക്കുവാന്‍ ഇക്കാലത്തിനാകട്ടെ. ആഘോഷങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പിന്നിലെ ചിന്തകള്‍ അറിയുമ്പോള്‍ ആണല്ലോ ഇതെല്ലാം എന്തിനായിരുന്നുവെന്ന് നമുക്ക് മനസ്സിലാകുക.

ക്രിസ്മസ് ട്രീക്കു പിന്നിലെ കഥ

പുരാതന കാലം മുതലെ ഈജിപ്തുകാരും റോമാക്കാരും അവരുടെ ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അലങ്കാരമായി നിത്യഹരിതമായ ഫിര്‍ (Fir) മരങ്ങള്‍ ഉപയോഗിച്ചിരുന്നു. 'To rise'എന്ന് അര്‍ത്ഥം വരുന്ന ഈ മരങ്ങള്‍ റോമന്‍ ക്ഷേത്രങ്ങളോട് ചേര്‍ന്നു നട്ടുപിടിപ്പിച്ചിരുന്നു. അവരുടെ പ്രധാനപ്പെട്ട തിരുനാളുകളിലൊന്നായ Saturnalia യുടെ പ്രധാന ആകര്‍ഷണം ആയിരുന്നു അലങ്കാരങ്ങള്‍ നിറച്ച ഫിര്‍ മരങ്ങള്‍. Saturn എന്ന റോമന്‍ ദേവന്റെ ഉത്സവമാണ് Saturnalia. നാലാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവര്‍ പേഗന്‍ ഉത്സവമായ Saturnalia ക്ക് പകരം ക്രിസ്തുവിന്റെ ജനന തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങി. എല്ലാക്കാലവും ഹരിതാഭമായി നില്‍ക്കുന്ന ഈ മരങ്ങള്‍ ക്രിസ്മസ് ട്രീയാക്കിയപ്പോള്‍ ദൈവവുമായുള്ള നിലയ്ക്കാത്ത ബന്ധത്തിന്റെ പ്രതീകമായി ആദിമകാല ക്രൈസ്തവര്‍ ഇതിനെ കരുതിപ്പോന്നു. എന്നാല്‍ ഇന്ന് നാം കാണുന്ന ആധുനിക ക്രിസ്മസ് ട്രീയുടെ ഉത്ഭവം 16-ാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലാണ്. പക്ഷേ വര്‍ണ്ണ തോരണങ്ങള്‍ക്കു പകരം പരിപ്പ് വര്‍ഗ്ഗങ്ങളും (nuts), വിവിധയിനം ഫലവര്‍ഗ്ഗങ്ങളും (fruits) കൊണ്ടാണ് അലങ്കരിച്ചിരുന്നതെന്നു മാത്രം.

Christmas എങ്ങനെ Xmas ആയി?

പൊതുവെ ക്രിസ്മസ് കാര്‍ഡുകളിലും ആശംസാ വാചകങ്ങളിലും ക്രിസ്മസിനെ സൂചിപ്പിക്കാന്‍ നാം എഴുതുന്ന വാക്കാണല്ലോ 'Xmas'. എന്നാല്‍ ഇത് ചുമ്മാ ഒരു ചുരുക്കിയെഴുത്താണോ അതോ അതിന് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടുണ്ടോ?
16-ാം നൂറ്റാണ്ടു മുതലാണ് 'Xmas' എന്ന ചുരുക്കെഴുത്ത് വ്യാപകമായി ക്രിസ്മസിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചു തുടങ്ങിയത്. പുരാതന ഗ്രീക്ക് ഭാഷയില്‍ ക്രിസ്തു എന്ന പേര് ആരംഭിക്കുന്ന അക്ഷരമാണ് 'X'. ക്രിസ്തുവിന് ഗ്രീക്ക് ഭാഷയില്‍ ക്രിസ്‌തോസ് (Χρήστος) എന്നു പറയുന്നു. അങ്ങനെ 'X' എന്നാല്‍ Christ എന്നും 'Xmas' എന്നാല്‍ Christmas എന്നുമായി മാറി.

സാന്റാ ക്ലോസ് എന്ന സന്തോഷം

സാന്റാക്ലോസ് എന്ന ക്രിസ്മസ് അപ്പൂപ്പന്‍ സെന്റ് നിക്കൊളാസ് എന്ന വിശുദ്ധന്‍ ആണെന്നും അദ്ദേഹം മെത്രാനായിരുന്നപ്പോഴും പാവങ്ങളെ രഹസ്യമായി സമ്മാനപ്പൊതികള്‍ നല്കി സന്തോഷിപ്പിച്ചിരുന്നു എന്നുമെല്ലാം നമുക്കറിയാം. എന്നാല്‍ സെന്റ് നിക്കോളാസ് എങ്ങനെ സാന്റാ ക്ലോസ് ആയി എന്നു ചിന്തിച്ചിട്ടുണ്ടോ? 300 കളില്‍ Patara നാട്ടിലാണ് ഈ വിശുദ്ധന്‍ ജീവിച്ചിരുന്നത്. ഇന്നത്തെ തുര്‍ക്കി രാജ്യത്തിലാണ് ഈ സ്ഥലം. എന്നാല്‍ വിശുദ്ധന്റെ കഥകള്‍ എല്ലാ നാട്ടിലും പ്രചരിച്ചു. ഡച്ച് (Dutch) ഭാഷയില്‍ St. Nicholas ന് Sinterklaas എന്നാണ് പറയുക. Sinterklaas എന്ന വാക്കാണ് പില്‍ക്കാലത്ത് Santa Claus ആയി മാറിയത്.

ക്രിസ്മസ് റീത്ത്

യൂറോപ്പില്‍ വളരെ സാധാരണമായി കണ്ടിരുന്ന ക്രിസ്മസ് റീത്തുകള്‍ ഇന്ന് നമ്മുടെ നാട്ടിലും ക്രിസ്മസ് കാലത്ത് സാധാരണമായി മാറിക്കഴിഞ്ഞുവല്ലോ. എന്താണ് ക്രിസ്മസ് റീത്ത് എന്ന് അന്വേഷിച്ചിട്ടുണ്ടോ? ക്രിസ്തു അണിഞ്ഞ മുള്‍ക്കിരീടത്തിന്റെ പ്രതീകമായാണ് ക്രിസ്മസ് റീത്ത് രൂപം കൊണ്ടത്. പിന്നീട് ക്രിസ്മസ് നിറങ്ങള്‍ (ചുവപ്പ്, പച്ച, സ്വര്‍ണ്ണം) അതിനോട് ചേര്‍ക്കപ്പെട്ടു. ക്രിസ്തുവിന്റെ രക്തത്തിന്റെ പ്രതീകമാണ് ചുവപ്പ്, ജീവന്റെ പ്രതീകമാണ് പച്ച. രാജത്വത്തിന്റെയും പ്രകാശത്തിന്റെയും പ്രതീകമാണ് സ്വര്‍ണ്ണനിറം. മങ്ങാത്ത ഇലകളാല്‍ നിര്‍മ്മിക്കുന്ന വളയം നിത്യതയെയും ജീവന്റെ തുടര്‍ച്ചയെയും സൂചിപ്പിക്കുന്നു. മഞ്ഞുകാലമായ ക്രിസ്മസ് നാളുകളില്‍ വീടിന്റെ വാതിലുകളില്‍ തൂക്കിയിടുന്ന ക്രിസ്മസ് റീത്തുകള്‍ ജീവന്റെയും പ്രതീക്ഷയുടെയും വലിയൊരു സന്ദേശമാണ്. പുരാതന റോമാക്കാര്‍ വിജയത്തിന്റെയും, തങ്ങളുടെ പദവിയുടെയും പ്രതീക മായി വീടിന്റെ വാതിലുകളില്‍ തൂക്കിയിരുന്ന പ്രതീകം നമ്മള്‍ കടമെടുക്കുകയായിരുന്നു.

'കരോള്‍' ഇല്ലാതെ പിന്നെന്തു ക്രിസ്മസ്

വീടു വീടാന്തരം വാതിലുകള്‍ക്ക് മുന്നില്‍ ചെന്നു നിന്ന് സാന്റാ ക്ലോസ് വസ്ത്രമണിഞ്ഞ് പാട്ടും നൃത്തവുമായി നാം നടത്തുന്ന ക്രിസ്മസ് കരോള്‍ എങ്ങനെ ഉത്ഭവിച്ചുവെന്ന് അറിയാമോ? കരോള്‍ ഗാനാലാപനം നാലാം നൂറ്റാണ്ടു മുതലേ ഉണ്ടായിരുന്നെങ്കിലും വീടുവീടാന്തരം ക്രിസ്മസിന്റെ സന്തോഷമറിയിച്ചു കൊണ്ടുള്ള യാത്ര wassailing എന്ന ഇംഗ്ലീഷ് അനുഷ്ഠാനത്തില്‍ നിന്ന് പ്രചോദിതമാണ്. ഇംഗ്ലീഷ് സംസ്‌കാരത്തില്‍ മറ്റൊരാള്‍ക്ക് നല്ല ആരോഗ്യവും സമൃദ്ധിയും ഭാഗ്യവും ആശംസിക്കുന്ന, സമ്മാനങ്ങളും ഭക്ഷണപാനീയങ്ങളും കൈമാറുന്ന രീതിയായിരുന്നു wassailing. അസ്സീസിയിലെ വി. ഫ്രാന്‍സിസാണ് ഈ പാരമ്പര്യം അടര്‍ത്തിയെടുത്ത് അതിനെ ക്രിസ്മസ് കരോള്‍ ആക്കി പകര്‍ത്തിയത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org