അര്‍ക്കലാവോസ്

അര്‍ക്കലാവോസ്

'ജനത്തിന്റെ തലവന്‍' എന്നാണ് ഗ്രീക്കില്‍ അര്‍ക്കലാവോസ് എന്ന പേരിന്റെ അര്‍ഥം. പേരെടുത്ത് ഒരു തവണയേ പറയപ്പെടുന്നുള്ളൂവെങ്കിലും ചിലപ്പോള്‍ പരോക്ഷമായി പുതിയനിയമത്തില്‍ കടന്നുവരുന്ന ഒരു കഥാപാത്രമാണ് അര്‍ക്കലാവോസ് (Mt 2:22). മറ്റവസരങ്ങളില്‍ അവന്‍ പ്രത്യക്ഷപ്പെടുന്നത് ഉപമകളിലോ സംഭാഷണങ്ങളിലോ ആകാം (Mt 23:35; Lk 19:12, 21). ചരിത്രകാരനായ ഫ്‌ളാവിയൂസ് ജോസേഫൂസില്‍ നിന്നാണ് അര്‍ക്കലാവോസിനെപ്പറ്റി പ്രധാനമായി നമുക്ക് അറിവ് ലഭിക്കുന്നത്.

യൂദയാ ഭരിക്കുന്നത് അര്‍ക്കലാവോസ് ആണെന്നറിഞ്ഞ് തിരുക്കുടുംബം ഭയന്ന് ഗലീലിയായിലേക്ക് പോയെന്നാണ് മത്തായി വിവരിക്കുന്നത്. അധികാരത്തിനുവേണ്ടി അര്‍ക്കലാവോസ് ചെയ്ത ചില ക്രൂരതകളാണ് ഈ ഭയത്തിന്റെ പശ്ചാത്തലം. ഹേറോദേസ് മഹാരാജാവിന്റെ മൂത്തപുത്രനായിരുന്നു അയാള്‍. റോമിലാണ് അവന്‍ വളര്‍ന്നത്. ഹേറോദേസ് തന്റെ രണ്ടു മക്കളെ കൊന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളില്‍ രാജഭരണം ആര്‍ക്കുകിട്ടും എന്നതിനെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ടായി. ഹേറോദേസ് രാജഭരണം തന്റെ മൂത്തപുത്രനായ അര്‍ക്കലാവോസിനുവേണ്ടി വില്‍പ്പത്രത്തില്‍ എഴുതിവച്ചു. എന്നാല്‍ ഭരണം ഏറ്റെടുക്കുക സുഗമമായിരുന്നില്ല. രാജഭരണത്തിനുവേണ്ടി തന്റെ സഹോദരന്‍ അന്തിപ്പാത്തറെപ്പോലും ഒരുപക്ഷേ വകവരുത്താന്‍ അയാള്‍ പദ്ധതിയിട്ടു. ഈ സാഹചര്യത്തിലാണ് രാജാവാകേണ്ട ഒരു ശിശു ഈശോ, ജെറുസലേമിലേക്ക് മടങ്ങിവരുന്നത്. ആ ശിശുവിനെ, പിതാവായ ഹേറോദേസിനെപ്പോലെ അര്‍ക്കലാവോസും വേട്ടയാടുമെന്ന് ഭയന്നാണ് ജോസഫ് തന്റെ കുടുംബത്തെ നസ്രത്തിലേക്ക് കൊണ്ടുപോകുന്നത്.

വില്‍പ്പത്രത്തില്‍ ഹേറോദേസ് രാജപദവി അര്‍ക്കലാവോസിന് എഴുതിവച്ചെങ്കിലും, ആ സമയം റോമില്‍ ഉണ്ടായിരുന്ന സഹോദരന്‍ അന്തിപ്പാത്തര്‍ അതിന് ചില ഇടങ്കോലുകളിട്ടു. അതിനാല്‍ രാജപദവി ഏറ്റെടുക്കാന്‍ റോമിന്റെ അംഗീകാരം കിട്ടാന്‍ അയാള്‍ക്ക് റോമില്‍ പോകേണ്ടിവന്നു. അധികാരംകിട്ടി തിരികെ വന്നപ്പോള്‍ തനിക്ക് എതിരെ നിന്ന ആളുകളെ അയാള്‍ വധിച്ചു. ഈ സംഭവമാണ് പിന്നീട് ഈശോയുടെ ഒരു ഉപമയായി മാറിയത്. താലന്തുകളുടെ ഉപമയിലെ 'വയ്ക്കാത്തവ എടുക്കുന്നതും വിതയ്ക്കാത്തതു കൊയ്യുന്നതുമായ' കാര്‍ക്കശ്യക്കാരനായ രാജാവിന്റെ ചിത്രം ഈശോ പറയുമ്പോള്‍, അര്‍ക്കലാവോസ് രാജഭരണംനേടി തിരിച്ചെത്തി അവിശ്വസ്തരായ ഭൃത്യന്മാരേയും ശത്രുക്കളെയും കൊന്നുകളഞ്ഞ ക്രൂരതയുടെ ചരിത്രം അതിന്റെ പിന്നിലുണ്ട് (Lk 19:12-27).

പിതാവായ ഹേറോദേസിനും തനിക്കും ഭീഷണിയായി നിന്നിരുന്ന ഹസ്‌മോണിയന്‍ (മക്കബായര്‍) കുടുംബാംഗങ്ങളെയും അവരെ പിന്തുണയ്ക്കുന്നവരെയും അയാള്‍ കൂട്ടമായി കൊന്നൊടുക്കി. ഒരു പെസഹാക്കാലത്ത് 3000 പേരെ വരെ ദേവാലയ പരിസരത്തുവച്ച് അയാള്‍ കൂട്ടക്കുരുതി ചെയ്തു. നിഷ്‌ക്കളങ്ക രക്തം ചിന്തപ്പെട്ടതിനെപ്പറ്റി ഈശോ പറയുമ്പോള്‍ ഈ ചരിത്രം അതിന് പിന്നിലുണ്ട് (Mt 23:35).

അര്‍ക്കലാവോസ് ജെറീക്കോയിലെ രാജകൊട്ടാരം ആഡംബര ശൈലിയില്‍ പുനര്‍നിര്‍മ്മിച്ചു; ജെറീക്കോയ്ക്ക് സമീപം അയാള്‍ ഒരു സമതലത്തില്‍ ജലസേചനം നടത്തുകയും ഈന്തപ്പനകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. അര്‍ക്കലാവോസ് ഒരു ജനപ്രിയ ഭരണാധികാരിയായിരുന്നില്ല എന്ന് ഫഌവിയൂസ് ജോസേഫൂസ് സൂചിപ്പിക്കുന്നു. യഹൂദന്മാരോട് മാത്രമല്ല, സമരിയാക്കാരോടും അയാള്‍ ക്രൂരമായി പെരുമാറി. അഗസ്റ്റസ് സീസര്‍, അര്‍ക്കലാവോസിന് ഭരണാധികാരം നല്‍കിയെങ്കിലും രാജാവ് എന്ന പദവി നല്‍കിയില്ല. പകരം അയാള്‍ ഒരു ഗവര്‍ണറായി നിയമിക്കപ്പെട്ടു. അതിനാലാണ് അര്‍ക്കലാവോസ് ടെട്രാര്‍ക്ക് എന്ന് അറിയപ്പെട്ടത്. ഭരണത്തില്‍ നൈപുണ്യം പ്രകടിപ്പിച്ചാല്‍ രാജാവ് എന്ന സ്ഥാനപ്പേര് നല്‍കാമെന്ന് സീസര്‍ അയാള്‍ക്ക് വാക്ക് നല്കിയിരുന്നു. എന്നാല്‍ ഭരണസമയത്തുണ്ടായ നിരവധി പ്രശ്‌നങ്ങള്‍ കാരണം അയാളെ റോം സ്ഥാനഭ്രഷ്ടനാക്കി. A.D. 6 വരെയാണ് അര്‍ക്കലാവോസ് ഭരിച്ചത്. അര്‍ക്കലാവോസിന്റെ ചെയ്തികള്‍ റോമിലെ രാഷ്ട്രീയത്തെപ്പോലും പിടിച്ചുകുലുക്കി. തന്മൂലം അഗസ്റ്റസ് സീസര്‍ അര്‍ക്കലാവോസിന്റെ സ്വത്ത് കണ്ടുകെട്ടുകയും ഫ്രാന്‍സ് വിയന്നയിലേക്ക് നാടുകടത്തുകയും ചെയ്തു. അവിടെ അയാള്‍ മരിച്ചുവെന്ന് കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org