അന്ന

(ലൂക്കാ 2:36-37)
അന്ന

ഈശോയുടെ ജനന വിവരണത്തില്‍ ലൂക്കാ വിവരിക്കുന്ന ഒരു കഥാപാത്രമാണ് അന്ന. പുരുഷസ്ത്രീ ജോഡികളെ വിവരിക്കുന്നത് ലൂക്കായുടെ ഒരു പ്രത്യേകതയാണ്. അതുപോലെ ഇവിടെ ശിമയോനേയും അന്നയേയും ഒറ്റ ഫ്രെയിമില്‍ കൊണ്ടുവന്നിരിക്കുന്നു. അത് അവര്‍ തമ്മിലുള്ള സ്വഭാവ സാമ്യതകള്‍ കൊണ്ടാകാം. ഫനുവേലിന്റെ പുത്രി, ആഷേര്‍ വംശജ, പ്രവാചിക, ദീര്‍ഘകാല വിധവ, ദേവാലയവാസി, ഈശോയുടെ പ്രചാരക എന്നിങ്ങനെയാണ് ലൂക്കാ അന്നയ്ക്കു നല്‍കുന്ന വിശേഷണങ്ങള്‍. ഈ വിശേഷണങ്ങളില്‍ നിന്നും അന്നയെ അനുവാചകര്‍ വായിച്ചെടുക്കണം.

അന്ന എന്ന പേരിന്റെ അര്‍ത്ഥം 'കൃപ' എന്നാണ്. ശിമയോനെ പരിശുദ്ധാത്മാവുള്ളവനായി വിവരിച്ചപ്പോലെ, അന്നയെന്ന പേര് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവള്‍ എന്നുതന്നെയാകണം അര്‍ത്ഥമാക്കുക. അതിനാലാവണം അവള്‍ ഒരു പ്രവാചിക ആയിരിക്കുന്നതും. പുതിയ നിയമത്തില്‍ പേരെടുത്തു പറയപ്പെടുന്ന പ്രവാചിക അന്ന മാത്രമാണ് (അപ്പ. പ്രവ. 21:9; വെളി. 2:20). ഫനുവേല്‍ എന്ന പേരിനര്‍ത്ഥം 'ദൈവത്തോട് മുഖാമുഖം' എന്നാണ്. 'സകല ജനതകള്‍ക്കുമുള്ള രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു' എന്ന് ശിമയോന്‍ പറഞ്ഞതുപോലെ ദൈവത്തെ അന്ന ഇപ്പോള്‍ മുഖാമുഖം കണ്ടിരിക്കുന്നു എന്നതാകാം ഈ പേരുകൊണ്ട് സൂചിപ്പിക്കുന്നത്. സോളമന്റെ കാലത്തിനുശേഷം രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു. തന്മൂലം വടക്കന്‍ ഗോത്രങ്ങളും തെക്കന്‍ ഗോത്രങ്ങളും തമ്മില്‍ ശത്രുതയിലായി. വടക്കന്‍ ഗോത്രമായ ആഷേറിലെ ഒരു സ്ത്രീ തെക്കന്‍ ദേശത്തു, ജെറുസലേമില്‍ ആയിരിക്കുക എന്നതിലൂടെയും, ദാവീദു വംശജനായ ശിശുവിനെ മിശിഹായായി അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ, ഈശോയിലൂടെ സംഭവിക്കുന്ന ഐക്യത്തെയാകാം ലൂക്കാ ഉദ്ദേശിക്കുന്നത്. അതാണ് ശിമയോന്‍ പറഞ്ഞ ഇസ്രായേലിന്റെ മഹിമ.

അന്ന ഒരു പ്രവാചികയാണെന്നാണ് പറയപ്പെട്ടതെങ്കിലും അവളുടെ പ്രവചനങ്ങളൊന്നുംതന്നെ ലൂക്കാ ഉള്‍പ്പെടുത്തിയിട്ടില്ല. മറിച്ച് അവള്‍ ഈശോയുടെ ഒരു പ്രചാരകയായി മാറുകയാണുണ്ടായത്. പല സ്ത്രീകളും ഇപ്രകാരം ഈശോയുടെ പ്രചാരകരാകുന്നത് പിന്നീട് നടപടിപ്പുസ്തകത്തില്‍ ലൂക്കാ വിവരിക്കുന്നുണ്ട്. രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞവരോടാണ് അവള്‍ ഈശോയെപ്പറ്റി പറഞ്ഞത്. ശിമയോനെപ്പറ്റി വിവരിക്കുന്നിടത്ത് ലൂക്കാ പറഞ്ഞ 'ഇസ്രായേലിന്റെ ആശ്വാസവും' ഈ 'രക്ഷയും' ഒന്നുതന്നെയാണ് അര്‍ത്ഥമാക്കുന്നത്.

അന്നയുടെ വൈധവ്യകാലത്തെക്കുറിച്ച് ബൈബിള്‍ പണ്ഡിതന്മാരുടെയിടയില്‍ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കാരണം അതിനെക്കുറിച്ചുള്ള ലൂക്കായുടെ വിവരണം വ്യക്തമല്ല എന്നതാണ്. അന്നയ്ക്ക് 84 വയസ് ഉണ്ടെന്നോ, അന്ന 84 വര്‍ഷങ്ങള്‍ വിധവ ആയിരുന്നെന്നോ വ്യത്യസ്തമായി ആ വാക്യത്തെ മനസ്സിലാക്കാനാകും. 84 എന്നത് വയസാണെങ്കില്‍ ഏകദേശം 64 വര്‍ഷങ്ങള്‍ അവള്‍ വിധവയായി ജീവിച്ചു. 84 എന്നത് വിധവാക്കാലമാണെങ്കില്‍ അന്നയ്ക്ക് 105 വയസ് ഉണ്ടായിരിക്കാം. അത് പഴയനിയമത്തിലെ യൂദിത്തിന്റെ വയസാണ്. അന്നയുടേയും യൂദിത്തിന്റേയും ഭക്തിമാര്‍ഗങ്ങള്‍ ഒന്നുതന്നെയാണ്: രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ത്ഥനയിലും ആയിരിക്കുക. അസീറിയാക്കാരെ തന്ത്രപൂര്‍വം തോല്‍പ്പിച്ച് യഹൂദര്‍ക്ക് രക്ഷകൊണ്ടുവന്ന യൂദിത്തിനെ ഓര്‍മ്മിപ്പിക്കുന്ന അന്നയിലൂടെ, ഈശോയില്‍ നല്‍കപ്പെടുന്ന രക്ഷയാകും ലൂക്കാ ഇവിടെ സൂചിപ്പിക്കുന്നത്.

വളരെ വിശ്വാസം നിറഞ്ഞ ഭക്തയായ ഒരു സ്ത്രീയാണ് അന്ന. പുനര്‍വിവാഹത്തേക്കാള്‍ ദൈവസേവനം ജീവിതകാലം മുഴുവന്‍ തിരഞ്ഞെടുത്ത ഒരു സ്ത്രീയായിരുന്നു അന്ന. ഏഴു വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം അവള്‍ പുനര്‍വിവാഹം ചെയ്യാതെ കര്‍ത്താവിന്റെ കാര്യങ്ങളില്‍ വ്യാപൃതയായി നിന്നു. 'ഏകസ്ഥജീവിതം' ആദ്യകാല ക്രൈസ്തവര്‍ ഉയര്‍ത്തിപ്പിടിച്ച ഒരു പ്രധാന ആധ്യാത്മിക സിദ്ധിയായിരുന്നു (മത്താ. 19:11-12; 1 കോറി. 7:7, 40; 1 തിമോ. 5:5). ദൈവത്തെ സേവിക്കുന്നതില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിയെ അന്നയുടെ പ്രവര്‍ത്തനം ചിത്രീകരിക്കുന്നു. വളരെ നാളുകള്‍ കാത്തിരുന്നിട്ടും, രക്ഷകന്‍ വരാന്‍ വൈകിയിട്ടും, വിശ്വാസം നഷ്ടപ്പെടാതെ ദേവാലയത്തോട് ചേര്‍ന്നുനിന്ന അന്ന, മിശിഹായുടെ വരവിനോട് ക്രിയാത്മകമായും ശരിയായും പ്രതികരിക്കുന്ന വിശ്വാസത്തിന്റെ മാതൃകയാണ്. അന്നയെന്ന കഥാപാത്രത്തിലൂടെ ലൂക്കാ ലക്ഷ്യം വയ്ക്കുന്നത്, ഈശോ ജനതകള്‍ കാത്തിരുന്ന രക്ഷകനാണെന്ന് വിവരിക്കാനാണ്; ഒപ്പം നിരാശരാകാതെ കാത്തിരിക്കാനുള്ള പ്രചോദനവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org