സംസാരത്തിലെ സൗന്ദര്യം

സംസാരത്തിലെ സൗന്ദര്യം

നാം ആരാണെന്നും, നമ്മിലുള്ളത് എന്താണെന്നും തിരിച്ചറിയുന്നത് നമ്മുടെ സംസാരത്തിലൂടെയാണ്. ഒരാളുടെ വ്യക്തിത്വം അളക്കാനുള്ള അളവുകോല്‍ തന്നെയാണ് അവന്റെ സംസാരം. വാക്കിനാലുള്ള മുറിവ് ആയുധത്തെക്കാള്‍ അധികവും, അതിന്റെ സൗമ്യത മരുന്നിനെക്കാള്‍ ശക്തവുമാണ്. നല്ല വാക്കും സംസാരവും അപരന് ജീവന്‍ പകരുന്ന ഊര്‍ജ്ജമാണ്. നമ്മള്‍ കേരളീയര്‍ നല്ല വാക്കുകളും അഭിനന്ദനങ്ങളും നല്‍കുന്നതില്‍ പിശുക്ക് കാട്ടുന്നവരാണ്. അഭി പ്രായം ചോദിക്കുമ്പോള്‍ ആകട്ടെ സത്യം പറയാനുള്ള മടി കൊണ്ട് 'കുഴപ്പമില്ല' എന്നാണ് നമ്മള്‍ സാധാരണ പറയാറ്. എന്നാല്‍ അപരന്റെ കുറവ് പറയുന്ന കാര്യത്തില്‍ എത്ര പറഞ്ഞാലും നമുക്ക് മതിയാവുകയുമില്ല. വാക്കിന്റെ നല്ല ഉപയോഗത്തിലൂടെ നമ്മുടെ സംസ്‌കാരമാണ് നാം വെളിപ്പെടുത്തുന്നത്. നമ്മുടെ സംസാരം എപ്പോഴും വിവേകത്തോടെ ആയിരിക്കേണ്ടതുണ്ട്. വിശുദ്ധ ബൈബിള്‍ പഠിപ്പിക്കുന്നത് 'വാക്കില്‍ പിഴക്കുന്നത് കാല്‍ തെറ്റി വീഴുന്നതുപോലെയാണ്' എന്നാണ്. എത്രയോ വ്യക്തികളുടെ സംസാരം നമ്മെ തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ നമ്മെ വഴിതെറ്റിക്കുകയും മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. ചിലരുടെ പ്രോത്സാഹന വാക്കുകള്‍ നമ്മെ ഉയര്‍ച്ചയിലേക്കും വളര്‍ച്ചയിലേക്കും നയിച്ചിട്ടുണ്ട്. സത്യത്തില്‍ നാം പറയുന്ന ഓരോ വാക്കും നമ്മുടെ ഹൃദയത്തിലേക്ക് തന്നെയാണ് നാം വിതക്കുന്നത്. മറ്റുള്ളവര്‍ക്ക് ഹിതവും മൂല്യവത്തും, ഉചിതവും, പ്രിയവുമായ വാക്കുകള്‍ വിശുദ്ധമായി ഭവിക്കുന്നു എന്ന് ശ്രീനാരായണഗുരു പറയുന്നു. പണത്തെക്കാളും പാരിതോഷികങ്ങളെക്കാളും ഏറെ വിലപ്പെട്ടതാണ് നല്ല വാക്കുകള്‍. ഔദാര്യം നിറഞ്ഞ ഒരു മനസ്സില്‍ നിന്നു മാത്രമേ അത് പുറപ്പെടുകയുള്ളൂ. അഭിനന്ദനവാക്കുകള്‍ ലഭിക്കുന്നവര്‍ ഒരുപാട് സന്തോഷിക്കുന്നു. കാരണം അത് അവരുടെ പ്രവൃത്തിയുടെ അംഗീകാരമായതിനാലാണ്. മാതാപിതാക്കള്‍ മക്കളെയും, മക്കള്‍ മാതാപിതാക്കളെയും, ഭാര്യാഭര്‍ത്താക്കള്‍ പരസ്പരവും, അധ്യാപകര്‍ കുട്ടികളെയും, അഭി നന്ദിക്കുന്ന കാര്യത്തില്‍ ഒട്ടും പിശുക്ക് കാണിക്കരുത്. ചിലപ്പോള്‍ നമ്മുടെ വാക്കുകള്‍ മുഖസ്തുതിയോ, വ്യാജസ്തുതിയോ ആയി പോകാന്‍ സാധ്യതയുണ്ട്. ഈ ശീലം ഒട്ടും നല്ലതല്ല. സത്യമായ വാക്കിന് അതിന്റേതായ സൗന്ദര്യമുണ്ട്. നാം നമ്മോടു തന്നെ നല്ലത് പറയുകയും, സത്യസന്ധമായി പെരുമാറുകയും ചെയ്യുന്ന രീതി അഭിലഷണീയമാണ്. ചില ആളുകള്‍ ഉരുളക്കുപ്പേരിപോലെ, മറുപടി കൊടുത്ത് വിജയിച്ചു എന്ന മട്ടില്‍ നില്‍ക്കുന്നതു കാണാം. അങ്ങനെ നാം ജയിക്കുമ്പോള്‍ അവനെ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുകയാണ് എന്ന കാര്യം മറക്കരുത്. ഒരു കാര്യം കേട്ടാല്‍, അത് 'ഇപ്പോള്‍ തന്നെ ചോദിച്ചിട്ടെ ഉള്ളൂ' എന്നു പറഞ്ഞ് എടുത്തുചാടി പുറപ്പെടുന്നത് പക്വതയുള്ളവര്‍ക്ക് ചേര്‍ന്നതല്ല. നമ്മുടെ വാക്കും പ്രവൃത്തിയും മൂലം ഒരാളും തലകുനിക്കാന്‍ ഇടയാകാതിരിക്കട്ടെ. കുറേ വര്‍ഷങ്ങള്‍ കൂടെ ജീവിച്ചിട്ടും നല്ല സാന്നിധ്യമാകാനും നന്മ നിറഞ്ഞ ഓര്‍മ്മയാകാനും നമുക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ ജീവിതം കൊണ്ട് എന്ത് അര്‍ത്ഥം. 'മക്കളുടെ നന്മ മാതാപിതാക്കളുടെ യശസ്സുയര്‍ത്തുന്നു' എന്നല്ലേ ബൈബിള്‍. അതുപോലെ മഹത്‌വ്യക്തികളുടെ സാന്നിധ്യം ഒരു നാടിനെയും ഒരു രാജ്യത്തെയും അനുഗ്രഹമാക്കുന്നു. നേരെ മറിച്ചും സംഭവിക്കാം. നമ്മുടെ അടുത്തു വരുന്ന ഓരോ വ്യക്തിക്കും, നമ്മുടെ സാന്നിധ്യവും വാക്കും സ്‌നേഹത്തിന്റെ അനുഭവമാക്കി മാറ്റാന്‍ നമുക്ക് ശ്രമിക്കാം. ഒരുപക്ഷേ പിന്നീട് നാമവരെ ഒരിക്കലും കണ്ടുമുട്ടി എന്നു വരില്ല. ഒരു പുഞ്ചിരിയിലൂടെ, ശാന്തവും സൗമ്യവുമായ സം സാരത്തിലൂടെ..., സ്‌നേഹപൂര്‍വ്വം ഒന്ന് നോക്കുന്നതിലൂടെ, നാം അവരുടെ ഹൃദയത്തെയാണ് തൊടുന്നത്. സംസാരത്തിലെ വിനയവും, അറിവും സൗമ്യതയും നമ്മുടെ സൗന്ദര്യം തന്നെ തിളക്കമുള്ളതാകും. സംസാരത്തില്‍, ഞാനെന്ന ഭാവം വളരെ കുറഞ്ഞിരുന്നാല്‍ ഏറെ നല്ലതാണ്. നല്ല ബന്ധങ്ങളും സൗഹൃദങ്ങളും വളരാന്‍ ഇത് നമ്മെ സഹായിക്കും. മറ്റു ചിലപ്പോള്‍ വാക്കുകളെക്കാള്‍ മൗനം ആവശ്യമായ ഇടങ്ങളും ഉണ്ടാകും. നാം പലപ്പോഴും പറയാതെ പോകുന്ന വാക്കുകള്‍ പലരുടെ ജീവിതത്തിലും നിധികളായി മാറാം. തനിക്ക് സംസാരിക്കാനും പ്രതികരിക്കാനും കിട്ടിയ എത്രയോ അവസരങ്ങളാണ് ക്രിസ്തു ബോധപൂര്‍വ്വം വേണ്ടെന്നു വച്ചത്. അതിനാല്‍ സംസാരത്തെ വളരെ ശ്രദ്ധയോടെ പ്രയോജനപ്പെടുത്താം. ഓരോ ദിവസവും ശുഭമാകാന്‍ ഒരു വിദഗ്ദ്ധനായ ഡോക്ടറെ പോലെ, വാക്കിനെ മരുന്നുപോലെ നല്‍കാം. അത് മറ്റുള്ളവരെയും നമ്മെത്തന്നെയും സുഖപ്പെടുത്തും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org