അനുകമ്പ

അനുകമ്പ
Published on

വേറൊരാളിന്‍റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവാണ് അനുകമ്പ. ആ വ്യക്തിയുടെ സ്ഥാനത്തുനിന്ന്, അയാളുടെ സന്തോഷങ്ങള്‍, ദുഃഖങ്ങള്‍, പ്രശ്നങ്ങള്‍ തുടങ്ങിയവ ആ വ്യക്തിക്ക് എങ്ങനെ അനുഭവപ്പെടുന്നുവോ അതുപോലെ അനുഭവിക്കാനുള്ള സന്നദ്ധതയാണത്. സഹാനുഭൂതിയോടെ മറ്റുള്ളവരുടെ ക്ലേശങ്ങള്‍, ഉള്‍ക്കടമായ വ്യഥ, ആകുലത എന്നിവയില്‍ പങ്കുചേരാനുള്ള കഴിവാണത്. ഒരാളിന്‍റെ പ്രവൃത്തിയോട് മറ്റെയാള്‍ പ്രതികരിക്കത്തക്കവണ്ണം രണ്ടുപേര്‍ തമ്മില്‍ അനുകമ്പബന്ധം സ്ഥാപിക്കുന്നു. ക്ലേശിക്കുന്ന മറ്റൊരാളുടെ അവസ്ഥയറിയാന്‍ അതു സഹായിക്കും. വ്യക്തികള്‍ തമ്മിലുള്ള മാനസിക അകലം കുറയും. തീവ്രദുഃഖത്തില്‍ അകപ്പെട്ടിരിക്കുന്നവരുടെ വികാരങ്ങളുമായി സ്വന്തം വികാരങ്ങളും അനുഭവങ്ങളും ഉള്‍ച്ചേര്‍ത്ത് സഹതപിക്കുന്നതിന് അതു സഹായിക്കും. മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനൊപ്പം അവര്‍ക്ക് പ്രോത്സാഹനവും ദുഃഖങ്ങള്‍ സഹിക്കുന്നതിനുള്ള ശക്തിയും നല്കുന്നതിന് അനുകമ്പാലുവായ ആളെ അതു പ്രേരിപ്പിക്കുന്നു. ഈശ്വരന്‍ കരുണാമയനാണെന്നും ഈശ്വരകാരുണ്യം എപ്പോഴും ജീവിതത്തിലുണ്ടെന്നുമുള്ള അനുഭവം മറ്റുള്ളവര്‍ക്കു പകരാനും അതുവഴി സാധിക്കുന്നു.

സഹാനുഭൂതി എത്ര മഹത്തരമാണെന്നുള്ളതിനു തെളിവാണ്, അനുകമ്പയുടെതന്നെ പ്രതീകമായ മദര്‍ തെരേസയുടെയും അതുപോലുള്ള വ്യക്തികളുടെയും ജീവിതം.

അനുകമ്പയുടെ ബാലപാഠങ്ങള്‍കൂടിയാണ് നാം സ്കൂളില്‍ അഭ്യസിക്കേണ്ടത്. തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി, അവരുടെ സഹപാഠികളും അദ്ധ്യാപകരും പൊതിച്ചോറ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഉച്ചയൂണിന് വകയില്ലാത്ത ഏതാണ്ട് മുപ്പത്തഞ്ചോളം കുട്ടികള്‍ക്ക് ഇത് വലിയൊരു ആശ്വാസമായി. ഇങ്ങനെ കൊണ്ടുവന്ന പൊതിച്ചോര്‍ സ്റ്റാഫ്റൂമില്‍ പ്രത്യേക സ്ഥലത്താണ് വയ്ക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ളതെടുക്കാം. കൊണ്ടുവന്നതാരെന്നോ കഴിച്ചതാരെന്നോ തിരിച്ചറിയാനാവില്ല.

സഹാനുഭൂതിയുടെ മറ്റൊരു സ്കൂള്‍ചിത്രം രക്താര്‍ബുദം പിടിപ്പെട്ട് ആശുപത്രിക്കിടക്കയിലായ കുട്ടിക്കുവേണ്ടി അദ്ധ്യാപകന്‍ കവിതയെഴുതി, കൂട്ടുകാര്‍ ചിത്രങ്ങളും ചെറുകഥകളും രചിച്ചു, ഏകമകന്‍റെ ജീവന്‍ നിലനിര്‍ത്താന്‍ നെഞ്ചുരുകി കരയുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി സ്കൂളിലെ അദ്ധ്യാപകരെത്തി, അവര്‍ ചികിത്സാ സഹായനിധി രൂപീകരിച്ച് ചികിത്സയ്ക്ക് മതിയായ പണം സ്വരൂപിക്കാന്‍ തുടങ്ങി, മരുന്നു മാത്രം പോരാ, രോഗഭീതിയകന്നാലേ ചികിത്സ ഫലിക്കൂ എന്ന് അദ്ധ്യാപകനായ ഫാ. തോംസണിനു തോന്നി. കുട്ടികളില്‍ നിന്ന് ശേഖരിച്ച കഥാപ്പുസ്തകങ്ങളുമായി അദ്ദേഹം രാഹുലിനെ കാണാന്‍ തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്‍ററില്‍ എത്തി, ക്ഷീണിതനെങ്കിലും പുസ്തകത്താളുകളിലൂടെ കണ്ണോടിക്കുമ്പോള്‍ രാഹുലിന്‍റെ മുഖത്ത് ആശ്വാസം നിറയുന്നത് അദ്ദേഹം കണ്ടു.

സ്കൂളിലെ എട്ടാം ക്ലാസ്സുകാരി അമൃത അവനുവേണ്ടി ഒരു ചെറുകഥയെഴുതി, ഹെഡ്മാസ്റ്റര്‍ ഒരു കവിതയെഴുതി, കൂട്ടുകാര്‍ അവനുവേണ്ടി കുറെ ചിത്രങ്ങള്‍ വരച്ചു. റേഡിയേഷനും കീമോ തെറാപ്പിയുമുള്‍പ്പെടെയുള്ള ചികിത്സാ വിധികളില്‍ നിന്നുള്ളതിനേക്കാള്‍ വലിയ ആശ്വാസമാണ് രാഹുലിനു കൂട്ടുകാരുടെ കലാസൃഷ്ടികളില്‍നിന്നു ലഭിച്ചത്.

നമ്മുടെ സഹജീവികളുടെ വേദനകളില്‍ പങ്കുചേരുകയും നമുക്ക് ആകാവുന്നവിധത്തില്‍ അവര്‍ക്കാശ്വാസമാവുകയും ചെയ്യുകയെന്നത് മാനുഷികമായ ശ്രേഷ്ഠതയാണ്. യഥാര്‍ത്ഥമായ ഈശ്വരാരാധനയും അതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org