സ്‌കൂളിലേയ്ക്കുള്ള തിരികേ പോക്കും കോവിഡും

ഹെല്‍ത്ത് ടിപ് : ഡോ. ഹിമ മാത്യു പി. (ശിശുരോഗ വിദഗ്ദ്ധ, ലിസി ഹോസ്പിറ്റല്‍)
സ്‌കൂളിലേയ്ക്കുള്ള തിരികേ പോക്കും കോവിഡും

കോവിഡ് എന്ന മഹാമാരിയുടെ അതിജീവനത്തിന്റെ അവസാനഘട്ടത്തിലേയ്ക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുന്നു. ഘട്ടം ഘട്ടമായി നമ്മുടെ ജീവിതം സാധാരണ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. വീടുകളില്‍ തന്നെ ഇരുന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ബാല്യവും കൗമാരവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പലപ്പോഴും ആശങ്കനിറഞ്ഞ ചോദ്യങ്ങളാണ് മാതാപിതാക്കള്‍ക്കുള്ളത്.

സ്‌കൂള്‍ ഇപ്പോള്‍ തുറക്കേണ്ടതുണ്ടോ?

തീര്‍ച്ചയായും ഉണ്ട്. വീടുകളില്‍ തന്നെയിരുന്ന് ഓണ്‍ലൈന്‍ പഠനവും കൂട്ടുകാരില്ലാതെയുള്ള ഏകാന്തതയും നമ്മുടെ കുഞ്ഞുങ്ങളുടെ മാനസീകവും ബൗദ്ധികവും ശാരീരികവുമായ മേഖലകളില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ് അഡിക്ഷന്‍, പഠനനിലവാരത്തിലുള്ള തകര്‍ച്ച, അമിത വണ്ണം എന്നിവ അതിന് ഉദാഹരണങ്ങളാണ്. അതുകൊണ്ട് സ്‌കൂളുകള്‍ തുറക്കേണ്ടത് ആവശ്യമാണ്.

വാക്‌സീന്‍ എടുത്തിട്ട് തുറന്നാല്‍ പോരേ?

കുട്ടികളിലെ കോവിഡ് ബാധ വലിയവരെ അപേക്ഷിച്ച് വ്യത്യസ്ത രീതിയില്‍ ആയതിനാലും അവരുടെ പ്രതിരോധ ശക്തി മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായതിനാലും പരീക്ഷണങ്ങള്‍ നടത്തി വാക്‌സിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയതിനു ശേഷം മാത്രം വാക്‌സീന്‍ നല്‍കുന്നതാണ് നല്ലത്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് കുട്ടികളില്‍ 95% ത്തിനും ലക്ഷണങ്ങളില്ലാതെയാണ് കോവിഡ് ബാധയുണ്ടാകുന്നത് എന്നതും അസുഖത്തിന്റെ കോംപ്ലിക്കേഷന്‍സ് കുട്ടികളില്‍ കുറവാണ് എന്നുള്ളതും നമുക്ക് പ്രത്യാശ നല്‍കുന്നു. അതുപോലെ തന്നെ രക്തത്തിലെ ആന്റിബോഡിയുടെ അളവ് പരിശോധിച്ചപ്പോള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഭൂരിഭാഗവും പ്രതിരോധ ശക്തി നേടി കഴിഞ്ഞു എന്നാണ് തെളിയിക്കുന്നത്. മാത്രമല്ല മുതിര്‍ന്നവരിലെ വാക്‌സിനേഷന്‍ കവറേജ് 90% എത്തി നില്‍ക്കുന്നു. ഇനി ധൈര്യപൂര്‍വ്വം വിദ്യാലയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കേണ്ടത് ആവശ്യമാണ്.

സ്‌കൂളില്‍ വിടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം?

സ്‌കൂളില്‍ കൊണ്ടുവിടാനും കൊണ്ടുവരാനും സാധിക്കുമെങ്കില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഒഴിവാക്കുക

മാസ്‌ക് ധരിക്കുക, മാസ്‌ക് ദിവസവും മാറ്റുക. മുഴുവന്‍ സമയവും മാസ്‌ക് ധരിച്ച് ഇരിക്കേണ്ടത് എങ്ങനെ എന്ന് വീട്ടില്‍ നിന്നും കുഞ്ഞുങ്ങളെ പഠിപ്പിക്കുക

സാനിറ്റൈസര്‍ കൊടുത്തുവിടുക. എപ്പോഴും കൈകള്‍ കഴുകി വൃത്തിയാക്കാന്‍ പരിശീലിപ്പിക്കുക.

പ്രതലങ്ങളില്‍ (അതായത് മേശ, ചുമര്‍, ഗോവണിയുടെ കൈവരികള്‍) എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക

കുഞ്ഞിന് ആവശ്യമായ ഭക്ഷണം, വെള്ളം, പേന, പെന്‍സില്‍, ഇറേസര്‍ തുടങ്ങിയവ കൊടുത്തുവിടുക. ഒന്നും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത് എന്ന് കൃത്യമായി നിര്‍ദ്ദേശിക്കുക.

കൂട്ടം കൂടിയുള്ള കളികള്‍ കുറച്ചുകാലത്തേയ്ക്ക് ഒഴിവാക്കുക

സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം അകലം പാലിച്ച് ഇരിക്കുക

പനിയോ ജലദോഷമോ ചുമയോ ഉണ്ടെങ്കില്‍ കുഞ്ഞുങ്ങളെ സ്‌കൂളില്‍ അയക്കാതിരിക്കുക.

നമ്മുടെ പ്രതീക്ഷ നമ്മുടെ കുഞ്ഞുങ്ങളാണ്. അവരുടെ ഭാവിയാണ് നമ്മുടെ ലക്ഷ്യം. ഇനി നമ്മള്‍ "living with covid" ശീലിക്കേണ്ടിയിരിക്കുന്നു. ആ ജീവിതം പഴയരീതിയില്‍ നിന്നും വ്യത്യസ്തമായിരിക്കും. ശ്രദ്ധാപൂര്‍വ്വം, ധൈര്യപൂര്‍വ്വം, പ്രാര്‍ത്ഥനാപൂര്‍വ്വം നമുക്ക് ആ "new normal life" ലേയ്ക്ക് നമ്മുടെ കുഞ്ഞുങ്ങളോടൊപ്പം നടന്നു നീങ്ങാം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org