കറുപ്പഴകുള്ള അമ്മമേരി

കറുപ്പഴകുള്ള അമ്മമേരി

നമ്മുടെ മനസ്സുകളില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന വികാരമാണ് അമ്മ മേരി. സൗമ്യതയുടെയും വിനയത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായി, കണ്ണുകളില്‍ നക്ഷത്രതിളക്കവുമായി നമ്മെയൊക്കെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും അവള്‍ കരങ്ങള്‍ നീട്ടി നില്‍ക്കുന്നു. പ്രപഞ്ച സൃഷ്ടാവിന്റെ സാമ്രാജ്യത്തില്‍ മുടിചൂടി നില്‍ക്കുന്ന സ്വര്‍ലോക രാജ്ഞിയാണവള്‍. നമ്മുടെ സങ്കല്പങ്ങളില്‍ തൂവെള്ള നിറമുള്ള സൗന്ദര്യവതിയായ ഒരമ്മയാണ് മേരി. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കറുപ്പ് അഴകുള്ള ഒരു കന്യകാമേരിയുടെ ശില്പമാണ് വണങ്ങപ്പെടുക. ആ ശില്പങ്ങളെ സംബന്ധിക്കുന്ന കുറെയേറെ രസകരമായ നാടോടി കഥകളും ഈ ലേഖനത്തില്‍ ചേര്‍ക്കുന്നുണ്ട്.

ആ നാടുകളില്‍ അമ്മയെ വണങ്ങാന്‍ എത്തുന്നവരൊക്കെ വലിയ തീക്ഷ്ണമായ വിശ്വാസത്തോടെയാണ് ഓടിയെത്തുക. അവര്‍ മനസ്സിലാക്കുന്നു അമ്മയ്ക്ക് അവരുടെ ഹൃദയസ്പന്ദനങ്ങള്‍ അറിയാം എന്ന്. മനസ്സിന്റെ അകത്തളങ്ങളില്‍ പൂട്ടി ഇട്ടിരിക്കുന്ന മറ്റാര്‍ക്കും അറിയാത്ത നിഗൂഡ രഹസ്യങ്ങള്‍ പോലും അമ്മ ക്ഷണത്തില്‍ മനസ്സിലാക്കും. മനസ്സിന്റെ എല്ലാ വ്യഥകള്‍ക്കും അമ്മ പരിഹാരമേകും എന്നവര്‍ക്കറിയാം. സമൃദ്ധമായി സ്‌നേഹം വിളമ്പി കരുണയോടെ അവരെ കാത്ത് സംരക്ഷിക്കുന്ന ജീവിതത്തിനു അര്‍ത്ഥമുണ്ടാക്കി കൊടുക്കുന്ന സര്‍വ ഗുണ സമ്പന്നയായ അമ്മയായി അവള്‍ എന്നെന്നും നിലകൊള്ളുന്നു.

എയ്‌നസീഡിലനിലെ കറുത്ത മാതാവ്

സ്വിറ്റീസര്‍ലണ്ടിലെ എയ്‌നസീഡിലന്‍ എന്ന ടൗണില്‍ ഒരു പുരാതന ദേവാലയം നിലകൊള്ളുന്നുണ്ട്. അവിടുത്തെ അമ്മ മറിയക്കു ഒരു പ്രത്യേകതയുണ്ട്. എണ്ണക്കറുപ്പാണ് നിറം. ഉണ്ണിയെ കയ്യിലേന്തി നില്‍ക്കുന്ന അമ്മ. ഉണ്ണിയുടെ കൈകളില്‍ ഒരു കിളിയുണ്ട്. യേശു തന്റെ ബാല്യ കാലത്തു ജീവന്‍ നഷ്ടപ്പെട്ട ഈ പക്ഷിക്ക് ജീവന്‍ തിരിച്ചു കൊടുത്തു എന്നൊരു ഐതീഹ്യം അന്നാട്ടില്‍ പ്രചാരത്തിലുണ്ട്.

നമ്മുടെ ജീവിതയാത്രയില്‍ നമ്മോടൊപ്പം നടക്കുന്ന, നമ്മുടെ ദുഃഖങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു സാധാരണ നിറമുള്ള ഒരമ്മ വേണം. യേശുവിന്റെ ഭാഷയായ അരമായിക്കില്‍ കറുപ്പ് ശോകത്തിന്റെ പര്യായമാണ്.

ഇനി ഈ ശില്‍പ്പം എവിടെ നിന്ന് വന്നു എന്ന് നോക്കാം. ഒമ്പതാം നൂറ്റാണ്ടില്‍ മെയിന്റഡ് എന്നാണ് പേരുള്ള ഒരു സന്യാസി ജീവിച്ചിരുന്നു. അദ്ദേഹം തന്റെ സന്യസ്ത ജീവിതത്തിനു തിരഞ്ഞെടുത്തത് അക്കാലത്തു കൊടും വനമായിരുന്ന, കൂരിരുട്ടു നിറഞ്ഞ ഒരു പ്രദേശമായിരുന്നു. സമ്പന്നനായിരുന്നു എങ്കിലും സന്യാസി കയ്യിലെടുത്തത് അമ്മ മേരിയുടെ ഒരു കരിവീട്ടി ശില്പം മാത്രമായിരുന്നു. സന്യാസി വനത്തില്‍ കാട്ടുപഴങ്ങളുമൊക്കെ ഭക്ഷിച്ചു ഒരു കുടിലും വെച്ചു കെട്ടി അങ്ങനെ താമസിക്കുകയായിരുന്നു.

ഒരു മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടു കൊള്ളക്കാര്‍ സന്യാസിയുടെ കുടിലിലെത്തി. സന്യാസിക്ക് കാര്യം മനസ്സിലായി എങ്കിലും അവരെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു അവര്‍ക്കു കുടിക്കാന്‍ വെള്ളവും ഭക്ഷണവും നല്‍കി. മരണം ഉറപ്പായിരുന്നതു കൊണ്ട് ഒരു അഭ്യര്‍ത്ഥന മാത്രം നടത്തി. എന്നെ വധിച്ചു കഴിയുമ്പോള്‍ എന്റെ തലയ്ക്കലും കാല്‍ക്കലും ഓരോ മെഴുകു തിരി തെളിച്ചു വെക്കണം. ദുഷ്ടന്മാരായ കൊള്ളക്കാര്‍ സന്യാസിയെ നിഷ്‌കരുണം തലക്കടിച്ചു കൊന്നു. താഴെ വീണതേ തലക്കലും കാല്‍ക്കലും ഓരോ മെഴുകുതിരികള്‍ താനെ ജ്വലിച്ചു നിന്നു. മെയിന്റഡ് ഒരു വിശുദ്ധനായിരുന്നു എന്നവര്‍ക്ക് അപ്പോഴാണ് മനസ്സിലായത്. അവര്‍ അതോടെ ഭയന്ന് വിറച്ചു. പിന്നെ ഒരൊറ്റ ഓട്ടമായിരുന്നു.

സന്യാസിക്ക് രണ്ടു വളര്‍ത്തു കാക്കകള്‍ ഉണ്ടായിരുന്നു. ഈ കൃത്യം കണ്ട കാക്കകള്‍ ഈ കൊള്ളക്കാരുടെ പിന്നാലെ ഓടി. അവര്‍ ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും കുറെയേറെ കാക്കകള്‍ അവരെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. നാട്ടുകാര്‍ കാര്യമന്വേഷിച്ചു. കൊള്ളക്കാര്‍ക്കു സത്യം പറയേണ്ടി വന്നു. അവിടത്തെ നാട്ടു രാജാവ് അവരെ ശിരച്ഛേദനം ചെയ്തു.

ആ കഥയവിടെ നില്‍ക്കട്ടെ. നാല്‍പ്പതോളം വര്‍ഷങ്ങളാണ് ഈ മാതാവിന്റെ ശില്‍പം കാട്ടില്‍ കിടന്നത്. പില്‍ക്കാലത്തു കുറെ സന്യാസികള്‍ ഇത് കണ്ടെടുത്തു അവര്‍ അവിടെ ഒരു മൊണാസ്ട്രി പണികഴിപ്പിച്ചു. ഫ്രഞ്ച് വിപ്ലവ കാലഘട്ടത്തില്‍ ഈ പ്രതിമയ്ക്കു ചില കേടുപാടുകള്‍ സംഭവിച്ചു. അവര്‍ അത് മിനുക്കി നല്ല ഒന്നാം തരം വെള്ള പെയിന്റ് അടിച്ചു. പക്ഷെ നാട്ടുകാരുണ്ടോ സമ്മതിക്കുന്നു. ഒരു അനുരഞ്ജനം എന്നോണം തൊലി കറുത്തതും മുഖവും ചുണ്ടും മാത്രം വെളുത്തതുമാക്കി. നാട്ടുകാര്‍ അതും സമ്മതിച്ചില്ല. ഒടുവില്‍ മൊത്തം കറുപ്പാക്കിയേ അവര്‍ അടങ്ങിയുള്ളു.

ടിന്‍ഡറിയിലെ അമ്മ

വിരളമായി കാണുന്ന ഒരിനം ദേവദാരു മരത്തില്‍ കൊത്തുപണി ചെയ്‌തെടുത്ത ഒരു ശില്പമാണ് ടിന്‍ഡറിയിലെ പ്രതിഷ്ഠ. അതവിടെ എങ്ങനെ എത്തി എന്നതും ഒരു കഥയാണ്. പഴയ കാലത്തു പായ്ക്കപ്പലില്‍ യാത്ര ചെയ്തിരുന്ന കുറെ നാവികര്‍ കടല്‍ക്ഷോഭത്തില്‍ കപ്പല്‍ വല്ലാതെ ഉലഞ്ഞപ്പോള്‍, കാറ്റും കോളും വര്‍ദ്ധിച്ചപ്പോള്‍ ഭാരം കുറയ്ക്കാനായി കുറെയേറെ സാധനങ്ങള്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. സിസിലിക്കടുത്തായിരുന്നു സംഭവം. അവ ടിന്‍ഡറിയിലെ കടലിടുക്കില്‍ അടിഞ്ഞു കൂടി. ഏതാനും ചെറുപ്പക്കാര്‍ക്ക് അങ്ങനെയാണ് ഈ അപൂര്‍വമായ കറുത്ത ശില്‍പം ലഭിക്കുന്നത്. അവര്‍ക്കു പക്ഷെ മനസ്സിലായി അത് അമ്മ മേരിയും ജീസസുമാണെന്ന്. അവര്‍ അതുമായി ഒരു വൈദീകാശ്രമത്തില്‍ എത്തി. വിശ്വാസികള്‍ ഒരു പള്ളി പണിത് ആ രൂപം അവിടെ പ്രതിഷ്ഠിച്ചു.

മോണ്‍സ്ട്രറ്റിലെ മാതാവ്

ബാര്‍സിലോണിയ സ്‌പെയിനില്‍ 880-തില്‍ ഒരു രാത്രി ഒരു പറ്റം ആട്ടിടയര്‍ പര്‍വതനിരയിലെ ഒരു ഗുഹയില്‍ നിന്ന് നിര്‍ഗളിക്കുന്ന അവാച്യ ശോഭയുള്ള ഒരു പ്രകാശം കണ്ടു. അവര്‍ അത്ഭുതത്തോടെ അടുത്തേക്ക് ഓടി ചെന്നപ്പോള്‍ കണ്ടത് മാതാവിന്റെ ഒരു സുന്ദര ശില്പമാണ്. ചുറ്റിലും മാലാഖവൃന്ദങ്ങള്‍ കൂടി നിന്ന് വാദ്യ സംഗീതമൊരുക്കുന്നുണ്ടായിരുന്നു. ആട്ടിടയര്‍ സാഷ്ടാംഗം വീണു മാതാവിനെ സ്തുതിച്ചു.

ആ ഭാഗത്തെ മലയിടുക്ക് കണ്ടാല്‍ ആരോ വാളുകൊണ്ട് വെട്ടി മുറിച്ചത് പോലെ തോന്നും. മാലാഖമാര്‍ സ്വര്‍ണ വാളുകൊണ്ട് വെട്ടിയുണ്ടാക്കിയതാണ് ആ മലഞ്ചെരിവ് എന്നൊരു ഐതീഹ്യം കൂടി ഉണ്ട്. അവിടെയാണ് ഒരു ഗുഹയില്‍ വെള്ളി വെളിച്ചം കണ്ടത്.

ഇതിനും ഒരു പഴയ കാല ചരിത്രമുണ്ട്. യേശു തന്നെയാണത്രെ വിശുദ്ധ ലൂക്കായോട് ഈ ശില്‍പ്പം തീര്‍ക്കാന്‍ ആവശ്യപ്പെട്ടത്. പില്‍ക്കാലത്തു സെന്റ് പോളാണ് ബാര്‍സിലോണിയയിലേക്ക് ഇത് എത്തിക്കുന്നത്. 718-ല്‍ ബാര്‍സിലോണ ആക്രമിക്കപ്പെട്ടു. വിശ്വാസികള്‍ ശില്പം മോണ്‍സ്ട്രറ്റിലെ ഒരു ഗുഹയില്‍ ഒളിപ്പിച്ചു വെച്ചു. 80 വര്‍ഷങ്ങള്‍ കഴിഞ്ഞു അക്രമികള്‍ നാട് വിട്ട ശേഷം ആണ് ആട്ടിടയര്‍ ഇത് പിന്നെ കണ്ടെത്തുന്നത്.

ബിഷപ്പ് ഓടിയെത്തി ഈ ശില്‍പ്പം തോളത്തെടുത്തു താഴെ കത്തീഡ്രലിലേക്കു കൊണ്ടു പോകാന്‍ നോക്കുമ്പോള്‍ ശില്‍പ്പത്തിന്റെ ഭാരം അനുനിമിഷം വര്‍ധിക്കാന്‍ തുടങ്ങി. ഭാരം കൊണ്ട് ഒടുവില്‍ താഴെ വെക്കേണ്ടി വന്നു. അങ്ങനെയാണ് മാതാവിന്റെ ആഗ്രഹം ആ മലയിടുക്കില്‍ തന്നെ നിലകൊള്ളാനാണ് എന്ന് ബിഷപ്പിനു മനസ്സിലാകുന്നത്. താമസിയാതെ അവിടെ ഒരു വലിയ ദേവാലയം പണിതുയര്‍ത്തി.

സഹനത്തിന്റെ മൂര്‍ത്തികള്‍

അമ്മമേരിയോളം വിശുദ്ധിയും മഹത്വവും ഒന്നുമില്ലെങ്കിലും നമുക്കിടയിലുമുണ്ട് മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന സഹനമൂര്‍ത്തികളായ അമ്മമാര്‍. എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും മക്കളെ ജീവന് തുല്യം സ്‌നേഹിക്കാന്‍ മാത്രം അറിയുന്നവരാണവര്‍, സ്വന്തം സുഖങ്ങള്‍ ത്യജിക്കാന്‍ തയ്യാറാകുന്നവര്‍. അവര്‍ക്കൊക്കെ അവരുടെ സ്വന്തം നിറമുള്ള മദര്‍ മേരിയെ കൂടുതല്‍ സ്വീകാര്യമാകുന്നുണ്ടാവാം.

എല്ലാവരെയും സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന കണ്ണുകളില്‍ കാരുണ്യം നിറഞ്ഞൊഴുകുന്ന അമ്മമാരെയാണ് നമുക്ക് മറ്റു ഭൂഖണ്ഡങ്ങളിലും കാണാനാവുക. മക്കള്‍ക്ക് ഭക്ഷണമൊരുക്കുന്ന, കിടക്ക വിരിക്കുന്ന, രോഗ സമയത്തു ഉറക്കമൊഴിച്ചിരുന്നു പരിചരിക്കുന്ന, ആപത്തില്‍ സംരക്ഷിക്കുന്ന അമ്മ.

ഫ്രാന്‍സിലെ 'മുറിയക്കി'ലെ കറുത്ത മാതാവിനെക്കുറിച്ചു ഒരു കറുത്ത സ്ത്രീ ക്രിസ്റ്റീന ക്‌ളീവ്‌ലാന്‍ഡ് പറയുന്നു: ''ഞാന്‍ അതിയായി ആഗ്രഹിച്ചു ആ കാരുണ്യം ഉദിക്കുന്ന അത്ഭുത കണ്ണുകളില്‍ ഒന്ന് നോക്കി നില്‍ക്കാന്‍. ആ കറുത്ത കുഞ്ഞിനെ മുറുകെ പിടിച്ചിരിക്കുന്നതിനു സാക്ഷിയാകാന്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ മരനിര്‍മിതമായ ശരീരത്തിലൂടെ ഒന്ന് വിരലോടിക്കാന്‍. ആ കറുത്ത സ്ത്രീ സൗന്ദര്യത്തെ നോക്കി നില്ക്കാന്‍.''

മറ്റൊരു കറുത്ത സ്ത്രീ തന്റെ മകനെയും കൂട്ടിയാണ് അവിടെ ചെന്നത്. ഇരുവരും വല്ലാതെ കണ്ണു നീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു. 'ദാ ഇവളാണ് നിന്നെ സദാ കാണുന്ന ദൈവം. ദൈവം നെടുവീര്‍പ്പിടുകയും വിങ്ങിപ്പൊട്ടി കരയുകയും ചെയ്യുന്നുണ്ട്.'

തെരേസ കിം പറയുന്നു 'അവള്‍ ദൈര്‍ഘ്യമേറിയ രാവിലും നിന്നോടൊപ്പം നിന്നെ സമാശ്വസിപ്പിക്കാന്‍ സന്നിഹിതയാണ്. നോക്കി ഇരുന്നോളു സൂര്യന്‍ ഉദിക്കും വരെ.'

ആരാണ് അമ്മമേരി? സ്‌നേഹത്തിന്റെ പറുദീസാ ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്ന അമ്മയാണവള്‍. മാലാഖമാരുടെ ദിവ്യ സന്ദേശം ശ്രവിച്ച ശേഷം തന്റെ ഇഷ്ടങ്ങള്‍ എല്ലാം ത്യജിച്ചു ദൈവേഷ്ടത്തിനു പൂര്‍ണമായും വിധേയയാവുകയായിരുന്നില്ലേ അവള്‍? തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനെ അവള്‍ കാണാതെ തന്നെ കണ്ടു അറിഞ്ഞു, സ്‌നേഹം നല്‍കി.

അമ്മയുടെ സ്‌നേഹം നിബന്ധന ഒന്നും വെക്കുന്ന സ്‌നേഹമല്ല. നാം പലപ്പോഴും അമ്മയെയും യേശുവിനെയും മറന്നു അനേകം തെറ്റുകള്‍ ചെയ്താലും, അകന്നു പോയാലും അമ്മയുടെ കണ്ണുകളിലെ ആ കാരുണ്യം മാഞ്ഞു പോവുകയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org