'ക്രിസ്മസ് ഭയങ്കര ചില്ലാണ് ടീച്ചറെ!!'

'ക്രിസ്മസ് ഭയങ്കര ചില്ലാണ് ടീച്ചറെ!!'

പതിവുള്ള വേദോപദേശ ക്ലാസ്. രംഗം ബഹളമയം. വി കൃതിയായ ജാക്കും ഉണ്ട് അക്കൂട്ടത്തില്‍. മാര്‍പാപ്പയെ പോലും വേദോപദേശം പഠിപ്പിക്കാന്‍ മാത്രം കാഞ്ഞബുദ്ധിയാ അവന് എന്നാണ് അവനെക്കുറിച്ചുള്ള സഹപാഠികളുടെ അഭിപ്രായം. കാരണം, ഒരു എട്ടാം ക്ലാസുകാരന്റെ സംശയങ്ങളും ചോദ്യങ്ങളും അല്ല അവന് ഉണ്ടായിരുന്നത്. എന്നത്തേയും പോലെ അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകുമോ എന്ന ആശങ്കയുമായാണ് ക്ലാസിലേക്ക് എത്തിയത്. രംഗം ശാന്തമാക്കാന്‍ ഒരു ചോദ്യത്തോടെ ക്ലാസ് ആരംഭിച്ചു. ക്രിസ്ത്യാനികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ ദിവസം ഏതാണ്? നിമിഷാര്‍ദ്ധത്തിനുള്ളില്‍ എല്ലാവരും ഒരുമിച്ചു വിളിച്ചു പറഞ്ഞു. ''ഈസ്റ്റര്‍!... ഈസ്റ്റര്‍!!'' അതിലൊരു ശബ്ദം മാത്രം വേറിട്ടു നിന്നിരുന്നു. അത് ജാക്കിന്റെതായിരുന്നു. ''ടീച്ചറേ ഈസ്റ്റര്‍ അല്ല ക്രിസ്മസ് ആണെന്ന് ഈ മണ്ടന്മാര്‍ക്കറിയില്ല.'' ആ ഒറ്റപ്പെട്ട സ്വരത്തെ എതിര്‍ത്തും വാദിച്ചും കാരണങ്ങള്‍ നിരത്തിയും എതിര്‍ഭാഗം വിജയിച്ചു നിന്നു. കാരണം അവര്‍ പഠിച്ചിട്ടുള്ളത് ഈസ്റ്റര്‍ എന്നാണ്. ക്രിസ്തു ഉത്ഥാനം ചെയ്തില്ലെങ്കില്‍ ക്രിസ്ത്യാനിക്ക് അസ്തിത്വമില്ല. വചനം അതിനെ ഉറപ്പിക്കുന്നുമുണ്ട്. 'ക്രിസ്തു ഉയര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ് നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം' (1 കൊറി. 15:14). വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഞാനവനെ അരികില്‍ വിളിച്ചു ചോദിച്ചു: ''ജാക്ക്, എന്താ ക്രിസ്മസ് എന്ന് പറഞ്ഞത്?''

''ക്രിസ്മസ് ഭയങ്കര ചില്ലാണ് ടീച്ചറെ!!'' എന്നായിരുന്നു അവന്റെ മറുപടി.

ആ മറുപടിയില്‍ അവന്റെ കണ്ണുകളില്‍ പ്രകാശം ഉണ്ടായിരുന്നു. ചുണ്ടില്‍ പുഞ്ചിരിയും. ഒരുപാട് ഓര്‍മ്മകളില്‍ നിന്നായിരുന്നു അവന്‍ അതിനു വിശദീകരണം നല്‍കിയത്. അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനവും ഏറ്റവും വലിയ ആഘോഷവുമെങ്കിലും നമ്മുടെ ഹൃദയങ്ങളെ തൊട്ടു നില്‍ക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട് ക്രിസ്മസില്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ചോദ്യം എന്നോടുതന്നെ ചോദിച്ചപ്പോള്‍ എന്റെ ഹൃദയത്തിലും തെളിയുന്ന ഉത്തരം ഒന്നേയുള്ളൂ. അത് ക്രിസ്മസ് ആണ്. ജാക്കിന് പ്രിയം ക്രിസ്മസാണെന്ന് പറയുമ്പോള്‍ അവന് ചേര്‍ത്തുവയ്ക്കാന്‍ നിറമുള്ള ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടായിരുന്നു. ക്രിസ്മസിനെക്കുറിച്ചോര്‍ക്കുമ്പോള്‍ നമുക്കും ഒത്തിരി ഓര്‍മ്മകള്‍ സ്വന്തമായുണ്ടായിരിക്കാം.

ചരിത്രംപോലും ക്രിസ്തുവിനെ അടയാളപ്പെടുത്തുന്നത് ക്രിസ്തുവിന്റെ ജനനത്തിലൂന്നി നിന്നുകൊണ്ടാണ്. ക്രിസ്തുവിനും മുന്‍പും പിന്‍പും എന്ന് രണ്ടായി പകുത്തു കൊണ്ട് കാലചക്രം കറങ്ങി കൊണ്ടിരിക്കുന്നു. ക്രിസ്മസ് എനിക്ക് ഹൃദയം നിറഞ്ഞ ഒരുപാട് ഓര്‍മ്മകളുടെ വസന്തം തുറന്നു തന്നിട്ടുണ്ട്. ഉണ്ണീശോയ്ക്ക് സുകൃതങ്ങള്‍ കൊണ്ട് കുപ്പായം ഉണ്ടാക്കിയും മാലകൊരുത്തും ചെരുപ്പണിയിച്ചും എത്ര സന്തോ ഷത്തോടെയാണ് ക്രിസ്മസ് ആഘോഷിച്ചിട്ടുള്ളത്. അപ്പാപ്പന്റെ ആയിരം ആവര്‍ത്തി വരുന്ന കഥകള്‍ മനസ്സില്‍ നിറമുള്ള പുല്‍ക്കൂട് ഒരുക്കി തന്നിട്ടുണ്ട്. ഇഷ്ടങ്ങളെ സ്‌നേഹത്തോടെ ത്യജിച്ചും, മാതാ പിതാക്കളെയും കൂടപ്പിറപ്പുകളെയും സഹായിച്ചും ആ ഇരുപത്തഞ്ചു ദിനങ്ങള്‍ ഉണ്ണീശോയ്ക്ക് ഒര പാട് സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചെറിയ ചെറിയ കാര്യങ്ങളിലൂടെ സ്വര്‍ഗത്തില്‍ വലിയ നിക്ഷേപം ഒരുക്കിയ ആനന്ദനിര്‍വൃതിയുണ്ടായിരുന്നു അന്നത്തെ ആ കുരുന്നു ഹൃദയത്തിന്. പുല്‍ക്കൂട് ഒരുക്കല്‍... ക്രിസ്മസ് കാര്‍ഡുകള്‍... ഒരു ഗ്രാമം ഒന്നിച്ച് പാടവരമ്പിലൂടെ ചൂട്ടും കത്തിച്ച് പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര... പാതിരാവിലെ നോമ്പുവീടല്‍.. തുടങ്ങീ പച്ചകെടാത്ത ഒരുപാട് ഓര്‍മ്മകളുണ്ട് കുട്ടിക്കാലത്തെ ക്രിസ്മസിന്. വൈദ്യുതി ഇല്ലാതിരുന്നിട്ടും മെഴുകുതിരി വെട്ടത്തില്‍ ഒരുക്കിയ പുല്‍ക്കൂടോര്‍മ്മകളും ഉണ്ട്. പ്രകാശത്തിന്റെ ഉത്സവം തന്നെയാണ് ക്രിസ്മസ്. ഒരുപക്ഷേ, ക്രിസ്തുവിന്റെ മരണത്തെക്കാള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാനാകുന്നത് ക്രിസ്തുവിന്റെ പിറവി തന്നെ. അതില്‍ അവരുടെ സ്വപ്നങ്ങളില്‍ വിരുന്നിനെത്തുന്ന മാലാഖമാര്‍ ഉണ്ട്. അപ്പന്റെയും അമ്മയുടെയും സാന്നിധ്യമായി യൗസേപ്പും മറിയവുമുണ്ട്. അവരുടെ ലോകത്ത് അല്‍ഭുതം തീര്‍ക്കുന്ന നക്ഷത്രങ്ങളും ആട്ടിന്‍കൂട്ടവും മറ്റു മൃഗജാലങ്ങളും അവിടെയുണ്ട്. ലാളിത്യം കിനിഞ്ഞു നില്‍ക്കുന്ന ആ പുല്‍ക്കൂട്ടിനുള്ളില്‍ എല്ലാവരെയും നോക്കി പുഞ്ചിരിക്കുന്ന ഉണ്ണീശോയും. പ്രകൃതിയും മണ്ണും മനുഷ്യനും ബന്ധങ്ങളും സമ്മേളിക്കുന്ന ഇടം!! ക്രിസ്മസ് നമുക്കും ഒരു ഓര്‍മ്മയാക്കാം. സുകൃതങ്ങള്‍ കൊണ്ട് ഉണ്ണിക്കായി സമ്മാനങ്ങള്‍ ഒരുക്കാം. കണ്ടുമുട്ടുന്നവര്‍ക്ക് പുഞ്ചിരി സമ്മാനിച്ചും മിഠായിയും മധുരപലഹാരങ്ങളും വേണ്ടെന്നുവച്ചും നേരത്തേ ഉണര്‍ന്ന് പള്ളിയില്‍ പോയും എല്ലാവരോടും ക്ഷമിച്ചും ചെറിയ ചെറിയ വലിയ സുകൃതങ്ങളിലൂടെ നമുക്കുണ്ണീശോയെ വരവേല്‍ക്കാം. ഹൃദയം ശുദ്ധമാക്കിയുള്ള ഈ ക്രിസ്മസിന് സ്വര്‍ഗം മുഴുവനും വിരുന്നിനെത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org