സ്വര്‍ഗവാതിലും നരകവാതിലും

സ്വര്‍ഗവാതിലും നരകവാതിലും

ഒരു ദിവസം ഗുരുവിനു മുന്നില്‍ ഒരാള്‍ എത്തി തൊഴുതു. "എന്തുവേണം?" ഗുരു ചോദിച്ചു.
"ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു." അയാള്‍ പറഞ്ഞു.
'ശരി. ചോദിച്ചോളൂ."
"ഗുരോ, സ്വര്‍ഗവും നരകവും ഉണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ് സ്വര്‍ഗവാതിലും നരകവാതിലും തിരിച്ചറിയുന്നത്?"
ഗുരു ചിരിച്ചു. അയാളുടെ സംശയത്തിന് മറുപടി പറയാതെ മറ്റൊരു ചോദ്യം ചോദിച്ചു. "നിങ്ങള്‍ ആരാണ്?"
"ഞാന്‍ ഒരു പട്ടാള ആപ്പീസറാണ്. കേണല്‍."
"കേണലോ? നിങ്ങളോ? കേണലാകാന്‍ അല്പം യോഗ്യതയൊക്കെ വേണ്ടേ? ഒരു ചത്ത കുതിരയെപ്പോലെയിരിക്കുന്ന നിങ്ങളെ ആരാണ് കേണലാക്കിയത്?"
ഗുരുവിന്റെ പരിഹാസം കേട്ട് കേണല്‍ കലി തുള്ളി. പോക്കറ്റില്‍ നിന്നും കൈത്തോക്കെടുത്തു ചൂണ്ടിക്കൊണ്ട് അയാള്‍ അലറി. "ഒറ്റ വെടികൊണ്ട് ഞാന്‍ തന്റെ തല തെറിപ്പിക്കും!"
എന്നാല്‍ ഗുരു ഒട്ടും പേടിക്കാതെ ഒന്നു ചിരിച്ചു. പിന്നെ ഗൗരവത്തോടെ പറഞ്ഞു.
"ഇതാ ഇപ്പോള്‍ നിങ്ങള്‍ എത്തി നില്ക്കുന്നത് നരക വാതിലിനു മുന്നില്‍." ഗുരു വിന്റെ വചനം കേട്ട് കേണല്‍ ഞെട്ടി. തന്റെ ദേഷ്യം തന്നെ നരകവാതിലില്‍ എത്തിച്ചു വെന്ന സത്യം അയാള്‍ക്കു മനസ്സിലായി. അയാള്‍ തല കുനിച്ചു. ഗുരുവിന്റെ പാദ ത്തില്‍ തൊട്ട് തലയില്‍ വച്ചു കൊണ്ട് പറഞ്ഞു. "എന്നോടു ക്ഷമിക്കൂ. ഞാന്‍ ഇനി ആരോടും ദേഷ്യപ്പെടുകയില്ല. മനസ്സിനെ അടക്കിനിര്‍ത്തി ശാന്തമായും വിവേകത്തോടെയും പെരുമാറും."
ഗുരു കേണലിന്റെ തലയില്‍ ഇരുകൈകളും അമര്‍ത്തി അദ്ദേഹത്തെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു. "ഇപ്പോള്‍ അങ്ങ് എത്തി നില്‍ക്കുന്നത് സ്വര്‍ഗവാതിലിനു മു ന്നിലാണ്."
കൂട്ടുകാരേ, സ്വര്‍ഗവാതിലും നരകവാതിലും തിരിച്ചറിയാന്‍ നിങ്ങള്‍ പഠിച്ചോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org